ഏപ്രിൽ 16
1748 മാർച്ച് ഇരുപത്തിയാറാമത്തെ തീയതി ഫ്രാൻസിൽ അമേറ്റസ് എന്ന പ്രദേശത്ത് ബെനഡിക്ട് ഭൂജാതനായി . ജീൻബാപ്റ്റിസ്റ് ലാബ്രെയുടെ എണ്ണയുടെയും 15 മക്കളിൽ മൂത്തവനാണ് ബെനഡിക്ട്, കുട്ടിയുടെ, സ്വഭാവ വിശേഷം കണ്ട പിതാവ് അവനെ ഉന്നത വിദ്യാഭ്യാസത്തിനായി സ്വസഹോദരൻ ഫാദർ ജോസഫു ലാബ്രെയുടെ അടുത്തേക്ക് അയച്ചു, എങ്കിലും ലത്തീൻ പഠനം ശരിയായില്ല. എന്നാൽ അക്കാലത്ത് അവിടെ പടർന്നുപിടിച്ചിരുന്ന പ്ലേഗിൽ ബെനഡിക്ട് ജോസഫ് വിശിഷ്ടമായ സേവനം നടത്തി. ഫാദർ ലാബ്രെ പ്ളേഗ് പിടിപെട്ട് മരിക്കുകയും ചെയ്തു. പിന്നീട് ബെനഡിക്ട് ഫാദർ വിൻസെന്റ് ലാബ്രെയുടെകൂടെ താമസം തുടങ്ങി. അദ്ദേഹം ജോൺ വിയാനിയെപ്പോലെ ഒരു വിശുദ്ധ വൈദികനായിരുന്നു. ഒരു ദരിദ്ര മുറിയിൽ തുച്ഛമായ ഭക്ഷണത്തെ കഴിച്ച് രണ്ടുപേരും കൂടി താമസിച്ചു.
അക്കാലത്താണ് നോവലിൽ ട്രിപ്പിസ്റ്റു സന്യാസസഭയിൽ ബെനഡിക്ട് ചേർന്നത്. ബെനഡിക്ടിനെ തലവന്മാർ ഒരു വിശുദ്ധനായിട്ടാണ് കരുതിയിരുന്നതെങ്കിലും. ട്രാപ്പിസ്റ്റു നിയമമനുസരിച്ച് ജീവിക്കുവാൻ അയാൾക്ക് കഴിവില്ലെന്നുള്ള കാരണത്താൽ ബെനഡിക്ട് നോവീഷ്യറ്റിൽ നിന്ന് പൊന്നു. പിന്നീട് ബെനഡിക്ട് തീർത്ഥസ്ഥലങ്ങൾ ചുറ്റിക്കറങ്ങി ജീവിക്കുകയാണ് ചെയ്തിരുന്നത്. ഭക്തർക്ക് അദ്ദേഹത്തിന്റെ ദൈവഭക്തി ഉത്തേജനം നൽകി; സുഖലോലുപരെ അദ്ദേഹത്തിന്റെ ജീവിതം ലജ്ജിപ്പിച്ചു. 1770 മുതൽ എട്ടുവർഷം ബെനഡിക്ട് റോമയിലും ലൊറേറ്റോയിലും ഭിക്ഷാടനത്തിൽ കഴിഞ്ഞു. ആരെങ്കിലും കൂടുതൽ ധർമ്മം നൽകിയാൽ ആവശ്യത്തിൽ കൂടുതലുള്ളത് അദ്ദേഹം അടുത്തുള്ള ഭിക്ഷുവിന് നല്കിപ്പോന്നു . വിശുദ്ധനായ ഒരു തീർത്ഥകനായിട്ടാണ് എല്ലാവരും അദ്ദേഹത്തെ കരുതിയിരുന്നത്; തന്നിമിതം പലരും അദ്ദേഹത്തിന്റെ വാർഷിക പ്രത്യാഗമനം കാത്തിരിക്കുമായിരുന്നു. പരലെമോണിയായും അദ്ദേഹം സന്ദർശിച്ചിരുന്നു. ഇങ്ങനെ ബെനഡിക്ടിന്റെ ഭിക്ഷാടനത്തിൽ ആശ്വാസങ്ങളുണ്ടായിരുന്നെങ്കിലും പരീക്ഷണങ്ങളും ഉണ്ടായിരുന്നു. ഫ്രാൻസിൽ മൗളിൻസിൽ വച്ച് ഒരു കവർച്ചക്കേസിൽ പ്രതിയായി ഇദ്ദേഹവും അറസ്റുചെയ്യപ്പെട്ടു. കീറിപ്പറിഞ്ഞ ട്രാപ്പിസ്റ്റു വസ്ത്രം കണ്ട് പലരും പുച്ഛിച്ചിരുന്നു. ജപമാല സദാ കഴുത്തിലുണ്ടായിരുന്നു. കാനോന നമസ്ക്കാരവും ക്രിസ്താനുകരണവും സദാ കൊണ്ടുനടന്നിരുന്നു.
1778 മുതൽ സ്ഥിരമായി റോമയിൽ കഴിച്ചുകൂട്ടി. കുറേനാൾ വി. മാർട്ടിന്റെ രാത്രിസങ്കേതത്തിൽ ബെനഡിക്ട് താമസിച്ചു; മറ്റുസമയത്ത് ഭിക്ഷുക്കളുടെ ഇടയിൽത്തന്നെ കഴിഞ്ഞു. 1783 –ലെ വലിയ ബുധനാഴ്ച വി. കുർബാന കണ്ടു കൊണ്ടിരിക്കെ രോഗപ്പെടുകയും കശാപ്പുകാരൻ ഫ്രാൻസിസ്കോ സക്കറെല്ലിയുടെ ഭവനത്തിൽ കിടന്ന് മരിക്കുകയും ചെയ്തു.
വിചിന്തനം:”ദരിദ്രർ സദാ നിങ്ങളുടെകൂടെ ഉണ്ടായിരിക്കും” എന്ന ദിവ്യരക്ഷകന്റെ വാക്കുകൾ അനുസ്മരിക്കുക. എല്ലാ ഭിക്ഷുക്കളും വഞ്ചകരാണെന്നു മുദ്രയടിക്കരുത്. അവരിൽ വിശുദ്ധാത്മാക്കളുണ്ടാകും.