പഠിക്കുക നിങ്ങളുടെ കടമയാണ്. നിങ്ങളുടെ മാതാപിതാക്കൾക്ക് നിങ്ങളിൽ ഒത്തിരി പ്രതീക്ഷകളുണ്ട്. അധ്യാപകരും നിങ്ങളുടെ നന്മ ആഗ്രഹിക്കുന്നു. നിങ്ങൾ നല്ലവരായി വളർന്നു വരുന്നത് കാണുക അവർക്കെല്ലാം എന്ത് സന്തോഷകരമാണെന്നോ!
ക്ലാസ്സിൽ നല്ലവണ്ണം ശ്രദ്ധിച്ചാൽ പഠനം പകുതിയായി. പിന്നെ ചെറിയ ശ്രമമെ വേണ്ടു. ഗൃഹപാഠം കൂടെ ചെയ്തുകഴിഞ്ഞാൽ തല്ക്കാലം പഠനം പൂർത്തിയായി. ചില കുട്ടികൾ ക്ലാസ്സിൽ ശ്രദ്ധിക്കുകയില്ല. പഠിക്കാൻ ശ്രമിക്കുന്നവരെ ശല്യപെടുത്തുന്നവരുമുണ്ട്. ഗൃഹപാഠം വല്ലവരെയും കൊണ്ട് ചെയ്യിക്കും. ഇതെല്ലം വിജയത്തിന്റെ വഴിയടയ്ക്കുന്ന പ്രവർത്തികളാണ്.
അനുദിനമുള്ള പാഠങ്ങൾ അന്നന്ന് പഠിക്കുക. ആഴ്ചയിലൊരിക്കൽ ആവർത്തിച്ചു ഉറപ്പിക്കുക. നല്ല വിദ്യാർത്ഥികൾ ഇങ്ങനെയാണ്. സ്കൂളിൽ നിന്ന് അറിവ് സമ്പാദിച്ചാൽ മാത്രം പോരാ. കൊള്ളക്കാരും ഭീകരപ്രവർത്തകരുമെല്ലാം സ്കൂളിൽ നിന്ന് ഇറങ്ങുന്നവരാണല്ലോ. എന്തെല്ലാം പഠിച്ചാലും നമ്മൾ നല്ലവരാകുന്നില്ലെങ്കിൽ നമുക്കോ ലോകത്തിനോ അതുകൊണ്ടു പ്രയോജനം ഇല്ലെന്നല്ലേ ഇതിനർത്ഥം? വിജ്ഞാന സമ്പാദനത്തോടൊപ്പം സ്വഭാവ സംസ്കരണവും സാധിക്കുക അത്യാവശ്യമാണ്. വിദ്യാലയ ജീവിതം അതിനുപകരിക്കണം.
ക്ലാസ്സിൽ പല മതക്കാരുണ്ടാകും. ധനികരുടെയും ദരിദ്രരുടെയും മക്കളുണ്ടായിരിക്കും. സൗധര്യം കൂടുതലുള്ളവരും കുറവുള്ളവരും ഉണ്ടെന്നുവരാം. എന്നാൽ എല്ലാവരും ദൈവത്തിന്റെ മക്കളാണ്. ഈ മനോഭാവത്തോടെ പരസ്പരം സ്നേഹിക്കാനും സഹായിക്കാനും കൂട്ടികൾ പഠിക്കണം. ഇങ്ങനെ മറ്റുള്ളവരുമായി നല്ല ബന്ധങ്ങൾ സ്ഥാപിക്കാനും നല്ല ജീവിത ദർശനവും ലക്ഷ്യബോധവും വളർത്തിയെടുക്കാനും കഴിയണം.