ഇറ്റലിയിലെ ട്രെവിസാ രൂപതയിൽപ്പെട്ട റീസ് എന്ന ഗ്രാമത്തിൽ ജിയോവാനി ബാറ്റിസ്റ്റാ സാർത്തോയുടെ പത്തു മക്കളിൽ രണ്ടാമത്തവനാണു ജോസഫ് സാർത്തോ. പഠനകാലത്തു ദാരിദ്ര്യം നിമിത്തം ചെരിപ്പില്ലാതെയാണു കാസ്റ്റെൽ ഫ്രാങ്കോയിലെ സ്കൂളിലേക്കു നടന്നു പോയിരുന്നത്. പഠനസാമർത്ഥ്യം കൊണ്ടു പാദുവാ സെമ്മിനാരിയിൽ പഠിക്കാൻ ഒരു സ്കോളർഷിപ്പു കിട്ടി. സ്വഭാവഗുണവും നല്ല ഓർമ്മശക്തിയും ഉള്ള ജോസഫ് സാർത്തോ ഒരു നല്ല ഭാവിയുള്ള വിദ്യാർത്ഥിയാണെന്നു സെമ്മി നാരി അധികൃതർ അഭിപ്രായപ്പെട്ടു. 1858 സെപ്റ്റമ്പർ 18-ാം ജോസഫ് വൈദികനായി. ടെബോളോ, സൽസാനോ എന്നീ ഇടവകകളിൽ എല്ലാവർക്കും എല്ലാമായിരുന്നു. പ്രസംഗങ്ങൾക്കു നല്ല ഓജസ്സും ദൈവാലയശുശ്രൂഷകൾക്കു കൃത്യനിഷ്ഠയും ദീർഘനേരം കുമ്പസാരക്കൂടിൽ ഇരിക്കാനുളള സന്നദ്ധതയും അദ്ദേഹത്തെ ഏവരുടേയും കണ്ണിലുണ്ണിയാക്കി. 1884 നവംബർ 16-ാം തീയതി മാൻറുവാ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. മെത്രാഭിഷേകം കഴിഞ്ഞ് അമ്മയെ സന്ദർശിച്ചപ്പോൾ തന്റെ മോതിരം അമ്മയെ കാണിച്ചു കൊടുത്തു. അമ്മ തന്റെ വിവാഹമോതിരം കാണിച്ചുകൊണ്ടു പറഞ്ഞു: “ഞാൻ ഇതു ധരിച്ചില്ലായിരുന്നെങ്കിൽ നിനക്ക് അതു ലഭിക്കയില്ലായിരുന്നു”.
1893-ൽ ബിഷപ്പു ജോസഫ് കർദ്ദിനാളായി ഉയർത്തപ്പെടുകയും അതേ വർഷംതന്നെ വെനിസ്സിലെ പേടിയാർക്കായി നിയമിക്കപ്പെടുകയും ചെയ്തു. ലെയോൻ മാർപ്പാപ്പായുടെ മരണശേഷം പേപ്പൽ തിരഞ്ഞെടുപ്പിനു പോയതു മടക്കയാത്രയ്ക്കുളള ടിക്കറ്റ് വാങ്ങിച്ചായിരുന്നെങ്കിലും ദരിദ്രനും വിനീതനു മായ കാർഡിനൽ സാർക്കോ 1903 ആഗസ്റ്റ് 4-ാം തീയതി മാർപ്പാപ്പായായി തിരഞ്ഞെടുക്കപ്പെടുകയാണുണ്ടായത്. 9-ാം തീയതി ആയിരുന്നു പത്താം പീയൂസിന്റെ കിരീടധാരണം. സമസ്തവും ക്രിസ്തുവിൽ നവീകരിക്കുക എന്നതായിരുന്നു തിരുമേനിയുടെ മുദ്രാവാക്യം.
കുർബാനപ്പുസ്തകം, കാനോന നമസ്ക്കാരം, ആരാധനാഗാനം എന്നിവ പരിഷ്കരിച്ചു. കാനൺ നിയമസമാഹാരമുണ്ടാക്കാൻ നടപടികളെടുത്തു. അതിസ്വാഭാവിക ശക്തി നിഷേധിക്കുന്ന ആധുനികത്വവാദം (Modernism) അദ്ദേഹം ശപിച്ചു. കത്തോലിക്കാ സാമൂഹ്യപ്രവർത്തനത്തിനു പ്രോത്സാ ഹനം നല്കി. അൽമേയർക്കും അദ്ദേഹം അനുദിന ദിവ്യകാരുണ്യസ്വീ കരണം അനുവദിച്ചു. തിരിച്ചറിവുവന്ന കുട്ടികൾക്കുകൂടി അദ്ദേഹം ആ അനുവാദം നല്കി. അതിനാൽ വി. കുർബാനയുടെ മാർപ്പാപ്പാ എന്നു പത്താം പീയൂസിനെ വിളിക്കാറുണ്ട്.
മാർപ്പാപ്പാ ആയിട്ടും ദാരിദ്ര്യാരൂപിക്കു വ്യത്യാസം വന്നില്ല. വത്തി ക്കാനിലെ വിലപിടിച്ച കാർപ്പെറ്റുകളൊക്കെ മാറ്റിവച്ചു. “ഞാൻ ദരിദ്രനായി ജനിച്ചു; ദരിദ്രനായി ജീവിച്ചു, ദരിദ്രനായി മരിക്കും” എന്നാണ് അദ്ദേഹം പറഞ്ഞത്.
1914 ആഗസ്റ്റ് 2-ാം തീയതി ലോകമാസകലമുളള കത്തോലിക്കർക്കു തിരുമേനി ഇപ്രകാരമെഴുതി: “ഒരു ഭയങ്കര യുദ്ധത്തിന്റെ കൊടുങ്കാറ്റ് ഏതാണ്ടു യൂറോപ്പുമുഴുവനേയും കീറിമുറിച്ചിരിക്കുന്നു. സങ്കടവും കണ്ണു നീരും കൂടാതെ അതിന്റെ നാശനഷ്ടങ്ങൾ വിഭാവനം ചെയ്യാൻ കഴിയുന്നില്ല. നമ്മുടെ ഹൃദയത്തിന് എത്രയും പ്രിയപ്പെട്ട അനേകരുടെ ജീവനേയും ആത്മരക്ഷയേയും പറ്റിയുള്ള ഉൽക്കണ്ഠ നമ്മുടെ ഹൃദയത്തെ ആകു ലമാക്കിയിരിക്കുന്നു. ദിവ്യകാരുണ്യത്തിന്റെ സിംഹാസനത്തുങ്കൽ അഭയം തേടാൻ എല്ലാ കത്തോലിക്കാരോടും നാം അഭ്യർത്ഥിക്കുന്നു.
യുദ്ധത്തിന്റെ ഭീകരത വർദ്ധിച്ചപ്പോൾ പോർക്കളത്തിൽ മരിക്കുന്നവർ ക്കുവേണ്ടി ഞാൻ മരിക്കുന്നു. ഈ യുദ്ധം എന്റെ മരണമാണ് എന്ന് ഉരുവിട്ടുകൊണ്ടിരുന്നു. 1914 ആഗസ്റ്റ് 20-ാം തീയതി മാർപ്പാപ്പാ ഹൃദയം തകർന്നു മരിച്ചു. ശവക്കല്ലറയിൽ ഇങ്ങനെ ഉല്ലേഖനം ചെയ്തിരിക്കുന്നു. “ദരിദ്രനും അതേസമയം സമ്പന്നനും വിനീത ഹൃദയനും ശാന്തശീലനും കത്തോലിക്കാ താല്പര്യങ്ങളുടെ ധീരസംരക്ഷകനും എല്ലാം ക്രിസ്തുവി ലേക്കു പിന്തിരിക്കുന്നതിനു ബദ്ധശ്രദ്ധനുമായ പത്താം പിയൂസ്
വിചിന്തനം: സമാധാനപാലകർ അനുഗൃഹീതരാകുന്നു. എന്തെന്നാൽ അവ ദൈവപുത്രരെന്നു വിളിക്കപ്പെടും