അബ്രാമിന് ദർശനത്തിൽ കർത്താവിന്റെ അരുളപ്പാടുണ്ടായി. അബ്രാം, നീ ഭയപ്പെടേണ്ട. ഞാൻ നിനക്ക് പരിചയാണ്. നിന്റെ പ്രതിഫലം വളരെ വലുതായിരിക്കും. അബ്രാം ചോദിച്ചു; കർത്താവായ ദൈവമേ, സന്താനങ്ങളില്ലാത്ത എനിക്ക് എന്ത് പ്രതിഫലമാണ് ലഭിക്കുക? ദൈവം പറഞ്ഞു; നിന്റെ മകൻ തന്നെയായിരിക്കും നിന്റെ അവകാശി. അവിടുന്ന് അവനെ പുറത്തുകൊണ്ടുവന്നിട്ടു പറഞ്ഞു: ആകാശത്തേയ്ക്ക് നോക്കുക ആ കാണുന്ന നക്ഷത്രങ്ങളുടെ എണ്ണമെടുക്കാൻ കഴിയുമോ? നിന്റെ സന്താന പരമ്പരയും അതുപോലെ ആയിരിക്കും. അവൻ (അബ്രാം) കർത്താവിൽ വിശ്വസിച്ചു. അത് അവനു നീതികരണമായി കണക്കാക്കി (ഉല്പ. 15:1-6).
ദൈവം അബ്റാമുമായി ഉടമ്പടി ചെയുന്നു: നിന്റെ സന്താന പരമ്പരയ്ക്കു ഈ നാട് ഞാൻ തന്നിരിക്കുന്നു. ഈജിപ്ത് നദി മുതൽ മഹാനദിയായ യൂഫ്രട്ടീസ് വരെയുള്ള സ്ഥലങ്ങൾ (ഉല്പ. 15:18).
ദൈവം തന്റെ വാഗ്ദാനങ്ങളിൽ വിശ്വസ്തനാണ്. തന്നോട് വാഗ്ദാനം ചെയ്തവൻ വിശ്വസ്തനാണെന്നു വിശ്വസിച്ചതുകൊണ്ടു പ്രായം കഴിഞ്ഞിട്ടും സാറ വിശ്വാസം മൂലം ഗര്‍ഭധാരണത്തിന് വേണ്ട ശക്തി പ്രാപിച്ചു. അതിനാൽ, ഒരുവനിൽ നിന്ന് -അതും മൃതപ്രായനായ ഒരുവനിൽ നിന്ന് – ആകാശത്തിലെ നക്ഷത്ര ജാലങ്ങൾ പോലെയും കടൽത്തീരത്തെ സംഖ്യാതീതമായ മണൽത്തരികൾ പോലെയും വളരെപ്പേർ ജനിച്ചു. ഇവരെല്ലാം വിശ്വാസത്തോടെയാണ് മരിച്ചത് (ഹെബ്രാ. 11:11,12).
ഒരുവനു വിശ്വാസം വഴിയാണ് ദൈവനീതി കൈവരുക. പാപിയെ നീതീകരിക്കുന്നവനിൽ വിശ്വസിക്കുന്നവന് വിശ്വാസം നീതിയായി പരിഗണിക്കപ്പെടുന്നു. അവനു അതിക്രമങ്ങൾക്ക് മാപ്പും പാപങ്ങൾക്ക് മോചനവും ലഭിക്കുന്നു. അബ്രഹാമിനും അവന്റെ സന്തതികൾക്കും വാഗ്ദാനം നിറവേറിക്കിട്ടുന്നതു വിശ്വാസത്തിന്റെ നീതിയിലൂടെയാണ്. വാഗ്ദാനം നൽകപ്പെട്ടത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. ഈ പശ്ചാത്തലത്തിലാണ് എബ്രഹാം വിശ്വാസികളുടെ പിതാവാകുന്നു (cfr റോമാ. അ. 4) . അബ്രാഹത്തിന്റെ വിശ്വാസം ഒരിക്കലും ദുര്‍ബലമായില്ല.