റവണ്ണക്കാരനായ സെർജിയസ് പ്രഭു ഒരു വസ്തുതർക്കത്തെ അടിസ്ഥാനപ്പെടുത്തി ഒരു ചാർച്ചക്കാരനോട് ദ്വന്ദയുദ്ധം ചെയിതു അയാളെ വധിച്ചു. പിതാവിന്റെ ഈ മഹാപാതകം കണ്ടു അദ്ദേഹത്തിന്റെ മകൻ റോമുവാൾഡ് ക്ലാസ്സെയിലുള്ള ഒരു ബെനെഡിക്ടൻ ആശ്രമത്തിൽ പോയി 40 ദിവസം തപസ്സു ചെയിതു. അവസാനം അവിടെത്തന്നെ ചേർന്നു. അദ്ദേഹത്തിന്റെ മാതൃക ജീവിതം ഇതര സന്യാസികൾക്ക് ഒരു ശാസനം പോലെ തോന്നിയതിനാൽ അദ്ദേഹത്തിന്റെ കഥ കഴിച്ചാലെന്തെന്നു ചിലർ വിചാരിക്കുന്നതായി അദ്ദേഹം മനസിലാക്കി. തന്നിമിത്തം ക്ലാസ്സെ ആശ്രമത്തിൽ ഏഴു വർഷമേ താമസിച്ചോള്ളൂ. കൂട്ടുകാർക്കു അസൗകര്യം ഉണ്ടാകാതിരിക്കാൻ വേണ്ടി അബ്ബട്ടിന്റെ അനുവാദത്തോടുകൂടെ വെനീസിൽ പോയി മരിനോസ് എന്ന ഉത്തമ സന്യാസിയോടുകൂടെ അദ്ദേഹം തപോജീവിതം നയിക്കാൻ തുടങ്ങി.
വെനീസിൽ താമസിച്ചുകൊണ്ടിരിക്കുമ്പോൾ ആ നാട്ടിലെ ഒരു പ്രഭു പീറ്റർ ഉർസൊലൂസ് റോമുവാൾഡിന്റെ ജീവിതചര്യ സ്വീകരിച്ചു. പിശാച് പല പരീക്ഷകളും ഉളവാക്കി. എല്ലാം അതിജീവിച്ചു റോമുവാൾഡ് മുന്നേറി. ഒരു രാജാവായിരുന്ന റെയ്നറിയൂസ് പറയുകയാണ് യാതൊരു മർത്യനെയും റോമുവാൾഡിനെപ്പോലെ ഭയപെടുന്നില്ലെന്ന്. അദ്ദേഹത്തിന്റെ ഹൃദയത്തിൽ വസിച്ചിരുന്ന പരിശുദ്ധാത്മാവ് ഉദ്ധതരായ പാപികളെപോലും ഭയപെടുത്തിയിരുന്നു.
അദ്ദേഹത്തിന്റെ ആശ്രമങ്ങളിൽ എത്രയും പ്രധാനമായത് ടസ്കനിയിലെ കമൽഡോളി ആശ്രമമാണ്. 1009 നു സ്ഥാപിച്ച ആ ആശ്രമം കമൽഡോളി സഭയുടെ ആസ്ഥാനമായി. ഓരോ സന്യാസിക്കും വേറെവേറെ പര്ണശാലകളുണ്ടായിരുന്നു. അവയിൽ ഓരോരുത്തർക്കും ഭക്ഷണം എത്തിച്ചുകൊടുത്തിരുന്നു. അവയെ വലയം ചെയുന്ന മതിലിനു പുറമെ ആർക്കും പോകാൻ പാടില്ലെന്നായിരുന്നു നിയമം. പന്ത്രണ്ടുകൊല്ലത്തോളം നിശിതമായ ആ ഏകാന്തതയിൽ ജീവിച്ചു. എഴുപതാമത്തെ വയസ്സിൽ അദ്ദേഹം വിശുദ്ധിയിൽ നിര്യാതനായി. കമൽഡോളിസുസഭ അഞ്ചു ശാഖകളായി വേർതിരിഞ്ഞിട്ടുണ്ട്. ഇവരുടെ ജീവിതരീതി കഠിനമായിരുന്നു. തന്നിമിത്തം റോമുവാൾഡിന്റെ കാലശേഷം നിയമം സ്വല്പം ലഘുപെടുത്തിയിട്ടുണ്ട്.