വി. എഡിത് സ്റ്റെയിൻ (1891 – 1942 )

Fr Joseph Vattakalam
3 Min Read
എഡിത് സ്റ്റെയിൻ എന്ന പേരിൽ അറിയപ്പെടുന്ന കുരിശിന്റെ സിസ്റ്റർ ബെനെഡിക്ത് 1891 ഒക്ടോബര് രണ്ടിന് ബ്രെസലാവിൽ ഒരു യഹൂദ കുടുംബത്തിൽ ജനിച്ചു. അവൾക്കു രണ്ടു വയസ്സായപ്പോൾ പിതാവ് മരിച്ചു. ബാല്യകാലവും സ്കൂൾ വിദ്യാഭ്യാസവും ബ്രെസലാവിൽചിലവഴിച്ചു. ചെറുപ്പംമുതലെ പഠനത്തിൽ അവൾ വളരെ സമർത്ഥയായിരുന്നു. 1910 ൽ ബ്രെസ്‌ലവിലുള്ള യൂണിവേഴ്സിറ്റിയിൽ ഫിലോസഫി പഠിക്കാനായി അവൾ പ്രവേശിച്ചു. രണ്ടു വർഷത്തിന് ശേഷം ഉപരിപഠനത്തിനായി ഗോട്ടിങ്ങാ എന്ന സ്ഥലത്തേയ്ക്ക് മാറി. ഇവിടെവച്ചാണ് അവൾ ലോകപ്രശസ്ത തത്വചിന്തകനായ എഡ്മണ്ട് ഹുസാറാളിനെ കണ്ടുമുട്ടിയത്. അദ്ദേഹത്തിന്റെ കീഴിലാണ് പിന്നീട് അവൾ പഠനവും ഗവേഷണവും നടത്തിയത്. 1916 ൽ ഹുസാരന് ഫ്രീബുർഗിലേക്കു സ്ഥലം മാറി പോയപ്പോൾ എഡിത് സ്‌റ്റെയ്‌നിനെയും തന്റെ അസിസ്റ്റന്റ് ആയി നിയമിച്ചു. അവളുടെ വിശ്വാസം ഏതാണ്ട് നഷ്ടപ്പെട്ടിരുന്നു ഒരു കാലമായിരുന്നു അത്. സത്യത്തിനിവേണ്ടിയുള്ള അടങ്ങാത്ത ദാഹം അവളുടെ ഹൃദയത്തെ എന്നും നിലനിന്നിരുന്നു.
1921 ൽ അവധിക്കാലം ചിലവിടുന്നതിനായി എഡിത് സ്റ്റെയിൻ തന്റെ സുഹൃത്തുക്കളായ മർത്തിയുസ് ദമ്പതികളുടെ വീട്ടിൽ ചെന്നു.പ്രസ്തുത ദമ്പതികൾ അവധിക്കു പുറപ്പെടുന്നതിനു മുൻപായി തങ്ങളുടെ ലൈബ്രറി ഉപയോഗിക്കാനുള്ള അനുവാദം എഡിത് സ്‌റ്റെയ്‌നിനു കൊടുക്കുകയുണ്ടായി. പിന്നീട് അവിടെ സംഭവിച്ചതിനെപ്പറ്റി അവൾതന്നെ എപ്രകാരം രേഖപെടുത്തുന്നു: പ്രേത്യേകമായിട്ടൊന്നും ശ്രദ്ധിയ്ക്കാതെ കൈയിൽ കിട്ടിയ ആദ്യ പുസ്തകം ഞാനെടുത്തു . അതൊരു തടിച്ച പുസ്തകമായിരുന്നു. അവിലയിലെ ‘അമ്മ ത്രേസിയാ എഴുതിയ സ്വന്തം ആത്മകഥയായിരുന്നു അത്. ഞാനതു വായിക്കാനാരംഭിച്ചു. ഇടയ്ക്കുനിർത്താതെ അവസാനം വരെ വായിച്ചു. വായന തീർന്നു പുസ്തകം മടക്കിക്കൊണ്ടു ഞാൻ എന്നോടുതന്നെ പറഞ്ഞു ‘ഇതാണ്‌സത്യം.’
പിറ്റേദിവസം പട്ടണത്തിൽച്ചെന്നു ഒരു കത്തോലിക്ക വേദപുസ്തകവും കുർബാനപുസ്തകവും വാങ്ങി. സൂക്ഷ്മമായി രണ്ടും പഠിച്ചതിനു ശേഷം അടുത്തുള്ള ഇടവക വികാരിയെ സമീപിച്ചു തനിക്കു ഉടൻ ജ്ഞാനസ്നാനം  വേണമെന്ന് അവൾ ആവശ്യപ്പെട്ടു. ജ്ഞാനസ്നാനം സ്വീകരിക്കുന്നതിന് മുൻപ് വേണ്ടവിധം ഒരുങ്ങേണ്ടതാണെന്നു വികാരി അവളെ അറിയിച്ചു. 1922 ലെ പുതുവത്സരദിനം  അവൾ ജ്ഞാനസ്നാനം സ്വീകരിച്ചു. അധികം വൈകാതെ സന്യാസജീവിതം ആശ്ലേഷിക്കുവാൻ അവൾ ആഗ്രഹിച്ചെങ്കിലും പലരുടെയും പ്രേരണമൂലം തത്കാലത്തേക്ക് ആ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. ഉന്നതവിദ്യാഭ്യാസമുള്ള അൽമായ പ്രവർത്തകയെന്ന നിലയിൽ വളരെയേറെ പ്രവർത്തിക്കാമെന്നു സുഹൃത്തുക്കൾ അവളെ ഉപദേശിച്ചു. പിന്നീടുള്ള പത്തുവർഷത്തോളം വളരെ വിശാലവും ഫലപ്രദവുമായ രീതിയിൽ അവൾ പ്രേഷിത പ്രവർത്തനം നടത്തുകയുണ്ടായി. യൂറോപ്പിലെ വിവിധ പട്ടണങ്ങൾ സന്ദർശിച്ചു സെമിനാറുകളും പ്രസംഗങ്ങളും നടത്തി. സ്ത്രീകളുടെ ഉന്നമനത്തിനായി അവൾ വളരെയേറെ അധ്വാനിച്ചു.
1933 ൽ കൊളോണിലുള്ള കാർമൽ മഠത്തിൽ അവൾ പ്രേവേശിച്ചു. അതേവര്ഷംതന്നെയാണ് ജർമനിയിൽ ഹിറ്റലറിൻറെ നേതൃത്വത്തിലുള്ള  ഭരണകൂടം യഹോദന്മാരെ പീഡിപ്പിക്കാൻ തുടങ്ങി. ഏതാണ്ട് അഞ്ചുവര്ഷത്തോളം അവർ കൊളോണിൽ താമസിച്ചു. യഹൂദന്മാർക്കെതിരെയുള്ള നിയമം പ്രാബല്യത്തിൽ വന്നതോടെ എഡിത് സ്‌റ്റെയ്‌നിനെ സ്വിട്സർലാൻഡിലേക്കു അയയ്ക്കാനുള്ള ശ്രമം ആരംഭിച്ചു.  വിസ കിട്ടാൻ ബുദ്ധിമുട്ടായപ്പോൾ ഹോളണ്ടിലേക്കു അവളെ സഭാധികാരികൾ അയച്ചു. എന്നാൽ അവിടെയും ഹിറ്റലറിൻറെ നീണ്ട കൈകൾ അവളെ പിന്തുടര്ന്നുണ്ടായിരുന്നു. സ്വിറ്റസർലണ്ടിലേക്കുള്ള വിസ വന്നപ്പോഴേക്കും മറ്റു യഹൂദരോടൊപ്പം എഡിത് സ്‌റ്റെയ്‌നും അറസ്റ്  ചെയ്യപ്പെട്ടു. പ്രസിദ്ധ തടങ്കൽ പാളയമായ ഓഷ്‌വികസിലേക്കുള്ള  ട്രെയിനിൽ യാത്ര തുടങ്ങിയിരുന്നു. 1942 ഓഗസ്റ്റ് രണ്ടിനാണ് എഡിത് സ്‌റ്റെയ്‌നിനെയും മഠത്തിൽ അഭയംതേടിവന്ന അവളുടെ സഹോദരിയെയും ഹിറ്റലറിൻറെ രഹസ്യ പോലീസുകാർ അറസ്റ് ചെയ്തത്. ഏഴാം ദിവസം അവളും മറ്റുള്ളവരോടൊപ്പം ഗ്യാസ് ചേംബറിലേക്കു അയയ്ക്കപ്പെട്ടു. 1942 ഓഗസ്റ്റ് ഒമ്പതിന് എഡിത് സ്റ്റെയിൻ മരിച്ചതായി ഹോളണ്ടിലെ ആഭ്യന്തിരമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഒരു കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിശ്വാസത്തിനു വേണ്ടി മരിച്ച ഒരു രക്തസാക്ഷിയായിട്ടാണ് സഭ അവളെ കാണുന്നത്. 1987 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ എഡിത് സ്‌റ്റെയ്‌നിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 1998 ഒക്ടോബര് 11 നു ജോൺ പോൾ രണ്ടാമൻ മാർപാപ്പ എഡിത് സ്‌റ്റെയ്‌നിനെ വിശുദ്ധയായി നാമകരണം ചെയ്തു.
Share This Article
error: Content is protected !!