നീതിമാനായ യൗസേപ്പിതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ!
നല്ലവനായ ദൈവം മഹത്തായ കാര്യങ്ങൾ ഭരമേല്പിച്ച അസാധാരണ മനുഷ്യനായിരുന്നു യൗസേപിതാവ്. തന്റെ ജീവിതത്തിലെ നിർണായക സംഭവങ്ങളിൽ കർത്താവ് അവനിൽ പ്രതീക്ഷിച്ച കാര്യങ്ങൾ അദ്ദേഹം സത്വരം,സാനന്ദം, സാകൂതം കൃത്യമായിത്തന്നെ ചെയ്തിരുന്നു. എപ്പോഴും ദൈവഹിതം നിറവേറ്റുന്ന നന്മനിറഞ്ഞവനും വിശ്വസ്ത നുമായ ഒരു ദൈവദാസൻ ആയിരുന്നു പിതാവ്. അയൽക്കാരോട് ആദരവും സ്നേഹവും കാണിക്കുന്നതിൽ അഗ്രഗണ്യനായിരുന്നു ഈ മഹാമുനി. പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണമനസ്സോടും സർവ്വ ശക്തിയോടും ദൈവത്തെ സ്നേഹിച്ച് ദൈവകല്പനകൾ അഭംഗുരം പാലിച്ചു പോന്നു. അങ്ങനെയാണ് തന്റെ ആഴമേറിയ ദൈവസ്നേഹം അദ്ദേഹം വെളിപ്പെടുത്തിയത്. യൗസേപ്പിതാവിനെ നീതിമാൻ എന്ന് വിളിക്കുന്നതിന്റെ നീതീകരണം ഈ സത്യങ്ങളിൽ അധിഷ്ഠിതമാണ്.
സ്വർഗ്ഗ പ്രാപ്തിക്കു അനുപേക്ഷണീയമായ പുണ്യമാണ് നീതി.നമ്മുടെ ജീവിതത്തിന്റെ അന്ത്യന്തിക രക്ഷയും ഇതല്ലേ?. നീതി എന്ന പുണ്യം നിന്നിൽ വർദ്ധിപ്പിക്കാൻ ഏറ്റവും കഴിവുറ്റവൻ നീതിമാനായ യൗസേപ്പിതാവല്ലാതെ മറ്റാരാണുള്ളത്?. നമ്മുടെ കടമകൾ കൃത്യമായി ഭംഗിയായി കാര്യക്ഷമമായി നിർവ്വഹിക്കുന്നത് നീതിയുടെ ഒരു ഭാഗമാണ്. ഉദാഹരണത്തിന് ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ നമ്മുടെ അസ്ഥിത്വത്തെ പ്രതി അവിടുത്തോടു നന്ദിയുള്ളവരായിരിക്കുക. അവിടുത്തെ നന്മകളെ പ്രതി അവിടുത്തെ സ്തുതിക്കുക, ആരാധിക്കുക,മഹത്വപ്പെടുത്തുക, പുകഴ്ത്തുക,വാഴ്ത്തുക, ഇവയൊക്കെ നമ്മുടെ പരമപ്രധാനമായ കടമകളാണ്. ഞായറാഴ്ചകളിലൊക്കെ, കടമുള്ള ദിവസങ്ങളിലും ബലിയർപ്പിക്കുക, യോഗ്യതയോടെ വിശുദ്ധ കുർബാന സ്വീകരിക്കുക തുടങ്ങിയ ദൈവത്തോടുള്ള സുപ്രധാന കടമകളുടെ നിർവ്വഹണവും ഒപ്പം നമുക്ക് രക്ഷാകരവുമാണ്. ഇവയിലൊക്കെ പരാജയപ്പെടുമ്പോൾ നാം ദൈവത്തെ സ്നേഹിക്കുന്നതിൽ പരാജയപ്പെടുന്നു. ദൈവത്തോട് തന്നെ നാം അനീതി പ്രവർത്തിക്കുന്നു. വിശുദ്ധ കുർബാനയിൽ സംഭവിക്കുന്നത് സ്നേഹത്തിനു പകരം സ്നേഹം കൊടുക്കലാണ്. ആത്മീയമായി മരിച്ചവർ, ഗുരുതര പാപാവസ്ഥയിൽ കഴിയുന്നവർ അനുതാപ സങ്കീർത്തനങ്ങളിലൂടെ വീണ്ടും ജനിച്ചിട്ടാവണം ബലി അർപ്പിക്കുവാൻ. ഇങ്ങനെ ചെയ്യുമ്പോൾ ആ വ്യക്തി നീതിപൂർവ്വമായി പ്രവർത്തിക്കുന്നു.
യഹൂദമതത്തിലെ എല്ലാ അനുശാസനങ്ങളും അന്യൂനം പാലിച്ചിരുന്ന പരിപൂർണ്ണനാണ് യൗസേപ്പിതാവ്. ദൈവവുമായി അദ്ദേഹം എപ്പോഴും ആത്മീയ ഐക്യത്തിൽ ആയിരുന്നു. സ്നേഹത്തിന്റെയും അനുസരണത്തിന്റെയും വിനയത്തിന്റെയും എല്ലാം ഉൾക്കാമ്പ് ഈ ഐക്യമാണ്. നമ്മൾ കൂടെക്കൂടെ ഹൃദയപൂർവ്വം ഇങ്ങനെ ഏറ്റു പറയണം. ദൈവമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങേക്ക് നന്ദി പറയുന്നു. ഈശോയേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങേക്ക് നന്ദി പറയുന്നു. പരിശുദ്ധാത്മാവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങേക്ക് നന്ദി പറയുന്നു. പരിശുദ്ധ ത്രിത്വത്തെ സ്നേഹിക്കാനും നന്ദി പറയാനും പരിശുദ്ധ കുർബാനയെക്കാൾ ശ്രേഷ്ഠമായതൊന്നുമില്ല.
മറ്റുള്ളവരെയും, കടപ്പെട്ടിരിക്കുന്നതുപോലെ നാം സ്നേഹിക്കണം. പരിശുദ്ധ അമ്മ നമ്മുടെ ആത്മീയ മാതാവാണ്. അമ്മയെ ആഴത്തിൽ ആദരിക്കുകയും സ്നേഹിക്കുകയും അമ്മയ്ക്ക് യോഗ്യമായ ഉപരി വണങ്ങുകയും വേണം. യൗസേപ്പിതാവ് നമ്മുടെ ആത്മീയ പിതാവാണ്. പിതാവിനെയും ആദരിക്കുകയും സ്നേഹിക്കുകയും പിതാവിന് ആദിമ വണങ്ങുകയും വേണം. എല്ലാ വിശുദ്ധരെയും വണങ്ങണം. മാതാപിതാക്കളും മുതിർന്നവരും എന്തിന് മാനവകുലം മുഴുവനും നമ്മുടെ ആദരത്തിനും സ്നേഹത്തിനും അവകാശം ഉള്ളവരാണ് .
നമുക്കുവേണ്ടി അധ്വാനിക്കുന്നവർക്ക് ന്യായമായ പ്രതിഫലം നൽകുന്നതിൽ നിഷ്ഠ ഉണ്ടായിരിക്കണം. അന്യത്ര സൂചിപ്പിച്ചിട്ടുള്ളത് പോലെ സുവിശേഷത്തിലെ സുവർണ്ണ നിയമം നമ്മുടെ വഴികാട്ടി ആയിരിക്കണം. നമ്മുടെ ആത്മീയ പിതാവിന്റെ ജീവിതരഹസ്യം അതായിരുന്നു. അതു കൊണ്ടും അദ്ദേഹം നീതിമാൻ എന്ന് വിളിക്കപ്പെടുന്നു. സർവ്വഗുണ സമ്പന്നനായിരുന്നു അദ്ദേഹം. വിശുദ്ധ പോൾ ആറാമൻ മാർപാപ്പ പറയുന്നത് ‘നീതിമാൻ’ എന്നതിനേക്കാൾ മഹത്തായ മറ്റൊരു ബഹുമതി ഒരു മനുഷ്യനും ലഭിക്കാൻ ഇല്ലെന്നാണ്. “
“നീതിമാനാവുക എന്നു പറയുന്നത് ദൈവഹിതത്തോട് പരിപൂർണമായി ഐക്യപ്പെടുകയും എല്ലാവിധ സാഹചര്യങ്ങളിലും, അനുകൂലമോ, പ്രതികൂലമോ ആകട്ടെ, അതിൽ ഉറച്ചു നിൽക്കുകയും ചെയ്യുക എന്നതാണ് . ഇതായിരുന്നു വിശുദ്ധ യൗസേപ്പിതാവ്. ആർക്കും അക്കാര്യത്തിലും സംശയിക്കാനാവില്ല “
(വി. ഫ്രാൻസിസ് സാലെസ് ).
പ്രതിഷ്ഠ
നല്ലവനായ ദൈവം മഹത്തമമായ കാര്യങ്ങൾ ഭരമേൽപ്പിച്ച, എല്ലാകാര്യങ്ങളിലും ദൈവഹിതം പരിപൂർണതയിൽ പൂർത്തിയാക്കിയ യൗസേപ്പിതാവേ, നന്മനിറഞ്ഞവനും വിശ്വസ്തതയുടെ പര്യായവുമായിരുന്ന യൗസേപ്പിതാവേ, വലിയ ആദരവോടും സ്നേഹത്തോടും പ്രത്യാശയോടും ഞാൻ എന്നെത്തന്നെ അങ്ങേയ്ക്ക് പ്രതിഷ്ഠിക്കുന്നു. സ്വർഗ്ഗപ്രാപ്തിക്ക് അനുപേക്ഷണീയമായ നീതിയുടെ നിറകുടമായ പിതാവേ, നീതിയിൽ വളരാൻ എന്നെ സഹായിക്കണമേ, അനുഗ്രഹിക്കണമേ! നിത്യ ജീവിതത്തിലേക്കുള്ള പാതയിൽ എനിക്ക് വഴികാട്ടിയായിരിക്കണമേ! ദൈവത്തെ നിരന്തരം നന്ദി പറഞ്ഞു സ്തുതിച്ചു മഹത്വപ്പെടുത്താൻ എന്നെ ശക്തിപ്പെടുത്തണമേ! പാപവും പാപ സാഹചര്യങ്ങളും പരിപൂർണമായി പരിത്യജിച്ചു പരിശുദ്ധിയിൽ പുരോഗമിക്കാൻ എന്നെ പരിശീലിപ്പിക്കണമേ! ദൈവത്തിന്റെയും തിരുസഭയുടെയും കൽപ്പനകളും ധാർമികമായ നിയമങ്ങളും കൃത്യമായി പാലിച്ച് സഭയുടെ വിശ്വസ്ത സന്താനമായി ജീവിക്കാൻ എന്നെ പരിശീലിപ്പിക്കണമേ! ആമേൻ.
ലുത്തിനിയ (എന്നും ആവർത്തിക്കേണ്ടത്)
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, അനുഗ്രഹിക്കണമേ!
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ!
സ്വർഗ്ഗസ്ഥനായ പിതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ലോകരക്ഷകനായ മിശിഹായേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധാത്മാവായ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധ മറിയമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ!
വിശുദ്ധ യൗസേപ്പേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ!
ദാവീദിന്റെ വിശിഷ്ട സന്താനമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പൂർവ്വപിതാക്കന്മാരുടെ പ്രകാശമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവജനനിയുടെ വിരക്ത ഭർത്താവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പരിശുദ്ധ കന്യകയുടെ നിർമ്മലനായ കാവൽക്കാരാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവകുമാരന്റെ വളർത്തു പിതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ!
തിരുകുടുംബത്തിന്റെ സ്നേഹ നാഥനേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും നീതിമാനായ വിശുദ്ധ യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിരക്തനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിവേകിയായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാധീരനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും അനുസരണമുള്ള
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിശ്വസ്തനായ
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ക്ഷമയുടെ ദർപ്പണമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദാരിദ്ര്യത്തിന്റെ സ്നേഹിതാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മാതൃകയേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബ ജീവിതത്തിന്റെ മഹത്വമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കന്യകകളുടെ സംരക്ഷകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബങ്ങളുടെ നെടുംതൂണേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
വേദനിക്കുന്നവരുടെ ആശ്വാസമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
രോഗികളുടെ ആശ്രയമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മരണാസന്നരുടെ മദ്ധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പിശാചുക്കളുടെ പരിഭ്രമമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തിരുസഭയുടെ പാലകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും ദയയുള്ള യൗസേപ്പിതാവേ (എന്നും ചൊല്ലേണ്ടത്)
എത്രയും ദയയുള്ള യൗസേപ്പി താവേ, ഭക്തി വിശ്വാസങ്ങളോടുകൂടെ അങ്ങേ സന്നിധിയിൽ അണഞ്ഞ് അങ്ങേ മാധ്യസ്ഥ്യം യാചിച്ച ഒരുവനേയും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തു കേട്ടിട്ടില്ല എന്നു വി. അമ്മ ത്രേസ്യ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് അങ്ങ് ഓർക്കേണമേ. കന്യകകളുടെ രാജ്ഞിയായ പരിശുദ്ധ കന്യാമറിയത്തിന്റെ എത്രയും യോഗ്യതയുള്ള മണവാളാ, മധുരവും ആശ്വാസ ജനകവുമായ ഈ ഉറപ്പിൽ വിശ്വസിച്ച്, അതിൽ ധൈര്യം പ്രാപിച്ച് അങ്ങേ തൃപ്പാദത്തിങ്കൽ ഞാൻ വന്നണയുന്നു. രക്ഷകനായ ഈശോയുടെ പിതാവ് എന്ന നാമം പേറുന്ന അങ്ങ് എന്റെ ഈ വിനീതമായ അപേക്ഷ ഒരിക്കലും ഉപേക്ഷിക്കരുതേ! ഞാൻ അങ്ങയുടെ മകനെന്നു ( മകളെന്നു) വിളിക്കപ്പെടാൻ തിരുമനസ്സാകണമേ! അങ്ങയുടെ അപേക്ഷകൾ കാരുണ്യപൂർവം കൈക്കൊള്ളുന്ന ഈശോയുടെ തിരുമുമ്പിൽ എന്റെ നിയോഗങ്ങൾ എനിക്കുവേണ്ടി അങ്ങു സമർപ്പിക്കണമേ, ആമേൻ.