വിക്ടർ മാർപാപ്പയുടെ പിൻഗാമിയായാണ് സെഫിറിന്സ്. അദ്ദേഹം റോമക്കാരൻ തന്നെയായിരുന്നു. സേവേര്സ് ചക്രവർത്തിയുടെ പീഡനം ആരംഭിച്ച 202 ആം ആണ്ടിൽത്തന്നെയാണ് ഈ മാർപാപ്പ ഭരണമേറ്റതു. 9 വർഷത്തേക്ക് നീണ്ടുനിന്ന ഈ ചക്രവർത്തിയുടെ മതമർദ്ദന കാലത്തു മാര്‍പാപ്പയായിരുന്നു ക്രിസ്ത്യാനികളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നത്. രക്തസാക്ഷികൾ അദ്ദേഹത്തിന്റെ ആനന്ദവും, മതത്യാഗികളും പാഷണ്ഡികളും അദ്ദേഹത്തിന്റെ ഹൃദയത്തെ കുത്തിമുറിച്ച കുന്തങ്ങളുമായിരുന്നു. പരിശുദ്ധാത്മാവിന്റെ ഭാഗം അഭിനയിച്ചു ക്രിസ്തുവിന്റെ രണ്ടാം ആഗമനത്തിനു ജനങ്ങളെ ഒരുക്കാൻ തുടങ്ങിയ മോന്താണൂസ് എന്ന പാഷണ്ഡിയെ ശപിച്ചു മോന്താണിസ്റ് പാഷാണ്ഡതയെ തകർത്തത് സെഫിറിന്സ് മാര്‍പാപ്പയായിരുന്നു. മോന്താണിസം സ്വീകരിക്കുകയും ചില പാപങ്ങൾക്ക് മോചനമില്ലെന്നു വാദിക്കുകയും ചെയ്ത പ്രസിദ്ധ പണ്ഡിതൻ ടെർട്ടൂളിയന്റെ അധഃപതനം ഹൃദയഭേദനത്തോടെയാണ് മാർപാപ്പ ദർശിച്ചത്.
മാഴ്സ്യൻ, പ്രാക്സിയസ്, വലെന്റിയൻ, രണ്ടു തിയോഡോട്ടസ്റ്റ്മാർ എന്നീ പാഷണ്ഡികൾ മാർപാപ്പയോടു വളരെ നിന്ദാപൂര്‍വം പെരുമാറുകയുണ്ടായി. എങ്കിലും മാർപാപ്പ അവയെല്ലാം അവഗണിച്ചു തിരുസഭയുടെ വിശ്വാസ സത്യങ്ങൾ സംരക്ഷിച്ചു. കലിസ്റ്റസിന്റെ ഭൂഗർഭാലയം സഭയ്ക്കായി വാങ്ങിച്ചത് ഈ മാർപാപ്പയുടെ കാലത്താണ്. കുർബാന ചൊല്ലാനുള്ള കാസ മരംകൊണ്ടു ഉണ്ടാക്കരുതെന്നും ഇദ്ദേഹം നിശ്ചയിച്ചു. അങ്ങനെ സംഭവബഹുലമായ 17 കൊല്ലത്തെ വാഴ്ചയ്ക്കു ശേഷം 219 ൽ മാർപാപ്പ നിര്യാതനായി.ഓഗസ്റ്റ് ഇരുപത്തിയാറാം തീയതി സംസ്കരിച്ചു. സാധാരണമായി ഇദ്ദേഹത്തെ രക്തസാക്ഷിയെന്നാണ് വിളിക്കുന്നത്. കാരണം പലപ്പോഴായി അത്രമാത്രം ഈ പാപ്പാ മര്‍ദകരുടെ കാരങ്ങളിൽനിന്നു സഹിച്ചിട്ടുണ്ട്.