മാർപ്പാപ്പാമാരുടെ ഉപദേഷ്ടാവ്, രണ്ടാം കുരിശുയുദ്ധം പ്രസംഗിച്ച സജ്ജമാക്കിയവൻ, വിശുദ്ധഗ്രന്ഥ പണ്ഡിതൻ, വാഗ്മി, ദൈവമാതൃഭക്തൻ എന്ന നിലകളിലെല്ലാം പ്രശോഭിച്ചിരുന്ന ക്ളെയർ വോയിലെ ബെർണാദ് ബർഗന്ററിയിൽ 1091-ൽ ജനിച്ചു. നിഷ്കളങ്കമായി ജീവിക്കാനും കൈയിൽകിട്ടിയവയെല്ലാം ധർമ്മം കൊടുക്കാനും ഒരു പ്രവണത ബാലനായ ബെർ നാർദ് പ്രദർശിപ്പിച്ചിരുന്നു. തേൻ പോലെ മധുരമായിരുന്നു അദ്ദേഹത്തിന്റെ സംഭാഷണം. മധുവർഷകനായ വേദപാരംഗതൻ (Doctor Mellifluus) എന്ന അപരനാമം അദ്ദേഹത്തിനു നല്കിയതിൽ ഒട്ടും വിസ്മയത്തിനു വകയില്ല.
23-ാമത്തെ വയസ്സിൽ ബെർണാർദ് തന്റെ സഹോദരന്മാരോടുകൂടെ സൈറ്റോ ആശ്രമത്തിൽ പ്രവേശിച്ചു. വി. സ്റ്റീഫനായിരുന്നു അന്നത്തെ ആബട്ട്. ഓരോ ദിവസവും ബെർണാർദു തന്നോടുതന്നെ ചോദിച്ചിരുന്നു: “ബെർണാർ, ബെർണാർദേ, നീ എന്തിന് ഇവിടെ വന്നു? ഭക്ഷണമേശയെ സമീപിച്ചിരുന്നതു കുരിശു തോളിൽ വയ്ക്കാൻ പോകുന്ന ആളെപ്പോലെ യാണ്”.
മൂന്നു വർഷത്തെ ആശ്രമ ജീവിതം കൊണ്ട് ബെർണാർദിലുണ്ടായ ആദ്ധ്യാത്മികാഭിവൃദ്ധി കണ്ടു സംതൃപ്തരായ അധികാരികൾ അദ്ദേ ഹത്തെ ക്ളെയർ വോയിൽ ആരംഭിച്ച പുതിയ ആശ്രമത്തിന്റെ ആബട്ടായി നിയമിച്ചു. 37 വർഷം അദ്ദേഹം ആ ജോലിയിൽ തുടർന്നു; ആ കാലഘട്ടത്തിൽ അദ്ദേഹം ജർമ്മനി, സ്വീഡൻ, അയർലന്റ്, ഇംഗ്ളണ്ട് മുതലായ രാജ്യങ്ങളിലായി 136 ആശ്രമങ്ങൾ സ്ഥാപിച്ചു. ബെനഡിക്ടിന്റെ നിയമങ്ങൾ ഒന്നുകൂടി പ്രാബല്യത്തിലായി. അതിനാൽ ബെർണാർദ് ബെനഡിക്ടൻ സഭയുടെ ദ്വിതീയ സ്ഥാപകൻ എന്നു പേരു നേടി. അദ്ദേഹം ആരംഭിച്ച സിസ്റ്റേഴ്സിയൻ സഭയുടെ പ്രസിദ്ധ ശാഖയാണു ട്രാപ്പിസ്റ്റ്സ്.
ബെർണാർദിന്റെ ഒരു ശിഷ്യനാണു എവുജീനിയസു തൃതീയൻ പാപ്പാ. മാർപ്പാപ്പായായശേഷവും അദ്ദേഹം ബർണാർദിന്റെ ഉപദേശം ആവശ്യപ്പെ ട്ടിരുന്നു. ഭാരിച്ച ജോലികളുടെ ഇടയിൽ ധ്യാനം മുടക്കരുതെന്നായിരുന്നു ബെർണാർദിന്റെ പ്രധാനോപദേശം.
ആശ്രമത്തിലെ ഏകാന്തമാണ് ബെർണാർദ് ഇഷ്ടപ്പെട്ടിരുന്നതെങ്കിലും അന്നത്തെ തർക്കങ്ങളിലെല്ലാം അദ്ദേഹം ഇടപെടേണ്ടിവന്നിരുന്നു. രണ്ടാമത്തെ കുരിശുയുദ്ധം പ്രസംഗിക്കുവാൻ മാർപ്പാപ്പാ ബെർണാർദിനോടാ വശ്യപ്പെട്ടു. രണ്ടു സൈന്യം തയ്യാറാക്കി അദ്ദേഹം പലസ്തീനയിലേക്ക് അയച്ചു; എന്നാൽ അവർ തോറ്റുപോയി. യോദ്ധാക്കളുടെ പാപം നിമിത്തമാണു പരാജയമടഞ്ഞതെന്ന് ബെർണാർദു പറഞ്ഞത്.
അസാധാരണമായിരുന്നു ബെർണാർദിന്റെ ദൈവമാതൃഭക്തി. “പരിശു രാജ്ഞി’ എന്ന ജപത്തിലെ അവസാന വാക്യവും, “എത്രയും ദയയുള്ള മാതാവേ ” എന്ന ജപവും ബെർണാർദ് എഴുതിയതാണ്.
ആശ്രമത്തിൽ ചേരാൻ വന്നിരുന്നവരോടു ബെർണാർദ് ഇങ്ങനെ പറഞ്ഞിരുന്നു. “ഇവിടെ പ്രവേശിക്കാനാഗ്രഹിക്കുന്നവർ ലോകത്തിൽനിന്നു കൊണ്ടു വന്ന ശരീരം വാതിൽക്കൽ വയ്ക്കട്ടെ. ഇവിടെ നിങ്ങളുടെ ആത്മാവിനു മാത്രമേ സ്ഥലമുളളൂ. ഈദൃശമായ തീക്ഷ്ണത അദ്ദേഹത്തിനു ആരോഗ്യത്തിനു ക്ഷതം വരുത്തി. 62-ാമത്തെ വയസ്സിൽ സ്വർഗ്ഗീയസമ്മാനം വാങ്ങിക്കാനായി ഈ ദൈവ മാതൃഭക്തൻ ഈ ലോകം വിട്ടു.