മഹാധീരനായ വി. യൗസേപ്പിതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ!
സ്വീഡനിലെ വിശുദ്ധ ബിജിത്ത് പറയുന്നു :” ലോകത്തോടും ശരീരത്തോടും പരിപൂർണ്ണമായും മരിച്ച വിശുദ്ധ യൗസേപ്പിതാവ് സ്വർഗ്ഗീയ കാര്യങ്ങളല്ലാതെ മറ്റൊന്നുംതന്നെ ആഗ്രഹിച്ചില്ല”.
സ്വർഗ്ഗീയ കാര്യങ്ങളിൽ മാത്രം ശ്രദ്ധ പതിപ്പിച്ചിരുന്ന വി. യൗസേപ്പിതാവ് ഈശോയെയും മാതാവിനെയുംപ്രതി സ്വമനസ്സാ താൽപര്യപൂർവം വിശുദ്ധിയുടെ പാരമ്യത്തിൽത്തന്നെ അദ്ദേഹം ജീവിച്ചു. ഈശോയുടെ പിതാവും സംരക്ഷകനും ഒപ്പം ശിഷ്യനുമായിരുന്നു നീതിമാനും ധർമിഷ്ഠനുമായ അദ്ദേഹം. ഈശോയുടെ ദിതീയ ശിഷ്യനാണ് യൗസേപ്പ് എന്ന് പറയുന്നതിൽ അതിശയോക്തിയില്ല .ഇതിന് അദ്ദേഹത്തിന് ആത്മധൈര്യം അത്യന്താപേക്ഷിതമായിരുന്നു. എല്ലാ സുഗമവും അനായാസവും ആയിരിക്കുമ്പോൾ സധൈര്യം ഈശോയെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവർ ധാരാളം കാണും. എന്നാൽ വിഷമകരവും ദുഃഖകരമായ സാഹചര്യങ്ങളിൽ അവിടുത്തെ അനുഗമിക്കാൻ അധികമാരും ഉണ്ടാവണമെന്നില്ല. എന്നാൽ യൗസേപ്പിതാവ് എല്ലാ സാഹചര്യങ്ങളിലും എല്ലാ സമയത്തും ഏറെ വിശ്വസ്തനും ധീരനായിരുന്നു. അസാധാരണ ധൈര്യം ആണ് അദ്ദേഹം പ്രദർശിപ്പിച്ചിരുന്നത്.
ധൈര്യം പ്രധാനപ്പെട്ട ഒരു മൗലിക പുണ്യമാണ്. അത് ഒരുവന്റെ ഇച്ഛയെ ബലപ്പെടുത്തുന്നു. സഹനങ്ങളുടെ നടുക്കടലിൽ ആയിരിക്കുമ്പോൾപോലും ദൈവഹിതം പ്രവർത്തിക്കാനും പൂർത്തിയാക്കാനുള്ള കൃപ അത് പ്രദാനം ചെയ്യുന്നു. യഥാർത്ഥ ധൈര്യം എന്ന് പറയുന്നത് തിന്മയെ ചെറുത്ത് നിൽക്കാനും സഹനത്തിൽ ദൈവഹിതത്തിനു സമ്പൂർണ്ണ വിധേയത്വം നൽകുക, സർവ്വോപരി, നന്മയെ ആഞ്ഞു പുല്കുക ഇവയാണ്. പരീക്ഷണങ്ങളിൽ പതറാതെ ശക്തനും ധീരനും ചഞ്ചലപ്പെടാത്ത മനസ്സിന്റെ ഉടമയായിരിക്കും യഥാർത്ഥ ധൈര്യവാൻ.
യൗസേപ്പ് മഹാധീരനായിരുന്നു. ഇസ്രായേലിന്റെ ആജന്മ ശത്രു പാളയത്തിലേക്കാണ് ശിശുവിനെയും അമ്മയെയും കൊണ്ട് ഏകാന്തപഥികനായി ധീരനായ ഈ ദാവീദ് വംശജൻ പോകേണ്ടിവന്നത്. പരിശുദ്ധാത്മാവ് സമ്മാനിക്കുന്ന ആത്മധൈര്യം അല്ലാതെ മറ്റെന്താണ് അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചത്? ഭീരുവായ ഒരു മനുഷ്യന് ഇപ്രകാരം ഒരു യാത്ര അസാധ്യതയുടെ മേഖലയായിരുന്നു. ശിശുവിനെയും അമ്മയെയും ഏതുവിധേനയും രക്ഷിക്കുക അതായിരുന്നു ; അതുമാത്രമായിരുന്നു യൗസേപ്പിതാവിനുണ്ടായ പ്രേരകശക്തി. അദ്ദേഹം സത്വരം പുറപ്പെട്ടു ഈജിപ്തിൽ എത്തി. മടങ്ങാൻ മാലാഖ പറയുന്നതുവരെ അവിടെ താമസിച്ചു .
നിത്യജീവൻ കൈവശമാക്കണമെങ്കിൽ പതറാത്ത ആത്മധൈര്യം വേണം. പ്രാർത്ഥനയും പ്രായശ്ചിത്തവും ഇതര പരിത്യാഗ പ്രവർത്തികളും കൊണ്ടു ശത്രുവിനെ നാം പരാജയപ്പെടുത്തണം. നമുക്ക് ആത്മധൈര്യം പകരാൻ യൗസേപ്പിതാവ് സന്നദ്ധനാണ്. നമുക്ക് അദ്ദേഹത്തെ അനുകരിക്കാം. അപ്പോൾ നമ്മുടെ ആത്മീയ യുദ്ധത്തിൽ ശത്രുവിനെ നേരിടാൻ നാം ഭയപ്പെടുകയില്ല. അദ്ദേഹത്തിന്റെ ധൈര്യത്തിന്റെ രഹസ്യം ദൈവം തന്റെ കൂടെ ഉണ്ടെന്നുള്ള ബോധ്യമാണ്. വിജാതിയ ആചാരങ്ങൾക്കും വിഗ്രഹാരാധനയും മന്ത്രവാദത്തിലും മോഷണത്തിനും ഒക്കെ പേരുകേട്ട ഈജിപ്തിലേക്ക് കുഞ്ഞിനെയും അമ്മയും കൊണ്ട് പോകാനാണ് ദൈവം കൽപ്പിച്ചത്. അദ്ദേഹം ആരെയും ഭയപ്പെട്ടില്ല. “ദൈവം നമ്മോടു കൂടെ ഉണ്ടെങ്കിൽ ആര് നമുക്ക് എതിര് നിൽക്കും?”.
യൗസേപ്പിതാവ് നമ്മളിലുള്ള സ്ഥൈര്യം വർദ്ധിപ്പിക്കും. ആ നല്ല പേരിന്റെ അർഥം തന്നെ ‘വർദ്ധിപ്പിക്കുന്നവൻ’ എന്നാണ്. അദ്ദേഹത്തെപ്പോലെ ദൈവസ്നേഹത്താൽ നാം കത്തി ജ്വലിക്കണമെന്നു മാത്രം. അപ്പോൾ ഈശോ തന്നെ (ശിഷ്യന്മാരോട് പറഞ്ഞതുപോലെ) നമ്മോട് പറയും :”ഭയപ്പെടേണ്ട ധൈര്യമായിരിക്കുക. ഇതു ഞാനാണ് “.ഇവിടെ നാമും യൗസേപ്പിതാവിനെ പോലെ പരിത്യാഗം അഭ്യസിക്കണം.
ഈശോയ്ക്ക് യഥാർത്ഥ ദൈവത്തിന്റെ മാതൃക യൗസേപ്പിതാവ് ആയിരുന്നു. സ്നേഹത്തിന്റെയും ധൈര്യത്തിന്റെയും ആത്മ ബലത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രാർത്ഥനയുടെയും എല്ലാ മാതൃകയാണ് അദ്ദേഹം . ഈ പിതാവിനോട് പറ്റിപ്പിടിച്ചു നിൽക്കുന്നവർക്ക് ഒന്നിനെയും ഭയപ്പെടേണ്ടി വരികയില്ല. ഈശോയുടെ അവസാന സന്ദേശങ്ങളിൽ ഒന്ന് ;” ലോകത്തിൽ നിങ്ങൾക്ക് ഞെരുക്കങ്ങൾ ഉണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിൻ ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു” എന്നത്.
പ്രതിഷ്ഠ
ഓ, വിശുദ്ധ യൗസേപ്പിതാവേ ഈശോയുടെ വാത്സല്യധനനായ പിതാവേ, കന്യാമറിയത്തിന്റെ വിരക്ത മണവാളാ, സ്നേഹത്തി ന്റെയും സ്ഥൈര്യത്തിന്റെയും ധൈര്യത്തിന്റെയും ആത്മ ബലത്തിന്റെയും കഠിനാധ്വാനത്തിന്റെയും പര്യായമേ, ഞാൻ എന്നെത്തന്നെ അങ്ങേയ്ക്ക് പ്രതിഷ്ഠിക്കുന്നു. കൃപയുടെ ആയുധങ്ങൾ ധരിച്ചുകൊണ്ട് ഇഹലോക ജീവിതത്തിൽ തിന്മയ്ക്കെതിരേ യുദ്ധം (ചെയ്യേണ്ടത് പോലെ) ചെയ്യാനും മരണസമയത്ത് ഈശോമിശിഹായാൽ കിരീടം ധരിപ്പിക്കപ്പെടേണ്ടതിനുമായി അനുദിനം ദൈവപുത്രനോടു എനിക്കുവേണ്ടി അങ്ങ് പ്രാർത്ഥിക്കണമേ! സുഖത്തിലും ദുഃഖത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും സുസ്ഥിതിയിലും ദുസ്ഥിതിയിലും ദൈവത്തിൽ ശരണപ്പെട്ട്, അവിടുത്തെ തിരുഹിതം നിറവേറ്റി ജീവിക്കാൻ എന്നെ ശക്തനാക്കണമേ ആമീൻ
ലുത്തിനിയ (എന്നും ആവർത്തിക്കേണ്ടത്)
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, അനുഗ്രഹിക്കണമേ!
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ!
സ്വർഗ്ഗസ്ഥനായ പിതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ലോകരക്ഷകനായ മിശിഹായേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധാത്മാവായ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധ മറിയമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ!
വിശുദ്ധ യൗസേപ്പേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ!
ദാവീദിന്റെ വിശിഷ്ട സന്താനമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പൂർവ്വപിതാക്കന്മാരുടെ പ്രകാശമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവജനനിയുടെ വിരക്ത ഭർത്താവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പരിശുദ്ധ കന്യകയുടെ നിർമ്മലനായ കാവൽക്കാരാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവകുമാരന്റെ വളർത്തു പിതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ!
തിരുകുടുംബത്തിന്റെ സ്നേഹ നാഥനേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും നീതിമാനായ വിശുദ്ധ യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിരക്തനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിവേകിയായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാധീരനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും അനുസരണമുള്ള
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിശ്വസ്തനായ
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ക്ഷമയുടെ ദർപ്പണമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദാരിദ്ര്യത്തിന്റെ സ്നേഹിതാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മാതൃകയേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബ ജീവിതത്തിന്റെ മഹത്വമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കന്യകകളുടെ സംരക്ഷകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബങ്ങളുടെ നെടുംതൂണേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
വേദനിക്കുന്നവരുടെ ആശ്വാസമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
രോഗികളുടെ ആശ്രയമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മരണാസന്നരുടെ മദ്ധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പിശാചുക്കളുടെ പരിഭ്രമമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തിരുസഭയുടെ പാലകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും ദയയുള്ള യൗസേപ്പിതാവേ (എന്നും ചൊല്ലേണ്ടത്)
എത്രയും ദയയുള്ള യൗസേപ്പി താവേ, ഭക്തി വിശ്വാസങ്ങളോടുകൂടെ അങ്ങേ സന്നിധിയിൽ അണഞ്ഞ് അങ്ങേ മാധ്യസ്ഥ്യം യാചിച്ച ഒരുവനേയും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തു കേട്ടിട്ടില്ല എന്നു വി. അമ്മ ത്രേസ്യ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് അങ്ങ് ഓർക്കേണമേ. കന്യകകളുടെ രാജ്ഞിയായ പരിശുദ്ധ കന്യാമറിയത്തിന്റെ എത്രയും യോഗ്യതയുള്ള മണവാളാ, മധുരവും ആശ്വാസ ജനകവുമായ ഈ ഉറപ്പിൽ വിശ്വസിച്ച്, അതിൽ ധൈര്യം പ്രാപിച്ച് അങ്ങേ തൃപ്പാദത്തിങ്കൽ ഞാൻ വന്നണയുന്നു. രക്ഷകനായ ഈശോയുടെ പിതാവ് എന്ന നാമം പേറുന്ന അങ്ങ് എന്റെ ഈ വിനീതമായ അപേക്ഷ ഒരിക്കലും ഉപേക്ഷിക്കരുതേ! ഞാൻ അങ്ങയുടെ മകനെന്നു ( മകളെന്നു) വിളിക്കപ്പെടാൻ തിരുമനസ്സാകണമേ! അങ്ങയുടെ അപേക്ഷകൾ കാരുണ്യപൂർവം കൈക്കൊള്ളുന്ന ഈശോയുടെ തിരുമുമ്പിൽ എന്റെ നിയോഗങ്ങൾ എനിക്കുവേണ്ടി അങ്ങു സമർപ്പിക്കണമേ, ആമേൻ