മനീകിൻ പാഷാണ്ഡതയിൽ അമർന്നു അശുദ്ധ പാപങ്ങളിൽ മുഴുകി വിവാഹം കഴിക്കാതെതന്നെ ഈശ്വരദത്തൻ എന്ന കുട്ടിയുടെ പിതാവായിത്തീർന്ന അഗസ്റ്റിന്റെ
മനസിനെ ‘അമ്മ മോണിക്ക പുണ്യവതിയുടെ പ്രാർത്ഥനകളും വി. അംബ്രോസിന്റെ പ്രസംഗങ്ങളും പൗലോസിന്റെ ലേഖനകളും കൂടി മുപ്പത്തിമൂന്നാമത്തെ വയസ്സിൽ ക്രിസ്തുമതത്തിലേക്കും മുപ്പത്തിയാറാമത്തെ വയസ്സിൽ പൗരോഹിത്യത്തിലേക്കും നാല്പത്തിഒന്നാമത്തെ വയസ്സിൽ മെത്രാൻ സ്ഥാനത്തേക്കും ആനയിച്ച കഥ ആരുടെ ഹൃദയത്തെ ആണ് തരളിതമാക്കാതിരിക്കുക? പാപിയായ ഈ ബുദ്ധിരാക്ഷസൻ ഒരുദ്യാനത്തിലിരുന്നു ഇങ്ങനെ ചിന്തിച്ചു: എത്രനാളാണ് കർത്താവെ, എത്ര നാളാണ് ഇങ്ങനെ കഴിയുക? നാളെ, നാളെ… എന്തുകൊണ്ട് ഇപ്പോൾത്തന്നെ ആയിക്കൂടാ?’ അപ്പോൾ ഒരു ശിശുവിന്റെ സ്വരം കേട്ടു. “എടിത് വായിക്കുക.’ അടുത്തിരുന്ന ശ്ലീഹായുടെ ലേഖനം തുറന്നെടുത്തു വായിച്ചു. “അശ്ലീലഭാഷണങ്ങളും മദ്യപാനവും ശയനമോഹവും വിഷയേച്ഛയും അസൂയയും വെടിഞ്ഞു പകല്സമയത്തെന്നപോലെ വ്യാപാരിക്കാം. നമ്മുടെ കർത്താവീശോമിശിഹായെ ധരിക്കുവിൻ’ (റോമാ 13 : 13 – 14). 387 ലെ ഉയിർപ്പുതിരുന്നാൽ ദിവസം അഗസ്റ്റിനും മകൻ ഈശ്വരദത്തനും സ്നേഹിതൻ അലീപ്പിയുസും വി. അംബ്രയോസിന്റെ കാരങ്ങളിൽനിന്നു ജ്ഞാനസ്നാനം സ്വീകരിച്ചു.
391 ൽ അഗസ്റ്റിൻ വൈദികനായി. 396 ൽ ഹിപ്പോയിലെ മെത്രാനായി.ആത്മകഥനത്തിനു പുറമെ ഈശ്വരനഗരം,
പരിശുദ്ധത്രീത്വം മുതലായ വലുതും ചെറുതുമായ 103 പുസ്തകങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട് അതിനാൽ അഗസ്റ്റിൻ ദൈവശാസ്ത്രജ്ഞന്മാരുടെ ദൈവശാസ്ത്രജ്ഞനും വേദപാരംഗതന്മാരുടെ വേദപാരംഗതനുമാണ്. മണീക്കേയിസം ഡൊണാറ്റിസം പെലാജിയനിസം എന്നീ പാഷാണ്ഡതകളെ അദ്ദേഹം വിജയപൂര്വം എതിർത്തു.
ഗ്രന്ഥങ്ങളെക്കാൾ മെച്ചം അദ്ദേഹത്തിന്റെ ജീവിതം തന്നെയാണെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ പോസീഡിയസും
പ്രസ്താവിച്ചിരിക്കുന്നു. അതെ, അഗസ്റ്റിൻ വിശുദ്ധരിൽ വച്ച് വിജ്ഞനും വിജ്ഞരിൽവച്ചു വിശുദ്ധനുമാണ്.