സ്പെയിനിൽ ക്യാസ്റ്റീലിൽ ജനിച്ച തോമസിന്റെ വിദ്യാഭ്യാസം വില്ലനോവയിൽ നടത്തിയതുകൊണ്ട് വില്ലനോവ എന്ന ഉപനാമധേയം ഉണ്ടായി. കുടുംബം സമ്പന്നമാല്ലായിരുന്നുവെങ്കിലും മാതാപിതാക്കൾ കഴിവനുസരിച്ചു ദരിദ്രരെ സഹായിച്ചിരുന്നു. കാർഷികാദായങ്ങൾ വിറ്റു കാശാക്കാതെ ദരിദ്രർക്ക് ദാനം ചെയ്യുകയായിരുന്നു പതിവ്. മാതാപിതാക്കന്മാരുടെ ഈ മനോഭാവം തോമസിൽ ആശാനിഗ്രഹവും തജ്ജന്യമായ ശുദ്ധതയും സത്യസന്ധതയും ഉളവാക്കി. മാതാപിതാക്കന്മാർ തോമസിനെ ആദ്യം പഠിപ്പിച്ച വാക്കുകൾ ഈശോ, മറിയം എന്നാണ്. ജീവിതം മുഴുവൻ ദൈവമാതാവിനോട് തോമസിന് പ്രിത്യേക ഭക്തിയുണ്ടായിരുന്നു.
ഇരുപത്തിയാറാമത്തെ വയസ്സിൽ പഠനം പൂർത്തിയാക്കി തിരിയെവന്നപ്പോൾ താമസിക്കാൻ പിതാവുണ്ടാക്കിയ ഭവനം ഒരു ആശുപത്രിയായി മാറ്റി. കുറേനാൾ അദ്ദേഹം സലാമാങ്ക സർവകലാശാലയിൽ പഠിപ്പിച്ചു. 1518 ൽ വി. അഗസ്റ്റിന്റെ സന്യാസസഭയിൽ ചേർന്നു. തലേവർഷമാണ് ലൂതർ ആ സഭ ഉപേക്ഷിച്ചുകൊണ്ടു വിവാഹം കഴിച്ചത്. 1520 ൽ അദ്ദേഹം വൈദികനായി. സലാമാങ്ക, ബുർഗോഡ്, വല്ലഡോയിഡ് മുതലായ സ്ഥലങ്ങളിൽ അടുത്തടുത്ത് സുപ്പീരിയറായി. 1545 ൽ വാലെൻസിയയിലെ ആർച്ചുബിഷപ്പായി. സ്ഥാനമാനങ്ങൾ വെറുത്തിരുന്നു ഫാദർ തോമസ് സിംഹാസനാരോഹണ ദിവസം സിംഹാസനത്തിൽ വിരിച്ചിരുന്ന പട്ടു വസ്ത്രം നീക്കി പീഠം മുത്തുകയുണ്ടായി. സന്യാസസഭയിൽനിന്നു നൽകിയ 4000 സൂക്കറ്റ്സ് അതേപടി വില്ലനോവയിലെ ആശുപത്രി നന്നാക്കാൻ അയച്ചുകൊടുത്തു.
ആർച്ച്ബിഷപ് ആയ ശേഷം പഴയവസ്ത്രങ്ങൾ തന്നെത്താൻ തയ്ച്ചു ശരിയാക്കുന്ന കണ്ടു ഒരു കാനൻ ചോദിച്ചു: ഒരു നിസാര സംഖ്യക്ക് അത് ആരെങ്കിലും തൈച്ചുതരുമല്ലോ. “ആ നിസാര സംഖ്യാ ഒരു ദരിദ്രന് നൽകിക്കൂടെ?” എന്നായിരുന്നു മറുപടി. ബുധനാഴ്ചയും വെളിയാഴ്ചയും അല്പം റൊട്ടിയും വെള്ളവുമാണ് കഴിച്ചിരുന്നത്. ദിവസംതോറും അദ്ദേഹത്തിന്റെ വാതിൽക്കൽ 500 ദരിദ്രർ വന്നിരുന്നു. അവർക്കെല്ലാം അദ്ദേഹം എന്തെങ്കിലും നൽകിയിരുന്നു. തൊഴിൽകാർക്കു ഉപജീവനം നേടാൻ സഹായകമായ ഉപകരണങ്ങൾ വാങ്ങികൊടുത്തിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ ജീവിതം ഉപവി പ്രവർത്തികളുടെ നീണ്ട ശൃങ്ഗലയായിരുന്നു.
അറുപത്തിയേഴാമത്തെ വയസ്സിൽ ഒരു കാഴ്ചകൊണ്ട് മനസിലായി ദൈവമാതാവിന്റെ പിറവിതിരുനാൾ ദിവസം താൻ മരിക്കുമെന്ന്. ആഗസ്ത് മാസം ഇരുപത്തൊമ്പതാം തീയതി ശക്തിയായ ഒരു പനി തുടങ്ങി. സെപ്തംബര് എട്ടാം തീയതി രാവിലെ വി. യോഹന്നാൻ എഴുതിയ പീഡാനുഭവ ചരിത്രം വായിച്ചുകേട്ടു. അനന്തരം തന്റെ മുറിയിൽ ഒരു ദിവ്യബലി സമർപ്പിക്കാൻ ആവശ്യപ്പെട്ടു. പുരോഹിതന്റെ ദിവ്യകാരുണ്യ സ്വീകരണം കഴിഞ്ഞപ്പോൾ “അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു’ എന്ന് പറഞ്ഞു ആർച്ച്ബിഷപ് തോമസ് ദിവംഗതനായ.അദ്ദേഹത്തിന്റെ ആധ്യാത്മിക ഗ്രന്ഥങ്ങൾ 20 പതിപ്പ് കണ്ടു കഴിഞ്ഞിട്ടുണ്ട്.