ലെംബോർഡിയിൽ വിൻസെൻസ എന്ന പ്രദേശത്തു ഒരു കുലീനകുടുമ്പത്തില് ഭക്തരായ മാതാപിതാക്കന്മാരിൽ നിന്ന് കജെന്റിടാന് ജനിച്ചു. ഭക്തയായ മാതാവ് മകനെ കന്യകമ്പികളുടെ സംരക്ഷണത്തിൽ ഏല്പിച്ചു.കുട്ടി വളർന്നപ്പോൾ ഈശോയുടെ എളിമയും ശാന്തതയും അനുസരണയും പാലിക്കുന്നതിൽ അത്യുൽസുകനായി കാണപ്പെട്ടു. ദൈവത്തിലേയ്ക് ഉയരാത്ത സംഭാഷണം കജെന്റാണ് ഇഷ്ടപ്പെട്ടിരുന്നില്ല. ധീരകമായ ഭക്ത്യഭ്യാസങ്ങളും പ്രാർത്ഥനയും അദ്ദേഹത്തിന് എത്രയും പ്രിയംകരമായിരുന്നു. 36 മത്തെ വയസിൽ വൈദികനായി റോമൻ കൂരിയായിൽ കുറേനാൾ ജോലിചെയ്തു; പിന്നീട് സ്വദേശത്തേക്കു മടങ്ങി.
42 മത്തെ വയസിൽ മാറാത്ത രോഗകാർക്ക് ഫാദർ കാജന്റാണ് ഒരു ആശുപത്രി ആരംഭിച്ചു. വൈദിക ജീവിത നവീകരണത്തെ ഉദ്ദേശിച്ച അദ്ദേഹം തീയാട്ടിൻസ് എന്നറിയപ്പെടുന്ന സന്യാസസഭ ആരംഭിച്ചു. അവർ സുവിശേഷം പ്രസംഗിക്കുന്നതിലും കൂദാശകൾ കൈകാര്യം ചെയ്യുന്നതിലും അതീവ ഔൽസുക്യം പ്രദർശിപ്പിച്ചിരുന്നു. കാൽവിന്റെ പാഷാണ്ഡതയ്ക് സിദ്ധഔഷധമായി നാല്പതുമണി ആരാധന ആദ്യം ആരംഭിച്ചത് വി. കാജന്റനൻ. ദൈവമാതാവിന്നൊട് ഫാദർ കാജന്റാണ് വളരെ ഭക്തിയുണ്ടായിരുന്നു; അതിനു സമ്മാനമായി ഒരു ക്രിസ്മസിന്റെ തലേദിവസം ഉണ്ണീശോയെ അദ്ദേഹത്തിന്റെ കരങ്ങളിൽ ദൈവമാതാവ് വച്ചുകൊടുക്കുകയുണ്ടായി. ബൂർബന്റെ നേതൃത്വത്തിൽ ജര്മന്കാര് റോം ആക്രമിച്ചപ്പോൾ അവർ അദ്ദേഹത്തിന്റെ കൈയിൽ പണമുണ്ടാകുമെന്നു കരുതി അത് പിടിച്ചെടുക്കാൻ അദ്ദേഹത്തെ കഠിനമായി മർദിച്ചു. എന്നാൽ അദ്ദേഹത്തിന്റെ സമ്പത്തൊക്കെ ദരിദ്രർക്ക് പണ്ടേ കൊടുത്തുകഴിഞ്ഞിരുന്നു. 1530 യിൽ വെനീസിൽ പ്ളേഗ് പടർന്നുപിടിച്ചപ്പോൾ കാജന്റാണ് ത്യാഗപൂർവ്വമായ സേവനം ചെയ്തു. അതിനുപുറമെ വെറോണയിലും നേപ്പിൾസിലും തീയേറ്റയിൻ സഭയുടെ ശാഖമന്ദിരങ്ങൾ തുറന്ന് ആ രണ്ടു പട്ടണങ്ങൾക്കും അദ്ദേഹം വിശിഷ്ട സേവനം ചെയ്തിട്ടുണ്ട്. രണ്ടു സ്ഥലത്തും അദ്ദേഹം സുപ്പീരിയറായിരുന്നു.
മൃതകരമായ രോഗത്തിന് അധീനനായപ്പോൾ അദ്ദേഹം കടുത്ത ഒരു പലകയിൽ തന്നെ കിടത്തണമെന്ന് ആവശ്യപ്പെട്ടു. കുരിശിൽ മരിച്ച ദിവ്യരക്ഷകനെ അനുകരിക്കാനാണ് അദ്ദേഹം ഇങ്ങനെ ആവശ്യപ്പെട്ട്ടത്. അവസാനം വെറും തറയിൽ ഒരു ചാക്ക് വിരിച്ചു അദ്ദേഹത്തെ കിടത്തി. അവിടെ കിടക്കുമ്പോൾ ദൈവമാതാവിന്റെ പ്രഭാപൂരിതമായി കണ്ടു. അദ്ദേഹം പ്രാർത്ഥിച്ചു: “നാഥേ, എന്നെ ആശിര്വദിക്കണമേ.” കന്യാംഭിക പ്രതിവചിച്ചു: “കജെന്റാണ് , എന്റെ മകന്റെ ആശിർവാദം സ്വീകരിക്കുക. നിന്റെ സ്നേഹത്തിന്റെ ആത്മാർത്ഥതയ്ക് സമ്മാനമായി നിന്നെ സ്വർഗ്ഗത്തിലേയ്ക് ആനയിക്കാൻ ഇതാ ഞാൻ ഇവിടെ ഉണ്ട്.” 1547 ആഗസ്ത് 7 ആം തിയതി അദ്ദേഹം ദിവംഗതനായി.