ദൈവമാതാവിന്റെ വിരക്ത ഭർത്താവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ!
അമലോത്ഭവമായ സ്വഭാര്യയെ അറിയാനും ആ മകളോടുള്ള സ്നേഹം വർദ്ധിപ്പിക്കാനും എത്രയധികം ത്യാഗനിർഭരനായാവണം യൗസേപ്പ് പ്രാർത്ഥിച്ചിരിക്കുക.
വി. ഗബ്രിയേൽ അലേഗ്രാ.
യൗസേപ്പിതാവ് തന്റെ ഭാര്യയെ സ്നേഹിച്ചതുപോലെ മറ്റൊരു ഭർത്താവും തന്റെ ഭാര്യയെ സ്നേഹിച്ചിരിക്കില്ല. അമലോത്ഭവമായ പരിശുദ്ധ മറിയത്തിന് ഭർത്താവാകാൻ സ്വർഗ്ഗം അദ്ദേഹത്തെ തെരഞ്ഞെടുത്തത് അത്രയ്ക്ക് മഹോന്നതമായ വിശുദ്ധിയും ഔന്നത്യവും അദ്ദേഹത്തിനുണ്ടായിരുന്നതുകൊണ്ടാണ്. തന്റെ കന്യാത്വം അദ്ദേഹത്തിന്റെ പരിശുദ്ധമായ പുരുഷത്വത്തിൽ സുരക്ഷിതമാണെന്ന് അമ്മ മനസ്സിലാക്കി. അമലമനോഹരി യുടെ അശ്വാരൂഢനായ യോദ്ധാവും പോരാളിയുമായിരുന്നു ആ ‘നീതിമാൻ’. വിവാഹാന്തസ്സിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ തങ്ങൾക്ക് ലഭിക്കുന്ന ഭർത്താക്കന്മാർ സ്നേഹനിധി, സൗമ്യർ, പിതൃതുല്യം ആശ്രയിക്കാവുന്നവർ, തങ്ങൾക്കു വേണ്ടി ജീവൻ അർപ്പിക്കാൻ സന്നദ്ധർ(സർവ്വഗുണ സമ്പന്നർ) ആയിരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. സഭയ്ക്കും ലോകത്തിനും യൗസേപ്പിതാവിനെ പോലെയുള്ള കുടുംബനാഥൻമാരെയാണ് ആവശ്യം.
പ്രിയപ്പെട്ട കുടുംബനാഥൻമാരേ യൗസേപ്പിതാവിനെപോലെ നിങ്ങളുടെ ഭാര്യമാരെ ആദരിക്കുക, അംഗീകരിക്കുക, അവരെ ത്യാഗംസഹിച്ചും സ്നേഹിക്കുക. നിങ്ങളുടെ മക്കളെ നിങ്ങളുടെ സ്നേഹപൂർവ്വകവും വിവേകപൂർവ്വമായ സാന്നിധ്യം വഴി ദൈവത്തിലേക്ക് തിരിക്കുക . ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ.
യൗസേപ്പിതാവിനെപോലെയുള്ള മാന്യരും ആദർശധീരരും പോരാളികളും സംരക്ഷകരും പ്രതിരോധകരും (തിന്മയുടെ പ്രതിരോധകർ) ഇടയന്മാരും മെത്രാന്മാരും വൈദികരും ആത്മീയ പിതാക്കന്മാരും ഇന്നിന്റെ ഏറ്റം വലിയ ആവശ്യമാണ്. വിശ്വാസികളായ സഭാതനയരുടെ അടങ്ങാത്ത ദാഹമാണിത്. തങ്ങളുടെ വൈദികരും സന്യസ്തരും മെത്രാന്മാരും…. കറതീർന്ന വിശ്വാസത്തിന്റെ ഉടമകളും പ്രാർത്ഥനാനിർഭരരും കുലീനരും സർവ്വോപരി വിശുദ്ധരുമായിരിക്കണം എന്നാണ് സഭാതനയർ അതിതീവ്രമായി ആഗ്രഹിക്കുന്നത്. അജഗണങ്ങളോടുള്ള സ്നേഹത്തെപ്രതി ചെന്നായ്ക്കളെ തുരുത്തി ഓടിക്കുന്നവരും അനുകമ്പയോടെ ക്രൈസ്തവ ഉപവിയോടും തീഷ്ണതയോടും സത്യം പ്രഘോഷിക്കുന്ന നേതൃനിരയെയാണ് മിശിഹായുടെ മണവാട്ടിയായ സഭയ്ക്ക് ഇന്നാവശ്യം.
സകല പിതൃത്വങ്ങൾക്കും നേതൃത്വങ്ങൾക്കും മാതൃകയാണ് മഹാനായ യൗസേപ്പിതാവ് . ഒരു അപ്പനോ, കുടുംബനാഥനോ വൈദികനോ,മെത്രാനോ നമ്മുടെ പുണ്യപിതാവിനെ കണ്ടു പഠിക്കാതെ പൂർണ്ണതയിലായിരിക്കാൻ ആവില്ല. അദ്ദേഹം മാതൃകാകുടുംബനാഥനും പിതാവും ഭർത്താവും ആണ്. സകലരുടെയും വിളി തങ്ങളെ ഭരമേൽപ്പിച്ചിരിക്കുന്നവർക്ക് കരുതലോടും കരുണാർദ്രമായ സ്നേഹത്തോടും പരിചരണം നൽകുക എന്നുള്ളതാണ്. പല പുരുഷന്മാരും ഈ സത്യം മറന്നു കഴിഞ്ഞിരിക്കുന്നു. ഇക്കൂട്ടരെ യൗസേപ്പിതാവ് സഹായിക്കും. അവരെ വിശുദ്ധരും സ്ത്രീകളോട് ഏറ്റം ആദരവും കരുതലും കാണിക്കുന്നവരുമാകുന്നതിനു സഹായിക്കാൻ അദ്ദേഹത്തെക്കാൾ മെച്ചപ്പെട്ട മാതൃകയെ, മഷിയിട്ടു നോക്കിയാലും, നിങ്ങൾ കാണുകയില്ല. അദ്ദേഹത്തിൽ എല്ലാവർക്കും ബലവും വിശ്വസ്തതയും വീരോചിതമായ സാഹസങ്ങളും പുണ്യങ്ങളും കണ്ടെത്താം. എല്ലാവരും ഈ പുണ്യ പിതാവിന്റെ വിശ്വസ്ത മാതൃക പിന്തുടർന്നാൽ നമ്മുടെ കുടുംബങ്ങളിൽ സുരക്ഷിതത്വവും യഥാർത്ഥ സ്നേഹവുമുണ്ടാകും. ഭർത്താക്കന്മാർ വിശുദ്ധരും, പുരോഹിതർ തിന്മയെ ഹിംസിക്കുന്നവരും മെത്രാന്മാർ ആത്മാക്കളുടെ ഇടയന്മാരും സത്യത്തിന്റെയും ധർമ്മത്തിന്റെയും നെടുംതൂണുകളുമാകും.
പ്രതിഷ്ഠ
ഓ!യൗസേപ്പിതാവേ ഞാൻ എന്നെത്തന്നെ അങ്ങേയ്ക്ക് സമ്പൂർണമായി സമർപ്പിക്കുന്നു. അങ്ങയുടെ മഹോന്നതമായ വിശുദ്ധിയുടെ ഒരു പങ്ക് എനിക്ക് തരണമേ! അങ്ങയെപ്പോലെ എപ്പോഴും എല്ലാവരോടും കുലീനമായി പെരുമാറാൻ എന്നെ അനുഗ്രഹിക്കണമേ! പരിശുദ്ധത്രിത്വത്തോടും പരിശുദ്ധ അമ്മയോടും എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ! ” ശക്തനും ധീരനനും” നന്മനിറഞ്ഞവനുമായി ജീവിച്ചു സഭയ്ക്കും ലോകത്തിനും അനുഗ്രഹമാവാൻ എന്നെ അനുഗ്രഹിക്കണമേ! മറ്റുള്ളവരെ അംഗീകരിച്ചും ത്യാഗം സഹിച്ചും അവരെ സ്നേഹിച്ചും കരുതിയും കാത്തുസൂക്ഷിച്ചും സസന്തോഷം ജീവിക്കാൻ എന്നെ സഹായിക്കേണമേ! ആദർശധീരനും സഭയുടെ ധീര പോരാളിയുമായി ജീവിച്ച് ഏവർക്കും പ്രചോദനവും പ്രോത്സാഹനവും ആവാൻ എന്നെ അനുഗ്രഹിക്കുകയും ചെയ്യണമേ!
ലുത്തിനിയ (എന്നും ആവർത്തിക്കേണ്ടത്)
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, അനുഗ്രഹിക്കണമേ!
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ!
സ്വർഗ്ഗസ്ഥനായ പിതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ലോകരക്ഷകനായ മിശിഹായേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധാത്മാവായ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധ മറിയമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ!
വിശുദ്ധ യൗസേപ്പേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ!
ദാവീദിന്റെ വിശിഷ്ട സന്താനമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പൂർവ്വപിതാക്കന്മാരുടെ പ്രകാശമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവജനനിയുടെ വിരക്ത ഭർത്താവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പരിശുദ്ധ കന്യകയുടെ നിർമ്മലനായ കാവൽക്കാരാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവകുമാരന്റെ വളർത്തു പിതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ!
തിരുകുടുംബത്തിന്റെ സ്നേഹ നാഥനേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും നീതിമാനായ വിശുദ്ധ യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിരക്തനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിവേകിയായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാധീരനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും അനുസരണമുള്ള
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിശ്വസ്തനായ
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ക്ഷമയുടെ ദർപ്പണമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദാരിദ്ര്യത്തിന്റെ സ്നേഹിതാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മാതൃകയേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബ ജീവിതത്തിന്റെ മഹത്വമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കന്യകകളുടെ സംരക്ഷകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബങ്ങളുടെ നെടുംതൂണേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
വേദനിക്കുന്നവരുടെ ആശ്വാസമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
രോഗികളുടെ ആശ്രയമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മരണാസന്നരുടെ മദ്ധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പിശാചുക്കളുടെ പരിഭ്രമമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തിരുസഭയുടെ പാലകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും ദയയുള്ള യൗസേപ്പിതാവേ (എന്നും ചൊല്ലേണ്ടത്)
എത്രയും ദയയുള്ള യൗസേപ്പി താവേ, ഭക്തി വിശ്വാസങ്ങളോടുകൂടെ അങ്ങേ സന്നിധിയിൽ അണഞ്ഞ് അങ്ങേ മാധ്യസ്ഥ്യം യാചിച്ച ഒരുവനേയും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തു കേട്ടിട്ടില്ല എന്നു വി. അമ്മ ത്രേസ്യ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് അങ്ങ് ഓർക്കേണമേ. കന്യകകളുടെ രാജ്ഞിയായ പരിശുദ്ധ കന്യാമറിയത്തിന്റെ എത്രയും യോഗ്യതയുള്ള മണവാളാ, മധുരവും ആശ്വാസ ജനകവുമായ ഈ ഉറപ്പിൽ വിശ്വസിച്ച്, അതിൽ ധൈര്യം പ്രാപിച്ച് അങ്ങേ തൃപ്പാദത്തിങ്കൽ ഞാൻ വന്നണയുന്നു. രക്ഷകനായ ഈശോയുടെ പിതാവ് എന്ന നാമം പേറുന്ന അങ്ങ് എന്റെ ഈ വിനീതമായ അപേക്ഷ ഒരിക്കലും ഉപേക്ഷിക്കരുതേ! ഞാൻ അങ്ങയുടെ മകനെന്നു ( മകളെന്നു) വിളിക്കപ്പെടാൻ തിരുമനസ്സാകണമേ! അങ്ങയുടെ അപേക്ഷകൾ കാരുണ്യപൂർവം കൈക്കൊള്ളുന്ന ഈശോയുടെ തിരുമുമ്പിൽ എന്റെ നിയോഗങ്ങൾ എനിക്കുവേണ്ടി അങ്ങു സമർപ്പിക്കണമേ, ആമേൻ.