കന്യകയുടെ നിർമ്മലനായ കാവൽക്കാരാ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ!
” പരിപൂർണ്ണമായി പരിശുദ്ധനായ ഒരു വ്യക്തിയുടെ സംരക്ഷണത്തിനും മേൽനോട്ടത്തിനും പരിശുദ്ധ കന്യകയെ ഭരമേൽപ്പിക്കുക ദൈവപാലനയിൽ അത്യന്താപേക്ഷിതമായിരുന്നു”
വി. ഫ്രാൻസിസ് സാലസ്.
ചാരിത്ര്യവിശുദ്ധി ഒരു മഹാപുണ്യമാണ്.അത് ആത്മനിയന്ത്രണം തന്നെയാണ്. വികാരങ്ങളെയും ലൈംഗികതയും നിയന്ത്രിക്കാൻ പ്രാപ്തിയുള്ളതാവുകയാണ്. പലപ്പോഴും മനുഷ്യർ ഈ മേഖലയെ വളരെ ലാഘവത്തോടെ കാണുന്നു. ഇവയൊക്കെയാണ് ജീവിതലക്ഷ്യം എന്ന് കരുതിയവരുണ്ട്, കരുതുന്നവരുണ്ട്. ലോകത്ത് നടമാടുന്ന പാപങ്ങളിൽ സിംഹഭാഗവും ഈ മേഖലയിലാണ്. വിവരസാങ്കേതികവിദ്യയും ഒട്ടനവധി ഇതര മാധ്യമങ്ങളും കലാകാരന്മാരും സാഹിത്യകാരന്മാരുമൊക്കെ ഇവിടെ സ്വാധീനം ചെലുത്തുന്നുവെന്നതും വസ്തുതയാണ്.
എന്താണ് ചാരിത്ര്യ ശുദ്ധത എന്ന് മനസ്സിലാക്കുന്നത് അത്യന്താപേക്ഷിതമാണ് . ലൈംഗികത ദൈവത്തിന്റെ ദാനമായതുകൊണ്ട് അതിനെ അടിച്ചമർത്തുകയല്ല വേണ്ടത് ലൈംഗികത അതിൽത്തന്നെ നല്ലതാണ്. ഇത് ആത്മദാനത്തിനു ഉള്ളതാണ്. ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ സഹകരിക്കാൻ നിഖിലേശൻ നരനു നൽകിയ സമ്മാനമാണിത്. പരിപാവനമായ വിവാഹം എന്ന കൂദാശയിലാണ് ആത്മദാനത്തിനു അനുവാദവും അവകാശവും ഒരാൾക്ക് കൈവരുക. ബ്രഹ്മചര്യവ്രതം സ്വതന്ത്രമായി സ്വീകരിക്കുന്നവർ (പുരോഹിതർ സന്യസ്തർ) തങ്ങളുടെ ആത്മസമർപ്പണം ദൈവത്തോടാണ് നടത്തുന്നത്. സ്വർഗ്ഗരാജ്യത്തെ പ്രതിയുള്ള ബ്രഹ്മചര്യം എന്നാണ് ഇതിനെ വിശേഷിപ്പിക്കുക. വിവാഹബന്ധത്തിൽ പ്രവേശിക്കുന്നവർ ദാമ്പത്യ വിശ്വസ്തത അഭംഗുരം പാലിച്ച് പരിപൂർണ്ണ ആത്മസംയമനം പാലിച്ചുതന്നെ ജീവിക്കണം. ചുരുക്കത്തിൽ എല്ലാവരും തങ്ങളുടെ ജീവിതാന്തസ്സിനനുസൃതം ശുദ്ധത പാലിക്കേണ്ടവരാണ്.
ആത്മാവും മനസ്സും ശരീരവും ശൈശവത്തിൽ തന്നെ ദൈവത്തിനു സമർപ്പിച്ച ആളാണ് പരിശുദ്ധഅമ്മ. ഈ കന്യകയുമായി വിവാഹത്തിൽ ഏർപ്പെടാനാണ് സകലേശൻ യൗസേപ്പിനെ നിയോഗിച്ചത്. പരിശുദ്ധ കന്യകയുടെ നിത്യനിർമ്മല കാവൽക്കാരൻ! “ജോസഫൈറ്റ് വിവാഹ”മെന്ന് വിളിക്കപ്പെടുന്ന അവസ്ഥയിലാണ് അവർ ആജീവനാന്തം ജീവിച്ചത്. അവർ ഭാര്യഭർത്താക്കന്മാർ ആയിരുന്നു. പക്ഷേ അവർ നിത്യവിശുദ്ധരും ആയിരുന്നു. ഹൃദയത്തിലും മനസ്സിലും ആത്മാവിലും മാത്രം ഒന്നായിരിക്കുക എന്നായിരുന്നു അവരുടെ ദൈവവിളി. ലേഖകന്റെ “ദാവീദ് വംശജൻ” ‘അമല മനോഹരി” (ശാലോം പ്രസിദ്ധീകരണങ്ങൾ) ഈ മേഖലയിൽ കൂടുതൽ വെളിച്ചം വീശുന്നവയാണ്. അവരിരുവരും “ആത്മശരീരസിദ്ധികളൊക്കെയും ആത്മനാഥനു സമർപ്പണം ചെയ്താ”ണ് ജീവിച്ചത്.
ആത്മാവിൽ ദരിദ്രരും വിലപിക്കുന്നവരും ശാന്തശീലരും നീതിനിഷ്ഠരും കരുണയുള്ളവരും ഹൃദയശുദ്ധിയുള്ളവരും സമാധാന സ്ഥാപകരും യഥാർത്ഥ ദൈവമക്കളുമായിരുന്നു അവർ( മത്തായി 5: 7 -10 ).
ഒരുവൻ നിർമ്മലനാകണമെങ്കിൽ അവന്റെ ഹൃദയത്തിലും ആത്മാവിലും ശുദ്ധത ഉണ്ടാവണം. യൗസേപ്പിതാവ് ആത്മാവിലും ഹൃദയത്തിലും ശുദ്ധത കാത്തുസൂക്ഷിച്ചു. ‘ അമല മനോഹരൻ’ അല്ലെങ്കിലും ആ ഹൃദയം അസാധാരണമാംവിധം വിശുദ്ധമായിരുന്നു.
വർഷങ്ങളോളം ഈശോയിലൂടെ ദൈവത്തിന്റെ തിരുമുഖം നേരിൽ നോക്കിക്കണ്ടിരുന്ന മഹാ ഭാഗ്യവാനാണ് യൗസേപ്പിതാവ്. ആ പരിശുദ്ധിയിൽ അദ്ദേഹം പങ്കു ചേർന്നിരുന്നു. അദ്ദേഹത്തിന്റെ നയനങ്ങൾ ഏറ്റവും നിർമ്മലവും ശുദ്ധവും ഈശോയോടും മറിയത്തോടുമുള്ള സ്നേഹത്താൽ കത്തിജ്വലിക്കുന്നതുമായിരുന്നു.
അനന്യമായ സൗമ്യതയുടെയും ശാന്തതയുടെയും ഉടമയാണ് ഈ ദാവീദ് വംശജൻ. ഈ നീതിമാൻ ദൈവിക രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനും തിരുകുടുംബത്തിന്റെ പിതാവും മറിയത്തിന്റെയും വചന(ഈശോ) ത്തിന്റെയും കാവൽക്കാരനുമാണ്. സഭ അവിടുത്തെ സംരക്ഷണയിലുമാണ്.
പ്രതിഷ്ഠ
വിശുദ്ധിയുടെയും നൈർമ്മല്യത്തിന്റെയും ഭണ്ഡാരമേ, മഹാപുണ്യവാനും ഏവർക്കും പരമോന്നത മാതൃകയും ആത്മ നിയന്ത്രണത്തിന്റെ ആൾരൂപവും അനന്യമാംവിധം ദൈവഹിതം നിറവേറ്റുകയും ചെയ്ത വിശുദ്ധ യൗസേപ്പിതാവേ , ഞാൻ എന്നെത്തന്നെ അങ്ങേയ്ക്ക് പ്രതിഷ്ഠിക്കുന്നു. പ്രിയപ്പെട്ട പിതാവേ എന്നിൽ നിന്ന് ഒരിക്കലും അകന്നു പോകരുതേ! ജീവന്റെ അപ്പത്താൽ എന്നെ പോഷിപ്പിക്കണമേ! വിശുദ്ധരുടെ ജ്ഞാനത്തിൽ എന്നെ പരിശീലിപ്പിക്കണമേ! എന്റെ കുരിശ് സസന്തോഷം വഹിക്കാനും വിശ്വാസത്തിൽ എന്നും സ്ഥിരതയോടെ നിലനിൽക്കാനും എന്നെ സഹായിക്കേണമേ! ഞാൻ മരിക്കുമ്പോൾ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും പരിശുദ്ധ അമ്മയെയും സ്വർഗ്ഗം മുഴുവനും കാണാൻ എന്നെ കൂട്ടിക്കൊണ്ടു പോകണമേ!
ലുത്തിനിയ (എന്നും ആവർത്തിക്കേണ്ടത്)
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, അനുഗ്രഹിക്കണമേ!
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ!
സ്വർഗ്ഗസ്ഥനായ പിതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ലോകരക്ഷകനായ മിശിഹായേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധാത്മാവായ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധ മറിയമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ!
വിശുദ്ധ യൗസേപ്പേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ!
ദാവീദിന്റെ വിശിഷ്ട സന്താനമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പൂർവ്വപിതാക്കന്മാരുടെ പ്രകാശമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവജനനിയുടെ വിരക്ത ഭർത്താവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പരിശുദ്ധ കന്യകയുടെ നിർമ്മലനായ കാവൽക്കാരാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവകുമാരന്റെ വളർത്തു പിതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ!
തിരുകുടുംബത്തിന്റെ സ്നേഹ നാഥനേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും നീതിമാനായ വിശുദ്ധ യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിരക്തനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിവേകിയായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാധീരനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും അനുസരണമുള്ള
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിശ്വസ്തനായ
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ക്ഷമയുടെ ദർപ്പണമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദാരിദ്ര്യത്തിന്റെ സ്നേഹിതാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മാതൃകയേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബ ജീവിതത്തിന്റെ മഹത്വമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കന്യകകളുടെ സംരക്ഷകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബങ്ങളുടെ നെടുംതൂണേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
വേദനിക്കുന്നവരുടെ ആശ്വാസമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
രോഗികളുടെ ആശ്രയമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മരണാസന്നരുടെ മദ്ധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പിശാചുക്കളുടെ പരിഭ്രമമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തിരുസഭയുടെ പാലകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും ദയയുള്ള യൗസേപ്പിതാവേ (എന്നും ചൊല്ലേണ്ടത്)
എത്രയും ദയയുള്ള യൗസേപ്പി താവേ, ഭക്തി വിശ്വാസങ്ങളോടുകൂടെ അങ്ങേ സന്നിധിയിൽ അണഞ്ഞ് അങ്ങേ മാധ്യസ്ഥ്യം യാചിച്ച ഒരുവനേയും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തു കേട്ടിട്ടില്ല എന്നു വി. അമ്മ ത്രേസ്യ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് അങ്ങ് ഓർക്കേണമേ. കന്യകകളുടെ രാജ്ഞിയായ പരിശുദ്ധ കന്യാമറിയത്തിന്റെ എത്രയും യോഗ്യതയുള്ള മണവാളാ, മധുരവും ആശ്വാസ ജനകവുമായ ഈ ഉറപ്പിൽ വിശ്വസിച്ച്, അതിൽ ധൈര്യം പ്രാപിച്ച് അങ്ങേ തൃപ്പാദത്തിങ്കൽ ഞാൻ വന്നണയുന്നു. രക്ഷകനായ ഈശോയുടെ പിതാവ് എന്ന നാമം പേറുന്ന അങ്ങ് എന്റെ ഈ വിനീതമായ അപേക്ഷ ഒരിക്കലും ഉപേക്ഷിക്കരുതേ! ഞാൻ അങ്ങയുടെ മകനെന്നു ( മകളെന്നു) വിളിക്കപ്പെടാൻ തിരുമനസ്സാകണമേ! അങ്ങയുടെ അപേക്ഷകൾ കാരുണ്യപൂർവം കൈക്കൊള്ളുന്ന ഈശോയുടെ തിരുമുമ്പിൽ എന്റെ നിയോഗങ്ങൾ എനിക്കുവേണ്ടി അങ്ങു സമർപ്പിക്കണമേ, ആമേൻ.