സ്പെയിനിൽ കാൽത്തജേനയിൽ ഒരു പ്രശസ്ത കുലീന കുടുംബത്തിലാണ് ലെയാന്റർ ഭൂജാതനായത്. അദ്ദേഹത്തിന്റെ സഹോരനാണ് വി.ഇസിദോറും,ഫുൾജെൻസിയോസും,വി. വി ഫ്ലോരെന്തീനായും. ഈ രണ്ടു സഹോദരന്മാരുടെയും സഹോദരിയുടെയും വിശുദ്ധിക്ക് ഉത്തേജകമായതു ലെയാന്റിന്റെ മാതൃകയായിരുന്നു.
ചെറുപ്പത്തിൽത്തന്നെ ലെയാന്റർ ഒരാശ്രമത്തിൽ പ്രവേശിച്ചു പുണ്യത്തിലും ജ്ഞാനത്തിലും അഭിവൃദ്ധി പ്രാപിച്ചു; അതിനാൽ താമസിയാതെ സെവീലിലെ മെത്രാനായി നിയമിതനായി. സ്ഥാനവ്യത്യാസം അദ്ദേഹത്തിന്റെ ജീവിത രീതിക്ക് അന്തരം വരുത്തിയില്ല. ഉൽക്കണ്ഠകൾ വർധിച്ചുവെന്നുമാത്രം. വിസിഗോത്സ് എന്നറിയപ്പെടുന്ന വന്യജനങ്ങൾ 470 മുതൽ ഇറ്റലിയിൽ നിന്ന് സ്പെയിനിലേക്കു കടന്നു ആര്യൻ പാഷാണ്ഡത സ്പെയിനിലും പ്രചരിപ്പിച്ചു. നൂറു വർഷത്തെ പ്രചരണംകൊണ്ട് കുറേപേർ ആരാണ് പാഷാണ്ഡത സ്വീകരിച്ചു കഴിഞ്ഞിരുന്നു. തീക്ഷണമായ പ്രാർത്ഥനയും തീവ്രമായ പ്രയത്നവുംവഴി ലെയാന്റർനു അവരുടെ മാനസാന്തരം സാധിച്ചു. അന്നത്തെ രാജാവായ ലെയോവിജിൽഡിന് ലെയാന്റിന്റെ പ്രവർത്തങ്ങൾ ഇഷ്ടപ്പെട്ടില്ല . സ്വന്തം പുത്രൻ ഹെർമനെ ജിൽഡ് ആര്യൻ മെത്രാനിൽനിന്നു ദിവ്യകാരുണ്യം സ്വീകരിക്കാഞ്ഞതിനു രാജകുമാരനെ വധിപ്പിച്ചു. ലെയാന്റിനെ നാടുകടത്തി.
ദൈവാനുഗ്രഹത്താൽ രാജാവ് തന്റെ ക്രൂരതയെ ഓർത്ത് അനുതപിച്ചു. അദ്ദേഹം മനസാന്തരപ്പെട്ടില്ലായിരുന്നെങ്കിലും ബിഷപ്പ് ലെയാന്റിനെ തിരിയെ വിളിച്ചു സ്വപുത്രൻ റെക്കാർഡിനെ അദ്ദേഹത്തെ ഏല്പിച്ചു. അനന്തരം രാജാവും ലെയാന്റും അപ്പസ്തോലിക തീക്ഷണതയോടെ സത്യവിശ്വാസം പഠിപ്പിക്കുകയും അചിരേണ വിസിഗോത്തുകളെല്ലാം സത്യവിശ്വാസത്തിലേക്കു മടങ്ങിവരികയും രാജ്യം ആനന്ദിക്കുകയും ചെയ്തു. വി. ഗ്രിഗോറിയോസ് പാപ്പാ ബിഷപ്പ് ലെയാന്റിനെ അനുമോദിച്ചു.
പാഷണികളുടെ മനസാന്തരംകൊണ്ടുമാത്രം തൃപ്തിപ്പെടാതെ ലെയാന്റർ അവരുടെ ജീവിതനവീകരണത്തിനുവേണ്ടി പല പ്രവർത്തനങ്ങളും ചെയ്തതിന്റെ ഫലമായി സ്പെയിൻ ധാരാളം വിശുദ്ധന്മാരെയും രക്തസാക്ഷികളെയും പുറപ്പെടുവിച്ചു. 589 –ൽ ടോലേഡോയിൽ നടത്തിയ മൂന്നാമത്തെ സൂനഹദോസിൽ ലെയാന്റർ പങ്കെടുത്തു; പ്രാർത്ഥന കൂടുതൽ പ്രോത്സാഹിപ്പിച്ചു. സ്വന്തം സഹോദരിക്ക് ലെയാന്റർ അയച്ച കത്ത് സന്യാസജീവിത തത്വങ്ങൾ തന്നെ ആയിരുന്നു.
ലെയാന്റർ ഒരു വാതരോഗിയായിരുന്നു. രോഗം ഒരനുഗ്രഹമാണെന്നാണ് ലെയാന്റിനെപ്പോലെതന്നെ വാതരോഗിയായിരുന്ന വി. ഗ്രിഗറി മാർപാപ്പ അദ്ദേഹത്തിനെഴുതിയത്. 596 ഫെബ്രുവരി ഇരുപത്തിയേഴാം തീയതി ലെയാന്റർ തനിക്കുള്ള സ്വർഗ്ഗീയ സമ്മാനം പ്രാപിച്ചു. അനുജൻ ഇസിഡോറാണ് ലെയാന്റിന്റെ പിൻഗാമിയായി സെവീൽ മെത്രോപ്പൊലീത്തയായി സ്ഥാനാരോഹണം ചെയ്തത്.
വിചിന്തനം: വിശുദ്ധർ തങ്ങളുടെ രോഗങ്ങളെയും ക്ലേശങ്ങളെയും ദൈവകൃപയായി പരിഗണിച്ചുപോന്നു. നമുക്കും അവയെ അങ്ങനെ വീക്ഷിക്കാം.