നിരന്തരം ദൈവത്തിന് നന്ദി പറയുക ദൈവമക്കളുടെ എല്ലാവരുടെയും കടമയാണ്. വിശുദ്ധരോടൊപ്പം ദൈവത്തിന്റെ പ്രകാശത്തിൽ പങ്കുചേരാനുള്ള അവകാശത്തിന് നമ്മെ യോഗ്യരാക്കിയത് അവിടുന്നാണ്. പാപാന്ധാകാരത്തിൽ നിന്ന് നമ്മെ മോചിപ്പിച്ചു തന്റെ പ്രകാശത്തിലേക്ക് നയിച്ചത് അവിടുന്നാണ്(കൊളോ.1:12 )
പ്രകാശത്തിന്റെ പുത്രരും അന്ധകാരത്തിന്റെ പുത്രരും തമ്മിൽ എപ്പോഴും സംഘർഷത്തിലാണ്. പ്രകാശത്തിന്റെ പുത്രരെ പിതാവ് തന്റെ പുത്രന്റെ രാജ്യത്തിലേക്ക് നയിക്കുന്നു. അവിടുന്ന് അവർക്ക് പാപമോചനവും വീണ്ടെടുപ്പും കൈവന്നിരിക്കുന്നു (കൊ ളോ.1:14 ). സൃഷ്ടികർമ്മത്തിലും ഞാനൊരു അഞ്ജനത്തിലും ഈശോയ്ക്കുള്ള പങ്ക് കൊളോ.1:15-20) അരക്കിട്ടുറപ്പിക്കുന്നു.
അവിടുന്ന് ഒന്നാമനും (1:15,18)എല്ലാറ്റിനും മുമ്പുള്ളവനുമാണ്(1:17). കൊളോ.1:15-17.സൃഷ്ടപ്രപഞ്ചത്തിലും സഭയിലും മിശിഹായ്ക്കുള്ള പ്രഥമ സ്ഥാനമാണ് 1:15-20 ന്റെ പ്രമേയം തന്നെ.
അവന് അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികള്‍ക്കുംമുമ്പുള്ള ആദ്യജാതനുമാണ്.
കാരണം, അവനില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപ ത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്.
അവനാണ് എല്ലാറ്റിനും മുമ്പുള്ളവന്‍; അവനില്‍ സമസ്തവും സ്ഥിതിചെയ്യുന്നു.
അവന് സഭയാകുന്ന ശരീരത്തിന്റെ ശിരസ്സാണ്. അവന് എല്ലാറ്റിന്റെയും ആരംഭവും മരിച്ചവ രില്നിന്നുള്ള ആദ്യജാതനുമാണ്. ഇങ്ങനെ എല്ലാകാര്യങ്ങളിലും അവന് പ്രഥമസ്ഥാനീയനായി.
എന്തെന്നാല്‍, അവനില്‍ സര്‍വ സമ്പൂര്‍ണതയും നിവസിക്കണമെന്നു ദൈവം തിരുമനസ്സായി.
സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ വസ്തുക്കളെയും അവനിലൂടെ അവിടുന്നു തന്നോട് അനുരഞ്ജിപ്പിക്കുകയും അവന് കുരിശില്‍ ചിന്തിയരക്തം വഴി സമാധാനം സ്ഥാപിക്കുകയുംചെയ്തു.
കൊളോസോസ് 1 : 15-20
കൊ ളോ.1:15ന്റെ ആദ്യഭാഗം അവൻ (മിശിഹാ) അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപമാണ് എന്നാണ് പഠിപ്പിക്കുന്നത്.2കൊറി 4:4ൽ മിശിഹാ ദൈവത്തിന്റെ പ്രതിരൂപമാണ് എന്ന് ശ്ലീഹാ വ്യക്തമായി പഠിപ്പിക്കുന്നു. അതെ പുത്രൻ പിതാവിന്റെ സമ്പൂർണ്ണ പ്രതിരൂപം തന്നെയാണ്. കാരണം വ്യക്തം. അവിടുന്ന് പിതാവിനോടും പരിശുദ്ധാത്മാവിനോടും സത്തയിൽ സമനാണ്.അങ്ങനെ തന്നെയാണ് അവിടുന്ന് ഈ ലോകത്തിലായിരുന്നതും
1:15ൽ പൗലോസ് ഈശോയെ (പുത്രനെ) ആദ്യജാതനായി അവതരിപ്പിക്കുന്നു. പഴയ നിയമത്തിൽ ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടവൻ എന്ന അർത്ഥത്തിൽ ആദ്യജാതൻ എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. പുറ.4:22 പ്രകാരം കർത്താവ് പറയുന്നു :”ഇസ്രായേൽ എന്റെ പുത്രനാണ്,എന്റെ ആദ്യജാതൻ. തെരഞ്ഞെടുപ്പും താല്പര്യവുമൂലം പ്രഥമസ്ഥാനം സിദ്ധിച്ചവൻ എന്നർത്ഥം.
അതായത് പുത്രനായ മിശിഹാ പിതാവിന്റെ മുമ്പിൽ എല്ലാ സൃഷ്ടികൾക്കും ഉപരി സ്വീകാര്യനായി പ്രശോഭിക്കുന്നു. കൊളോ 1:16 ഈ വ്യാഖ്യാനത്തെ പിന്താങ്ങുന്നു. ” എല്ലാം അവനിലൂടെയും അവനുവേണ്ടിയും ആണ് സൃഷ്ടിക്കപ്പെട്ടത്. സൃഷ്ടിക്കപ്പെട്ടതെല്ലാം അവനിലൂടെ സൃഷ്ടിക്കപ്പെട്ടു എന്ന് പറയുമ്പോൾ വ്യക്തമാവുന്നത് പുത്രൻ സൃഷ്ടിയല്ല എന്ന മഹാ സത്യമാണ്. “
ജാതനെങ്കിലും സൃഷ്ടിയല്ലാത്തവനാണ് അവിടുന്ന്. സൃഷ്ടിക്കപ്പെട്ടവയെല്ലാം അവനുവേണ്ടിയാണ് (പുത്രനു വേണ്ടിയാണ്) സൃഷ്ടിക്കപ്പെട്ടത്. പുത്രൻ അവയിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തനാണ്. അവൻ “ഇല്ലാതിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു.” എന്നു വാദിച്ച ആരിയൂസിന് അമ്പേ തെറ്റി. ആദിയിൽ വചനം (പുത്രൻ) ഉണ്ടായിരുന്നു.വചനം ദൈവത്തോട് കൂടെയായിരുന്നു.വചനം ദൈവമായിരുന്നു.ആ വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു. അവിടുത്തെ മഹത്വം ദർശിച്ചു -കൃപയും സത്യവും നിറഞ്ഞതുമായ മഹത്വം(യോഹ 1:14). ദൈവീകമായ സർവ്വ സമ്പൂർണ്ണതയും അവിടുത്തെക്കുണ്ടായിരുന്നു. (കൊളോ.1:19). ഇപ്രകാരം എല്ലാ സമ്പൂർണ്ണതയും കുടികൊള്ളുന്നതും ക്രിസ്തുവിൽ മാത്രം.സകല അനുരഞ്ജനത്തിന്റെയും വിധാതാവും അവിടുന്നുതന്നെ(1:20). ഈ അനുരഞ്ജനം അവിടുത്തെ കാൽവരി കുരിശിൽ അവിടുന്ന് നടത്തിയ സമർപ്പണത്തിന്റെ അനന്തരഫലമാണ്. അവിടുന്ന് കുരിശിൽ ചിന്തിയ രക്തം വഴിയാണ് ഭൂസ്വർഗങ്ങൾ തമ്മിലുള്ള വിടവ് നികത്തപ്പെട്ടത്. അവിടുന്നിലൂടെ എല്ലാവർക്കും സ്വർഗ്ഗത്തിലേക്ക് പ്രവേശനം ലഭ്യമായി (റോമ.5:1-2)