കുടുംബങ്ങളുടെ ആധാരമേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ!
ഈശോയും മാതാവും യൗസേപിതാവും സവിശേഷമാംവിധം കുടുംബങ്ങളെ കരുതുകയും സ്നേഹിക്കുകയും ചെയ്യുന്നു. ഇന്ന് കുടുംബങ്ങളിൽ സംഭവിക്കുന്ന വിലപനീയവും അപലപനീയവുമായ കാര്യങ്ങൾ ഈ മൂന്ന് പരമ പരിശുദ്ധ ഹൃദയങ്ങളെയും വേദനിപ്പിക്കുന്നുണ്ട്. തകർന്നുകൊണ്ടിരിക്കുന്ന കുടുംബങ്ങളെയും കുടുംബബന്ധങ്ങളെയും ഓർത്ത് അവർ വളരെയധികം ആശങ്കപ്പെടുന്നുണ്ട്.
കുടുംബത്തെ ദൈവത്തിൽനിന്ന് വേർപെടുത്തി, കുടുംബം എന്താണെന്ന് ചിന്തിക്കാൻ ശ്രമിക്കുന്നവർ ഇന്നു നിരവധിയാണ്. സർവ്വാപകടകാരിയായ ഒരു പുനർവിചിന്തനം ആണവർ നടത്തുന്നത്. വിവാഹബന്ധങ്ങൾ വേർപെടുത്താൻ പരിശ്രമിക്കുന്നത് ഈ പ്രതിഭാസത്തിന്റെ പരിണിതഫലമാണ്. അനാശാസ്യമായ ഈ പ്രവണത സീമാതീതമായി വർദ്ധിച്ചുവരികയാണ്. ദമ്പതികൾ നിർവിശങ്കം ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതും വർദ്ധിച്ചു വരുന്ന ക്രൂരക്രൂരമായ ഗർഭച്ഛിദ്രങ്ങളും കുടുംബത്തകർച്ച യിലെ പ്രതിഭാസങ്ങൾ തന്നെ. ഇവയെല്ലാം വിളിച്ചോതുന്നത് കുടുംബങ്ങൾ വലിയ വിനാശത്തിന്റെ വക്കിലാണെന്നാണ്.
സമീപകാലത്തായി, ലോക ദൃഷ്ടിയാ, പ്രഗൽഭരായ ചില വ്യക്തികളെ ഉപയോഗിച്ചുകൊണ്ട് നടത്തപ്പെടുന്ന പല പരിപാടികളും കുടുംബങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ളതായി തോന്നുന്നു. ക്രമരഹിതവും വികലവും അസ്വഭാവികതയുമായ കാര്യങ്ങളെ സ്വാഭാവികവും ആകർഷണീയവും ആധുനിക ലോകത്തിന് മഹനീയവും അനുയോജ്യവുമായി അവതരിപ്പിക്കാനുള്ള സംഘാടക ശ്രമങ്ങളും പലപ്പോഴും ഉണ്ടാകുന്നു. സ്ത്രീയും പുരുഷനും (ഭർത്താവും ഭാര്യയും) തമ്മിലുള്ള ബന്ധത്തെ നയിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യേണ്ട യഥാർത്ഥ സ്നേഹത്തിന്റെയും സത്യ പരിപൂർണ്ണ സമർപ്പണത്തിന്റെയും കലർപ്പില്ലാത്ത ദാമ്പത്യ വിശ്വസ്തതയുടെയും ചൈതന്യത്തിന് വിരുദ്ധമാണത്.
അതു കുടുംബങ്ങളിൽ സൃഷ്ടിക്കുന്ന ഭിന്നതയും സംഘർഷവും പ്രത്യേകമായി കുഞ്ഞുങ്ങളിൽ മാരകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കൂടാതെ ഇവ വഴി (മനുഷ്യന്റെ) ധാർമിക മനസാക്ഷി അന്ധകാരത്തിലാകുന്നു. സത്യവും സുന്ദരവും നന്മയുമായിട്ടുള്ള എല്ലാറ്റിനെയും അത് വികലമാക്കുന്നു. യഥാർത്ഥ സ്വാതന്ത്ര്യം പുറന്തള്ളപ്പെടുകയും തൽസ്ഥാനത്ത് അടിമത്തം പുനഃസ്ഥാപിക്കുകയും സാത്താൻ വിജയിക്കുകയും ചെയ്യുന്നു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ.
ദൈവസ്നേഹത്തിന്റെ പാഠശാല യായി, മനോഹരവും സന്തോഷകരവും ജീവൻ നൽകുന്നതുമായ ഒന്നായിട്ടാണ് ദൈവം കുടുംബത്തെ സ്ഥാപിച്ചത്. എന്നാൽ പിശാചും അവന്റെ കിങ്കരന്മാരും പരിപാവനമായ ഈ സ്ഥാപനത്തെ തകർക്കാൻ, തച്ചുടയ്ക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്.
ഈ സാഹചര്യം പാടെ മാറ്റിമറിയ്ക്കപ്പെടണം. നമ്മുടെ കുടുംബങ്ങൾ പരിപാവനവും ക്രമ വൽകൃതവുമാവണം. ഇതിനുള്ള സുകരവും സുതാര്യവുമായ മാർഗ്ഗം കുടുംബത്തിന്റെ മാതൃകയായി തിരുകുടുംബത്തെ സ്വീകരിക്കുകയും ഓരോ കുടുംബവും തിരു കുടുംബമായി രൂപാന്തരപ്പെടുത്താൻ സത്യസന്ധമായി പരിശ്രമിക്കുകയുമാണ്. തിരു കുടുംബത്തിന്റെ തനിപ്പകർപ്പായി കുടുംബങ്ങൾ മാറണം.
എല്ലാവരും ഓരോരുത്തരും തിരു കുടുംബത്തെ വിലമതിക്കണം. കുടുംബനാഥൻമാർ വിശുദ്ധ യൗസേപ്പിതാവിനെയും കുടുംബനാഥമാർ പരിശുദ്ധ അമ്മയെയും മക്കൾ ഈശോയെ പോലെയും ആവണം. മാതൃത്വത്തിന്റെ വിശുദ്ധിയും പിതൃത്വത്തിന്റെ വീരോചിതത്വവും മക്കൾ ആകുന്ന അനുഗ്രഹങ്ങളും അപ്പോൾ അപ്പോൾ എല്ലാവർക്കും മനസ്സിലാകും.
ഓരോ കുടുംബത്തിന്റെയും നെടുംതൂണാവാൻ യൗസേപ്പിതാവ് അത്യധികം ആഗ്രഹിക്കുന്നു. നെടുംതൂണ് ഭവനത്തിന്റെ അടിസ്ഥാനമാണ്. നമ്മുടെ ഭവനങ്ങൾ ഉറച്ച ശിലകളാകാനും കുലുങ്ങാതിരിക്കാനും വീണുപോകാതിരിക്കാനും നമുക്ക് യൗസേപ്പിതാവിനെ അത്യാവശ്യമാണ്. പ്രാർത്ഥനയുടെയും പരസ്പര സ്നേഹത്തിന്റെയും ബഹുമാനത്തിനും ശുദ്ധത യുടെയും സത്യസന്ധത, ക്ഷമ ഇവയുടെ പ്രാധാന്യത്തെപ്പറ്റിയും സർവ്വോപരി സർവശക്തന് സർവ്വ സമുന്നത സ്ഥാനം നൽകേണ്ടതിന്റെയും അവശ്യാവശ്യകതയെപ്പറ്റി യൗസേപ്പിതാവ് കുടുംബങ്ങളെ പഠിപ്പിക്കും.
കുടുംബത്തെ ഇത്രയധികം സ്നേഹിക്കുന്ന മറ്റൊരു വിശുദ്ധനും കാണുകയില്ല. നേതൃത്വം, പിതൃത്വം ഇവയുടെ പ്രാധാന്യം നന്നായി പഠിപ്പിക്കാൻ യൗസേപ്പിതാവിനു കഴിയും. അപ്പനും അമ്മയും ദൈവം അവർക്ക് നൽകുന്ന മക്കൾ എല്ലാവരും ഉൾപ്പെടുന്നതാണ് കുടുംബം എന്ന സത്യം. മാതാപിതാക്കളെ ബോധ്യപ്പെടുത്താൻ അദ്ദേഹത്തെക്കാൾ മെച്ചപ്പെട്ട ആരെ കണ്ടെത്താൻ? ആധുനിക കുടുംബ സങ്കൽപ്പങ്ങൾ എല്ലാം പിശാചിനെ ചതിക്കുഴികൾ ആണ്. നിർഭാഗ്യവശാൽ പെട്ടു പോയവർ ആത്മാർത്ഥമായി അനുതപിച്ചു, പാപം ഏറ്റു പറഞ്ഞു തുടർന്നുള്ള കാലമത്രയും ദൈവഹിതം നിറവേറ്റുന്നവരാവണം. ഭർതൃത്വവും പിതൃത്വവും മാതൃത്വവുമൊക്കെ വളരെയേറെ മെച്ചപ്പെടുത്തേണ്ടതായിട്ടുണ്ട്. മാധ്യമങ്ങളും സിനിമകളും ബന്ധമില്ലാത്ത സീരിയലുകളും മാസികകളും വാരികകളും സിനിമകളും ഒന്നും അവതരിപ്പിക്കുന്നതല്ല യഥാർത്ഥ ദൈവീക കുടുംബസങ്കല്പം. കുടുംബ ജീവിതത്തിന്റെ സത്യസന്ധമായ ചിത്രം കിട്ടണമെങ്കിൽ തിരുകുടുംബത്തെ നോക്കി പഠിക്കുക, യൗസേപ്പിതാവിന്റെ പക്കൽ ചെല്ലുക.
പ്രതിഷ്ഠ
തിരുകുടുംബത്തിന്റെ നാഥനായ വിശുദ്ധ യൗസേപ്പിതാവേ, ഞാൻ എന്നെത്തന്നെ അങ്ങയുടെ സംരക്ഷണത്തിന് സർവ്വാത്മന പ്രതിഷ്ഠിക്കുന്നു. ദൈവ സ്നേഹത്തിന്റെ പാഠശാലയായി, മനോഹരവും ആനന്ദസംദായകവും ജീവൻ പ്രദാനം ചെയ്യുന്നതുമായ ഒരു സംവിധാനമായി എന്റെ കുടുംബത്തെ പരിപാലിച്ചു വളർത്തിയെടുക്കാൻ എന്നെ സഹായിക്കണമേ! പിതാവേ, അങ്ങുതന്നെ എന്റെ കുടുംബത്തിന്റെ നെടുംതൂണായിരിക്കണമേ! എന്റെ ഭവനത്തിന്റെ ഉറച്ച ശില ആകാൻ എന്നെയും അനുഗ്രഹിക്കേണമേ! പിശാചിന്റെ കെണി കുഴികളിൽ വീണു പോകാതെ എന്നെ അങ്ങ് കാത്തുപരിപാലിക്കണമേ! നല്ല ദൈവം എനിക്ക് തന്ന, ഇനിയും തരുന്ന, മക്കളെ സസന്തോഷം സ്വീകരിച്ച് അങ്ങേ പോലൊരു സ്നേഹപിതാവായി (മാതാവായി) വ്യാപരിക്കാൻ എന്നെ പരിശീലിപ്പിക്കണമേ! ആമേൻ
ലുത്തിനിയ (എന്നും ആവർത്തിക്കേണ്ടത്)
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, അനുഗ്രഹിക്കണമേ!
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ!
സ്വർഗ്ഗസ്ഥനായ പിതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ലോകരക്ഷകനായ മിശിഹായേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധാത്മാവായ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധ മറിയമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ!
വിശുദ്ധ യൗസേപ്പേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ!
ദാവീദിന്റെ വിശിഷ്ട സന്താനമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പൂർവ്വപിതാക്കന്മാരുടെ പ്രകാശമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവജനനിയുടെ വിരക്ത ഭർത്താവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പരിശുദ്ധ കന്യകയുടെ നിർമ്മലനായ കാവൽക്കാരാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവകുമാരന്റെ വളർത്തു പിതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ!
തിരുകുടുംബത്തിന്റെ സ്നേഹ നാഥനേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും നീതിമാനായ വിശുദ്ധ യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിരക്തനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിവേകിയായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാധീരനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും അനുസരണമുള്ള
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിശ്വസ്തനായ
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ക്ഷമയുടെ ദർപ്പണമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദാരിദ്ര്യത്തിന്റെ സ്നേഹിതാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മാതൃകയേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബ ജീവിതത്തിന്റെ മഹത്വമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കന്യകകളുടെ സംരക്ഷകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബങ്ങളുടെ നെടുംതൂണേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
വേദനിക്കുന്നവരുടെ ആശ്വാസമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
രോഗികളുടെ ആശ്രയമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മരണാസന്നരുടെ മദ്ധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പിശാചുക്കളുടെ പരിഭ്രമമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തിരുസഭയുടെ പാലകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും ദയയുള്ള യൗസേപ്പിതാവേ (എന്നും ചൊല്ലേണ്ടത്)
എത്രയും ദയയുള്ള യൗസേപ്പി താവേ, ഭക്തി വിശ്വാസങ്ങളോടുകൂടെ അങ്ങേ സന്നിധിയിൽ അണഞ്ഞ് അങ്ങേ മാധ്യസ്ഥ്യം യാചിച്ച ഒരുവനേയും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തു കേട്ടിട്ടില്ല എന്നു വി. അമ്മ ത്രേസ്യ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് അങ്ങ് ഓർക്കേണമേ. കന്യകകളുടെ രാജ്ഞിയായ പരിശുദ്ധ കന്യാമറിയത്തിന്റെ എത്രയും യോഗ്യതയുള്ള മണവാളാ, മധുരവും ആശ്വാസ ജനകവുമായ ഈ ഉറപ്പിൽ വിശ്വസിച്ച്, അതിൽ ധൈര്യം പ്രാപിച്ച് അങ്ങേ തൃപ്പാദത്തിങ്കൽ ഞാൻ വന്നണയുന്നു. രക്ഷകനായ ഈശോയുടെ പിതാവ് എന്ന നാമം പേറുന്ന അങ്ങ് എന്റെ ഈ വിനീതമായ അപേക്ഷ ഒരിക്കലും ഉപേക്ഷിക്കരുതേ! ഞാൻ അങ്ങയുടെ മകനെന്നു ( മകളെന്നു) വിളിക്കപ്പെടാൻ തിരുമനസ്സാകണമേ! അങ്ങയുടെ അപേക്ഷകൾ കാരുണ്യപൂർവം കൈക്കൊള്ളുന്ന ഈശോയുടെ തിരുമുമ്പിൽ എന്റെ നിയോഗങ്ങൾ എനിക്കുവേണ്ടി അങ്ങു സമർപ്പിക്കണമേ, ആമേൻ.