ദാരിദ്ര്യത്തിന്റെ സ്നേഹിതനേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ!
“ഏറ്റവും പ്രിയപ്പെട്ട ദിവ്യ ശിശുവിനെ സംരക്ഷിക്കുന്നവന്റെ വിനയത്തെ പുകഴ്ത്താനും തന്റെ പരിചരണത്തിന് ഏൽപ്പിക്കപ്പെട്ട യൗസേപ്പിതാവിനെ അത്ഭുതത്തോടെ വണങ്ങാനും അസംഖ്യം മാലാഖമാർ ആ ദരിദ്രമായ പണിശാലയിൽ ഇറങ്ങി വന്നുവെന്നതിൽ എനിക്ക് സംശയമില്ല” വി. ഫ്രാൻസിസ് സാലസ്.
അംഗീകാരത്തിനുള്ള ത്വരയോ ഭൗമീക ആഗ്രഹങ്ങളോ യൗസേപ്പിതാവിനെ തൊട്ടുതീണ്ടിയിരുന്നില്ല. തിരുകുടുംബം ദരിദ്രമായിരുന്നു. ഏറെ ദാരിദ്ര്യം അവർ അനുഭവിച്ചിട്ടുണ്ട്. ലോകം അദ്ദേഹത്തിന് വലിയ അംഗീകാരം ഒന്നും നൽകിയിരുന്നില്ല. പുൽത്തൊട്ടിലിൽ കടന്നുവന്ന പൂജ രാജാക്കന്മാർ പോലും അദ്ദേഹത്തിന് ആദരവൊന്നും നൽകിയില്ലെന്നാണ് പാരമ്പര്യം. നിയമാനുസൃതമായ ശുദ്ധീകരണത്തിനു തിരുകുടുംബം ജെറുസലേം ദേവാലയത്തിൽ എത്തിയപ്പോൾ ഒരു കുഞ്ഞാടിനെ വാങ്ങി സമർപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. ദരിദ്രരുടെ സമ്മാനമായ രണ്ട് ചങ്ങാലികളെയോ പ്രാവുകളെയോ ആണ് അദ്ദേഹം സമർപ്പിച്ചത്.
യഥാർത്ഥത്തിൽ ദൈവപരിപാലനയിൽ മാത്രമാണ് തിരുകുടുംബം ജീവിച്ചത്. ഇതിന് ഒരു ഉദാഹരണമാണ് പൂജരാജാക്കന്മാർ ഉണ്ണിമിശിഹായ്ക്ക് പൊന്നും മീറയും കുന്തിരിക്കവും സമ്മാനിച്ചത്. ഇവ ഈജിപ്തിലേക്കുള്ള യാത്രയ്ക്കും ചെലവുകൾക്കും ദൈവം കരുതി നൽകിയ മൂലധനമാണ്. തിരുകുടുംബത്തിന്റെ പരിചരണം തമ്പുരാൻ ഏറ്റെടുക്കുന്ന ദൈവപരിപാലനയുടെ വഴികളുടെ ദൃശ്യാവിഷ്കാരമാണത്. വളരെ ലളിതവും എളിയതുമായിരുന്നു തിരുകുടുംബത്തിന്റെ ജീവിതമത്രയും.
“ആത്മാവിൽ ദരിദ്രർ, അനുഗ്രഹീതർ, സ്വർഗ്ഗരാജ്യം അവരുടേതാണ് “( മത്തായി 5: 3).
ഈ വചനത്തിലൂടെ ഈശോ വ്യക്തമാക്കുന്നത്, ഭൗമിക വസ്തുക്കളിൽ നിന്ന് ബന്ധം വിച്ഛേദിച്ചവർ സ്വർഗ്ഗരാജ്യത്തിൽ നിന്നു വിദൂരത്തല്ല എന്നാണ്. ഒരു വ്യക്തി ലോകത്തുനിന്ന് അകലുമ്പോൾ ദാരിദ്ര്യം അവനിൽ ഒരു അനുഗ്രഹമായി, ഒരു പുണ്യമായി, യഥാർത്ഥ സമ്പത്തായി, ദൈവദൃഷ്ടിയിൽ അവൻ സമ്പന്നനായിത്തീരുന്നു. തന്റെ എല്ലാ ആവശ്യങ്ങളിലും ദൈവപരിപാലനയിൽ പൂർണ്ണമായി ആശ്രയിച്ചതു കൊണ്ടാണ് യൗസേപ്പിതാവിനെ ദാരിദ്ര്യത്തിന്റെ സുഹൃത്ത് എന്ന് വിളിക്കുന്നത്.
ഇവ്വിധം ആത്മാവിൽ ദരിദ്രനാ(യാ) കാൻ പിതാവ് നമ്മെ തീർച്ചയായും സഹായിക്കും. ഭൗമിക വസ്തുക്കളിൽ നിന്ന് എങ്ങനെ വിച്ചേദിക്കപ്പെടണമെന്നും അദ്ദേഹം നമ്മെ പഠിപ്പിക്കും. ആർക്കും ഭൗമിക വസ്തുക്കളിൽ യഥാർത്ഥ സന്തോഷം കണ്ടെത്താനാവില്ല. അവയിൽ മാത്രം ആശ്രയിച്ചു ജീവിക്കുന്നവർ, അവയിൽ നൈമിഷിക സന്തോഷം കണ്ടെത്തുന്നവർ, ഒരിക്കലും ആനന്ദം അനുഭവിക്കുകയില്ല. അവർ ഏറ്റം നിർഭാഗ്യരായിരിക്കും.
ആത്മാവിൽ ദരിദ്രരായവർക്കു സത്യസന്ധമായി ഇങ്ങനെ പറയാനാവും :” ദൈവം തന്നു ; ദൈവം എടുത്തു ;അവിടുത്തെ നാമം വാഴ്ത്തപ്പെടട്ടെ”.
യൗസേപ്പിതാവിന്റെ വാചാലമായ മൗനം വെളിപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ മാഹാത്മ്യവും തന്റെ ആത്മാവിലുള്ള ദാരിദ്ര്യവും ആണ്. ഭൗമികൻ മാനുഷിക നേട്ടങ്ങളിൽ അംഗീകരിക്കപ്പെടാനും അഭിനന്ദിക്കുകപ്പെടാനും വെമ്പൽ കൊള്ളുമ്പോൾ ആത്മീയർ എപ്പോഴും ദൈവത്തോട് ഒട്ടിനിൽക്കാൻ അശ്രാന്തം പരിശ്രമിക്കുന്നു.
യൗസേപ്പിതാവ് ചെയ്യുന്നതെല്ലാം ദൈവമഹത്വത്തിനായാണു ചെയ്തത്. അതുകൊണ്ട് തന്റെ യഥാർത്ഥ ദാരിദ്യാരൂപി ഫലംകണ്ടു. ഈ ലോകത്തിൽ ദരിദ്രനായിരുന്നെങ്കിലും സ്വർഗ്ഗത്തിൽ സർവ്വസമ്പന്നനായി. ഈശോയും മാതാവും കഴിഞ്ഞാൽ പിന്നെ നാം ഏറ്റവുമധികം ബഹുമാനിക്കേണ്ടത് ഈ പിതാവിനെയാണ്.
പ്രതിഷ്ഠ
ദിവ്യരക്ഷകന്റെ ഭൗമിക പിതാവേ, പരിശുദ്ധ അമ്മയുടെ അതിവിശുദ്ധനായ ഭർത്താവേ, എളിമയുടെയും ദാരിദ്ര്യത്തിന്റെയും ശ്രേഷ്ഠ മാതൃകയേ, സദാ ദൈവപരിപാലനയിൽ വിശ്വസിച്ചും ആശ്രയിച്ചും ജീവിച്ചവനേ, ഞാൻ എന്നെത്തന്നെ അങ്ങേയ്ക്ക് സോത്സാഹം പ്രതിഷ്ഠിക്കുന്നു. അങ്ങയെപ്പോലെ ഭൗതികതയിൽ നിന്നും ഭൗമികതയിൽ നിന്നും വിമോചിതനായി സ്വർഗ്ഗോന്മുഖനായി ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമേ!. അങ്ങു ദാരിദ്ര്യത്തിന്റെ സുഹൃത്തായിരുന്നതുപോലെ എന്നെയും ദാരിദ്ര്യത്തിന്റെ സ്നേഹിതനാക്കണമേ! എപ്പോഴും അങ്ങയെപ്പോലെ ദൈവപരിപാലനയിൽ ആശ്രയിച്ചു ജീവിക്കാൻ എന്നെ സഹായിക്കണമേ! എപ്പോഴും എല്ലാം ദൈവമഹത്വത്തിനായി അങ്ങ് ചെയ്തു. അങ്ങനെ ആയിരിക്കാൻ എന്നെ അനുസ്മരിപ്പിക്കണമേ ! സർവോപരി ഈ യഥാർത്ഥ സമ്പത്തിന്റെ ഉടമയാകാൻ എന്നെ പരിശീലിപ്പിക്കണമേ! ആമേൻ.
ലുത്തിനിയ (എന്നും ആവർത്തിക്കേണ്ടത്)
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, അനുഗ്രഹിക്കണമേ!
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ!
സ്വർഗ്ഗസ്ഥനായ പിതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ലോകരക്ഷകനായ മിശിഹായേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധാത്മാവായ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധ മറിയമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ!
വിശുദ്ധ യൗസേപ്പേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ!
ദാവീദിന്റെ വിശിഷ്ട സന്താനമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പൂർവ്വപിതാക്കന്മാരുടെ പ്രകാശമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവജനനിയുടെ വിരക്ത ഭർത്താവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പരിശുദ്ധ കന്യകയുടെ നിർമ്മലനായ കാവൽക്കാരാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവകുമാരന്റെ വളർത്തു പിതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ!
തിരുകുടുംബത്തിന്റെ സ്നേഹ നാഥനേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും നീതിമാനായ വിശുദ്ധ യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിരക്തനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിവേകിയായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാധീരനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും അനുസരണമുള്ള
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിശ്വസ്തനായ
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ക്ഷമയുടെ ദർപ്പണമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദാരിദ്ര്യത്തിന്റെ സ്നേഹിതാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മാതൃകയേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബ ജീവിതത്തിന്റെ മഹത്വമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കന്യകകളുടെ സംരക്ഷകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബങ്ങളുടെ നെടുംതൂണേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
വേദനിക്കുന്നവരുടെ ആശ്വാസമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
രോഗികളുടെ ആശ്രയമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മരണാസന്നരുടെ മദ്ധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പിശാചുക്കളുടെ പരിഭ്രമമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തിരുസഭയുടെ പാലകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും ദയയുള്ള യൗസേപ്പിതാവേ (എന്നും ചൊല്ലേണ്ടത്)
എത്രയും ദയയുള്ള യൗസേപ്പി താവേ, ഭക്തി വിശ്വാസങ്ങളോടുകൂടെ അങ്ങേ സന്നിധിയിൽ അണഞ്ഞ് അങ്ങേ മാധ്യസ്ഥ്യം യാചിച്ച ഒരുവനേയും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തു കേട്ടിട്ടില്ല എന്നു വി. അമ്മ ത്രേസ്യ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് അങ്ങ് ഓർക്കേണമേ. കന്യകകളുടെ രാജ്ഞിയായ പരിശുദ്ധ കന്യാമറിയത്തിന്റെ എത്രയും യോഗ്യതയുള്ള മണവാളാ, മധുരവും ആശ്വാസ ജനകവുമായ ഈ ഉറപ്പിൽ വിശ്വസിച്ച്, അതിൽ ധൈര്യം പ്രാപിച്ച് അങ്ങേ തൃപ്പാദത്തിങ്കൽ ഞാൻ വന്നണയുന്നു. രക്ഷകനായ ഈശോയുടെ പിതാവ് എന്ന നാമം പേറുന്ന അങ്ങ് എന്റെ ഈ വിനീതമായ അപേക്ഷ ഒരിക്കലും ഉപേക്ഷിക്കരുതേ! ഞാൻ അങ്ങയുടെ മകനെന്നു ( മകളെന്നു) വിളിക്കപ്പെടാൻ തിരുമനസ്സാകണമേ! അങ്ങയുടെ അപേക്ഷകൾ കാരുണ്യപൂർവം കൈക്കൊള്ളുന്ന ഈശോയുടെ തിരുമുമ്പിൽ എന്റെ നിയോഗങ്ങൾ എനിക്കുവേണ്ടി അങ്ങു സമർപ്പിക്കണമേ, ആമേൻ.