അവിടുന്ന് അവനെ തന്റെ ഭവനത്തിന്റെയും തന്റെ സമ്പാദ്യങ്ങളുടെയുമെല്ലാം അധികാരിയായി നിയമിച്ചു.
പൂർവ്വ യാക്കോബിന്റെ മകൻ യൗസേപ്പിനെ ദൈവം സമയത്തിന്റെ പൂർണ്ണതയിൽ ജനത്തിനുവേണ്ടി ധാന്യം ശേഖരിക്കാൻ ഈജിപ്തിന്റെ മുഴുവൻ ഭരണാധികാരിയായി നിയമിച്ചതുപോലെ സമയത്തിന്റെ പൂർണ്ണതയിൽ ലോകരക്ഷകനായ തന്റെ ഏകജാതനെ ഭൂമിയിലേക്ക് അയയ്ക്കാറായപ്പോൾ, പൂർവ്വ യൗസേപ്പിന്റെ പ്രതീകമായി അവിടുന്ന് മറ്റൊരു യൗസേപ്പിനെ തെരഞ്ഞെടുക്കുകയും തന്റെ ഭവനത്തിന്റെയും സമ്പാദ്യത്തിന്റെയും തെരഞ്ഞെടുക്കപ്പെട്ട നിക്ഷേപങ്ങളുടെയുമെല്ലാം സംരക്ഷകനാക്കുകയും ചെയ്തു. വാഴ്ത്തപ്പെട്ട ഒൻപതാം പീയൂസ് പാപ്പാ.
നമ്മുടെ ആത്മീയ പിതാവായ വിശുദ്ധ യൗസേപ്പിതാവ് സ്വർഗ്ഗീയ നിക്ഷേപങ്ങളുടെ ഭരണാധികാരിയും കാവൽക്കാരനും തലവനും ആണ്. അദ്ദേഹം കൂടുതൽ അറിയപ്പെടാനും സ്നേഹിക്കപ്പെടാനും പരിശുദ്ധത്രിത്വം ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ പരിശുദ്ധ ഹൃദയത്തിന്റെ പുണ്യങ്ങളും വിശുദ്ധിയും അനുകരിക്കാൻ നമ്മൾ വിളിക്കപ്പെട്ടിരിക്കുകയാണ്. ഈ പിതാവ് നമ്മുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ നമ്മിൽ പുണ്യങ്ങളും പരിശുദ്ധിയും വർദ്ധിക്കും. ഈ നാമത്തിന്റെ അർത്ഥം തന്നെ “വർദ്ധിപ്പിക്കുന്നവൻ” എന്നാണ്. അദ്ദേഹത്തിന്റെ പിതൃത്വം നമ്മെ ആവരണം ചെയ്യുമ്പോൾ നാം ആത്മീയ ഉപദ്രവങ്ങളിൽനിന്ന് സംരക്ഷിക്കപ്പെടും. സുഹൃത്തുക്കളെ,നാം ഒന്നിനെയും ഭയപ്പെടരുത്, ഈശോയുടെ ഭൗമിക പിതാവ് നമ്മുടെയും അപ്പനാണ്, ദൈവമാതാവിന്റെ ഭർത്താവാണ്, പിശാചുക്കളുടെ പരിഭ്രമമവും.
“പിതാവിനെ വാക്കിലും പ്രവർത്തിയിലും ബഹുമാനിച്ച് അവന്റെ അനുഗ്രഹത്തിന് പാത്രമാവുക. പിതാവിന്റെ അനുഗ്രഹം മക്കളുടെ ഭവനത്തെ ബലവത്താക്കും” (പ്രഭാഷകൻ 3:8).
ശിഷ്ടകാലം മുഴുവൻ നമുക്ക് നമ്മുടെ പിതാവിനെ സ്നേഹിക്കാം, ആശ്രയിക്കാം, വണങ്ങാം. ആരോഗ്യത്തിലും അനാരോഗ്യത്തിലും സന്തോഷത്തിലും ദുഃഖത്തിലും അനുകൂല-പ്രതികൂലത്തിലും നമ്മുടെ താതന്റെ പക്കൽ അണയാം. അദ്ദേഹം നമ്മുടെ ഉറപ്പുള്ള സംരക്ഷകനും ബലവും ആയിരിക്കും. എങ്കിൽ നമ്മുടെ ജീവിതം ഒരിക്കലും നഷ്ടപ്പെടുകയുമില്ല. ക്ഷീണിതനാകുമ്പോൾ, ആകാംക്ഷാഭരിതരാകുമ്പോൾ, ഒറ്റയ്ക്കായിരിക്കുമ്പോൾ, കരയേണ്ടി വരുമ്പോൾ, പ്രലോഭിപ്പിക്കപെടുമ്പോൾ ഓടി എത്താവുന്ന സങ്കേതമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പക്കലേക്ക് ഓടിയെത്തുക. മിന്നുന്ന വേഗത്തിൽ അദ്ദേഹം നമ്മുടെ പക്കലേക്കും ഓടി വരും .
വിശുദ്ധ ജോസഫ് സെബാസ്റ്റ്യൻ പെൽജർ പറയുന്നു :” ദൈവം നിന്നിൽനിന്ന് ഒരുപാട് ആഗ്രഹിക്കുന്നു.നീ യൗസേപ്പിതാവിനെയും അവന്റെ പുണ്യങ്ങളെയും അനുകരിച്ചാൽ നല്ല ദൈവം വളരെ ഔദാര്യത്തോടെ നിന്നെ അനുഗ്രഹിച്ചു ഉയർത്തും”. ഈ ഒരുക്കദിവസങ്ങളിൽ നീ പഠിച്ചത് ഒരിക്കലും മറക്കരുത്.നിന്റെ പ്രതിഷ്ഠ പലപ്പോഴായി നവീകരിക്കുക.
നിന്റെ ആത്മീയ പിതാവിന്റെ സ്നേഹംനിറഞ്ഞ ഹൃദയത്തെ സന്തോഷിപ്പിക്കാൻ പരിശ്രമിക്കുക. പാപം ഒഴിവാക്കി സഭയുടെ വിശ്വസ്ത സന്താനമായി ജീവിക്കുക. അപമാനങ്ങളെ പ്രതിരോധിക്കണമെങ്കിൽ നിന്റെ ദൃഷ്ടികൾ ഈശോയിലും മറിയത്തിലും യൗസേപ്പിതാവിലും ഉറപ്പിക്കുക. അവർ നിന്നെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. നിന്നെ സ്നേഹിക്കാൻ സദാ നിന്നോടൊപ്പം ഉണ്ടായിരിക്കും.
സെബദിപുത്രന്മാരോടും അവരുടെ അമ്മയോടും പലകാര്യങ്ങളും ഈശോ പറഞ്ഞതിൽ അന്തർലീനമായിരിക്കുന്ന കാര്യം, അഥവാ ഈശോ പറയാതെ പറയുന്നത് എന്റെ വലതുവശത്ത് എന്റെ അമ്മയും എന്റെ ഇടതുവശത്ത് എന്റെ അപ്പനും (യൗസേപ്പിതാവ്) ആയിരിക്കുമെന്നല്ലേ?. (എന്റെ വലതും ഇടതും ഇരിക്കാനുള്ള വരം നൽകേണ്ടതു ഞാനല്ല. എന്റെ പിതാവ് ആർക്കുവേണ്ടി അവ സജ്ജമായിരിക്കുന്നുവോ അവർക്കുള്ളതാണ്). കാരണം, സുവ്യക്തം. ഈശോമിശിഹായുടെ അപ്പനെക്കാൾ മഹാനായ മറ്റൊരു വിശുദ്ധനുമില്ല.
” ദൈവം ഒരു ആത്മാവിന് നൽകുന്ന പ്രത്യേക കൃപകളിൽ ഒന്നാണ് യൗസേപ്പിതാവിനോടുള്ള ഭക്തി. എന്തെന്നാൽ അത് നമ്മുടെ കർത്താവിന്റെ കൃപയുടെ പൂർണമായ ഭണ്ഡാരം വെളിപ്പെടുത്തുന്നതിനു തുല്യമാണ് ” വിശുദ്ധ പീറ്റർ ജൂലിയൻ.
പ്രതിഷ്ഠ
നല്ലവനായ എന്റെ പിതാവേ, എന്റെ ആത്മീയ പിതാവ് എന്ന നിലയിൽ ഞാൻ എന്നെത്തന്നെ അങ്ങേയ്ക്ക് എന്നെന്നേക്കുമായി പ്രതിഷ്ഠിക്കുന്നു. എന്നെ ഭരിക്കുവാനും ഈശോയോടും മാതാവിനോടും അങ്ങയോടുമൊപ്പം മറഞ്ഞിരിക്കുന്ന ആത്മീയ ജീവിതത്തെപറ്റി പഠിപ്പിക്കാനും ഞാൻ അങ്ങയെ തെരഞ്ഞെടുക്കുന്നു. എല്ലാറ്റിലും ഉപരിയായി ഈശോയെയും പരിശുദ്ധ അമ്മയെയും പൊതിഞ്ഞു പിടിച്ചിരിക്കുന്ന ആ വിനീതമായ നിശബ്ദത അനുകരിക്കാൻ ഞാൻ തീവ്രമായി ആഗ്രഹിക്കുന്നു. പുണ്യങ്ങളുടെ പരിശീലനത്തിലൂടെയും നിശബ്ദത വഴിയും എന്നെ മറക്കാൻ ഈശോ തന്നെത്തന്നെ പരിത്യജിച്ചു തന്റെ ഇഹലോക ജീവിതം നയിച്ചതുപോലെ ജീവിക്കുന്നതിനും എന്നെ സഹായിക്കണമേ!. എന്റെ എല്ലാവിധ ഉത്തരവാദിത്തങ്ങളിലും,എന്റെ മാതൃകയും വഴികാട്ടിയുമായ അങ്ങേയ്ക്ക് ഞാൻ എന്നെത്തന്നെ ഭരമേൽപ്പിക്കുന്നു. അവയെല്ലാം ഞാൻ വിനയത്തോടും ശാന്തതയോടും നിറവേറ്റട്ടെ. എല്ലാവരോടും എപ്പോഴും എളിമയോടെ, സ്നേഹത്തോടെ, കരുണയോടെ, കരുതലോടെ, ഞാൻ പെരുമാറട്ടെ. എളിമയോടെ ലാളിത്യത്തോടെ ദൈവസന്നിധിയിൽ ഞാൻ വ്യാപരിക്കട്ടെ. എന്റെ പ്രതിഷ്ഠ സ്വീകരിച്ചതിന് ഞാൻ അങ്ങേക്ക് ഹൃദയപൂർവ്വം നന്ദി പറയുന്നു. ദൈവമേ!നന്ദി.
ലുത്തിനിയ (എന്നും ആവർത്തിക്കേണ്ടത്)
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, അനുഗ്രഹിക്കണമേ!
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ!
സ്വർഗ്ഗസ്ഥനായ പിതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ലോകരക്ഷകനായ മിശിഹായേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധാത്മാവായ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധ മറിയമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ!
വിശുദ്ധ യൗസേപ്പേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ!
ദാവീദിന്റെ വിശിഷ്ട സന്താനമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പൂർവ്വപിതാക്കന്മാരുടെ പ്രകാശമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവജനനിയുടെ വിരക്ത ഭർത്താവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പരിശുദ്ധ കന്യകയുടെ നിർമ്മലനായ കാവൽക്കാരാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവകുമാരന്റെ വളർത്തു പിതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ!
തിരുകുടുംബത്തിന്റെ സ്നേഹ നാഥനേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും നീതിമാനായ വിശുദ്ധ യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിരക്തനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിവേകിയായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാധീരനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും അനുസരണമുള്ള
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിശ്വസ്തനായ
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ക്ഷമയുടെ ദർപ്പണമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദാരിദ്ര്യത്തിന്റെ സ്നേഹിതാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മാതൃകയേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബ ജീവിതത്തിന്റെ മഹത്വമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കന്യകകളുടെ സംരക്ഷകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബങ്ങളുടെ നെടുംതൂണേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
വേദനിക്കുന്നവരുടെ ആശ്വാസമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
രോഗികളുടെ ആശ്രയമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മരണാസന്നരുടെ മദ്ധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പിശാചുക്കളുടെ പരിഭ്രമമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തിരുസഭയുടെ പാലകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും ദയയുള്ള യൗസേപ്പിതാവേ (എന്നും ചൊല്ലേണ്ടത്)
എത്രയും ദയയുള്ള യൗസേപ്പി താവേ, ഭക്തി വിശ്വാസങ്ങളോടുകൂടെ അങ്ങേ സന്നിധിയിൽ അണഞ്ഞ് അങ്ങേ മാധ്യസ്ഥ്യം യാചിച്ച ഒരുവനേയും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തു കേട്ടിട്ടില്ല എന്നു വി. അമ്മ ത്രേസ്യ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് അങ്ങ് ഓർക്കേണമേ. കന്യകകളുടെ രാജ്ഞിയായ പരിശുദ്ധ കന്യാമറിയത്തിന്റെ എത്രയും യോഗ്യതയുള്ള മണവാളാ, മധുരവും ആശ്വാസ ജനകവുമായ ഈ ഉറപ്പിൽ വിശ്വസിച്ച്, അതിൽ ധൈര്യം പ്രാപിച്ച് അങ്ങേ തൃപ്പാദത്തിങ്കൽ ഞാൻ വന്നണയുന്നു. രക്ഷകനായ ഈശോയുടെ പിതാവ് എന്ന നാമം പേറുന്ന അങ്ങ് എന്റെ ഈ വിനീതമായ അപേക്ഷ ഒരിക്കലും ഉപേക്ഷിക്കരുതേ! ഞാൻ അങ്ങയുടെ മകനെന്നു ( മകളെന്നു) വിളിക്കപ്പെടാൻ തിരുമനസ്സാകണമേ! അങ്ങയുടെ അപേക്ഷകൾ കാരുണ്യപൂർവം കൈക്കൊള്ളുന്ന ഈശോയുടെ തിരുമുമ്പിൽ എന്റെ നിയോഗങ്ങൾ എനിക്കുവേണ്ടി അങ്ങു സമർപ്പിക്കണമേ, ആമേൻ.