ട്രാജൻ ചക്രവർത്തിയുടെ മതപീഡനം അഡ്രിയാൻ ചക്രവർത്തി തന്റെ വാഴ്ചയുടെ ആരംഭത്തിൽ തുടർന്നുവെങ്കിലും കുറെ കാലത്തേക്ക് നിർത്തിവച്ചു. 124 ൽ വീണ്ടും തുടങ്ങി. ജുപിറ്റർ ദേവന്റെ ഒരു ബിംബം ക്രിസ്തു പുനരുദ്ധാനം ചെയ്ത സ്ഥലത്തും വെനിസിന്റെ ഒരു മാർബിൾ പ്രതിമ ഗാഗുൽത്തായിലും അഡോണിസിന് പ്രതിഷ്ഠിതമായ ഒരു ഗുഹ ബെത്ലെഹെമിലും അദ്ദേഹം സ്ഥാപിച്ചു. മതപീഡനം തകൃതിയായി നടന്നു. അദ്ദേഹം പുതുതായി പണിതീർത്ത അരമനയുടെ പ്രതിഷ്ട്ടാനം നടത്തിയ പൂജാരി കർമങ്ങളുടെ ഇടക്ക് വിളിച്ചുപറഞ്ഞു: ‘സിംപ്റോസ എന്ന വിധവയും ഏഴുമക്കളും തങ്ങളുടെ ദൈവത്തെ ആരാധിച്ചുകൊണ്ടു ഞങ്ങളെ നിന്ദിക്കുന്നു. അവർ ഞാളെ ആരാധിക്കുകയാണെങ്കിൽ ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കും.’
ഈ വിധവ തന്റെ സമ്പത്തു മുഴുവനും മതപീഡനം അനുഭവിക്കുന്ന ക്രിസ്ത്യാനികളെ സഹായിക്കാൻ ഉപയോഗിച്ചുകൊണ്ട് പുതിയ അരമനയുടെ അരികെയാണ് താമസിച്ചിരുന്നത്. ചക്രവർത്തി സിംപ്റോസയെ വിളിച്ചുവരുത്തി ദേവന്മാരെ ആരാധിക്കാൻ ഉപദേശിച്ചു. അവൾ പ്രതിവചിച്ചു: ‘എന്റെ ഭർത്താവു ജെട്ടൂലിയാസും സഹോദരൻ അമൻസിയുസും അങ്ങയുടെ ട്രിബൂണന്മാരായി ഇരിക്കെ യേശുക്രിസ്തുവിനെപ്രതി ക്രൂരമർദ്ദനങ്ങൾ സഹിച്ചു… മനുഷ്യൻ അന്ന് അവരെ പുച്ഛിച്ചു; മാലാഖമാർ അവരെ സ്തുതിച്ചു. ഇന്ന് അവർ നിത്യജീവൻ ആസ്വദിക്കുകയാണ്.’ ചക്രവർത്തി കോപത്തോടെ ആജ്ഞാപിച്ചു: ദേവന്മാർക്ക് ബലി ചെയുക; അല്ലെങ്കിൽ ഏഴു മക്കളുടെകൂടെ മരിക്കുക.’
സിംപ്രൊസയാകട്ടെ കുട്ടികളാകട്ടെ ദേവന്മാർക്ക് ബലിചെയ്യാൻ തയാറായില്ല. സിംപ്റോസയുടെ കവിളിൽ അടിച്ചശേഷം തലമുടികൊണ്ടു കെട്ടിത്തൂക്കിയിട്ടു. അനന്തരം ഒരു കല്ല് കഴുത്തിൽകെട്ടി പുഴയിലേക്കെറിയുവാനായിരുന്നു ചക്രവർത്തിയുടെ ആജ്ഞ. മക്കളോട് അമ്മയെ അനുകരിക്കാതെ ദേവന്മാരെ ആരാധിക്കുവാൻ ചക്രവർത്തി ഉപദേശിച്ചു. അവരാരും വഴിപ്പെടുന്നില്ലെന്നു കണ്ടപ്പോൾ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള പീഡനോപകാരണത്തിൽ വച്ച് അവയവങ്ങൾ വലിച്ചുനീട്ടി. മൂത്തമകൻ ക്രേഷെൻസിനെ തൊണ്ടയിൽ വെട്ടിക്കൊന്നു. രണ്ടാമനായ ജൂലിയന്റെ നെഞ്ചിൽ കഠാര കുത്തിയിറക്കി. മൂന്നാമൻ നിമേസിയുസിനെയും കുന്തംകൊണ്ട് ചങ്കിൽ കുത്തി കഥകഴിച്ചു. നാലാമൻ പ്രിമിത്തേവൂസിന്റെ വയറുപിളർന്നു. അഞ്ചാമൻ ജെസ്റ്റിന്റെ പിറകിലും ആറാമൻ സ്റ്റേകത്തേയ്സിന്റെ രണ്ടു പള്ളയിലും കുത്തിക്കൊന്നു. ഇളയവൻ എവുജിനിയുസിന്റെ ശരീരം രണ്ടായി പിളർന്നു.