ഇന്ന് യൂഗോസ്ലാവ്യ എന്ന് അറിയപ്പെടുന്ന ഡാൽമേഷ്യയിലാണ് വി. ജെറോം ഭൂജാതനായത്; റോമിൽ പഠനം പൂർത്തിയാക്കി. കുറ്റമില്ലാത്തതല്ലായിരുന്നു അദ്ദേഹത്തിന്റെ ബാല്യം. ജ്ഞാന ദാഹം തീവ്രം തന്നെയായിരുന്നു. ഗ്രീക്കും ലത്തീനും നന്നായി പഠിച്ചു. വ്യാകരണകർത്താവായ ദോനോതൂസായിരുന്നു അദ്ദേഹത്തിന്റെ ഗുരു. ലൗകാതികത്വവും ആശാപാശങ്ങളുടെ വിഹാരവും ആ വിദ്യാഭ്യാസത്തിന്റെ ഒരംശമായിരുന്നു. ദമസൂസു പപ്പയ്ക്ക് ജെറോം എഴുതിയിട്ടുള്ള ഒരു കത്തിൽനിന്നു അദ്ദേഹം റോമയിൽവച്ചു ജ്ഞാനസ്നാനപ്പെട്ടുവെന്നു മനസിലാക്കാം. റോമയിൽവച്ചു അദ്ദേഹം സ്വന്തമായി ഒരു ഗ്രന്ഥശേഖരമുണ്ടാക്കി. 377 ൽ അന്ത്യോഖ്യയിൽ പൗളിനൂസ് പേട്രിയാർക്കിന്റെ കരങ്ങളാൽ പുരോഹിതനായി അഭിഷേചിക്കപെട്ടു. അനന്തരം പലസ്തീന സന്ദർശിച്ചു വിശുദ്ധ ഫലങ്ങൾ പരിചയപ്പെടുകയും ഹീബ്രു പഠനം പൂർത്തിയാക്കുകയും ചെയ്തു. 380 ൽ കോൺസ്റ്റാന്റിനോപ്പിളിൽ വച്ച് വി. ഗ്രിഗറിനാസിയൻസിന്റെ കീഴിൽ വിശുദ്ധ ഗ്രന്ഥം പഠിക്കാനിടയായി. ഒരു വര്‍ഷം അങ്ങനെ ചിലവഴിച്ചു.
391 ൽ ദമസൂസു പപ്പാ ജെറോമിനെ റോമിലേക്ക് വിളിച്ചു തന്റെ എഴുത്തുകുത്തുകൾ നടത്താൻ നിയോഗിച്ചു. ലെയോ, ഫാബിയോള, പൗള്ള, എവ്സ്റ്റാക്കിയോ മുതലായ പല ഭക്ത സ്ത്രീകൾക്കും അദ്ദേഹം ജ്ഞാനോപദേശം നൽകിയിട്ടുണ്ട്. റോമയിൽവച്ചു വിശുദ്ധ ഗ്രന്ഥത്തിന്റെ പരിഭാഷ ഹീബ്രു മൂലം നോക്കി തിരുത്താൻ ദമസൂസു പപ്പാ ജെറോമിനെ ഏല്പിച്ചു. ജെറോം ഉടനെ ബെത്ലെഹെമിലേക്കു പോയി. തന്റെ ഏകാന്തവാസസ്ഥലത്തു നിന്ന് മുപ്പതു വർഷത്തേക്ക് വിശുദ്ധ ഗ്രന്ഥ വ്യാഖ്യാനങ്ങൾ മുതലായ വിശിഷ്ട ഗ്രന്ഥങ്ങൾ ക്രിസ്തീയ ലോകത്തിനു സമർപ്പിച്ചുകൊണ്ടിരുന്നു. വിജ്ഞാനം, പ്രഭാഷകൻ, ബറുക്ക്, മക്കബായൻ എന്നീ ഗ്രന്ഥലോഴികെ മറ്റു പഴയനിയമ ഗ്രന്ഥങ്ങൾ ഹീബ്രുവിൽനിന്നും അരമായിക്കിൽനിന്നും പുതുതായി പരിഭാഷപ്പെടുത്തി. പുതിയ നിയമം വായിച്ചു പരിഭാഷ പരിഷ്കരിച്ചു. പതിനെട്ടുകൊല്ലംകൊണ്ടാണ് ഇത്രയും ചെയ്തത്. ഇങ്ങനെയാണ് വളരെ പ്രചാരത്തിലായ ലത്തീൻ പരിഭാഷ അഥവാ വുൾഗാത്ത വിശുദ്ധ ഗ്രന്ഥമൂലം ഉണ്ടായതു. ‘ജെറോമിനു അജ്ഞാതമായിട്ടുള്ളത് എന്താണെന്നു ഒരു മനുഷ്യനും അറിഞ്ഞുകൂടാ’ എന്നാണ് വി. അഗസ്റ്റിൻ പറയുന്നത്.
ജെറോം ആത്മാർത്ഥത നിറഞ്ഞ ധീരതയുള്ള ഒരു മനുഷ്യനായിരുന്നു. നിര്‍ഭയനായ ഒരു വിമര്‍ശകനായിരുന്നു. ഒരു സാധാരണ മനുഷ്യനുള്ള സന്മാർഗ്ഗിക പ്രശ്നങ്ങളെല്ലാം അദ്ദേഹത്തിനുണ്ടായിരുന്നു. തന്മൂലം ബേത്ലഹേം ഗുഹയിലെ ഏകാന്തവും പ്രായശ്ചിത്തങ്ങളും ഉപവാസവും വഴിയാണ് അവയെ ഒതുക്കിയത്. കോപം മൂക്കത്തായിരുന്നു. അതെ സമയം അതിവേഗം അദ്ദേഹം ക്ഷമിച്ചിരുന്നു. വി. ജെറോമിന്റെ നെഞ്ചിൽ കല്ലുകൊണ്ട് അദ്ദേഹം ഇടിക്കുന്ന ഒരു ചിത്രം കണ്ടിട്ട് ഒരു മാർപാപ്പ ഇങ്ങനെ പ്രസ്താവിച്ചു: ‘അങ്ങ് ആ കല്ല് കൈയിൽ പിടിക്കുകതന്നെ വേണം. അതുകൂടാതെ അങ്ങയെ തിരുസഭ വിശുദ്ധനെന്നു നാമകരണം ചെയുകയില്ലായിരുന്നു.’ ബെത്ലെഹെമിൽ കർത്താവു ജനിച്ച ഗുഹയിലാണ് ജെറോം താമസിച്ചിരുന്നതെന്നു പറയുന്നുണ്ട്. അവിടെത്തന്നെ കിടന്നു 420 സെപ്തംബര്‍ മുപ്പതാം തീയതി അദ്ദേഹം മരിച്ചു.