ഏപ്രിൽ 3
1253 –ൽ ഡോവറിൽ വച്ച് അന്തരിച്ച വി. റിച്ചേർഡ് ഓക്സ്ഫോർഡ് സർവ്വകലാശാലയുടെ ചാൻസലറും ചിചെസ്റ്റിലെ മെത്രാനുമായിരുന്നു. വൂഴ്സ്റ്റെറിൽ നിന്ന് ആറു കിലോമീറ്റർ അകലെ വിച്ച് എന്ന പ്രദേശത്താണ് അദ്ദേഹത്തിന്റെ ജനനം ബാല്യത്തിൽ ലൗകികാനന്ദങ്ങൾ അദ്ദേഹത്തെ ഒട്ടും വശീകരിച്ചില്ല; പ്രത്യുത പഠനവും പുണ്യാഭ്യസനവുമായിരുന്നു അദ്ദേഹത്തിന്റെ അഭിനിവേശം. മൂത്ത ജ്യേഷ്ഠന് പ്രത്യേക സഹായം ആവശ്യമാണെന്ന് കണ്ടു ഒരു ഭൃത്യനെപ്പോലെ സഹോദരന്റെ പ്രശ്നം അവസാനിക്കുന്നതുവരെ അധ്വാനിച്ചു. പിന്നീട് പാരീസിലും ബൊളോഞ്ഞായിലും ഓക്സ്ഫോർഡിലും പഠിച്ചു. അവസാനം റിച്ചേർഡ് ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ ചാൻസലറായി; പിന്നീട് കാന്റർബറി ആർച്ച്ബിഷപ്പ് വി. എഡ്മണ്ടിന്റെ ചാന്സലറുമായിട്ടുണ്ട്
1244 –ലാണ് റിച്ചേർഡ് ചെചെസ്റ്ററിലെ മെത്രാനായത്. അന്നത്തെ ഇംഗ്ളീഷ് രാജാവ് ഹെൻറി തൃതീയൻ രൂപതയുടെ വസ്തുക്കൾ മെത്രാനെ രണ്ടു കൊല്ലത്തോളം ഏല്പിച്ചില്ല. അതിനാൽ ബിഷപ്പ് റിച്ചേർഡ് അക്കാലമെല്ലാം കഷ്ടപ്പെട്ടു; എന്നാലും തന്റെ അജഗണത്തോടുള്ള യാതൊരു ചുമതലകളും അദ്ദേഹം നിറവേറ്റാതിരുന്നില്ല.. അവസാനം മാർപ്പാപ്പ ഇടപ്പെട്ട് രൂപതാ സ്വത്തുക്കൾക്കുള്ള അവകാശം ബിഷപ്പിനു ലഭിച്ചു.
അവകാശം ലഭിച്ചപ്പോൾ ഉപവി പ്രവൃത്തികൾ വർധിച്ചു. തന്നെത്താൻ അദ്ദേഹം രോഗികളെ സന്ദർശിക്കുകയും മൃതരെ സംസ്ക്കരിക്കുകയും ചെയ്തു പൊന്നു. ദരിദ്രരെ തേടിപ്പിടിച്ച് സഹായങ്ങൾ നൽകിക്കൊണ്ടിരുന്നു. ദാനത്തുകകൾ ആദായത്തെക്കാൾ അധികമാകുന്നുവെന്നു ഗുമസ്തൻ ചൂണ്ടിക്കാണിച്ചപ്പോൾ, ‘എന്റെ പത്രങ്ങളും കുതിരയെയും വിൽക്കുക‘ എന്നാണ് പ്രതിവചിച്ചത്.
സ്വാർഗ്ഗീയമായവയെ ധ്യാനിച്ചുകൊണ്ടിരിക്കുന്ന ഒരാളെപ്പോലെയായിരുന്നു സദാ അദ്ദേഹത്തിന്റെ മുഖം. പ്രാർത്ഥനാചൈതന്യത്തിൽ നിന്നുള്ള തീക്ഷണതയോടെയാണ് ദൈവവചനം അദ്ദേഹം പ്രസംഗിച്ചിരുന്നത്. നിന്ദനങ്ങളെ സന്തോഷപൂർവ്വം സ്വാഗതം ചെയ്തുകൊണ്ടിരുന്നു.
മാർപ്പാപ്പയുടെ ആജ്ഞപ്രകാരം കുരിശുയുദ്ധത്തിനു സന്നദ്ധഭടന്മാരെ ക്ഷണിച്ചുപ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴുണ് പനിപിടിച്ച് അമ്പത്തിയാറാമത്തെ വയസ്സിൽ 1253 ഏപ്രിൽ മൂന്നാം തീയതി അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്. 1262 –ൽ നാലാം ഉർബൻ മാർപ്പാപ്പ അദ്ദേഹത്തെ വിശുദ്ധനെന്നു നാമകരണം ചെയ്തു.
കർത്തവ്യ നിർവഹണത്തിൽ എത്രയും ശ്രദ്ധാലുവായിരുന്നു വി. റിച്ചേർഡ് . സ്വാർത്ഥ പ്രതിപത്തിയാണ് നമ്മളെ അലസരാക്കുന്നതു. ആകയാൽ സംഗതി എത്ര തുച്ഛമായിരുന്നാലും കൃത്യവിലോപം വരാതിരിക്കാൻ ദൃഢവ്രതരായിരിക്കുക.
വിചിന്തനം: “ദൈവം വിശ്വസ്തനാണ്; നമ്മുടെ ആവശ്യങ്ങൾക്ക് വേണ്ടതെല്ലാം അവിടുന്ന് തരും” (വി. റിച്ചേർഡ്)