‘റിംസിൽ ഞാൻ കിരീടമണിഞ്ഞു; ഭൗമികാധികാരത്തിന്റെ ചിന്ഹമായിരുന്നു അത്. പൂവാസിൽവച്ചു ജ്ഞാനസ്നാനം വഴി ഞാൻ ദൈവത്തിന്റെ ശിശുവായി. ഭൗമിക പ്രതാപത്തെ അപേക്ഷിച്ചു എത്ര നിസ്തുലമാണീ ഭാഗ്യം.’ ഫ്രാൻസിലെ ഒമ്പതാം ലൂയി രാജാവ് തന്റെ ജ്ഞാനസ്നാനത്തെപ്പറ്റി പറഞ്ഞ വാക്കുകളാണിവ. ലൂയിക്ക് 12 വയസുള്ളപ്പോൾ പിതാവ് മരിക്കുകയും ലൂയിയുടെ നാമത്തിൽ ‘അമ്മ ബ്ലാഞ്ചിയ രാജഭരണം ഏറ്റെടുക്കുകയും ചെയ്തു. രാജ്ഞി മകനോട് പറഞ്ഞു: ‘ഓർമ്മയ്ക്ക് കഴിവുള്ളിടത്തോളം ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്നാൽ നീ ഒരു ചാവുദോഷം ചെയ്തു കാണുന്നതിനേക്കാൾ എനിക്കിഷ്ട്ടം നീ മരിച്ചു എന്റെ പാദങ്ങളിൽ വീഴുകയാണ്.’
പത്തൊമ്പതാമത്തെ വയസ്സിൽ പ്രൊവിൻസിലെ മാർഗരറ്റിനെ ലൂയി വിവാഹം കഴിച്ചു. അവർക്കു 11 മക്കളുണ്ടായി; അവരുടെ സന്തതികളാണ് 1793 വരെ ഫ്രഞ്ച് സിംഹാസനം അലങ്കരിച്ചിട്ടുള്ളത്. ഇരുപത്തിഒന്നാമത്തെ വയസ്സിൽ ലൂയി ഭരണം നേരിട്ടെടുത്തു. അധികപ്പലിശയും ദൈവദൂഷണവും ലൂയി നിയമവിരുദ്ധമാക്കി. സമ്പന്നർ ദരിദ്രരെ ദ്രോഹിക്കാതിരിക്കാൻ വേണ്ട ചട്ടങ്ങളും ഉണ്ടാക്കി. ദിവസംതോറും രാജാവ് ഒന്നിലധികം ദിവ്യപൂജ കാണുമായിരുന്നു. രാത്രി ഏതാനും സമയം വി. കുർബാനയെ ആരാധിക്കുകയും ദിവ്യകാരുണ്ണ്യ സ്വീകരണശേഷം മുട്ടിന്മേൽനിന്നു ദീർഘനേരം കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തിരുന്നു.ആശ്രമങ്ങൾക്കും ദേവാലയങ്ങൾക്കും വളരെയേറെ സഹായം ചെയ്തിട്ടുണ്ട്.
രാജാവിന്റെ വിശുദ്ധി അദ്ദേഹത്തെ വിഷാദപ്രിയനാക്കിയില്ല. പ്രഭുക്കന്മാരെ സൽക്കരിക്കുമ്പോൾ അവർക്കു വീഞ്ഞും നല്ല വിഭവങ്ങളും നൽകിയിരുന്നു. 1242 ൽ അദ്ദേഹം ജെറുസലേമിലെത്തി വിശുദ്ധ സ്ഥലങ്ങൾക്കായി അടരാടി കാരാഗ്രഹം വരിച്ചു; നാട്ടുകാർ ഒരു വലിയ സംഖ്യ കൊടുത്താണ് സ്വാതന്ത്ര്യം നേടിയത്. 1270 ൽ വീണ്ടും കുരിശുയുദ്ധത്തിനു പുറപ്പെട്ടു.എന്നാൽ ട്യൂണിസിൽ വച്ച് ടൈഫോയ്ഡ് പനിപിടിപെട്ടു നാല്പതിനാലാമത്തെ വയസ്സിൽ രാജാവ് ദിവംഗതനായി. ‘കർത്താവെ അങ്ങയുടെ തൃക്കരങ്ങളിൽ എന്റെ ആത്മാവിനെ സമർപ്പിക്കുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ അന്തിമവചസുകൾ.