1542 ൽ ടസ്കനിയിൽ മോന്തേപുൽസിയാണോ എന്ന പ്രദേശത്തു ഒരു കുലീന കുടുംബത്തിൽ റോബർട്ട് ബെല്ലാർമിൻ ജനിച്ചു. ഭക്തനും സമർത്ഥനുമായ യുവാവ് സ്ഥലത്തെ ജെസ്യൂട്ടിട് കോളേജിൽ പ്രാഥമിക വിദ്യ അഭ്യസിച്ചതിനു ശേഷം റോമയിൽ ഈശോസഭ നോവിഷ്യത്തിൽ ചേർന്നു. ആരോഗ്യം മോശമായിരുന്നു. തത്വശാസ്ത്ര പഠനം കഴിഞ്ഞു അദ്ദേഹം പ്ലോറേൻസിലും മോൻറെയലിലും പാദുവയിലും അവസാനം ലുവെയിനിലും പഠിച്ചു. ല്യൂവേണിയിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ പാഷാണ്ഡതകൾക്കെതിരായി പ്രസംഗിക്കാൻ അദ്ദേഹം നിയോഗിക്കപ്പെട്ടു. വി. തോമസ് അക്വിനോസിന്റെ തത്വങ്ങൾ സമർത്ഥമായി വിനിയോഗിച്ചു പ്രസാദവരം, സ്വതന്ത്ര മനസ്, പേപ്പൽ അധികാരം എന്നിവയെ സംബന്ധിച്ച പാഷണ്ഡതകളെല്ലാം അദ്ദേഹം സമർഥമായി നേരിട്ടു. ഈ വാദപ്രതിവാദങ്ങളിലുണ്ടായ വിജയം പരിഗണിച്ചു പതിമൂന്നാം ഗ്രീഗോറിയോസ് മാർപാപ്പ അദ്ദേഹത്തെ റോമയിൽ ദൈവശാസ്ത്ര വിവാദ മണ്ഡലത്തിൽ നിയമിച്ചു. പിന്നിട് അദ്ദേഹം അവിടെ റെക്ടറായി. അക്കാലത്താണ് അലോഷിയുസ് ഗോണ്സാഗോയുടെ ആത്മപരിപാലനം ഏറ്റെടുത്ത്.
റോമൻ കോളേജിൽ താമസിച്ച 11 കൊല്ലങ്ങൾക്കിടയ്ക്കാണ് അദ്ദേഹം തക്കങ്ങൾ (Disputations) എന്ന പ്രസിദ്ധ ഗ്രന്ഥം രചിച്ചത്. അദ്ദേഹം എഴുതിയ വേദോപദേശം നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്നും അത് ഇറ്റലിയിൽ പാഠപുസ്തകമാണ്. 1599 ൽ അദ്ദേഹത്തെ കർദിനാളായി ഉയർത്തി. പ്രസ്തുത സന്ദർഭത്തിൽ എട്ടാം ക്ലമന്റ് മാർപാപ്പ അഭിപ്രായപ്പെട്ടത് അദ്ദേഹത്തിന് തുല്യനായി വേറൊരു ദൈവശാസ്ത്രഞാനില്ലെന്നാണ്. അതെ മാർപാപ്പ അദ്ദേഹത്തെ കപ്പുവായിലെ ആർച്ബിഷപ്പായി അഭിഷേചിച്ചു.
കർദിനാൾ ബെല്ലാർമിൻ തന്റെ തപോജീവിതം റോമയിൽ തുടർന്നു. ദരിദ്രരെ ആവുംവിധം സഹായിച്ചുകൊണ്ടിരുന്നു. അവസാനകാലത്തു അദ്ദേഹം വത്തിക്കാൻ വായനശാലയുടെ ലൈബ്രറിയാനും മാർപാപ്പയുടെ ഉപദേഷ്ടവുമായി. മരണകല (The Art of Dying) എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം വിശദമാക്കുന്നതുപോലെ അദ്ദേഹം സദാ മരിക്കാൻ തയാറായിരുന്നു. എമ്പതാമത്തെ വയസ്സിൽ വിശുദ്ധിയുടെ പ്രസരണത്തോടെ കർത്താവിൽ അദ്ദേഹം നിദ്രപ്രാപിച്ചു. 1930 ൽ ബെല്ലാർമിനെ വിശുദ്ധനെന്നും പിറ്റേവർഷം വേദപാരംഗതനെന്നും പതിനൊന്നാം പീയൂസ് മാർപാപ്പ പ്രഖ്യാപിച്ചു.