വിശുദ്ധ യൗസേപ്പിതാവിനോടുള്ള അപേക്ഷ: ഇരുപത്തിയൊന്നാം ദിവസം

Fr Joseph Vattakalam
4 Min Read

മഹാവിശ്വസ്തനായ വിശുദ്ധ യൗസേപ്പിതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ!

വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പ്രഖ്യാപനം ലളിത സുന്ദരമാണ്. “വിശുദ്ധ യൗസേപ്പിതാവിന്റെ വിശ്വാസത്തിന്റെ ആഴവും ലാളിത്യവും സഭ പുകഴ്ത്തുന്നു”.

 ധന്യൻ ഫുൾട്ടൻ ജെ. ഷീൻ വിവാഹത്തിലെ മൂന്നു മോതിരങ്ങളെ പറ്റി പരാമർശിക്കുന്നുണ്ട്. മനസ്സമ്മത മോതിരം, വിവാഹമോതിരം, സഹന മോതിരം. വിവാഹിതർക്ക് എല്ലാവർക്കുമറിയാം പരാമർശം സത്യമാണെന്ന്. വിവാഹജീവിതത്തിൽ പുഷ്പകിരീടവും മുൾക്കിരീടവും   തോളോട് തോൾ ചേർന്ന് പോകുന്നവയാണ്. ഇത് സുഖദുഃഖ സമ്മിശ്രമാണെന്ന് ചുരുക്കം. പരസ്പര സ്നേഹം, കരുതൽ, കാരുണ്യം, സഹിഷ്ണത, വിശ്വസ്തത, പരിത്യാഗം, ഇവയെല്ലാം ഇവിടെ സമഞ്ജസമായി സമ്മേളിക്കണം. ഓരോ ക്രൈസ്തവന്റെയും ദൈവവുമായുള്ള ബന്ധം ഒരു ആത്മീയ വിവാഹമാണ്. ഇവിടെയും സ്നേഹവും ത്യാഗവും വിശ്വസ്തതയും സഹനവുമൊക്കെ അത്യന്താപേക്ഷിതമാണ്. ആത്മീയ രെല്ലാം സുഖത്തിലും ദുഃഖത്തിലും സുഭിക്ഷതയിലും ദുർഭിക്ഷതയിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും എല്ലാം ദൈവത്തോട് പരിപൂർണ്ണ വിശ്വസ്തതയിലായിരിക്കണം. മറ്റെല്ലാ കാര്യങ്ങളിലും എന്നതുപോലെ ഈ രംഗത്തും യൗസേപ്പിതാവ് ദൈവത്തോടും തന്റെ ഭാര്യയോടും തികഞ്ഞ വിശ്വസ്തത പുലർത്തിയിരുന്നു.

  3 ദൈവിക പുണ്യങ്ങളിൽ വിശ്വാസവും പ്രധാനപ്പെട്ടതാണ്. വിശ്വാസത്തിന് ഹെബ്രായ ലേഖനം നൽകുന്ന നിർവചനം സുവിദിതമാണല്ലോ. ” വിശ്വാസം എന്നത് പ്രത്യാശിക്കുന്നത് ലഭിക്കുമെന്ന ഉറപ്പും കാണാപെടാത്തവ ഉണ്ട് എന്ന ബോധ്യമാണ് (11: 1 ).

ഈശോ ആരാണെന്നും അവിടുത്തെ പ്രബോധനം എന്താണെന്നും അറിയുകയും അംഗീകരിക്കുകയും അവിടുത്തെ വാഗ്ദാനങ്ങളിൽ പൂർണമായി വിശ്വസിക്കുകയും ചെയ്യുന്നതാണ് ക്രൈസ്തവ വിശ്വാസം. ക്രൈ സ്തവ വിശ്വാസം എന്നാൽ ക്രിസ്തുവിലുള്ള വിശ്വാസം ആണെന്ന് സംക്ഷിപ്തമായി പറയാം. ക്രിസ്തുവിൽ വിശ്വാസമർപ്പിക്കാനും അവിടുന്നിൽ പൂർണ്ണമായി ശരണപ്പെടാനും വിളിക്കപ്പെട്ടവനാണ് ക്രൈസ്തവൻ. അവിടത്തെ അംഗീകരിച്ചാൽ മാത്രം പോരാ. അതിലുപരി പൂർണ്ണ ആത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണഹൃദയത്തോടും സർവ്വ ശക്തിയോടും അവിടുത്തെ സ്നേഹിക്കണം. യൗസേപ്പിതാവ് ഈശോയിൽ ഉള്ള വിശ്വാസത്തിന്റെയും ശരണ ത്തിന്റെയും കറതീർന്ന സ്നേഹത്തിന്റെയും അത്യുദാത്തമായ മാതൃകയാണ്. മറിയം കഴിഞ്ഞാൽ പിന്നെ ഇത്രയും നന്നായി ഈശോയെ അറിഞ്ഞ മറ്റു മനുഷ്യരാരുമില്ല. ഈശോ പറയുന്നത് പൂർണമായി ഗ്രഹിക്കാൻ കഴിയാതിരുന്നപ്പോഴും അദ്ദേഹം ഈശോയുടെ വാക്കുകൾ മുറുകെപ്പിടിച്ചു.

ഈശോയുടെ ദൈവത്വത്തെ യൗസേപ്പിതാവ് ഒരിക്കലും അണുപോലും സംശയിച്ചില്ല. ഈ ഭൂമിയിൽ ഈശോ കാണപ്പെട്ടത് ഒരു സാധാരണ വ്യക്തിയായാണ്. എന്നാൽ പുൽത്തൊട്ടിയിലും നസ്രത്തിലെ ഭവനത്തിലും പണിശാലയിലും ജെറുസലേം ദേവാലയത്തിലും വളരുന്ന ഈശോയെ ദൈവവും മനുഷ്യനുമായി കണ്ടു ആരാധിച്ചിരുന്നു. ഈശോയെ കാണുന്നതിലൂടെ സർവ്വശക്തനായ ദൈവത്തെയാണ് താൻ കാണുന്നതെന്ന് അദ്ദേഹം ദൃഢമായി വിശ്വസിച്ചിരുന്നു. ഈ വസ്തുത അദ്ദേഹത്തിന് മാലാഖ യിലൂടെ ദൈവം വെളിപ്പെടുത്തി കൊടുത്തതാണ്. അവ്വിധം  അദ്ദേഹം ഈശോയോടു വിശ്വസ്തനായിരിക്കുകയും ചെയ്തു. യൗസേപ്പിതാവ് നമ്മുടെ വിശ്വാസം വർദ്ധിപ്പിക്കും. ഇപ്പോൾ വിശ്വാസത്തിൽ സ്ഥിരതയുള്ളവരായിരിക്കുക, വളരെ വിഷമമുള്ള കാര്യമാണ്. കാരണം എവിടെയും ഭൗതികത കൊടികുത്തിവാഴുന്നു. ഈ സാഹചര്യത്തിലും ഈശോയിൽ ശരണപ്പെടുന്നതിലും അവിടുത്തെ വാഗ്ദാനങ്ങളിൽ പ്രത്യാശ അർപ്പിക്കുന്നതിനും അവിടുത്തെ സ്നേഹിക്കുന്നവരും ഈ പിതാവ് നമ്മെ സഹായിക്കും.

 പ്രതിഷ്ഠ

 മഹാ വിശ്വസ്തനായ വിശുദ്ധ യൗസേപ്പിതാവേ, ആഴമേറിയ വിശ്വാസത്തിന്റെ ഉടമയേ പുഷ്പ കിരീടവും മുൾക്കിരീടവും സമാന്തരമായി സന്തോഷസമന്വിതം അണിഞ്ഞവനേ, വിശ്വാസം പ്രത്യാശ സ്നേഹം എന്നീ ദൈവീക പുണ്യങ്ങളാൽ നിറഞ്ഞിരുന്നവനേ, ഈശോയെ ഏറ്റം നന്നായി അറിഞ്ഞ പിതാവേ, പരിശുദ്ധ അമ്മയെ പൂർണ്ണമായി മനസ്സിലാക്കിയ ദിവ്യതാത, ഞാൻ എന്നെത്തന്നെ അങ്ങേയ്ക്ക് വിനയപൂർവ്വം പ്രതിഷ്ഠിക്കുന്നു. ആമേൻ 

ലുത്തിനിയ (എന്നും ആവർത്തിക്കേണ്ടത്)

കർത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ, അനുഗ്രഹിക്കണമേ!

കർത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ!

സ്വർഗ്ഗസ്ഥനായ പിതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ!

ലോകരക്ഷകനായ മിശിഹായേ ഞങ്ങളെ അനുഗ്രഹിക്കണമേ!

പരിശുദ്ധാത്മാവായ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ!

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ ഞങ്ങളെ അനുഗ്രഹിക്കണമേ!

പരിശുദ്ധ മറിയമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ!

വിശുദ്ധ യൗസേപ്പേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ!

ദാവീദിന്റെ വിശിഷ്ട സന്താനമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

പൂർവ്വപിതാക്കന്മാരുടെ പ്രകാശമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

ദൈവജനനിയുടെ വിരക്ത ഭർത്താവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

പരിശുദ്ധ കന്യകയുടെ നിർമ്മലനായ കാവൽക്കാരാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

ദൈവകുമാരന്റെ വളർത്തു പിതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ!

തിരുകുടുംബത്തിന്റെ സ്നേഹ നാഥനേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

 എത്രയും നീതിമാനായ വിശുദ്ധ യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

മഹാവിരക്തനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

 മഹാവിവേകിയായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

മഹാധീരനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

എത്രയും അനുസരണമുള്ള

വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

 മഹാവിശ്വസ്തനായ

വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

ക്ഷമയുടെ ദർപ്പണമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

 ദാരിദ്ര്യത്തിന്റെ സ്നേഹിതാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

 തൊഴിലാളികളുടെ മാതൃകയേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

തൊഴിലാളികളുടെ മധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

കുടുംബ ജീവിതത്തിന്റെ മഹത്വമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

കന്യകകളുടെ സംരക്ഷകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

കുടുംബങ്ങളുടെ നെടുംതൂണേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

വേദനിക്കുന്നവരുടെ ആശ്വാസമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

രോഗികളുടെ ആശ്രയമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

മരണാസന്നരുടെ മദ്ധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ! 

പിശാചുക്കളുടെ പരിഭ്രമമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

 തിരുസഭയുടെ പാലകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

എത്രയും ദയയുള്ള യൗസേപ്പിതാവേ (എന്നും ചൊല്ലേണ്ടത്)

എത്രയും ദയയുള്ള യൗസേപ്പി താവേ, ഭക്തി വിശ്വാസങ്ങളോടുകൂടെ അങ്ങേ സന്നിധിയിൽ അണഞ്ഞ് അങ്ങേ മാധ്യസ്ഥ്യം യാചിച്ച ഒരുവനേയും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തു കേട്ടിട്ടില്ല എന്നു വി. അമ്മ ത്രേസ്യ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് അങ്ങ് ഓർക്കേണമേ. കന്യകകളുടെ രാജ്ഞിയായ പരിശുദ്ധ കന്യാമറിയത്തിന്റെ എത്രയും യോഗ്യതയുള്ള മണവാളാ, മധുരവും ആശ്വാസ ജനകവുമായ ഈ ഉറപ്പിൽ വിശ്വസിച്ച്, അതിൽ ധൈര്യം പ്രാപിച്ച് അങ്ങേ തൃപ്പാദത്തിങ്കൽ ഞാൻ വന്നണയുന്നു. രക്ഷകനായ ഈശോയുടെ പിതാവ് എന്ന നാമം പേറുന്ന അങ്ങ് എന്റെ ഈ വിനീതമായ അപേക്ഷ ഒരിക്കലും ഉപേക്ഷിക്കരുതേ! ഞാൻ അങ്ങയുടെ മകനെന്നു ( മകളെന്നു) വിളിക്കപ്പെടാൻ തിരുമനസ്സാകണമേ! അങ്ങയുടെ അപേക്ഷകൾ കാരുണ്യപൂർവം കൈക്കൊള്ളുന്ന ഈശോയുടെ തിരുമുമ്പിൽ എന്റെ നിയോഗങ്ങൾ എനിക്കുവേണ്ടി അങ്ങു സമർപ്പിക്കണമേ, ആമേൻ.

Share This Article
error: Content is protected !!