ലൂക്ക അന്തിയോഖ്യയിൽ വിജാതീയ മാതാപിതാക്കന്മാരിൽ ജനിച്ചു. ഏഷ്യയിലെ പ്രസിദ്ധ വിദ്യാലയങ്ങൾ അന്ന് അന്തിയോക്കിയയിലായിരുന്നതുകൊണ്ടു ലൂക്കിന് നല്ല വിദ്യാഭ്യാസം ലഭിച്ചു. ഗ്രീസിലും ഈജിപ്തിലും യാത്ര ചെയ്തു വിജ്ഞാനം പൂർത്തിയാക്കി. പൗലോസ് ശ്ലീഹ റ്റ്രോവാസിൽനിന്നു ഫിലിപ്പിയയിലൂടെ പോകുംവഴി ലൂക്ക മനസാന്തരപെട്ടു അദ്ദേഹത്തിന്റെ കൂടെ പ്രേഷിത യാത്രകൾ നടത്തിക്കൊണ്ടിരുന്നു (നട. 16:10-13). 53 ലോ 55 ലോ ആരംഭിച്ച ഈ ബന്ധം ശ്ലീഹായുടെ മരണം വരെ നിലനിന്നു. സിസേറിയയിൽ വച്ച് കാരാഗ്രഹത്തിലടയെക്കപ്പെട്ടപ്പോഴും റോമയാത്രയിലും ലൂക്ക അദ്ദേഹത്തെ അനുയാത്ര ചെയ്തു. കൊലോസ്യക്കുള്ള ലേഖനത്തിൽ ശ്ലീഹ വി. ലൂക്കയെ ‘എന്റെ പ്രിയപ്പെട്ട വൈദ്യ’ എന്ന് സംബോധന ചെയ്തിരിക്കുന്നു (4:14). ശ്ലീഹ അദ്ദേഹത്തെ സഹപ്രവർത്തകൻ എന്നും വിളിച്ചുകാണ്ണുന്നുണ്ട് (2 തിമോ. 4; 11; ഫിലി. 1:24).
ലുക്കാ തന്റെ സുവിശേഷം അറുപതാം ആണ്ടിൽ ആകയാൽ വച്ച് എഴുതിയെന്നു പറയപ്പെടുന്നു. ശ്ലീഹായുടെ പ്രസംഗങ്ങൾ ആശ്രയിച്ചാണ് ലുക്കാ സുവിശേഷം എഴുതിയത്. എന്നാൽ പൗലോസും ലൂക്കയും ഈശോയുടെ ജീവിതസംഭവങ്ങൾക്കു ദൃക്സാക്ഷികളല്ലാതിരിക്കെ ഈശോയുടെയും സ്നാപകയോഹന്നാന്റെയും ബാല്യത്തെ സംബന്ധിച്ചു നൽകുന്ന വിവരങ്ങൾ അദ്ദേഹത്തിന്റെ ഗവേഷണ ചാതുര്യം വിശദമാക്കുന്നു. വി. മത്തായിയും മാർക്കോസും നൽകാത്ത ചില സൂക്ഷ്മ വിവരങ്ങൾ ലുക്കാ നൽകിയിട്ടുണ്ട്.
ദൈവമാതാവിന്റെ ചിത്രം ആദ്യം വരച്ചത് ലൂക്കായാണെന്നു പറയപ്പെടുന്നു. അതിനാൽ ലുക്കാ ഒരു ഭിഷഗ്വരനും ചിത്രമെഴുത്തുകാരനുമായിരുന്നു. ദൈവമാതാവിന്റെ സങ്കീർത്തനം വി. ലുക്കാ തന്റെ സുവിശേഷത്തിലുദ്ധരിച്ചിരിക്കുന്നു. അതിനാൽ അദ്ദേഹം കന്യാമറിയത്തെ സന്ദർശിച്ചു വിവരങ്ങൾ ശേഖരിച്ചു എന്നു ചിന്തിക്കുന്നതിൽ അപാകതയില്ല.
ലൂക്കയാണ് മൂന്നാമത്തെ സുവിശേഷത്തിന്റെയും നടപടി പുസ്തകത്തിന്റെയും ഗ്രന്ഥകാരൻ. രണ്ടും തെയോഫിലീസിനെ സംബോധന ചെയ്താണ് എഴുതിയിരിക്കുന്നത്. തെയോഫിലിസ് ഒരു ചരിത്രപുരുഷനാണെന്നും അല്ലെന്നും അഭിപ്രായമുണ്ട്. ഒരു തൂലിക നാമമാണെന്നും വരം. എന്തെന്നാൽ ഈശ്വരവത്സലൻ എന്നാണ് ഈ സംജ്ഞയുടെ വാച്യാർത്ഥം. സുന്ദരവും സരളവും സാഹിത്യഗുണം തുളുമ്പുന്നതുമായ ഒരു ഗ്രീക്ക് ശൈലിയാണ് കലാകാരനായ വി. ലുക്കാ ഉപയോഗിച്ചിട്ടുള്ളത്. ശ്ലീഹായുടെ മരണത്തിനുശേഷം ലുക്കാ അക്കയായിൽ സുവിശേഷം പ്രസംഗിച്ചുവെന്നും അവിടെവച്ചു മരിച്ചുവെന്നുമാണ് പാരമ്പര്യം.