ഡയോക്ളീഷ്യൻ ചക്രവർത്തിയുടെ മതമർദ്ദന നാളുകളിൽ പലസ്തീനായിലെ ഗവർണ്ണർ രക്തക്കൊതിയനായ ഫെർമിലിയനായിരുന്നു. അക്കാലത്ത് മെഗാൻസിയായിൽ നിന്ന് അഡ്രിയൻ, എവ്ബ്ലൂസ് തുടങ്ങിയ കുറേപേർ സേസരെയായിൽ വിശുദ്ധരെ വണങ്ങാൻ പുറപ്പെടുകയുണ്ടായി. നഗരവാതിൽക്കലെത്തിയപ്പോൾ അവരുടെ യാത്രാലക്ഷ്യം സംബന്ധിച്ച് ചോദ്യമുണ്ടായി. അവർ ഒന്നും മറച്ചുവച്ചില്ല. തൽക്ഷണം അവരെ പ്രസിഡന്റിന്റെ അടുക്കലേയ്ക്കാനയിക്കുകയും അവരെ മർദ്ദിക്കുവാൻ അദ്ദേഹം ആജ്ഞാപിക്കുകയും ചെയ്തു. ഇരുമ്പുകൊളുത്തുകൾകൊണ്ട് അവരുടെ പള്ള കീറിയശേഷം വന്യമൃഗങ്ങൾക്ക് അവരെ സമർപ്പിക്കുകയാണ് ചെയ്തത്.
രണ്ടാം ദിവസം സേസരെയായിൽ ഒരുത്സവമുണ്ടായിരുന്നു. അന്ന് അഡ്രിയാനോ ഒരു സിംഹത്തിനിട്ടുകൊടുത്തു. സിംഹം സ്വല്പം കടിച്ചു കീറിയതല്ലാതെ കൊന്നില്ല. തന്നിമിത്തം അവർ ഒരു വാളുകൊണ്ട് അഡ്രിയാനോ കഥ അവസാനിപ്പിച്ചു.
എവുബ്ലൂസ് വിഗ്രഹങ്ങളെ ആരാധിക്കുകയാണെങ്കിൽ അദ്ദേഹത്തെ സ്വതന്ത്രനാക്കണമെന്ന് ഗവർണ്ണർ പറഞ്ഞു. ഗവർണ്ണറുടെ ഈ കാരുണ്യം സ്വീകരിക്കാതെ അദ്ദേഹം മഹത്വകിരീടം തന്നെ ആശ്ലേഷിച്ചു.
വിചിന്തനം: ക്രിസ്തുവിന്റെ പിന്നാലെ കുരിശും വഹിച്ച് നാം പോകണം; അല്ലാതെ ക്രിസ്ത്യാനിയെന്ന പേരിനു അർഹതയില്ല . അവിടുത്തെ മഹത്വത്തിൽ ഓഹരിക്കാരാകണമെങ്കിൽ അവിടുത്തെ സഹനത്തിൽ നാം പങ്കുകാരാകുകതന്നെ വേണം. തന്റെ മാതൃകവഴി ക്രിസ്തു കാണിച്ചുതന്നിരിക്കുന്ന മാർഗ്ഗമല്ലാതെ വേറൊരു മാർഗ്ഗം സ്വർഗ്ഗത്തിലേയ്ക്കില്ല. ക്ലേശങ്ങളെയും രോഗങ്ങളെയും വേദനകളെയും നാം എങ്ങനെ സ്വാഗതം ചെയ്യുന്നുവെന്ന് പരിശോധിക്കുക.