മാർച്ച് 19
ദാവീദിന്റെ വംശത്തിൽ നിന്ന് യാക്കോബിന്റെ മകനായി വി. യൗസേപ്പ് ജനിച്ചുവെന്ന് വി. മത്തായി രേഖപ്പെടുത്തിയിരിക്കുന്നു. ദൈവം തന്റെ പുത്രനായ ഈശോയെ വളർത്താനും കന്യകാമറിയത്തെ സംരക്ഷിക്കാനും ഏല്പിച്ചത് വി. യൗസേപ്പിനെയാണ്. മറിയവും താനും വിവാഹജീവിതം ആരംഭിക്കുന്നതിനു മുമ്പ് മറിയം ഗർഭിണിയായിരിക്കുന്നുവെന്നു കണ്ട യൗസേപ്പ് തന്റെ ഭാര്യക്ക് അപമാനം വരാതിരിക്കാൻ രഹസ്യമായി ഭാര്യയെ ഉപേക്ഷിക്കാൻ മാത്രം നിശ്ചയിച്ചു. യൗസേപ്പ് നീതിമാനായതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് സുവിശേഷകൻ പറയുന്നു.
തന്റെ പരിശുദ്ധ ഭാര്യയെ സംശയിച്ചപ്പോഴും ഹേറോദേസിൽനിന്നു രക്ഷപ്പെടാൻ ഈജിപ്തിലേക്ക് പലായനം ചെയ്തപ്പോഴും അവിടെനിന്നു നസ്രത്തിലേക്കു മടങ്ങേണ്ട ഘട്ടം വന്നപ്പോഴും ഒരു മാലാഖവഴി യൗസേപ്പിന് സന്ദേശം ലഭിക്കുകയാണുണ്ടായത്. ആ സന്ദേശങ്ങൾ അത്ര മാധുര്യമുള്ളവയൊന്നുമല്ലായിരുന്നുവെങ്കിലും പൂർണ്ണസന്തോഷത്തോടെ അദ്ദേഹം അവ നിർവഹിച്ചുകൊണ്ടു താൻ നീതിമാനാണെന്ന പരിശുദ്ധാത്മാവിന്റെ സാക്ഷ്യത്തിനു തെളിവ് നൽകിയിരിക്കുന്നു.
ശിശുവായ ഈശോയുടെ ദരിദ്ര ജനനത്തിലും ഈജിപ്തിലേക്കുള്ള പലായനത്തിലും പന്ത്രണ്ടു വയസ്സുള്ളപ്പോൾ ഈശോ കാണാതായതിലും യൗസേപ്പ് അനുഭവിച്ച മനോവേദന പ്രയോജനപൂർവ്വം നമുക്ക് ധ്യാനിക്കാവുന്നതാണ്. ഈശോയെ കാണുകയും കേൾക്കുകയും മാത്രമല്ല സ്വകരങ്ങളിൽ സംവഹിക്കുകയും ആശ്ലേഷിക്കുകയും അവസാനം അവിടുത്തെയും പരിശുദ്ധ ജനനിയുടെയും സ്നേഹശുശ്രൂഷകൾ സ്വീകരിച്ച് മരിക്കുകയും ചെയ്തത് എത്ര മഹാഭാഗ്യം! യൗസേപ്പ് നന്മ മരണ മധ്യസ്ഥനും കന്യകകളുടെ കാവൽക്കാരനും തൊഴിലാളികളുടെ ആശ്രയവും തിരുസഭയുടെ സംരക്ഷകനുമാണ്. ഈശോയ്ക്ക് 15 വയസ്സുള്ളപ്പോൾ യൗസേപ്പ് മരിച്ചുവെന്നാണ് ഊഹിക്കുന്നത്.
ഈജിപ്തിൽ പഞ്ഞമുണ്ടായപ്പോൾ, ഫറവോൻ രാജാവ് പ്രജകളോട് പറഞ്ഞു: “യൗസേപ്പിന്റെ പക്കൽ പോകുവിൻ.” ഇന്നത്തെ ആത്മീയ പഞ്ഞത്തിലും മറ്റ് അവശതകളിലും നമുക്ക് ആശ്രയിക്കാവുന്നത് വി. യൗസേപ്പിനെയാണ്. ആവിലായിലെ വി. ത്രേസ്യാ പറയുന്നു: “മഹാനായ വി യൗസേപ്പിനെ എന്റെ മധ്യസ്ഥനായി ഞാൻ തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ മാധ്യസ്ഥത്തിന് ഞാൻ എന്നെത്തന്നെ എല്ലാക്കാര്യങ്ങളിലും സമർപ്പിക്കുന്നു. ഞാൻ ചോദിച്ചിട്ടുള്ള യാതൊന്നും ലഭിക്കാത്തതായി ഓർമ്മിക്കുന്നില്ല. യൗസേപ്പിന്റെ സഹായം അപേക്ഷിച്ച യാതൊരുത്തനും പുണ്യത്തിൽ അഭിവൃദ്ധിപ്പെടാത്തതായി ഞാൻ കേട്ടിട്ടില്ല.” തന്നോട് പ്രാർത്ഥിക്കുന്നവരെയല്ലാം അദ്ദേഹം അത്ഭുതകരമാംവിധം സഹായിക്കുന്നു. ആകയാൽ പ്രതീക്ഷാപൂർവ്വകമായ സന്തോഷത്തോടെ യൗസേപ്പ് പിതാവിന്റെ തിരുനാൾ കൊണ്ടാടാം.
വിചിന്തനം: “ചില വിശുദ്ധന്മാർ ചില ആവശ്യങ്ങളിൽ പ്രത്യേക കാര്യക്ഷമതയോടെ നമ്മളെ സഹായിക്കുന്നു. നമ്മുടെ പരിശുദ്ധ മധ്യസ്ഥനായ വി. യൗസേപ്പ് എല്ലാ കാര്യങ്ങളിലും എല്ലാ ആവശ്യങ്ങളിലും എല്ലാ ഉദ്യമങ്ങളിലും നമ്മളെ സഹായിക്കുന്നു” (വി. തോമസ് അക്വിനാസ്).