നിസ്തുലനായ ഈ വേദപാരംഗതന്റെ വാഗ്മിത്വത്തെ പരിഗണിച്ചു സ്വര്ണജിഹ്വ എന്ന അർത്ഥമുള്ള ക്രിസോസ്റ്റം എന്ന അപരനാമം അദ്ദേഹത്തിന് ലഭിച്ചു. അദ്ദേഹത്തിന്റെ ദൈവഭക്തിയും ധീരതയും വാഗ്‌വിലാസത്തെക്കാൾ കൂടുതൽ ശേഷ്ട്ടമാണ്. സിറിയയിലെ സൈന്യാധിപനായ സ്‌കൂന്തൂസിന്റെ ഏകപുത്രനാണ് ജോൺ. ‘അമ്മ അന്തൂസക്കു 20 വയസുള്ളപ്പോൾ സെക്കൂന്തൂസ് മരിച്ചെങ്കിലും ആ ഭക്തസ്ത്രീ രണ്ടാമതൊരു വിവാഹത്തെപ്പറ്റി ചിന്തിച്ചതേയില്ല. യൗവനത്തിൽ ജോൺ ധരിച്ചിരുന്നത് പരുപരുത്ത വസ്ത്രമാണ്; ദിനംപ്രതി ഉപവസിച്ചുകൊണ്ടുമിരുന്നു. പ്രാർത്ഥനയിലും വിശുദ്ധ ഗ്രന്ഥ ധ്യാനത്തിലും തന്റെ സമയത്തിന്റെ അധികപങ്കും ചിലവഴിച്ചുപോന്നു. 26 വയസ്സായപ്പോഴേക്കും പൗരോഹിത്യത്തെപ്പറ്റി 6 നിസ്തുല ഗ്രന്ഥങ്ങൾ അദ്ദേഹം എഴുതി. മുപ്പതാമത്തെ വയസ്സിൽ ജോൺ അന്തിയോക്യയിക്കടുത്തുള്ള വനാന്തരത്തിലേക്കു താമസം മാറ്റി. പ്രഭാതം മുഴുവൻ പ്രാർത്ഥനയിലും ജ്ഞാനവായനയിലും വിശുദ്ധ ഗ്രന്ഥ ധ്യാനത്തിലും ചിലവഴിച്ചു. 386 ൽ കോൺസ്റ്റാന്റിനോപ്പിളിലെ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു.
ബിഷപ് ജോണിന്റെ പ്രസംഗങ്ങളുടെ ഫലം അത്ഭുതകരമായിരുന്നു. അദ്ദേഹം കുർബാന ചൊല്ലുമ്പോൾ വിശുദ്ധർ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു കുർബാനയെ ആരാധിക്കുന്നതായി അദ്ദേഹം കണ്ടിരുന്നുവെന്ന് വി. നീലുസു സാക്ഷ്യപെടുത്തിക്കാണുന്നുണ്ട്. കോൺസ്റ്റാന്റിനോപ്പിളിൽ അദ്ദേഹം സംപ്രീതനായിരുന്നുവെങ്കിലും തിന്മകളുടെ ഭർത്സനം ധാരാളം ശത്രുക്കളെ ഉളവാക്കി. 403 ൽ ബിഷപ് ജോൺ ആദ്യമായി നാടുകടത്തപെട്ടുവെങ്കിലും താമസിയാതെ മടക്കിവിളിക്കപെട്ടു. അലക്സാണ്ഡ്രിയയിലെ ആർച്ച്ബിഷപ് തെയോഫിലാസ്സിനും എവ്‌ഡോക്സിയ ചക്രവർത്തിക്കുമെതിരായി ബിഷപ് ജോൺ ചെയ്ത അഴിമതി ആരോപണങ്ങൾ അവരെ പ്രകോപിപ്പിച്ചു. രണ്ടു പ്രാവശ്യം അവർ ബിഷപ് ജോണിനെ നാടുകടത്തിച്ചു. 404 ൽ വിപ്രവാസത്തിൽത്തന്നെയാണ് അദ്ദേഹം അന്തരിച്ചത്.
400 നാഴിക ദൂരെ ഒരു സ്ഥലത്തേക്കാണ് അദ്ദേഹം നാടുകടത്തപെട്ടതു. അവിടെ ചിലപ്പോൾ അർദ്ധ പട്ടിണിയായിരുന്നു; ചിലപ്പോൾ തണുപ്പ് സഹിക്കേണ്ടിയും വന്നു. യാത്രയിൽ അദ്ദേഹത്തിന്റെ രോഗം വർധിച്ചു. അതിനിടയ്ക്ക് മുഷിഞ്ഞുപോയ വസ്ത്രം മാറി വെള്ളവസ്ത്രം അണിഞ്ഞു തിരുപാഥേയം സ്വീകരിച്ചു. ‘സകലതിനും ദൈവത്തിന് സ്തുതി’ എന്ന് പതിവായി ചൊല്ലാറുള്ള വാക്കുകൾ ഉരുവിട്ടുകൊണ്ടു തന്റെ ആത്മാവിനെ അദ്ദേഹം ഈശോയ്ക്ക് സമർപ്പിച്ചു. പൗരസ്ത്യ സഭയിലെ നാലു മഹാപിതാക്കന്മാരിൽ ഒരാളാണ് ക്രിസോസ്റ്റം.