പരിശുദ്ധാത്മാവായ ദൈവമേ ഞങ്ങളോട് കരുണയായിരിക്കേണമേ!
പിതാവായ ദൈവവുമായുള്ള വിശുദ്ധ യൗസേപ്പിതാവിന്റെ ഐക്യം ഏറ്റം മഹനീയമാണ്. അവിടുന്ന് നേടിയെടുത്ത പ്രാർത്ഥന എന്ന ദാനം എത്ര അത്യുദാത്തം! പരിശുദ്ധാത്മാവ് എത്ര അത്ഭുതാവഹമായാണ് അദ്ദേഹത്തിന് വഴികാട്ടിയത്!
വിശുദ്ധ യൗസേപ്പിതാവിനെ നീ നന്നായി അറിയണമെന്നും സ്നേഹിക്കണമെന്നും പരിശുദ്ധാത്മാവ് അതിയായി ആഗ്രഹിക്കുന്നു. പരിശുദ്ധ അമ്മ കഴിഞ്ഞാൽ പിന്നെ പരിശുദ്ധാത്മാവ് ഏറ്റവും സജീവമായിരിക്കുന്നത് ഈ ദാവീദിന്റെ സുതനിലാണ്. ആത്മാവിന്റെ പ്രേരണയനുസരിച്ച് മാത്രമേ അദ്ദേഹം പ്രവർത്തിച്ചിരുന്നുള്ളൂ. ഉറങ്ങുമ്പോൾ പോലും ദൈവവുമായി സംഭാഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത് ആത്മാവിനോടുള്ള വിസ്മയാവഹമായ വിധേയത്വം കൊണ്ടാണ്.
പരിശുദ്ധാത്മാവിനെ നിന്റെ വഴികാട്ടിയായി നീയും സ്വീകരിക്കണമെന്ന് യൗസേപ്പിതാവ് വളരെയധികം ആഗ്രഹിക്കുന്നുണ്ട്. ആത്മാവ് നയിച്ചാൽ നീ അതിവേഗം വിശുദ്ധിയിൽ വളരും. ദൈവത്തോടുള്ള സ്നേഹനിർഭര വും ആഴമേറിയതുമായ ആത്മബന്ധമാണ് വിശുദ്ധി. അതായത് പാപം ഒഴിവാക്കി പുണ്യങ്ങളുടെ പാതയിൽ ചരിച്ചു, ദൈവസ്നേഹവും സഹോദര സ്നേഹവും എന്ന കല്പ്പന പാലിച്ചു കൃപയിൽ നിലനിൽക്കുന്നതാണ് വിശുദ്ധി. പരിശുദ്ധാത്മാവിനെ കൂടാതെ ഒരുവനും (ഒരുവൾക്കും )വിശുദ്ധിയിൽ വളരാൻ ആവില്ല.
യൗസേപ്പിതാവിനെ ആരൊക്കെ കൂട്ടുപിടിക്കുന്നോ അവരോടൊപ്പം പരിശുദ്ധാത്മാവ് ഉണ്ടായിരിക്കും. നീ പരിശുദ്ധാത്മാവിനാൽ നിറയപ്പെടാൻ പ്രാർത്ഥന അത്യന്താപേക്ഷിതമാണെന്ന് യൗസേപ്പിതാവ് നിന്നോട് വ്യക്തമായി പറയും. പ്രാർത്ഥന ഇല്ലാത്ത ആർക്കും ദൈവാനുഭവം ഉണ്ടാവുകയില്ല. പരിശുദ്ധാത്മാവിന്റെ ആമന്ത്രണങ്ങൾക്കനുസരിച്ച് ജീവിക്കാൻ പ്രാർത്ഥന ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.
വിശുദ്ധിയിൽ വളരുന്നതിനും യൗസേപ്പിനെ മാതൃകയാക്കുക. ഭക്തിനിർഭരമായ ജീവിതം നയിച്ച് ദൈവസ്നേഹത്തിലും സഹോദര സ്നേഹത്തിലും നീ ജ്വലിച്ചു നിൽക്കണം. വിശുദ്ധി എല്ലാവർക്കുമുള്ളതാണ്. എല്ലാവരും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നു ( രണ്ടാം വത്തിക്കാൻ കൗൺസിൽ ). പ്രാർത്ഥിക്കുന്ന വർക്കും ആന്തരികജീവിതം നയിക്കുന്നവർക്കും കൗദാശിക ജീവിതം നയിക്കുന്നവരും ഉപവിയിൽ ജീവിക്കുന്നവരും വിശുദ്ധി അവകാശമാക്കും.
സകല വിശുദ്ധരെക്കാൾ ഉപരി വണക്കം അർഹിക്കുന്ന ഏറ്റവും വലിയ വിശുദ്ധ മാതാവാണ്. തൊട്ടടുത്ത് നിൽക്കുന്ന വിശുദ്ധനാണ് യൗസേപ്പിതാവ്. ആത്മാവിന് ഹിതകരമല്ലാത്തതും അപ്രീതി നൽകുന്നതുമായ സകലതും അദ്ദേഹം ഒഴിവാക്കിയിരിക്കുന്നു. പ്രാർത്ഥനയിലൂടെയാണ് അദ്ദേഹം എല്ലാ നിർവഹിച്ചിരുന്നത്. വിശ്വാസം, ശരണം, ഉപവി, എന്നീ ദൈവിക പുണ്യങ്ങളും നീതി, സ്ഥൈര്യം, വിവേകം, ആത്മനിയന്ത്രണം, ഇവയുടെയെല്ലാം വിളനിലവുമായിരുന്നു അദ്ദേഹം. ആ ജീവിതം മുഴുവൻ ആന്തരികം അഥവാ ദൈവത്തിൽ മറഞ്ഞിരിക്കുന്നതും ആയിരുന്നു. പ്രാർത്ഥനാ കഠിനാധ്വാനം നിരന്തര പരിത്യാഗം തുടങ്ങിയ വിസ്മയാവഹമായി വിളങ്ങിയിരുന്നു ആ ജീവിതത്തിൽ. അദ്ദേഹത്തെ അനുകരിച്ച് വേറൊരു യൗസേപ്പ് ആകാൻ പരിശ്രമിക്കുക. എല്ലാ കാര്യങ്ങളിലും അദ്ദേഹം അങ്ങേയറ്റം അനുകരണീയനാണ്. ഈ രംഗത്ത് വിജയിക്കുന്നതിന് പരിശുദ്ധാത്മാവിനോട് ധാരാളം പ്രാർത്ഥിക്കുക.
വിശുദ്ധ യൗസേപ്പിതാവിനു സ്വയം പ്രതിഷ്ഠിക്കുന്നത് നമ്മുടെ ജീവിതത്തിൽ ദൈവാത്മാവിന്റെ സാന്നിധ്യം ശക്തമാക്കും. അവിടുന്ന് നമ്മിലെ യൗസേപ്പിതാവിനെ കണ്ടെത്തി ഹൃദയത്തിലും ആത്മാവിലും അസാധാരണ കൃപകൾ ചൊരിയും. നമുക്കും വിശുദ്ധരാകാം!
സകലർക്കും രക്ഷകൻ ആകാൻ സദാസന്നദ്ധനാണ് വിശുദ്ധ യൗസേപ്പിതാവ്. ” ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും. അന്വേഷിക്കുവിൻ ;നിങ്ങൾ കണ്ടെത്തും.മുട്ടുവിൻ നിങ്ങൾക്ക് തുറന്നു കിട്ടും “( മത്തായി 7 :7).
പ്രതിഷ്ഠ
ഏറ്റം മഹനീയമായ വിധത്തിൽ ദൈവത്തോട് ഐക്യപ്പെട്ടിരിക്കുന്ന വിശുദ്ധ യൗസേപ്പിതാവേ, അങ്ങയെ ഞങ്ങൾ വണങ്ങുന്നു. അങ്ങു നേടിയെടുത്ത പ്രാർത്ഥന എന്ന ദാനം എത്ര അത്യുദാത്തം! അത്ഭുതാവഹമായ രീതിയിലാണ് പരിശുദ്ധാത്മാവ് അങ്ങയെ നയിച്ചത്. അങ്ങനെ ആഴമായി ഞാൻ അറിയണമെന്നും സ്നേഹിക്കണമെന്നും പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നു. പരിശുദ്ധ അമ്മ കഴിഞ്ഞാൽ ദൈവത്തിന്റെ ആത്മാവ് ഏറ്റവും സജീവമായിരിക്കുന്നത് അങ്ങയിലാണ്. ഈ ആത്മാവിന്റെ പ്രേരണ അനുസരിച്ച് മാത്രമേ അങ്ങ് പ്രവർത്തിച്ചിരുന്നുള്ളൂ. ഉറങ്ങുമ്പോൾ പോലും ഉടയവനുമായി ആത്മീയ സംഭാഷണത്തിൽ ആയിരിക്കാൻ അങ്ങയെ സഹായിച്ചത് പരിശുദ്ധ റൂഹയോടുള്ള വിധേയത്വമാണല്ലോ.
യൗസേപ്പിതാവേ, അങ്ങയെപ്പോലെ ആകുവാൻ ആഗ്രഹിച്ചു കൊണ്ട് ഞാൻ എന്നെത്തന്നെ അങ്ങേയ്ക്ക് പ്രതിഷ്ഠിക്കുന്നു. എന്നെ അങ്ങേ പോലെ ഒരു യൗസേപ്പാക്കണമേ! ലോകം പിശാച് ശരീരം ഇവയിൽ നിന്ന് എന്നെ കാത്തു സംരക്ഷിക്കണമേ. പരിശുദ്ധ ദൈവ മാതാവിന്റെ വിരക്ത ഭർത്താവേ, ആത്മ ശരീര വിശുദ്ധി അഭംഗുരം കാത്ത് ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമേ! അങ്ങയുടെതുപോലെ എന്റെ ജീവിതവും ദൈവത്തിൽ മറഞ്ഞിരിക്കുന്നതായിരിക്കട്ടെ! പ്രാർത്ഥനാ കഠിനാധ്വാനം നിരന്തര പരിത്യാഗം തുടങ്ങി സകല പുണ്യങ്ങളും ആവുന്നത്ര പൂർണ്ണതയിൽ അഭ്യസിച്ചു വിശുദ്ധിയുടെ പടവുകൾ കയറാൻ എന്നെ അനുവദിക്കണമേ. ആമേൻ.
ലുത്തിനിയ
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, അനുഗ്രഹിക്കണമേ!
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ!
സ്വർഗ്ഗസ്ഥനായ പിതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ലോകരക്ഷകനായ മിശിഹായേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധാത്മാവായ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധ മറിയമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ!
വിശുദ്ധ യൗസേപ്പേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ!
ദാവീദിന്റെ വിശിഷ്ട സന്താനമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പൂർവ്വപിതാക്കന്മാരുടെ പ്രകാശമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവജനനിയുടെ വിരക്ത ഭർത്താവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പരിശുദ്ധ കന്യകയുടെ നിർമ്മലനായ കാവൽക്കാരാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവകുമാരന്റെ വളർത്തു പിതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ!
തിരുകുടുംബത്തിന്റെ സ്നേഹ നാഥനേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും നീതിമാനായ വിശുദ്ധ യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിരക്തനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിവേകിയായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാധീരനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും അനുസരണമുള്ള
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിശ്വസ്തനായ
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ക്ഷമയുടെ ദർപ്പണമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദാരിദ്ര്യത്തിന്റെ സ്നേഹിതാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മാതൃകയേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബ ജീവിതത്തിന്റെ മഹത്വമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കന്യകകളുടെ സംരക്ഷകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബങ്ങളുടെ നെടുംതൂണേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
വേദനിക്കുന്നവരുടെ ആശ്വാസമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
രോഗികളുടെ ആശ്രയമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മരണാസന്നരുടെ മദ്ധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പിശാചുക്കളുടെ പരിഭ്രമമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തിരുസഭയുടെ പാലകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും ദയയുള്ള യൗസേപ്പിതാവേ (എന്നും ചൊല്ലേണ്ടത്)
എത്രയും ദയയുള്ള യൗസേപ്പി താവേ, ഭക്തി വിശ്വാസങ്ങളോടുകൂടെ അങ്ങേ സന്നിധിയിൽ അണഞ്ഞ് അങ്ങേ മാധ്യസ്ഥ്യം യാചിച്ച ഒരുവനേയും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തു കേട്ടിട്ടില്ല എന്നു വി. അമ്മ ത്രേസ്യ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് അങ്ങ് ഓർക്കേണമേ. കന്യകകളുടെ രാജ്ഞിയായ പരിശുദ്ധ കന്യാമറിയത്തിന്റെ എത്രയും യോഗ്യതയുള്ള മണവാളാ, മധുരവും ആശ്വാസ ജനകവുമായ ഈ ഉറപ്പിൽ വിശ്വസിച്ച്, അതിൽ ധൈര്യം പ്രാപിച്ച് അങ്ങേ തൃപ്പാദത്തിങ്കൽ ഞാൻ വന്നണയുന്നു. രക്ഷകനായ ഈശോയുടെ പിതാവ് എന്ന നാമം പേറുന്ന അങ്ങ് എന്റെ ഈ വിനീതമായ അപേക്ഷ ഒരിക്കലും ഉപേക്ഷിക്കരുതേ! ഞാൻ അങ്ങയുടെ മകനെന്നു ( മകളെന്നു) വിളിക്കപ്പെടാൻ തിരുമനസ്സാകണമേ! അങ്ങയുടെ അപേക്ഷകൾ കാരുണ്യപൂർവം കൈക്കൊള്ളുന്ന ഈശോയുടെ തിരുമുമ്പിൽ എന്റെ നിയോഗങ്ങൾ എനിക്കുവേണ്ടി അങ്ങു സമർപ്പിക്കണമേ, ആമേൻ.
പരിശുദ്ധാത്മാവിന്റെ ഏഴ് ദാനങ്ങൾ
ജ്ഞാനം, ബുദ്ധി, ആലോചന, ധൈര്യം, അറിവ്, ദൈവഭക്തി, ദൈവഭയം.