ജനിക്കാതെ വയറ്റിൽനിന്നു നേരിട്ട് എടുക്കപെട്ടതുകൊണ്ടാണ് റെയ്മണ്ടിന് നൊന്നാറ്സ് (non-natus ) എന്ന പേരുംകൂടി ലഭിച്ചത്. അദ്ദേഹത്തിന്റെ കുടുംബം കുലീനമായിരുന്നെങ്കിലും വലിയ ധനമൊന്നുമില്ലായിരുന്നു. ഭക്തകൃത്യങ്ങളിലും കൃത്യനിർവഹണത്തിലുമായിരുന്നു ബാല്യത്തിൽപോലും അവന്റെ സംതൃപ്തി. പ്രായപൂർത്തിവന്നപ്പോൾ അടിമകളുടെ മോചനത്തിനുള്ള കാരുണ്യ മാതാവിന്റെ സഭയിൽ അവൻ അംഗമായി ചേർന്നു. സ്ഥാപകനായ വി. പീറ്റർ നൊലാസ്കോ തന്നെയാണ് റെയ്മണ്ടിന്റെ വൃതം സ്വീകരിച്ചത്. അവന്റെ എളിമയും തീക്ഷണതയും ഇതര സഭാംഗങ്ങളുടെ പ്രശംസയ്ക്ക് കാരണമായി.
അത്രയുമായപ്പോൾ റെയ്മണ്ടിനെ അൾജിയേഴ്സിലെക്ക് അടിമകളെ സ്വാതന്ത്രരാക്കാൻ അയച്ചു. ആദ്യം കൈയിലുണ്ടായിരുന്ന പണം കൊണ്ട് കഴിയുന്നത്രപേരെ സ്വന്തന്ത്രരാക്കിയശേഷം സ്വയം അടിമയായിത്തീർന്നുകൊണ്ടു കുറേപേരെകൂടി സ്വന്തന്ത്രരാക്കി. അക്കാലത്തു മുസ്ലിങ്ങളെ മനസാന്തരപ്പെടുത്തിയെന്ന കരണത്തെപ്രതി രണ്ടുപ്രാവശ്യം അദ്ദേഹത്തെ കുത്തിക്കൊല്ലാൻ തുടങ്ങിയെങ്കിലും ജ്യാമത്തുക നഷ്ട്ടപെടുമെന്നുള്ള ഭയത്താൽ അവർ വധിച്ചില്ല. അങ്ങനെ അടിമകളെ സ്വതന്ത്രമാക്കാൻ പണമില്ലാതായി; മിഷനറി പ്രവർത്തനങ്ങൾക്ക് സ്വാതന്ത്ര്യമില്ലാതായി. എങ്കിലും അദ്ദേഹം മതപ്രചാരം നിർത്തിയില്ല. ഗവർണർ അദ്ദേഹത്തെ എല്ലാ കവലകളിലും വച്ച് അടിപിക്കുകയും ചുണ്ടുകൾ തുളച്ചു താഴിട്ടു പൂട്ടുകയും ചെയ്തു. താക്കോൽ ഗവർണർ സൂക്ഷിച്ചു. ഭക്ഷണസമയത് മാത്രം അവ നല്കിപ്പോന്നു. എട്ടുമാസം എങ്ങനെ ബന്ധിതനായി ഒരു ഇരുട്ടുമുറിയിൽ കിടന്നു. അപ്പോഴേയ്ക്ക് വീണ്ടെടുപ്പ് വിലകൊണ്ടു ഒരു വൈദികനെ പീറ്റർ നോലസ്ക്കോ അയച്ചു. രക്തസാക്ഷിയാകാൻ സാധിക്കാത്തതിലുള്ള സങ്കടത്തോടെ അദ്ദേഹം സ്വദേശത്തേക്കു മടങ്ങി. സ്പെയിനിലെത്തിയ ഉടനെ ഗ്രിഗറി ഒൻപതാമൻ മാർപാപ്പ അദ്ദേഹത്തെ കാർദിനാളാക്കി ഉയർത്തി. സ്ഥാനമാറ്റം അദ്ദേഹത്തിൽ യാതൊരു വ്യത്യാസവും വരുത്തിയില്ല.
മാർപാപ്പ കർദിനാൾ റെയ്മണ്ടിനെ സേവനത്തിനായി റോമയിലേക്കു വിളിച്ചു. അദ്ദേഹം പുറപ്പെടുകയും ചെയ്തു. എന്നാൽ കാർഡോണിയിലെത്തിയപ്പോഴേയ്ക്കും അദ്ദേഹം രോഗബാധിതനാകുകയും 1240 ഓഗസ്റ്റ് മുപ്പത്തിയൊന്നാം തീയതി മുപ്പത്തിയാറാമത്തെ വയസ്സിൽ ശരീരത്തിന്റെ അടിമത്തത്തിൽനിന്നു ആത്മാവിനെ സ്വതന്ത്രമാക്കുകയും ചെയ്തു.