1597 ജനുവരി 31 നു നർബോൺ രൂപതയിൽ ഒരു കുലീന കുടുംബത്തിൽ ജോൺ ഫ്രാൻസിസ് റെജിസ് ജനിച്ചു. അഞ്ചാമത്തെ വയസ്സിൽ നിത്യനരകത്തെപ്പറ്റി ‘അമ്മ നൽകിയ ഒരു ഉപദേശം ഫ്രാൻസിസിന്റെ ഹൃദയത്തിൽ അഗാധമായി പതിഞ്ഞു. തന്നിമിത്തം അന്നത്തെ ബാലലീലകളിലൊന്നും ഫ്രാൻസിസ് പങ്കെടുത്തിരുന്നില്ല. ഈശോ സഭക്കാരുടെ കോളേജിലാണ് അവൻ പഠിച്ചത്. അവിടെ ഫ്രാൻസിസിന്റെ ഗൗരവം ഒരു സംസാരവിഷയമായിരുന്നു.ഞാറാഴ്ച്ചകളും കടമുള്ള ദിവസങ്ങളും ജ്ഞാനവായനയിലും പ്രാര്ഥനയിലുമാണ് അവൻ ചെലവഴിച്ചിരുന്നത്.
1616 ഡിസംബർ 8 നു ടുളൂസിലെ ഈശോസഭയുടെ നോവിഷയറ്റിൽ ഫ്രാൻസിസ് ചേര്ന്നു. ഏറ്റവും എളിയ ജോലികളായിരുന്നു ഫ്രാൻസിസിനു ഇഷ്ടം. കൂട്ടുകാർ പറഞ്ഞിരുന്നത് ഫ്രാൻസിസ്തന്നെയായിരുന്നു ഫ്രാൻസിസിന്റെ പ്രധാന മർദ്ദകനെന്നത്രെ. ടൂർണനിൽ തത്വശാസ്ത്രവും ടൂളിസിൽ ദൈവശാസ്ത്രവും പഠിച്ചു. എവിടെയും ഒരു മാലാഖയായിട്ടാണ് അറിയപ്പെട്ടിരുന്നത്. 1630 ൽ വൈദ്യപട്ടം സ്വീകരിച്ചു. പിറ്റേവർഷം മോണ്ടുപെല്ലിയറിൽ അജ്ഞതയോടും തിന്മയോടും വിജയപ്പൂർവം സമരം ചെയിതു പല കാൽവനിസ്റ്റുകളെയും അദ്ദേഹം മനസാന്തരപ്പെടുത്തി. ഒരു യുവാവിന്റെ പാപമിത്രത്തെ മനസാന്തരപ്പെടുത്തിയതിലുള്ള അമർഷത്തോടെ അയാൾ ഫ്രാൻസിസിനെ സമീപിച്ചപ്പോൾ അദ്ദേഹം യുവാവിന്റെ ഉദ്ദേശം മനസ്സിലാക്കിക്കൊണ്ട് പറഞ്ഞു: “പ്രിയ സഹോദരാ, താങ്കളുടെ നിത്യരക്ഷക്കുവേണ്ടി ജീവൻ വയ്ക്കാൻ തയാറായിരിക്കുന്ന ആളോട് എന്തിനു ദുഷ്ടമനസോടെ സമീപിക്കുന്നു?” മധുരമായ ഈ വാക്കുകൾ കേട്ട് യുവാവ് മനഃസ്ഥാപിച്ചു അദ്ദേഹത്തിന്റെ പാദത്തിങ്കൽ വീണു മാപ്പപേക്ഷിച്ചു.
പാപികളോട് സംസാരിക്കുന്നതിനിടയ്ക്കു ഒരിക്കൽ ഒരാൾ അദ്ദേഹത്തിന്റെ ചെവിക്കു പിച്ചി, വേറൊരാൾ കന്നത്തടിച്ചു. ഫാദർ ഫ്രാൻസിസ് സ്നേഹാദരത്തോടെ അവരുടെ നേരെ തിരിഞ്ഞുനിൽക്കുകമാത്രം ചെയിതു. അവരെല്ലാവരും മാനസാന്തരപ്പെട്ട് മാപ്പപേക്ഷിച്ചു.
1640 ഡിസംബർ 20 നു വി. സ്റ്റീഫന്റെ തിരുനാൾ ദിവസം മൂന്ന് പ്രസംഗത്തിന് ശേഷം കുമ്പസാരം കേട്ടുകൊണ്ടിരിക്കെ മോഹാലസ്യപ്പെട്ടു പോയി. സുഖക്കേട് വർധിച്ചു. ഡിസംബർ 31 നു തന്റെ കൂട്ടുകാരനോട് ഫ്രാൻസിസ് പറഞ്ഞു: “എന്തൊരു സൗഭാഗ്യം! എത്ര സംതൃപ്തിയോടെയാണ് ഞാൻ മരിക്കുന്നതു! സൗഭാഗ്യ നികേതനത്തിലേക്കു എന്നെ ആനയിക്കാൻ ഈശോയും മറിയവും വരുന്നത് ഞാൻ കാണുന്നു.” അന്ന് പാതിരായ്ക്ക്, “ഈശോ, എന്റെ രക്ഷക, എന്റെ ആത്മാവിനെ അങ്ങേ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു” എന്ന് പറഞ്ഞു അദ്ദേഹം പരലോകപ്രാപ്തനായി.43 വയസ്സ് പൂർത്തിയായിട്ടേയുണ്ടായിരുന്നുള്ളു. അവിശ്രമം ചെയിത അധ്വാനമാണ് ഈ അകാലമരണത്തിനു കാരണം.