വേദനിക്കുന്നവരുടെ ആശ്വാസമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ!
ദുഃഖിതരെ ആശ്വസിപ്പിക്കുന്നത് കരുണയുടെ പ്രവർത്തിയാണ്. ഏഴു ആത്മീയ കാരുണ്യ പ്രവർത്തികളെ കുറിച്ചും ഏഴു ശാരീരിക കാരുണ്യപ്രവർത്തികളെ കുറിച്ചും സഭ നമ്മെ പഠിപ്പിക്കുന്നു. കരുണയുടെ പ്രവർത്തികൾ വഴി മറ്റുള്ളവരെ ശുശ്രൂഷിയ്ക്കുമ്പോൾ നാമും യൗസേപ്പിതാവിനെപോലെ ആകുകയും ഈശോയുടെ ഹിതാനുവർത്തികൾ ആവുകയും ചെയ്യുന്നു.
ശാരീരികം
1. വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നത്.
2. ദാഹിക്കുന്നവർക്ക് കുടിക്കാൻ കൊടുക്കുന്നത്.
3. വസ്ത്രം ഇല്ലാത്തവർക്ക് വസ്ത്രം കൊടുക്കുന്നത്.
4. ഭവനം ഇല്ലാത്തവർക്ക് ഭവനം നൽകുന്നത്.
5. രോഗികളെയും തടവുകാരെയും സന്ദർശിക്കുന്നത്.
6.അവശരെ സഹായിക്കുന്നത്.
7. മരിച്ചവരെ അടക്കുന്നത്.
ആധ്യാത്മികം
1. അറിവില്ലാത്തവരെ പഠിപ്പിക്കുന്നത്.
2. സംശയം ഉള്ളവരുടെ സംശയം തീർക്കുന്നത്.
3. ദുഃഖിതരെ ആശ്വസിപ്പിക്കുന്നത്.
4. തെറ്റ് ചെയ്യുന്നവരെ തിരുത്തുന്നത്.
5. അന്യരുടെ കുറവുകൾ ക്ഷമയോടെ സഹിക്കുന്നത്.
6. ഉപദ്രവങ്ങൾ ക്ഷമിക്കുന്നത്.
7. ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും വേണ്ടി പ്രാർത്ഥിക്കുന്നത്.
ഒരു ദുരിതവും ഇല്ലാത്ത മനുഷ്യരുണ്ടോ? ഇല്ല തന്നെ. ജീവിതം സുഖദുഃഖ സമ്മിശ്രമാണ്. പ്രിയപ്പെട്ടവർ മരണമടയും, മക്കൾ എതിരായി എന്നുവരാം, എല്ലാവരുടെയും യുവത്വം നഷ്ടപ്പെടും, പ്രായമാകുമ്പോൾ വാർദ്ധക്യസഹജമായ ബലഹീനതകളും രോഗങ്ങളും ഉണ്ടാകും. ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചാലും നമുക്ക് ആശ്വാസവും സാന്ത്വനവും അഭയവുമായി പരിശുദ്ധത്രിത്വത്തോടും പരിശുദ്ധ അമ്മയോടൊപ്പം യൗസേപ്പിതാവും ഉണ്ടാവും. വേദനയുടെ നിമിഷങ്ങളിൽ യൗസേപ്പിൻ പക്കൽ പോവുക. അവിടുന്നു നിങ്ങളെ സസ്നേഹം ആശ്വസിപ്പിക്കും. ആ പിതൃത്വം പോലെ മറ്റൊരു പിതൃത്വം മനുഷ്യരുടെ ഇടയിൽ ഉണ്ടായിട്ടില്ല.
വി. ജോസഫ് മരല്ലോ പറയുന്നു: “നമ്മുടെ നല്ല അപ്പനായ യൗസേപ്പിതാവ് തന്നെ ഒരുപിടി പ്രശ്നങ്ങളിലൂടെ കടന്നു പോയിട്ടുള്ളതിനാൽ നമുക്ക് നമ്മെത്തന്നെ അവിടുത്തേക്ക് സ്വയം സമർപ്പിക്കാം. എന്തെന്നാൽ അദ്ദേഹം അസ്വസ്ഥരായവരുടെ പൂർവ്വ പിതാവാണ് “
സ്നേഹമുള്ള ഒരു പിതാവ് തന്റെ മക്കൾ വിഷമത്തിൽ കൂടെ കടന്നു പോകുമ്പോൾ അവരോടു സഹതപിക്കുകയും അവർക്ക് ആശ്വാസം എല്ലാം പകരുകയും ചെയ്യും തീർച്ച. പിതാവിന്റെ സാന്നിധ്യം മക്കൾക്ക് പ്രത്യാശയും ധൈര്യവും പകരുന്നു. പിതാവ് കൂടെയുണ്ട് അഥവാ എപ്പോൾ വേണമെങ്കിലും അദ്ദേഹത്തിന്റെ അടുക്കൽ അണയാം എന്ന അറിവ് എത്ര വലിയ പ്രതിസന്ധിയെയും മറികടക്കും എന്ന് ഉറപ്പ് ഏതു മകനോ മകൾക്ക് ആണ് മനസ്സിലാവാത്തത്? എന്നാൽ നിരവധി ആളുകൾക്ക് ഈ രീതിയിലുള്ള സ്നേഹം തങ്ങളുടെ പിതാക്കന്മാരിൽ നിന്ന് ലഭിക്കുന്നില്ല എന്ന ദുഃഖ സത്യം സ്നേഹ ഹൃദയങ്ങളെ വേദനിപ്പിക്കുന്നുണ്ടെന്നത് വസ്തുതയാണ്.
ഇന്ന് പലരും വളരുന്നത് ഒറ്റപ്പെട്ടും ദുരുപയോഗം ചെയ്യപ്പെട്ടും പുണ്യവാനായ യൗസേപ്പിതാവിൽ നിന്ന് വളരെ അകലെയുള്ള ഒരു ജീവിതം നയിച്ചു കൊണ്ടുമാണ്. തന്മൂലം ഒട്ടനവധിപേർ തങ്ങളുടെ ജീവിതത്തിൽ ആകുലതകളും വ്യാകുലതകളും ഭയവും നിറഞ്ഞ് വലിയ അരക്ഷിതാവസ്ഥയിലാണ് വളരുക. യൗസേപ്പിതാവിന്റെ പിതൃത്വത്തിൽ ആശ്വാസവും വിശ്രമവും കണ്ടെത്തണമെന്ന് ദൈവം ആഗ്രഹിക്കുന്നു. പിതാവ് നമ്മെ ഒരിക്കലും പരിത്യജിക്കില്ല. പിതൃത്വത്തിൽ നിന്ന് എന്തെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽത്തന്നെ, യൗസേപ്പിതാവ് കൂടെ ഉണ്ടായിരിക്കും. അദ്ദേഹം നമ്മുടെ ആത്മീയ പിതാവാണ്. നമ്മെ ഏറെ സ്നേഹിക്കുകയും കുറവുകളും പോരായ്മകളും പരിഹരിച്ചു തരികയും ചെയ്യും. ദുഃഖങ്ങളിൽ നിന്ന് നമ്മെ കരകയറ്റും.
ജീവിതത്തിൽ തളർച്ച അനുഭവപ്പെടുമ്പോൾ, യൗസേപ്പിതാവിന്റെ പക്കലേക്ക് ഓടുക, ഹൃദയം മലർക്കെ അവിടുത്തേക്ക് തുറക്കുക. എല്ലാ പ്രശ്നങ്ങളും അദ്ദേഹത്തോട് പറയുക. അദ്ദേഹം നമ്മെ നന്നായി മനസ്സിലാക്കുകയും നേർവഴി നയിക്കുകയും ചെയ്യും .
പ്രതിഷ്ഠ
വേദനിക്കുന്നവരുടെ ആശ്വാസമായ വിശുദ്ധ യൗസേപ്പിതാവേ, ഞാൻ എന്നെത്തന്നെ അങ്ങേയ്ക്ക് പ്രതിഷ്ഠിക്കുന്നു. ശരീരത്തിനടുത്തതും ആത്മാവിനടുത്തതുമായ കാരുണ്യപ്രവർത്തികളെല്ലാം ആവുംവിധം അഭ്യസിക്കാൻ എന്നെ പരിശീലിപ്പിച്ചു സഹായിക്കണമേ! സഹനത്തിന്റെ ഏതു സാഹചര്യങ്ങളിലും സമചിത്തത വെടിയാതെ, സർവ്വശക്തന്റെ തിരുഹിതത്തിന് പൂർണമായി വിധേയപ്പെട്ടു ജീവിക്കാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ! അങ്ങ് അവയൊക്കെ കൈകാര്യം ചെയ്തത് പോലെ അവ അഭിമുഖീകരിക്കാൻ ആവശ്യമായ മനസ്സാന്നിധ്യവും സാവകാശവും ശാന്തതയും എനിക്കു തരണമേ! കഷ്ടതയിൽ നഷ്ട ധൈര്യനാവാതെ സങ്കീർത്തകനെ പോലെ കർത്താവിനെ വിളിച്ചപേക്ഷിക്കാൻ എനിക്ക് ആത്മധൈര്യം തരണമേ! പല വിധേനയും അസ്വസ്ഥരായിട്ടുള്ളവരുടെ പൂർവ്വ പിതാവായ അങ്ങ് എനിക്കും പ്രചോദനമായിരിക്കണമേ.ആമേൻ
ലുത്തിനിയ (എന്നും ആവർത്തിക്കേണ്ടത്)
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, അനുഗ്രഹിക്കണമേ!
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ!
സ്വർഗ്ഗസ്ഥനായ പിതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ലോകരക്ഷകനായ മിശിഹായേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധാത്മാവായ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധ മറിയമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ!
വിശുദ്ധ യൗസേപ്പേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ!
ദാവീദിന്റെ വിശിഷ്ട സന്താനമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പൂർവ്വപിതാക്കന്മാരുടെ പ്രകാശമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവജനനിയുടെ വിരക്ത ഭർത്താവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പരിശുദ്ധ കന്യകയുടെ നിർമ്മലനായ കാവൽക്കാരാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവകുമാരന്റെ വളർത്തു പിതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ!
തിരുകുടുംബത്തിന്റെ സ്നേഹ നാഥനേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും നീതിമാനായ വിശുദ്ധ യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിരക്തനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിവേകിയായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാധീരനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും അനുസരണമുള്ള
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിശ്വസ്തനായ
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ക്ഷമയുടെ ദർപ്പണമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദാരിദ്ര്യത്തിന്റെ സ്നേഹിതാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മാതൃകയേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബ ജീവിതത്തിന്റെ മഹത്വമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കന്യകകളുടെ സംരക്ഷകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബങ്ങളുടെ നെടുംതൂണേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
വേദനിക്കുന്നവരുടെ ആശ്വാസമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
രോഗികളുടെ ആശ്രയമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മരണാസന്നരുടെ മദ്ധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പിശാചുക്കളുടെ പരിഭ്രമമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തിരുസഭയുടെ പാലകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും ദയയുള്ള യൗസേപ്പിതാവേ (എന്നും ചൊല്ലേണ്ടത്)
എത്രയും ദയയുള്ള യൗസേപ്പി താവേ, ഭക്തി വിശ്വാസങ്ങളോടുകൂടെ അങ്ങേ സന്നിധിയിൽ അണഞ്ഞ് അങ്ങേ മാധ്യസ്ഥ്യം യാചിച്ച ഒരുവനേയും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തു കേട്ടിട്ടില്ല എന്നു വി. അമ്മ ത്രേസ്യ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് അങ്ങ് ഓർക്കേണമേ. കന്യകകളുടെ രാജ്ഞിയായ പരിശുദ്ധ കന്യാമറിയത്തിന്റെ എത്രയും യോഗ്യതയുള്ള മണവാളാ, മധുരവും ആശ്വാസ ജനകവുമായ ഈ ഉറപ്പിൽ വിശ്വസിച്ച്, അതിൽ ധൈര്യം പ്രാപിച്ച് അങ്ങേ തൃപ്പാദത്തിങ്കൽ ഞാൻ വന്നണയുന്നു. രക്ഷകനായ ഈശോയുടെ പിതാവ് എന്ന നാമം പേറുന്ന അങ്ങ് എന്റെ ഈ വിനീതമായ അപേക്ഷ ഒരിക്കലും ഉപേക്ഷിക്കരുതേ! ഞാൻ അങ്ങയുടെ മകനെന്നു ( മകളെന്നു) വിളിക്കപ്പെടാൻ തിരുമനസ്സാകണമേ! അങ്ങയുടെ അപേക്ഷകൾ കാരുണ്യപൂർവം കൈക്കൊള്ളുന്ന ഈശോയുടെ തിരുമുമ്പിൽ എന്റെ നിയോഗങ്ങൾ എനിക്കുവേണ്ടി അങ്ങു സമർപ്പിക്കണമേ, ആമേൻ.