ഏപ്രിൽ 4
സ്പാനിഷ് സംസ്കാരത്തിന്റെ ഒരു പ്രധാന പ്രതിനിധിയും തികഞ്ഞ ഒരു ചരിത്രകാരനും സമുന്നതനായ ഒരു പണ്ഡിതനുമായിരുന്നു വേദപാരംഗതനായ സേവീലിലെ ഇസിദോർ. സേവരിയാന്റെയും തെയോഡോറയുടെയും മകനായി ഇസിദോർ ജനിച്ചു. രണ്ടു സഹോദരന്മാർ ലെയാന്ററും ഫുൾജെൻസിയോസും പുണ്യവാൻമാരാണ്; സഹോദരി ഫ്ളോറെന്തീനാ പുണ്യവതിയുമാണ്. ഈ സഹോദരി ആവശ്യപ്പെട്ടതനുസരിച്ചാണ് കത്തോലിക്കാ വിശ്വാസം എന്ന ഗ്രന്ഥം ഇസിദോർ എഴുതിയത് . യഹൂദജനങ്ങളുടെ ആക്ഷേപങ്ങൾക്ക് ഉത്തരം പറയാൻ ആവശ്യമുള്ളിടത്തോളം വിശുദ്ധ ഗ്രന്ഥവാക്യങ്ങൾ ഈ പുസ്തകത്തിൽ അദ്ദേഹം നിരത്തിവെച്ചിട്ടുണ്ട്.
600 –ൽ തന്റെ സഹോദരൻ ലെയാന്റിന്റെ പിൻഗാമിയായി സെവീർ മെത്രോപ്പൊലീത്താസ്ഥാനം ഇസിദോർ വഹിക്കാൻ തുടങ്ങി. നാല്പതു വർഷത്തോളം പ്രസ്തുത സ്ഥാനം അദ്ദേഹം അലങ്കരിച്ചു. മരിക്കാറായപ്പോൾ തന്റെ സമ്പാദ്യമെല്ലാ, ദരിദ്രർക്ക് ഭാഗിച്ചുകൊടുത്തു . ചാരം നെറ്റിയിൽ പൂശി അദ്ദേഹം ദൈവത്തോട് മാപ്പ് അപേക്ഷിച്ചു. അനന്തരം അദ്ദേഹം പറഞ്ഞു: “നിങ്ങളോടു ആരോടെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കുക.” പരസ്നേഹത്തിന്റെ ഡോക്ടറാണ് ഇസിദോർന്ന പറയാം.
വിവിധ വയലുകളിൽ നിന്ന് പുഷ്പങ്ങൾ ശേഖരിക്കുന്നതുപോലെ സഭാപിതാക്കന്മാരുടെ ഗ്രന്ഥങ്ങളിൽ നിന്ന് നല്ല ഭാഗങ്ങൾ ചേർത്തെഴുതിയതാണ് വാക്യങ്ങൾ അഥവാ Sentences എന്ന അദ്ദേഹത്തിന്റെ പ്രധാന ഗ്രന്ഥം. പ്രാരംഭങ്ങൾ എന്ന അദ്ദേഹത്തിന്റെ കൃതി (Etymologies) ഒരു ജ്ഞാനകോശം തന്നെയാണ്. ലൗകികവും മതാത്മകവുമായ വിഷയങ്ങൾ അതിൽ പ്രതിപാദിച്ചിട്ടുണ്ട്. സന്യാസികൾക്കുവേണ്ടി അദ്ദേഹം എഴുതിയുണ്ടാക്കിയ നിയമാവലി അതിവിശിഷ്ടമാണ്.
പണ്ഡിതനായ ഇസിദോറിന്റെ പ്രതിഭയിൽനിന്നു ഉയിരെടുത്ത പ്രസംഗങ്ങളിൽ അദ്ദേഹത്തിന്റെ എളിമയും ദൈവസ്നേഹവും ലയിച്ചുചേർന്നുകഴിയുമ്പോൾ ശ്രോതാക്കളുടെ ഹൃദയം തരളിതമാകാറുണ്ട്. അക്കാര്യം പാഷണ്ഡികളുടെ നേതാവായിരുന്ന റിക്കാർഡ് രാജകുമാരനെ മനസാന്തരപ്പെടുത്തിയത് ഇസിഡോറാണ്. ജീവാപായം അവഗണിച്ച് അദ്ദേഹം ആര്യൻ പാഷാണ്ഡതയെ സ്പെയിനിൽ നിന്ന് തുരത്തി. ഒരദ്ധ്യാപകൻ, ഒരു ഭരണാധികാരി, ഒരു പരിഷ്കർത്താവ് എന്നീ നിലകളിൽ അദ്ദേഹം സ്വന്തം രൂപതയിൽ മാത്രമല്ല സ്പെയിനിൽ മുഴുവനും അയൽ രാജ്യങ്ങളിലും അധ്വാനിച്ചു. 636 ഏപ്രിൽ 4 നും എഴുപത്തിയാറാമത്തെ വയസ്സിൽ ഇസിദോർ മരിച്ചു. പതിനാറു കൊല്ലം തികയുന്നതിനു മുമ്പുതന്നെ വേദപാരംഗതൻ എന്ന് സഭ പ്രഖ്യാപിച്ചു .
വിചിന്തനം: “ജോലി ചെയ്യുമ്പോഴും പാടുക. അധ്വാനിക്കുമ്പോഴും ദൈവസ്തുതി അധരങ്ങളിലുണ്ടായിരിക്കട്ടെ.. ദൈവസ്വരത്തിനെതിരായ മനുഷ്യപ്രകൃതിയുടെയോ മിത്രങ്ങളുടെയോ ഉപദേശങ്ങൾ ശ്രവിക്കാതിരിക്കുക” (വി. ഇസിദോർ )