അത്യന്തം അനുസരണയുള്ള വിശുദ്ധ യൗസേപ്പിതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ!
യൗസേപ്പിതാവിന്റെ അനുസരണം എത്ര പൂർണ്ണമാണെന്ന് അറിയണമെങ്കിൽ മാലാഖയുടെ സ്വരം ശ്രവിച്ച അദ്ദേഹം എങ്ങനെയാണ് രാത്രി ഉണർന്നെഴുന്നേറ്റതെന്നും വിശപ്പ്, പട്ടിണി, ശൈത്യം തുടങ്ങിയവയെക്കുറിച്ചൊന്നും അധികം ശ്രദ്ധിക്കാതെ, ദൈവത്തിന്റെ അടുത്ത കൽപ്പനയ്ക്ക് കാതോർത്തുകൊണ്ട്, ഈജിപ്തിൽ,ഏറെ ക്ലേശകരമായ കാലം കഴിച്ചുകൂട്ടിയതെന്നു മാത്രം ചിന്തിച്ചാൽ മതി “വി. ജോസഫ് സെബാസ്റ്റ്യൻ പെൽജർ.
ഏറെ തെറ്റിദ്ധരിക്കപ്പെട്ട പുണ്യമാണ് അനുസരണം. തങ്ങളുടെ സ്വാതന്ത്ര്യം അടിയറ വെച്ച് അധികാരികൾക്ക് തങ്ങളുടെ അവകാശങ്ങൾ കൈമാറ്റം ചെയ്യുന്നതാണ് അനുസരണം എന്ന് കരുതുന്ന നിരവധി പേരുണ്ട്. ഇതു വളരെ തെറ്റായ ധാരണയാണ്; ഒപ്പം തെറ്റിദ്ധാരണാജനകവും. സമൂഹ ജീവിതം സുഗമമാക്കാൻ ശരിയായ അനുസരണം ആവശ്യമാണ്. ഉദാഹരണത്തിന് വീഥി നിയമം ആരുടെയും സ്വാതന്ത്ര്യം എടുത്തു കളയുന്നില്ല. അപകടങ്ങൾ ഒഴിവാക്കാൻ അവ അത്യാവശ്യമാണെന്ന് ആരാണ് അറിയാത്തത്?.
ദൈവീക നിയമങ്ങളും സ്വാഭാവിക നിയമങ്ങളും ഒരുവന്റെയും യഥാർത്ഥ സ്വാതന്ത്ര്യത്തിന് യാതൊരു വിഘാതവും സൃഷ്ടിക്കുന്നില്ല. ഇവയുടെ എല്ലാം ആത്യന്തിക ലക്ഷ്യം നമ്മെ ദൈവത്തിൽ എത്തിച്ചേരാൻ സഹായിക്കുകയാണ്. ഇത്തരം അനുസരണത്തിൽ പരാജയപ്പെടുന്നവരുടെ സ്വസ്ഥത നഷ്ടപ്പെടുകയും അവരിൽ മാർഗഭ്രംശം സംഭവിക്കുകയും ചെയ്യും.
യൗസേപ്പിതാവ് ശരിയായ അനുസരണത്തിന് മകുടോദാഹരണമാണ്. വിനയമു ഉള്ളവർക്കേ ശരിയായ സത്യസന്ധമായ അനുസരണം അഭ്യസിക്കാനാവൂ. ഇതിനുപുറമെ വിശ്വാസവും ദൈവാശ്രയവും അത്യന്താപേക്ഷിതവും. മാതാവും യൗസേപിതാവും ദൈവത്തിൽ പരിപൂർണ്ണമായി വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്തു. യഥാർത്ഥ അനുസരണത്തിൽ ശരിയായ സഹനമുണ്ട്. തിരുക്കുടുംബത്തിൻ നാഥനും നാഥയും അനുസരണത്തെപ്രതി ഏറെ സഹിച്ചവരാണ്. ആ സഹനം അവർക്ക് മധുരതരവും സ്നേഹ ദാനത്തിനുള്ള അവസരവും ആയിരുന്നു. അവരെപ്പോലെ സ്നേഹത്തോടെയും വിശ്വാസത്തോടെയും ആശ്രയത്തോടെയും അനുസരിക്കണം. അത്തരം അനുസരണം അഖിലേശന് ഏറെ സ്വീകാര്യമാണ്.
യൗസേപ്പിതാവു നിന്നിലുള്ള അനുസരണത്തിന് ആക്കം കൂട്ടും . കരുണയുടെ അപ്പോസ്തലയായ വിശുദ്ധ ഫൗസ്റ്റീന വിശുദ്ധ യൗസേപ്പിതാവിനെ അത്യധികം സ്നേഹിക്കുകയും ദൈവഹിതം എപ്പോഴും നിറവേറ്റാൻ തന്നെ സഹായിക്കണമെന്ന് അദ്ദേഹത്തോട് അപേക്ഷിക്കുകയും ചെയ്തിരുന്നു. ദൈവകരുണയുടെ ഭക്തി പ്രചരിപ്പിക്കുക എന്ന ദൗത്യത്തിൽ വിശ്വസ്തയായിരിക്കാൻ അദ്ദേഹത്തിന്റെ മാധ്യസ്ഥം യാചിച്ചു കൊണ്ട് അവൾ സ്വയം യൗസേപ്പിതാവിനു തുടർച്ചയായി സമർപ്പിച്ചു കൊണ്ടിരുന്നു. അധികാരികൾ തന്നെ മാനസിക ചികിത്സയ്ക്ക് അയച്ചപ്പോഴും അവൾ വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥ സഹായത്താൽ അധികാരികൾക്ക് വിധേയപ്പെടുകയും തന്റെ ദൗത്യം പൂർത്തീകരിക്കുകയും ചെയ്തു.
വൈദികർക്കും സന്യസ്തർക്കും മാത്രമുള്ളതല്ല അനുസരണം. ദൈവികവും സ്വാഭാവികവുമായ നിയമങ്ങൾ എല്ലാവരും അനുസരിക്കണം. ദൈവം നൽകിയ പത്തു കല്പനകളും സഭയുടെ 5 കല്പ്പനകളും മറ്റു പ്രബോധനങ്ങളും ക്രൈസ്തവരെല്ലാവരും കൃത്യമായി അനുസരിക്കണം. ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് സകലരും സ്വാഭാവിക നിയമങ്ങളും അഭ്യസിക്കണം. വിവാഹബന്ധത്തിലെ വിശ്വസ്തത, പരസ്പര സമർപ്പണം, സ്നേഹം, കരുതൽ, കാവൽ ഇവയെല്ലാം സ്വാഭാവിക നിയമങ്ങളുടെ പരിധിയിൽ വരുന്നവയാണ്. ഭ്രൂണഹത്യ സകല നിയമങ്ങൾക്കും എതിരായ മഹാ മാരകപാപമാണ്, പാതകമാണ്.
അനുസരണം എല്ലാമേഖലകളിലും വിശ്വസ്തതയോടെ പാലിക്കുന്നവർക്ക് പരിഹാസവും പരനിന്ദയും അനുഭവിക്കേണ്ടി വരാം. എന്നാൽ അവർ സ്വർഗ്ഗരാജ്യത്തിൽ നിന്നും വിദൂരത്തല്ല. ” നീതിക്കുവേണ്ടി പീഡനം ഏൽക്കുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവരുടേതാണ്. എന്നെ പ്രതി മനുഷ്യർ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങൾക്കെതിരെ വ്യാജമായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. നിങ്ങൾ ആനന്ദിച്ച് ആഹ്ലാദിക്കുവിൻ. സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങൾക്കും മുമ്പുള്ള പ്രവാചകന്മാരെയും അവർ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട് “
(മത്തായി 5: 10- 12). മനുഷ്യനു ദൈവം കല്പിച്ചിട്ടുള്ളതാണ് വിശ്രമം. അതിന്റെ സൃഷ്ടാവും അവിടുന്ന് തന്നെ. മനുഷ്യൻ ഉറങ്ങുമ്പോൾ അവൻ ദൈവഹിതം നിറവേറ്റുന്നു . ജീവിതത്തിന്റെ മൂന്നിലൊരുഭാഗം ഉറക്കത്തിന് ചെലവഴിക്കാൻ കടപ്പെട്ടവനാണു മനുഷ്യൻ.
” ഉറങ്ങുമ്പോൾ (ഉറങ്ങാത്തവൻ, മയങ്ങാത്തവൻ) ദൈവം അവരോട് സംസാരിക്കും. വിശുദ്ധ യൗസേപ്പിതാവ് ജീവിതത്തിലും, ദൗത്യത്തിലും അദ്ദേഹം ഉറങ്ങിയപ്പോൾ ദൈവം അവനോടു സംസാരിച്ചിരുന്നു. ഉറങ്ങുന്ന യൗസേപ്പിനെ സാത്താന് ഭയമാണ്. ഉറക്കം പോലും അനുസരണത്തിന്റെ ഭാഗമാണെന്ന് ചുരുക്കം.
പ്രതിഷ്ഠ
ഏറ്റം മാതൃകാപരമായ അനുസരണത്തിന്റെ ഉടമയും ദൈവത്തിന്റെ ഹിതത്തിന് നിർഭയം വിധേയനായവനും കുടുംബ ജീവിതം, സമൂഹ ജീവിതം സുഗമമാക്കാൻ അനസ്യൂതം പരിശ്രമിച്ചവനും ദൈവീക നിയമങ്ങളും സാമൂഹിക നിയമങ്ങളും പാലിച്ചു നിരന്തരം അവിടുന്നിൽ ആശ്രയിക്കുകയും അനുസരണത്തിൽ ഉൾചേർന്നിരുന്ന സഹനങ്ങൾ സസന്തോഷം ഏറ്റുവാങ്ങിയവനും മധുരതരമായി, സ്നേഹമായി കരുതിയവനുമായ വിശുദ്ധ യൗസേപ്പിതാവേ, എളിമയോടെ ഞാൻ എന്നെത്തന്നെ അങ്ങേയ്ക്ക് പ്രതിഷ്ഠിക്കുന്നു. ദൈവ കല്പനകളും തിരുസഭയുടെ കല്പനകളും സാമൂഹ്യ നിയമങ്ങളും കൃത്യമായി പാലിച്ചു ജീവിക്കാൻ കൃപ ലഭിക്കാൻ അങ്ങ് എനിക്കുവേണ്ടി മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ! സഭയുടെ അനുസരണമുള്ള മകനായി, മകളായി ജീവിക്കാൻ എനിക്ക് എന്നും മാതൃകയായിരിക്കണമേ! എന്നെ ശക്തിപ്പെടുത്തണമേ! ആമേൻ.
ലുത്തിനിയ (എന്നും ആവർത്തിക്കേണ്ടത്)
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, അനുഗ്രഹിക്കണമേ!
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ!
സ്വർഗ്ഗസ്ഥനായ പിതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ലോകരക്ഷകനായ മിശിഹായേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധാത്മാവായ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധ മറിയമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ!
വിശുദ്ധ യൗസേപ്പേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ!
ദാവീദിന്റെ വിശിഷ്ട സന്താനമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പൂർവ്വപിതാക്കന്മാരുടെ പ്രകാശമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവജനനിയുടെ വിരക്ത ഭർത്താവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പരിശുദ്ധ കന്യകയുടെ നിർമ്മലനായ കാവൽക്കാരാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവകുമാരന്റെ വളർത്തു പിതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ!
തിരുകുടുംബത്തിന്റെ സ്നേഹ നാഥനേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും നീതിമാനായ വിശുദ്ധ യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിരക്തനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിവേകിയായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാധീരനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും അനുസരണമുള്ള
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിശ്വസ്തനായ
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ക്ഷമയുടെ ദർപ്പണമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദാരിദ്ര്യത്തിന്റെ സ്നേഹിതാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മാതൃകയേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബ ജീവിതത്തിന്റെ മഹത്വമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കന്യകകളുടെ സംരക്ഷകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബങ്ങളുടെ നെടുംതൂണേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
വേദനിക്കുന്നവരുടെ ആശ്വാസമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
രോഗികളുടെ ആശ്രയമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മരണാസന്നരുടെ മദ്ധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പിശാചുക്കളുടെ പരിഭ്രമമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തിരുസഭയുടെ പാലകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും ദയയുള്ള യൗസേപ്പിതാവേ (എന്നും ചൊല്ലേണ്ടത്)
എത്രയും ദയയുള്ള യൗസേപ്പി താവേ, ഭക്തി വിശ്വാസങ്ങളോടുകൂടെ അങ്ങേ സന്നിധിയിൽ അണഞ്ഞ് അങ്ങേ മാധ്യസ്ഥ്യം യാചിച്ച ഒരുവനേയും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തു കേട്ടിട്ടില്ല എന്നു വി. അമ്മ ത്രേസ്യ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് അങ്ങ് ഓർക്കേണമേ. കന്യകകളുടെ രാജ്ഞിയായ പരിശുദ്ധ കന്യാമറിയത്തിന്റെ എത്രയും യോഗ്യതയുള്ള മണവാളാ, മധുരവും ആശ്വാസ ജനകവുമായ ഈ ഉറപ്പിൽ വിശ്വസിച്ച്, അതിൽ ധൈര്യം പ്രാപിച്ച് അങ്ങേ തൃപ്പാദത്തിങ്കൽ ഞാൻ വന്നണയുന്നു. രക്ഷകനായ ഈശോയുടെ പിതാവ് എന്ന നാമം പേറുന്ന അങ്ങ് എന്റെ ഈ വിനീതമായ അപേക്ഷ ഒരിക്കലും ഉപേക്ഷിക്കരുതേ! ഞാൻ അങ്ങയുടെ മകനെന്നു ( മകളെന്നു) വിളിക്കപ്പെടാൻ തിരുമനസ്സാകണമേ! അങ്ങയുടെ അപേക്ഷകൾ കാരുണ്യപൂർവം കൈക്കൊള്ളുന്ന ഈശോയുടെ തിരുമുമ്പിൽ എന്റെ നിയോഗങ്ങൾ എനിക്കുവേണ്ടി അങ്ങു സമർപ്പിക്കണമേ, ആമേൻ.