വി. ഫ്രാൻസിസ് അസീസി (1181 -1226)
അസ്സീസിയിലെ ഒരു പ്രമുഖ പട്ടുവസ്ത്ര വ്യാപാരിയായ പീറ്റർ ബെർണാർഡിന്റെ മൂത്തമകനാണ് വി. ഫ്രാൻസിസ്. ‘അമ്മ മകനെ പ്രസവിക്കാറായപ്പോൾ ഒരജ്ഞാത മനുഷ്യൻ ആ സ്ത്രീയോട് അടുത്തുള്ള കാലിത്തൊഴുത്തിലേക്കു പോകുവാൻ ഉപദേശിച്ചു. അവൾ അങ്ങനെ ചെയുകയും ഫ്രാൻസിസ് ക്രിസ്തുവിനെപോലെ ജനിക്കുകയും ചെയ്തുവെന്ന് ഒരു ഐതിഹ്യമുണ്ട്.
ഫ്രാൻസിസ് ഫ്രഞ്ചും ലത്തീനും കൈവശമാക്കി. യുവമേളകളിൽ അദ്ദേഹം യഥേഷ്ടം പങ്കെടുത്തിരുന്നു. പിതാവ് ദാനധർമ്മം നിരുത്സാഹപ്പെടുത്തിയിരുന്നതിനാ ൽ ഫ്രാൻസിസിന്റെ പ്രഥമ ചലനം ഭിക്ഷുക്കളെ അവഗണിക്കുകയായിരുന്നു; എങ്കിലും ദരിദ്രരോടുള്ള അനുകമ്പ അദ്ദേഹത്തിൽ അന്തർലീനമായികിടന്നു. ഒരിക്കൽ പിതാവിന്റെ കടയിലിരുന്നു പട്ടുവസ്ത്രം വിറ്റുകൊണ്ടിരിക്കുമ്പോൾ ഒരു കുഷ്ടരോഗി സഹായം അഭ്യർത്ഥിച്ചു. ആദ്യം അത് നിഷേധിച്ചു. പിന്നീട് പെട്ടിയിൽനിന്നും ഒരുപിടി പണം വാരിയെടുത്തു ഭിക്ഷുവിന്റെ കൈയിൽ ഇട്ടുകൊടുത്തു. ഭിക്ഷുവിനെ ആശ്ലേഷിച്ചു.വഴിയാത്രകളിലും ഈ സംഭവം ആവർത്തിച്ചിട്ടുണ്ട്. ഭിക്ഷുവായ കുഷ്ടരോഗിയെ ആശ്ലേഷിക്കുമ്പോൾ വി. കുർബാന സ്വീകരിച്ചാലെന്നപോലെ ഒരനുഭവമാണുണ്ടായത്.
ലൗകായതികതവും ദൈവസ്നേഹവും കലർന്ന ആ ജീവിതത്തിൽ കൂട്ടുകാരോടുകൂടെ ഉല്ലസിച്ചിരുന്ന ഒരു രാത്രി ഫ്രാൻസിസിനു ദൈവത്തിന്റെ സ്വരം കേട്ടു: “ആരെ സേവിക്കുകയാണ് ഉത്തമം. യജമാനനയോ ദാസനെയോ?” “യജമാനനെത്തന്നെ” എന്ന് അയാൾ തീർത്തു പറഞ്ഞു. “എന്നാൽ വീട്ടിലേക്കു മടങ്ങു. പിന്നീട് എന്ത് ചെയ്യണമെന്നു അവിടെ ചെല്ലുമ്പോൾ അറിയിക്കാം.” അങ്ങനെ പുതിയ ജീവിതം ആരംഭിച്ചു. അക്കാലത്തു വി. പീറ്റർ ഡെമിയന്റെ ദേവാലയം കേടുവന്നുകിടക്കുന്നതും താൻ അത് തങ്ങിയിരിക്കുന്നതും ഫ്രാൻസിസ് സ്വപ്നത്തിൽ കണ്ടു. അദ്ദേഹം ഉടനെ വീട്ടിൽനിന്നു പണമെടുത്തു ദേവാലയം കെട്ടിപ്പൊക്കി. പിതാവ് ഫ്രാൻസിസിനെ വീട്ടിലിട്ടു അടച്ചു; മെത്രാനച്ചനോട് പരാതിപ്പെടുകയും ചെയ്തു. ഫ്രാൻസിസ് അരമനയിൽ ചെന്ന് വിലപിടിച്ച തന്റെ വസ്ത്രങ്ങൾ അഴിച്ചുവച്ചു അവയും കുടുംബസ്വത്തിലുള്ള തന്റെ ഓഹരിയും പിതാവ് യഥേഷ്ടം ഉപയോഗിച്ചുകൊള്ളട്ടെ എന്ന് രേഖപ്പെടുത്തി ഒരു രോമവസ്ത്രത്തോടെ തെരുവീഥിയിലേക്കിറങ്ങി. ഫ്രാൻസിസ് തന്നോടുതന്നെ പറഞ്ഞു: “ഇനിമേൽ ദൈവം മാത്രമേ എനിക്ക് പിതാവായിട്ടൊള്ളു. എനിക്കിപ്പോൾ ‘സ്വർഗ്ഗസ്ഥനായ പിതാവേ’ എന്ന് പരാമർത്ഥമായി വിളിക്കാം.” “എന്റെ ദൈവമേ, എന്റെ സർവ്വസ്വമെ” എന്നതായി ജീവിത തത്വം.
തെരുവീഥിയിലേക്കിറങ്ങിയ ഫ്രാൻസിസിനു ശിഷ്യന്മാർ ധാരാളമുണ്ടായി. അങ്ങനെ ഫ്രാൻസിസ്ക്കൻ സഭ ആരംഭിച്ചു. ആറു പട്ടംവരെ അദ്ദേഹം സ്വീകരിച്ചു. എന്നാൽ പൗരോഹിത്യം സ്വീകരിക്കാൻ വിനയം അനുവദിച്ചില്ല.
കുമാരി ദാരിദ്ര്യവും ഫ്രാൻസിസും തമ്മിലുള്ള വിവാഹം പ്രസിദ്ധമാണ്. “എന്നെ സമാധാനത്തിന്റെ ഉപകാരണമാക്കണമേ” എന്ന പ്രാർത്ഥന, സൂര്യകീർത്തനം മുതലായവ അനേകരെ സ്പർശിച്ചിട്ടുള്ള കൃതികളാണ്. സൂര്യ ചന്ദ്ര നക്ഷത്രാദികളും സസ്യലതാതികളുമെല്ലാം ഫ്രാൻസിസിനു സഹോദരരാണ്; അവയും ദൈവത്തിന്റെ സൃഷ്ട്ടികളല്ലേ? മരണശയ്യയിൽ ‘സൂര്യകീർത്തന’ത്തിന്റെ അന്തിമ വാക്യം കൂട്ടിച്ചേർത്തു: “സഹോദരി മരണത്തെ പ്രതി കർത്താവു സ്തുതിക്കപ്പെടട്ടെ.” എളിമയുടെയും ദാരിദ്ര്യത്തിന്റെയും മൂർത്തീകരണമായ ഫ്രാൻസിസ് നഗ്നമായി തറയിൽ കിടന്നു മരിക്കുകയാണ് ചെയ്തത്. മരിക്കുന്നതിന്റെ രണ്ടു വര്ഷം മുൻപ് ക്രിസ്തു തന്റെ പഞ്ചക്ഷതങ്ങൾ അദ്ദേഹത്തിൽ പതിക്കുകയുണ്ടായി.
Personal Information
Rev. Dr. Fr. Joseph Vattakalam is a talented writer, a speaker, a preacher and a very good spiritual Councillor. He had been professor of English in St. Berchmans College for 22 years. He was also warden, chaplain, vice principal and principal of the reputed St. Berchmans College. After his retirement he served the first principal of the Macfast College, Thiruvalla, the second principal of Malankara Catholic College(Kanyakumari) and the founder principal of Kanyakumari Community College, under the same management.
At present Fr. Joseph Vattakalam's mission is to write for the greater glory of God as the expression of his love for his creator.