ഏപ്രിൽ 1
ഒരു സൈനികോദ്യോഗസ്ഥനായ ഓഡിലോയുടെ പുത്രനായി ഫ്രാൻസിൽ വാലെൻസ് എന്ന പ്രദേശത്തു പരിശുദ്ധരായ മാതാപിതാക്കന്മാരിൽ നിന്നും 1053 –ൽ ഹ്യൂഗ് ജനിച്ചു. പിതാവ് സൈന്യത്തിൽ നിന്ന് പോന്ന ശേഷം അദ്ദേഹം മകന്റെ ഉപദേശപ്രകാരം കാർത്തൂസിയൻ സഭയിൽ പ്രവേശിച്ച് ഏതാണ്ട് നൂറുവയസ്സുവരെ ജീവിക്കുകയുണ്ടായി. ‘അമ്മ സ്വഭവനത്തിൽ പ്രാർത്ഥനയിലും ഉപവാസത്തിലും ദാനധർമ്മത്തിലും ജീവിച്ചു മകന്റെ ശുശ്രൂഷകൾ സ്വീകരിച്ചാണ് ദിവംഗതയായത്
പണ്ഡിതനും സുന്ദരനും വിനയശാലിയും ദൈവഭക്തനുമായിരുന്ന ഹ്യുഗ് പേപ്പൽപ്രതിനിധിയുടെ ശ്രദ്ധ ആകർഷിച്ചു. താമസിയാതെ അദ്ദേഹം ഗ്രെനോബിളിലെ മെത്രാനായി തിരഞ്ഞെടുക്കപ്പെടുകയും ഏഴാം ഗ്രിഗോറിയസ് മാർപാപ്പ റോമിൽ വച്ച് അദ്ദേഹത്തെ അഭിഷേചിക്കുകയും ചെയ്തു.
റോമയിൽ നിന്ന് സ്വന്തം രൂപതയിൽ തിരിച്ചെത്തിയപ്പോൾ അജഗണം അസാന്മാർഗികതയിൽ അമർന്നിരിക്കുന്നതായിട്ടാണ് അദ്ദേഹം കണ്ടത്. അവർക്കു കൂദാശ സ്വീകരണത്തിന് വേണ്ട താല്പര്യമില്ലായിരുന്നു. മാത്രമല്ല വേണ്ട യോഗ്യതകൂടാതെ പലരും അവ സ്വീകരിച്ചിരുന്നു. ഉപവാസവും ജാഗരണവും അനുഷ്ഠിച്ചു ദൈവകൃപയ്ക്കായി അദ്ദേഹം തീക്ഷ്ണമായിപ്രാർത്ഥിച്ചു. രണ്ടു കൊല്ലം കഴിഞ്ഞപ്പോഴേക്കും രൂപതയുടെ മുഖച്ഛായ മാറി. പ്രശസ്തിയെ ഭയന്ന് അദ്ദേഹം മെത്രാൻസ്ഥാനം രഹസ്യമായി രാജിവച്ച് ഓവേണിലെ ബെനഡിക്ടൻ നോവിഷിയറ്റിൽ പ്രവേശിച്ചു. അവിടെ സകലർക്കും ഈ സന്യാസി ഉത്തമ മാതൃകയായിരുന്നു. ഗ്രിഗോറിയോസ് മാർപാപ്പാ ഇതറിഞ്ഞപ്പോൾ ഉടനടി രൂപതാഭരണം ഏറ്റെടുക്കാൻ ആജ്ഞാപിച്ചു. വീണ്ടും അദ്ദേഹം ഭരണമേറ്റെടുത്തു . അദ്ദേഹമാണ് കാർത്തൂസിയൻ സഭാസ്ഥാപനത്തിലുള്ള സ്ഥലം കൊടുത്തത്.
വേദപുസ്തകം വായിക്കുമ്പോഴും പ്രസംഗിക്കുമ്പോഴും, കുമ്പസാരം കേൾക്കുമ്പോഴും അദ്ദേഹത്തിന്റെ കണ്ണുനീർ ധാരധാരയായി പ്രവഹിച്ചിരുന്നു. പാപം ചെയ്യാത്ത അങ്ങ് ഞങ്ങളെപ്പോലെ എന്തിനു കരയുന്നുവെന്ന് ഒരനുതാപി ചോദിച്ചപ്പോൾ അദ്ദേഹം പ്രതിവചിച്ചു: “മായാസ്തുതിയും അമിതസ്നേഹവും മതിയല്ലോ ഒരാൾ നശിക്കാൻ. ദൈവകാരുണ്യത്താൽ മാത്രമാണ് നാം രക്ഷപ്പെടുക. ആകയാൽ അതിനു നാം അഭ്യർത്ഥിക്കാതിരിക്കുമോ?”
ദീർഘമായ ഒരു രോഗം അദ്ദേഹത്തിന്റെ ആത്മാവിനെ ഒന്നുകൂടി പവിത്രീകരിച്ചു. വാർധ്യകത്തിൽ ഓർമ്മ നഷ്ട്ടപ്പെട്ടുപോയെങ്കിലും സങ്കീർത്തങ്ങളും സ്വർഗ്ഗസ്ഥനായ പിതാവേ എന്ന ജപവും ചൊല്ലാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അവ ആവർത്തിച്ചു ചൊല്ലിക്കൊണ്ട് 1132 ഏപ്രിൽ ഒന്നാം തീയതി അദ്ദേഹം മരിച്ചു.
വിചിന്തനം: “ഈ ജീവിതം നമ്മുക്ക് നൽകിയിട്ടുള്ളത് കരയാനും പ്രായശ്ചിത്തം ചെയ്യാനും വേണ്ടിയാണ്; അലസ സംഭാഷണങ്ങൾക്കുവേണ്ടിയല്ല” (വി. ഹ്യുഗ്)