പതിമൂന്നാം ലെയോ മാർപ്പാപ്പയാണ് വി. നിക്കോളാസിനെ ശുദ്ധീകരണാത്മാക്കളുടെ പ്രത്യേക മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ ആശ്രമത്തിനു സമീപെ പെലെഗ്രീനോ എന്നൊരാൾ ജീവിച്ചിരുന്നു. വളരെ നല്ല ജീവിതമാണ് അയാൾ നയിച്ചിരുന്നതെന്നാണ് വി. നിക്കോളാസും മറ്റുള്ളവരും വിശ്വസിച്ചിരുന്നത്. ദൈവപ്രമാണങ്ങളും തിരുസ്സഭയുടെ കല്പനകളുമെല്ലാം കൃത്യമായി അയാൾ പാലിച്ചിരുന്നു. ബലിയർപ്പിക്കുന്നതിലും ജപമാല ചൊല്ലുന്നതിലും പരസ്നേഹപ്രവൃത്തികൾ ചെയ്യുന്നതിലുമെല്ലാം നിഷ്ഠയുള്ളവനുമായിരുന്നു പെരെഗ്രീനോ. അയാൾ മരിച്ചതിന്റെ കുറെ വർഷങ്ങൾക്കുശേഷം ഒരു ദിവസം നിക്കോളാസിനു കാണപ്പെട്ടു. വിശുദ്ധന് ആളെ മനസ്സിലായേയില്ല. ”നിങ്ങൾ ആരാണ്?” എന്ന് അദ്ദേഹം ചോദിച്ചു. അത്രയും സമയംകൊണ്ട് തനിക്കു പരിചയമുള്ള ആളാണു പ്രത്യക്ഷപ്പെട്ടിരിക്കുന്നതെനു വി. നിക്കോളാസ് മനസ്സിലാക്കി. അദ്ദേഹം ആഗതനോട് ആരാഞ്ഞു. ”നീ ഇതുവരെയും സ്വർഗ്ഗത്തിൽ പ്രവേശിച്ചില്ലേ?” ഇല്ല. വിശുദ്ധൻ കാരണം അന്വേഷിച്ചപ്പോൾ, അയാൾ പറഞ്ഞു: ”ഞാൻ നല്ല ജീവിതമാണു നയിച്ചിരുന്നത്. പക്ഷെ, ശുദ്ധീകരണസ്ഥലത്തു വേദനിക്കുന്ന ആത്മാക്കൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. അതുകൊണ്ടു മാത്രമാണു ഞാൻ ശുദ്ധീകരണസ്ഥലത്തു സഹിക്കേണ്ടിവന്നത്. ശുദ്ധീകരണസ്ഥലത്തു വേദനിക്കുന്ന എനിക്കും മറ്റുള്ളവർക്കുംവേണ്ടി അങ്ങു കുർബ്ബാന ചൊല്ലി പ്രാർത്ഥിക്കണം” ഇത്രയും പറഞ്ഞു പെരെഗ്രീനോ അപ്രത്യക്ഷനായി.
ഏഴു ദിവസം വിശുദ്ധൻ ബലിയർപ്പിച്ചു പ്രാർത്ഥിച്ചുകഴിഞ്ഞപ്പോൾ, പെരെഗ്രീനോ വീണ്ടും അദ്ദേഹത്തിനു കാണപ്പെട്ട് താനും മറ്റും ധാരാളംപേരും ആത്മാക്കളും വിശുദ്ധന്റെ ബലിയർപ്പണത്തിലൂടെ സ്വർഗ്ഗം പൂകിയെന്ന് അറിയിച്ചു. അയാൾ തുടർന്നുപറഞ്ഞു. അച്ചൻ അർപ്പിച്ച ബലികളും പ്രാർത്ഥനകളും ഞാൻ പ്രാർത്ഥിക്കാതിരുന്നതിനാൽ സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ കഴിയാതെപോയവർക്കുവേണ്ടി ദൈവം വീതിച്ചുകൊടുത്ത് അവരെ രക്ഷപ്പെടുത്തി. ശുദ്ധീകരണാത്മാക്കൾക്കുവേണ്ടി പ്രാർത്ഥിക്കുക എന്നത് കത്തോലിക്കന്റെയും, അല്ലാ സകല വിശ്വാസിയുടേയും കടമയാണ്.