ദൈവപുത്രന്റെ വളർത്തു പിതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ!
യഹൂദപാരമ്പര്യത്തിൽ ശിശുവിന് പേരിടുക നിയമാനുസൃതം അപ്പന്റെ അവകാശമാണ്. പരിശുദ്ധാത്മാവിന്റെ സവിശേഷ അഭിഷേകത്താൽ ഗർഭിണിയായ പരിശുദ്ധ കന്യാമറിയത്തെ ഭാര്യയായി സ്വീകരിക്കാൻ ദൂതൻവഴി ദൈവം കൽപ്പിച്ചപ്പോൾ ഒപ്പം ശിശുവിനെ പേരിടാനുള്ള അവകാശം അവിടുന്ന് തന്റെ ഈ പൊന്നോമന മകനു നൽകി. ഈ ദൗത്യം പരമപ്രധാനമാണ്. ഈശോ യൗസേപ്പിതാവിന്റെ നിയമാനുസൃത സുതനാണെന്ന് ലോകത്തിന് ഇത് വ്യക്തമാക്കുന്നു. ഈ സ്ഥാനമാണ് (ഈശോയുടെ നിയമാനുസൃത പിതാവ് എന്നത്) അദ്ദേഹത്തിന്റെ ഔന്നത്യത്തിന്റെ യഥാർത്ഥ അടിസ്ഥാനം. ദൈവപുത്രൻ സസന്തോഷം അപ്പൻ എന്ന് വിളിച്ച, ശുശ്രൂഷിച്ച (യൗസേപ്പിതാവിന്റെ മരണസമയംവരെ), അനുസരിച്ച, വിധേയനായ, പിതൃത്വപരമായ അനുഗ്രഹങ്ങൾ, രക്ഷകന് നൽകിയ ‘സഹരക്ഷകൻ’ ഇതാ ഇവിടെ.
ലത്തീൻ ഭാഷ യൗസേപ്പിതാവിന്റെ അനിതരസാധാരണമായ പിതൃത്വത്തിനു നൽകുന്ന വിശേഷണം ഇങ്ങനെയാണ് :’ ദൈവപുത്രനെ പരിപോഷിപ്പിക്കുന്ന വൻ; അതായത് യൗസേപ്പിതാവിന്റെ പിതൃത്വം വാത്സല്യം നിറഞ്ഞതും വിശ്വസ്തത നിത്യവുമായതുമാണ്. അതെ, യൗസേപ്പിന്റെ ആത്മീയ പിതൃത്വം നിത്യമാണ്. ആത്മീയ പിതാവും ശിശുവും തമ്മിലുള്ള ബന്ധം നിത്യമായി നിലകൊള്ളും. സ്വർഗ്ഗത്തിലും അദ്ദേഹം ഈശോയുടെ ‘പിതാവാ’യിത്തന്നെ തുടരുന്നു. സ്വർഗത്തിൽ ഈ പിതൃത്വം പ്രയോഗിക്കപ്പെടുന്നില്ല. എന്നാൽ ഈശോയോടും അവിടുത്തെ മൗതിക ശരീരമായ സഭയോടുള്ള യൗസേപ്പിതാവിന്റെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും വിശ്വസ്തതയുടെയും ബന്ധം നിത്യം നിലനിൽക്കുന്നതാണ്.
സാധാരണ വിവാഹങ്ങളിലെ ബന്ധങ്ങൾ നിത്യം നിലനിൽക്കുന്നില്ല. എന്നാൽ വിശുദ്ധ യൗസേപ്പിതാവ് എന്നും എപ്പോഴും നിന്റെ ആത്മീയ പിതാവായിരിക്കും. പരിശുദ്ധ അമ്മയുടെ ആത്മീയ മാതൃത്വവും നിത്യം നിലകൊള്ളുന്നതാണ്. ഇരുവരെയും നാം വിളിച്ചപേക്ഷിക്കേണ്ടതായുണ്ട്. ഞാനും നിങ്ങളും മാത്രമല്ല സഭ ഒന്നാകെ വിളിച്ചപേക്ഷ അഭംഗുരം തുടരേണ്ടതുണ്ട്. ഇക്കാരണത്താലാവണം പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ യൗസേപ്പ് പിതാവിന്റെ വത്സരം പ്രഖ്യാപിച്ചിരിക്കുന്നത്. മനുഷ്യനെന്ന നിലയിൽ മിശിഹായ്ക്ക് നിയമാനുസൃതമായിട്ടുള്ളതെല്ലാം നമുക്കും നിയമാനുസൃതമാണ്. ഈ ഭൂമിയിൽ ആയിരുന്നപ്പോൾ ഈശോയെ സംരക്ഷിച്ചതുപോലെ എന്റെയും നിങ്ങളുടെയും ഭൗമീക തീർത്ഥാടനത്തിൽ യൗസേപ്പിതാവ് നമ്മെ നിശ്ചയമായും സംരക്ഷിക്കുന്നു. അദ്ദേഹം നമ്മുടെ സ്നേഹനിധിയായ പിതാവും ഗുരുനാഥനും സംരക്ഷകനുമാണ്. ഇഹത്തിൽ മാത്രമല്ല പരത്തിലും അദ്ദേഹം തന്റെ സമുന്നത ദൗത്യം തുടർന്നുകൊണ്ടേയിരിക്കും. നാം യൗസേപ്പിനു പ്രതിഷ്ഠിക്കുമ്പോൾ സവിശേഷമാംവിധം നാം എന്നും ഈ നല്ല പിതാവിന്റെ മക്കൾ ആയിരിക്കുകയും അപ്രകാരം അറിയപ്പെടുകയും ചെയ്യും .
മാനുഷിക ജീവിതത്തിൽ ഈശോയുടെ ഗുരുനാഥനായിരുന്നു യൗസേപിതാവ്. വിശുദ്ധീകരിക്കപ്പെട്ട വാത്സല്യത്തിന്റെ പര്യായമായിരുന്നു അദ്ദേഹം. ഈശോയെ സുരക്ഷിതത്വത്തിൽ പരിപാലിക്കാൻ അദ്ദേഹം ഏറെ ആത്മപരിത്യാഗം അഭ്യസിച്ചിരുന്നു. ഈ നീതിമാനെ, ഈ വിശുദ്ധ പിതാവിനെ ആന്തരിക ജീവിതത്തിന്റെ ഗുരുവായി കാണുന്നതിന് ഇങ്ങനെ എത്രയെത്ര കാരണങ്ങൾ? അവിടുന്നുമായി നിരന്തരം നടത്തുന്ന നേരിട്ടുള്ള സംഭാഷണമാണ് ആന്തരിക ജീവിതം. ഇവിടെ യൗസേപ്പിതാവിനോടുള്ള ഭക്തി ഏറ്റവും സഹായകമാണ്.
പ്രതിഷ്ഠ
നിത്യനിർമ്മല കന്യകയുടെ വിരക്ത ഭർത്താവാകാൻ കൃപ ലഭിച്ച വിശുദ്ധ യൗസേപ്പിതാവേ, രക്ഷകനെ നാമകരണം ചെയ്യാൻ നിയോഗിതനായ സ്നേഹപിതാവേ, അങ്ങനെ അവിടുത്തെ നിയമാനുസൃത പിതാവാകാനും അങ്ങനെ സകലരുടെയും പിതൃസ്ഥാനത്തായിരിക്കുകയും ചെയ്യുന്ന എന്റെ ശക്തനായ കാവൽക്കാരാ, ഞാൻ എന്നെത്തന്നെ അങ്ങേയ്ക്ക് പ്രതിഷ്ഠിക്കുന്നു. അങ്ങയുടെ മരണം നിമിഷം വരെയും ഈശോയ്ക്ക് പിതൃ വാത്സല്യവും സംരക്ഷണവും മാർഗദർശനവും നൽകിയ പിതാവേ, അങ്ങിൽ വിളങ്ങിയ പുണ്യങ്ങൾ എല്ലാം സ്വന്തമാക്കാൻ എന്നെ സഹായിക്കണമേ! എന്റെ ആത്മീയ പിതൃത്വം നിത്യമായി അങ്ങ് ഏറ്റെടുക്കണമേ! തിരുസഭയുടെ അംഗമെന്ന നിലയിൽ എന്നിൽ അങ്ങയുടെ സ്നേഹവും വാത്സല്യവും സാന്നിധ്യവും സുസ്ഥാപിതമാക്കണമേ! എന്റെ ഈ തീർഥാടനത്തിൽ എന്നെ സംരക്ഷിക്കേണമേ!
ലുത്തിനിയ (എന്നും ആവർത്തിക്കേണ്ടത്)
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, അനുഗ്രഹിക്കണമേ!
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ!
സ്വർഗ്ഗസ്ഥനായ പിതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ലോകരക്ഷകനായ മിശിഹായേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധാത്മാവായ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധ മറിയമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ!
വിശുദ്ധ യൗസേപ്പേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ!
ദാവീദിന്റെ വിശിഷ്ട സന്താനമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പൂർവ്വപിതാക്കന്മാരുടെ പ്രകാശമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവജനനിയുടെ വിരക്ത ഭർത്താവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പരിശുദ്ധ കന്യകയുടെ നിർമ്മലനായ കാവൽക്കാരാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവകുമാരന്റെ വളർത്തു പിതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ!
തിരുകുടുംബത്തിന്റെ സ്നേഹ നാഥനേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും നീതിമാനായ വിശുദ്ധ യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിരക്തനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിവേകിയായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാധീരനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും അനുസരണമുള്ള
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിശ്വസ്തനായ
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ക്ഷമയുടെ ദർപ്പണമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദാരിദ്ര്യത്തിന്റെ സ്നേഹിതാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മാതൃകയേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബ ജീവിതത്തിന്റെ മഹത്വമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കന്യകകളുടെ സംരക്ഷകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബങ്ങളുടെ നെടുംതൂണേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
വേദനിക്കുന്നവരുടെ ആശ്വാസമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
രോഗികളുടെ ആശ്രയമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മരണാസന്നരുടെ മദ്ധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പിശാചുക്കളുടെ പരിഭ്രമമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തിരുസഭയുടെ പാലകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും ദയയുള്ള യൗസേപ്പിതാവേ (എന്നും ചൊല്ലേണ്ടത്)
എത്രയും ദയയുള്ള യൗസേപ്പി താവേ, ഭക്തി വിശ്വാസങ്ങളോടുകൂടെ അങ്ങേ സന്നിധിയിൽ അണഞ്ഞ് അങ്ങേ മാധ്യസ്ഥ്യം യാചിച്ച ഒരുവനേയും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തു കേട്ടിട്ടില്ല എന്നു വി. അമ്മ ത്രേസ്യ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് അങ്ങ് ഓർക്കേണമേ. കന്യകകളുടെ രാജ്ഞിയായ പരിശുദ്ധ കന്യാമറിയത്തിന്റെ എത്രയും യോഗ്യതയുള്ള മണവാളാ, മധുരവും ആശ്വാസ ജനകവുമായ ഈ ഉറപ്പിൽ വിശ്വസിച്ച്, അതിൽ ധൈര്യം പ്രാപിച്ച് അങ്ങേ തൃപ്പാദത്തിങ്കൽ ഞാൻ വന്നണയുന്നു. രക്ഷകനായ ഈശോയുടെ പിതാവ് എന്ന നാമം പേറുന്ന അങ്ങ് എന്റെ ഈ വിനീതമായ അപേക്ഷ ഒരിക്കലും ഉപേക്ഷിക്കരുതേ! ഞാൻ അങ്ങയുടെ മകനെന്നു ( മകളെന്നു) വിളിക്കപ്പെടാൻ തിരുമനസ്സാകണമേ! അങ്ങയുടെ അപേക്ഷകൾ കാരുണ്യപൂർവം കൈക്കൊള്ളുന്ന ഈശോയുടെ തിരുമുമ്പിൽ എന്റെ നിയോഗങ്ങൾ എനിക്കുവേണ്ടി അങ്ങു സമർപ്പിക്കണമേ, ആമേൻ.