വിശുദ്ധ യൗസേപ്പിതാവിനോടുള്ള അപേക്ഷ: ഇരുപത്തിയൊമ്പതാം ദിവസം

Fr Joseph Vattakalam
4 Min Read

രോഗികളുടെ പ്രത്യാശയേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ!

വിശുദ്ധ അമ്മ ത്രേസ്യ ഉൾപ്പെടെ നിരവധി വിശുദ്ധരെയും അല്ലാത്തവരെയും യൗസേപ്പിതാവിന്റെ  മാധ്യസ്ഥ്യത്തിലൂടെ ദൈവം സുഖപ്പെടുത്തിയിട്ടുണ്ട്. ഈ നല്ല പിതാവിന്റെ മാധ്യസ്ഥം ഇല്ലായിരുന്നുവെങ്കിൽ ചെറുപുഷ്പം, ലിസ്യു റാണി ശൈശവത്തിലെ മരിച്ചുപോകും ആയിരുന്നു. വിശുദ്ധ ളൂയി മാർട്ടിനും,വിശുദ്ധ സെലിഗ്വരിനും യൗസേപ്പിതാവിന്റെ പ്രത്യേക ഭക്തരായിരുന്നു. കുഞ്ഞിലെ തന്നെ മരിച്ചുപോയ ആൺ മക്കൾക്കും (ജേഷ്ഠനും,അനുജനും) യൗസേപ്പിതാവിന്റെ പേര് നൽകിയിരുന്നു . സെലിൻ തുടർന്ന് വീണ്ടും ഗർഭിണിയായി. അത് ഒരു ആൺകുഞ്ഞ് ആയിരിക്കണം എന്നതായിരുന്നു ആ വിശുദ്ധരായ മാതാപിതാക്കളുടെ ഉള്ളിലെ ആഗ്രഹം. അതിനെ ജോസഫ് എന്ന് വിളിക്കാനും അവർ ഏറെ ആഗ്രഹിച്ചു. ദൈവഹിതം മറിച്ചായിരുന്നു. അവർക്ക് ഒരു പെൺകുഞ്ഞിനെ കൂടി ആണ് അഖിലേശൻ സമ്മാനിച്ചത്.

പ്രസ്തുത കുഞ്ഞിനെ അവർ തെരേസാ എന്ന് വിളിച്ചു. കുഞ്ഞിലെ തന്നെ അതിന് ഗുരുതരമായ രോഗം ബാധിച്ചു. കുഞ്ഞു മരിച്ചുപോകുമെന്ന അവസ്ഥയിലായി. അപ്പോൾ ആ നല്ല അമ്മ  മുട്ടുമടക്കി യൗസേപ്പിതാവിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു. ആ കുഞ്ഞു അൽഭുത സൗഖ്യം പ്രാപിച്ചു. പിന്നീട് അത്ഭുത സൗഖ്യത്തെപറ്റി അമ്മ സെലിൻ ഇങ്ങനെ കുറിച്ചുവച്ചു .

” തെരേസ പരിചാരികയോടൊപ്പം പ്രഥമ നിലയിലായിരുന്നു. പെട്ടെന്ന് ഞാൻ എന്റെ മുറിയിലേക്ക് കടന്നു ചെന്ന് വിശുദ്ധ യൗസേപ്പിതാവിന്റെ രൂപത്തിനു മുമ്പിൽ മുട്ടുകുത്തി, ദൈവഹിതത്തിനു വിധേയപ്പെട്ടു. ഒപ്പം, കുഞ്ഞിന്റെ സൗഖ്യത്തിനുള്ള കൃപയ്ക്കായി അദ്ദേഹത്തോട് അപേക്ഷിക്കുകയും ചെയ്തു. ഞാൻ സാധാരണ കരയാറില്ല. എന്നാൽ അന്ന് പ്രാർത്ഥിച്ചപ്പോൾ ഞാൻ കരഞ്ഞു”.

ആദ്യം ശങ്കിച്ചെങ്കിലും പിന്നീട് ഞാൻ താഴേക്കിറങ്ങാൻ തീരുമാനിച്ചു. ഞാൻ എന്താണ് കണ്ടത്? കുഞ്ഞ് അതിശയകരമായി, തന്നെ ശുശ്രൂഷിക്കുന്ന പരിചാരികയുടെ മാറിലേക്ക് മരിച്ച പോലെ വീണു. അപ്പോൾ അവൾക്ക് ചുറ്റും ഞങ്ങൾ അഞ്ചുപേരും ഉണ്ടായിരുന്നു. ഞങ്ങളെല്ലാവരും ഞെട്ടിത്തരിച്ചു. എന്റെ രക്തം തണുത്തുറഞ്ഞത് പോലെ എനിക്ക് തോന്നി  . ശിശു ശ്വാസം എടുക്കുന്നതായി ഞങ്ങൾക്ക് തോന്നിയില്ല. ജീവന്റെ അടയാളം, ഞങ്ങൾ കുഞ്ഞിന്റെ മേൽ കുനിഞ്ഞു നോക്കി. എങ്കിലും ഞങ്ങൾക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല. എന്നാൽ അവൾ തികഞ്ഞ ശാന്തതയോടെ ആണ് കിടന്നിരുന്നത്. അവളെ സ്വസ്ഥതയോടെ മരിക്കാൻ അനുവദിച്ചതിന് നന്ദി പറഞ്ഞു. എന്നാൽ 15 മിനിറ്റ് കഴിഞ്ഞപ്പോൾ എന്റെ കൊച്ചുകുഞ്ഞായ തെരേസ തന്റെ കണ്ണു തുറന്ന് പുഞ്ചിരിക്കാൻ ആരംഭിച്ചു.

രോഗി ആവുകയോ ആരെങ്കിലും രോഗിയായി എന്നറിയുകയോ ചെയ്താൽ യൗസേപ്പിതാവിന്റെ  പക്കൽ പോവുക. നമ്മൾ നമ്മുടെ ആത്മീയ പിതാവിന്റെ അടുക്കൽ പോകണമെന്നും അദ്ദേഹത്തിൽനിന്ന് സഹായവും സൗഖ്യവും ചോദിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നുണ്ട്. ശാരീരിക സൗഖ്യം തരണമോ വേണ്ടയോ എന്നത് ദൈവത്തെ ആശ്രയിച്ചിരിക്കുന്നു. അസ്വസ്ഥരാകാതെ, സെലിനെ പോലെ പ്രാർത്ഥിക്കുക. ഒരിക്കൽ സൗഖ്യം കിട്ടിയാലും പിന്നീട് സഹനമുണ്ടാകും എന്ന് ഓർക്കുക. ശൈശവത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയ്ക്ക്, യൗസേപ്പിതാവിന്റെ മധ്യസ്ഥതയിൽ സൗഖ്യം ലഭിച്ചെങ്കിലും ജീവിതത്തിൽ മറ്റനേകം രോഗങ്ങൾക്ക് അവൾ വിധേയയായി. വിശുദ്ധ അൽഫോൻസാമ്മയെ കുറിച്ചും ഇത് നൂറുശതമാനം ശരിയാണ്. ഈശോ ഉയർപ്പിച്ച ലാസറും ഇതര വ്യക്തികളും പോലെ പിന്നീട് മരിച്ചു.

പ്രതിഷ്ഠ

 എന്റെ പിതാവും സംരക്ഷകനുമായ വിശുദ്ധ യൗസേപ്പിതാവേ, ഞാൻ എന്നെത്തന്നെ പൂർണമായി അങ്ങേയ്ക്ക് പ്രതിഷ്ഠിക്കുന്നു. അങ്ങയോടുള്ള എന്റെ ഭക്തിയുടെ അടയാളമായി എന്റെ കണ്ണുകളും കാതുകളും അധരങ്ങളും ഹൃദയവും യാതൊന്നും മാറ്റിവെക്കാതെ മുഴുവ്യക്തിത്വവും അങ്ങേക്ക് ഞാൻ പ്രതിഷ്ഠിക്കുന്നു. നല്ലവനായ പിതാവേ, ഞാൻ അങ്ങയുടേതാകയാൽ എന്നെ അങ്ങയുടെ സ്വന്തവും അവകാശവുമായി കാത്തുസൂക്ഷിക്കുകയും ചെയ്യണമേ! ആമേൻ 

ലുത്തിനിയ (എന്നും ആവർത്തിക്കേണ്ടത്)

കർത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ, അനുഗ്രഹിക്കണമേ!

കർത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ!

സ്വർഗ്ഗസ്ഥനായ പിതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ!

ലോകരക്ഷകനായ മിശിഹായേ ഞങ്ങളെ അനുഗ്രഹിക്കണമേ!

പരിശുദ്ധാത്മാവായ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ!

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ ഞങ്ങളെ അനുഗ്രഹിക്കണമേ!

പരിശുദ്ധ മറിയമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ!

വിശുദ്ധ യൗസേപ്പേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ!

ദാവീദിന്റെ വിശിഷ്ട സന്താനമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

പൂർവ്വപിതാക്കന്മാരുടെ പ്രകാശമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

ദൈവജനനിയുടെ വിരക്ത ഭർത്താവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

പരിശുദ്ധ കന്യകയുടെ നിർമ്മലനായ കാവൽക്കാരാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

ദൈവകുമാരന്റെ വളർത്തു പിതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ!

തിരുകുടുംബത്തിന്റെ സ്നേഹ നാഥനേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

 എത്രയും നീതിമാനായ വിശുദ്ധ യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

മഹാവിരക്തനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

 മഹാവിവേകിയായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

മഹാധീരനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

എത്രയും അനുസരണമുള്ള

വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

 മഹാവിശ്വസ്തനായ

വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

ക്ഷമയുടെ ദർപ്പണമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

 ദാരിദ്ര്യത്തിന്റെ സ്നേഹിതാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

 തൊഴിലാളികളുടെ മാതൃകയേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

തൊഴിലാളികളുടെ മധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

കുടുംബ ജീവിതത്തിന്റെ മഹത്വമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

കന്യകകളുടെ സംരക്ഷകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

കുടുംബങ്ങളുടെ നെടുംതൂണേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

വേദനിക്കുന്നവരുടെ ആശ്വാസമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

രോഗികളുടെ ആശ്രയമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

മരണാസന്നരുടെ മദ്ധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ! 

പിശാചുക്കളുടെ പരിഭ്രമമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

 തിരുസഭയുടെ പാലകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

എത്രയും ദയയുള്ള യൗസേപ്പിതാവേ (എന്നും ചൊല്ലേണ്ടത്)

എത്രയും ദയയുള്ള യൗസേപ്പി താവേ, ഭക്തി വിശ്വാസങ്ങളോടുകൂടെ അങ്ങേ സന്നിധിയിൽ അണഞ്ഞ് അങ്ങേ മാധ്യസ്ഥ്യം യാചിച്ച ഒരുവനേയും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തു കേട്ടിട്ടില്ല എന്നു വി. അമ്മ ത്രേസ്യ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് അങ്ങ് ഓർക്കേണമേ. കന്യകകളുടെ രാജ്ഞിയായ പരിശുദ്ധ കന്യാമറിയത്തിന്റെ എത്രയും യോഗ്യതയുള്ള മണവാളാ, മധുരവും ആശ്വാസ ജനകവുമായ ഈ ഉറപ്പിൽ വിശ്വസിച്ച്, അതിൽ ധൈര്യം പ്രാപിച്ച് അങ്ങേ തൃപ്പാദത്തിങ്കൽ ഞാൻ വന്നണയുന്നു. രക്ഷകനായ ഈശോയുടെ പിതാവ് എന്ന നാമം പേറുന്ന അങ്ങ് എന്റെ ഈ വിനീതമായ അപേക്ഷ ഒരിക്കലും ഉപേക്ഷിക്കരുതേ! ഞാൻ അങ്ങയുടെ മകനെന്നു ( മകളെന്നു) വിളിക്കപ്പെടാൻ തിരുമനസ്സാകണമേ! അങ്ങയുടെ അപേക്ഷകൾ കാരുണ്യപൂർവം കൈക്കൊള്ളുന്ന ഈശോയുടെ തിരുമുമ്പിൽ എന്റെ നിയോഗങ്ങൾ എനിക്കുവേണ്ടി അങ്ങു സമർപ്പിക്കണമേ, ആമേൻ.

Share This Article
error: Content is protected !!