വെറും ശൂന്യതയിൽനിന്ന് ഈ വിശ്വത്തെ കടഞ്ഞെടുക്കുകയാണു തന്നാൽ താനായ സർവേശൻ ചെയ്തതെന്നു നാം കണ്ടു. അങ്ങനെ തന്റെ സർഗ്ഗപ്രതിഭ വെളിവാക്കിയിട്ട് ഈശ്വരൻ സ്വർഗ്ഗങ്ങളിൽ സ്വസ്ഥനായി കഴിയുകയല്ല, പ്രത്യുത കട്ടക്കയത്തിന്റെ കവനഭാഷയിൽ:
‘സമസ്തജീവിപ്രകരത്തെയും നൽ-
ക്രമത്തിനന്നന്നുളവാക്കി നന്നായ്;
അമന്ദമെല്ലാം പരിരക്ഷചെയ്യും
സമർത്ഥനാമീശനുമങ്ങുതന്നെ’.
ചരിത്രത്തിൽ സ്വതന്ത്രമായി ഇടപെട്ട്, തന്റെ അരുമസുതരെ അവരുടെ ലക്ഷ്യത്തിലേക്കു നയിക്കുന്ന ഈശ്വരന്റെ പൈതൃകമായ സ്നേഹം യഥാർത്ഥത്തിൽ അത്ഭുതകരമാണ്.
ബൈബിളിന്റ പ്രാരംഭാധ്യായങ്ങളിൽ തന്നെ ദൈവപരിപാലന നാടകീയമാംവിധം വർണ്ണിക്കപ്പെട്ടിരിക്കുന്നു. വിശ്വമെല്ലാം ആദത്തിനു വകയായി കൊടുത്തതു പോരാഞ്ഞിട്ട്, ഒരു പ്രത്യേക വസതിയും, (ഏദെൻതോട്ടം) അവനുവേണ്ടി വിശ്വകർത്താവു സജ്ജമാക്കുന്നു. ആ പറുദീസായിൽ ഇല്ലാത്ത വൃക്ഷങ്ങളില്ല. അവിടെ കിട്ടാത്ത പഴങ്ങളുമില്ല. പക്ഷിമൃഗാദികളെല്ലാം അവന്റെ ആജ്ഞാനുവർത്തികൾ. ചുരുക്കത്തിൽ, മനുഷ്യജീവിതം സൗഭാഗ്യപ്രദമാക്കത്തക്കവയെല്ലാം സർവ്വേശൻ അവർക്കു നൽകി. സൗഭാഗ്യത്തിന്റെ തികവിൽ തന്റെ കുഞ്ഞുമക്കൾ വസിക്കുന്നതുകണ്ടു മനം കുളിർക്കെ സന്തോഷിക്കാൻ ആ സ്നേഹപിതാവ് എല്ലാ ദിവസവും അവരെ സന്ദർശിച്ച് അവരുമായി നർമ്മ ഭാഷണം നടത്തിയിരുന്നു. ഉല്ലാസകരമായ അവരുടെ ജീവിതം സംതൃപ്തിയുടെ പറുദീസാതന്നെ. ദിവസങ്ങൾ കടന്നുപോകുന്നതവർ അറിഞ്ഞിരുന്നില്ല. എല്ലാം പതുമ, എവിടെയും ഭംഗി. സർവ്വത്ര സൗഭാഗ്യം.
സ്വതന്ത്രസൃഷ്ടിയായ മനുഷ്യൻ തന്റെ സൃഷ്ടാവിന്റെ നേരേ സമരകാഹളം മുഴക്കികഴിഞ്ഞിട്ടും കരുണാനിധിയും സ്നേഹസമ്പന്നനുമായ ആ വത്സലതാതൻ തന്റെ മക്കളെ സന്ദർശിക്കാൻ ചെല്ലുന്നു. അവർ ഭയപ്പെട്ടു മാറി ഒളിച്ചെന്നു മാത്രം. പരംപൊരുളിന്റെ പിൻചെല്ലുന്ന സ്നേഹം അവരെ സമീപെ വിളിക്കുന്നു. തങ്ങൾ നഗ്നരാണെന്ന അവരുടെ സങ്കടത്തെ ദൂരീകരിക്കാൻ ദൈവം അവർക്കു തോൽവസ്ത്രം ഉണ്ടാക്കികൊടുക്കുന്നു. പാപത്തെ വെറുക്കുന്നെങ്കിലും പാപിയെ സ്നേഹിക്കുന്ന പരാപരന്റെ പരിപാലനപ്രക്രിയ! ക്ഷമോന്മുഖമായ തന്റെ സ്നേഹം അവരെ അനുഗമിക്കുമെന്നും സമയത്തിന്റെ സമാപ്തിയിൽ തന്റെ തിരുസുതനെ അയച്ച് മനുഷ്യവർഗ്ഗത്തെ മുഴുവൻ പാപത്തിന്റെ പിടിയിൽ നിന്നു രക്ഷിക്കുമെന്നും അവിടുന്നവർക്കു ഉറപ്പുകൊടുക്കുന്നു.
ഈ രക്ഷകനെ ലോകത്തിലവതരിപ്പിക്കാൻ ഒരു ജനതയെ തെരഞ്ഞെടുത്തു തയ്യാറാക്കുന്നുണ്ട് ദൈവം. ഈജിപ്ഷ്യൻ പ്രവാസത്തിൽനിന്നു അവിടുന്നവരെ രക്ഷിച്ചു. ഫറവോന്റെ അടിമത്തത്തിൽ നിന്നു സ്വതന്ത്രരാക്കി. ചെങ്കടൽ കടത്തി വാഗ്ദാനത്തിന്റെ നാട്ടിലേയ്ക്ക് അവരെ അന്യൂനം നയിച്ചു. വിൺമന്ന അന്നമായി നൽകി. അവർക്കുവേണ്ടി കൊടുങ്കാട്ടിൽ മേഘദീപത്തൂണു തിർത്തു. സർവ്വോപരി, രാജചെങ്കോൽ നൽകി അവരെ വാഴിച്ചു. ഇത്രയുമൊക്കെ ചെയ്തിട്ടും ഇസ്രായേൽ ജനം ഈശ്വരന്റെ അവിരാമമായ പരിപാലനയിൽ പലപ്പോഴും അവിശ്വസിച്ചു. കാളക്കിടാവിന് ആരാധനാർച്ചനകൾ അർപ്പിക്കുന്നതുമുതൽ എത്രയെങ്കിലും ഉദാഹരണങ്ങൾ എടുത്തുകാട്ടാൻ കഴിയും. അവിശ്വസ്തമായ ഈ ചെയ്തികളെല്ലാം അഖിലേശൻ അവരോടു പൊറുത്തുവെന്നു മാത്രമല്ല പ്രവാചകന്മാരെ അയച്ച് അവരിലൂടെ തന്റെ സ്നേഹപരിപാലനകൾ അവർക്കു നിരന്തരമെന്നോണം വ്യക്തമാക്കിക്കൊണ്ടുമിരുന്നു.
എസക്കിയേൽ പ്രവാചകൻ ഈശ്വരപരിപാലന ഹൃദയസ്പൃക്കായി ചിത്രീകരിക്കുന്നുണ്ട്, ഇടയന്റെയും ആടുകളുടെയും സാദൃശ്യത്തിലൂടെ. തന്റെ മേഷഗണത്തെ തിന്നുമുടിക്കുന്ന സ്വാർത്ഥമതികളായ ഇടയന്മാരെ ശപിച്ചു തള്ളി തന്റെ ജനത്തോടുള്ള പരിഗണന അവിടുന്നു നിതരാം വെളിപ്പെടുത്തുന്നു. ‘സ്വന്തം പള്ള വീർപ്പിക്കുന്ന ഇസ്രായേലിലെ അജപാലകർക്കു ദുരിതം…നിങ്ങൾ പാലുകുടിക്കുകയും രോമവസ്ത്രങ്ങൾ അണിയുകയും മെഴുത്ത മേഷങ്ങളെ ഭക്ഷിക്കുകയും ചെയ്തു. അശക്തമായവയെ നിങ്ങൾ ശക്തിപ്പെടുത്തിയില്ല .
രോഗബാധിതമായതിനെ ചികിത്സിച്ചില്ല. മുറിവേറ്റവയെ വച്ചുകെട്ടിയില്ല. കാണാതെ പോയവയെ ഒട്ടന്വേഷിച്ചുമില്ല. ക്രൂരതയോടെ, സ്വച്ഛാനുസാരം അവയെ ഭരിക്കുകമാത്രം ചെയ്തു. ഇടയനില്ലാതിരുന്നതിനാൽ എന്റെ ആടുകൾ ചിതറിപ്പോയി. വന്യമൃഗങ്ങളെ തിന്നു തുടങ്ങി…ഇതാ ഞാൻ ഇടയന്മാർക്കെതിരെ വരുന്നു…എന്റെ ആടുകളെ അവരിൽ നിന്നു ഞാനാവശ്യപ്പെടും, ജോലിയിൽനിന്നവരെ നീക്കംചെയ്യും’.
ഖണ്ഡിതമായ മറ്റൊരു തീരുമാനവും യാവേ എടുക്കുന്നുണ്ട്. ‘ഞാൻ തന്നെ എന്റെ ആടുകളെ പാലിക്കുകയും മേയിക്കുകയും ചെയ്യും….. വിജാതീകളിൽനിന്നവരെ ഞാൻ വിളിച്ചുകൂട്ടും. വിദേശത്തുനിന്നവയെ ശേഖരിച്ച് സ്വദേശത്തു കൊണ്ടുവന്ന് ഇസ്രായേൽ മലകളിലും നദീതീരങ്ങളിലും രാജ്യങ്ങളിലെല്ലാം തന്നെ മേയിക്കും…. ഞാൻതന്നെ എന്റെ ആടുകളെ മേയിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യും. കാണാതെ പോയവയെ അന്വേഷിക്കുകയും മാർഗ്ഗഭ്രംശം ഭവിച്ചവയെ നേർവഴിക്കു തിരിക്കുകയും ചെയ്യും. മുറിവുപറ്റിയവയെ വച്ചുകെട്ടുകയും ക്ഷീണിച്ചവയെ ശക്തിപ്പെടുത്തുകയും ആരോഗ്യമുള്ളവയെ സംരക്ഷിക്കുകയും ചെയ്യും. എല്ലായ്പ്പോഴും നിറഞ്ഞ നീതിയോടെ പെരുമാറും’ (36:266).
‘എസക്കിയേലിന്റെ പ്രവചനത്തിന്റെ പൂർത്തീകരണവും സങ്കീർത്തകൻ പരാമർശിക്കുന്ന നല്ലയിടയനും ഈശോമിശിഹായാണ്. പ്രസക്തമായ സുവിശേഷഭാഗം ഇതാ: ്യൂഞാൻ നല്ലയിടയനാകുന്നു. നല്ലയിടയൻ തന്റെ ആടുകൾക്കുവേണ്ടി ജീവൻ അഹൂതി ചെയ്യുന്നു…. എന്റെ പിതാവ് എന്നേയും ഞാനെന്റെ പിതാവിനേയും അറിയുംപോലെ ഞാൻ എന്റെ ആടുകളേയും അവ എന്നേയും അറിയുന്നു. അവയ്ക്കുവേണ്ടി ഞാൻ ജീവൻ സമർപ്പിക്കുകയും ചെയ്യുന്നു’ (യോഹ.10:14.15).
എല്ലാവരേയും രക്ഷിക്കുന്ന, എല്ലാവരേയും പരിപാലിക്കുന്ന, എല്ലാവർക്കും സായൂജ്യം സമ്മാനിക്കുന്ന, നല്ലയിടയനാണു ക്രിസ്തു. മാനുഷ്യകത്തിനു ജീവനുണ്ടാകുവാനും അതു സമൃദ്ധമായി ഉണ്ടാകുവാനുമാണ് അവിടുന്നു മനുഷ്യനായി അവതരിച്ചത്. സ്വജനത്തിന്റെ ആത്മസാഫല്യത്തിനുവേണ്ടി സ്വന്തം ജീവൻ ഹോമബലിയായി സമർപ്പിക്കുന്നവനാണവിടുന്ന്. ആ ബലിയിലൂടെ മാനവജനതയ്ക്കു മുഴുവൻ മുക്തിനേടാനുള്ള കഴിവ് അവിടുന്നു പ്രദാനം ചെയ്യുന്നു.
ഈശ്വരപരിപാലനയിൽ അവിശ്വസിക്കുന്നവരെ, കുരിശിലേയ്ക്കു നോക്കൂ, ആത്മാർത്ഥതയോടെ നോക്കൂ. അതാ, മാംസം ധരിച്ച ദൈവപരിപാലന നിങ്ങളുടേയും എന്റേയും പാപപരിഹാരത്തിനു കുരിശിൽ മരിച്ചുകിടക്കുന്നു. ദൈവത്തെ അങ്ങെങ്ങോ ഒളിച്ചിരിക്കുന്ന സത്വമായി ചിത്രീകരിക്കുന്ന മനുഷ്യകഥാകളേ, ബൈബിൾ ഒരാവർത്തി വായിക്കൂ. ഇതു രണ്ടും സാദ്ധ്യമല്ലെങ്കിൽ നിങ്ങളുടെ മാതാപിതാക്കന്മാർ ജീവിച്ചിരിപ്പുണ്ടെങ്കിൽ ആത്മാർത്ഥതയോടെ ഒരു പ്രാവശ്യം അവരുടെ മുഖത്തേയ്ക്കു കണ്ണോടിക്കൂ നിങ്ങൾക്കുവേണ്ടി ദൈവപരിപാലന മൂർത്തീഭവിച്ചതാണവർ. മാതാപിതാക്കന്മാർ മരിച്ചുപോയെങ്കിൽ നിങ്ങളുടെ ഓമനകളുടെ പുഞ്ചിരിക്കുന്ന ചെഞ്ചുണ്ടുകൾ വീക്ഷിക്കൂ. സച്ചിതാനന്ദ സ്വരൂപനായ ഈശ്വരൻ നിങ്ങൾക്കു നല്കിയിരിക്കുന്ന ദാനങ്ങളാണ് ആ അരുമകളെന്ന് അവരുടെ പുഞ്ചിരി പ്രഘോഷിക്കും.
എന്നെയും നിങ്ങളെയും സ്നേഹിക്കുന്നതിൽനിന്ന് ദൈവം ഒരിക്കലും പിന്തിരിഞ്ഞിട്ടില്ല. ഞാൻ ശോചനീയമാംവിധം കൃതഘ്നനായിരിക്കുമ്പോഴും എന്റെ ഹൃദയം മാരക പാപകലുഷിതമായിരിക്കുമ്പോഴും ഹൃദയം നിറയെ എന്നെ സ്നേഹിക്കുന്നതിൽനിന്നു സർവേശരൻ വിരമിക്കുന്നില്ല. തന്റെ മകൻ തികഞ്ഞൊരു ദുർമാർഗ്ഗിയാണെങ്കിൽത്തന്നെ ഒരു മാതാവ് അവളുടെ അരുമ മകനെ സ്നേഹിക്കാതിരിക്കുന്നില്ലല്ലോ. അങ്ങനെയെങ്കിൽ, സ്നേഹസ്വരൂപനായ ഈശ്വരൻ തന്റെ കരവേലയായ എന്നെ, തന്റെ പ്രതിച്ഛായയെത്തന്നെ പ്രതിബിംബിപ്പിക്കുന്ന എന്നെ, സ്നേഹിക്കുന്നതിൽ നിന്നു വിരമിക്കുമോ? അവിടുന്ന് എന്റേയും നിങ്ങളുടേയും പാപങ്ങളെ വെറുക്കുന്നു. പക്ഷേ, നമ്മെ നിരന്തരം സ്നേഹിക്കുന്നു. നമ്മുടെ പാപങ്ങൾമൂലം പരാപരനിൽനിന്നു നാം പിന്തിരിയുമ്പോഴും നമ്മെ വലയം ചെയ്തിരിക്കുന്ന സ്വാർത്ഥ സ്നേഹത്തിലൊരു വിടവു സൃഷ്ടിച്ച്, അതിലൂടെ നമ്മിൽ കടന്ന്, തന്റെ പക്കലേയ്ക്കു നമ്മെ തിരികെ വിളിക്കാൻ അവിടുത്തെ അതിരറ്റ സ്നേഹം സദാ ശ്രമിക്കുന്നു.
പ്രകൃതിനാഥനു നമ്മോടുള്ള സ്നേഹം വ്യക്തിപരമാണ്. മനുഷ്യമഹാസമുദ്രത്തിലെ അപ്രധാനമായൊരു കണികയെന്നവിധം ആളറിയാതെയാണ് അഖിലേശൻ നമ്മെ സ്നേഹിക്കുന്നത്, പരിപാലിക്കുന്നത്, എന്ന അബദ്ധ ചിന്തയിൽ നിപതിക്കാതിരിക്കാൻ നാം സൂക്ഷിക്കുക. ദൈവം ഓരോ കണികയേയും അറിയുന്നു. നമ്മുടെ ശിരസ്സിലെ മുടിനാരുകൾപോലും അവിടുന്ന് എണ്ണിത്തിട്ടപ്പെടുത്തിയിരിക്കുന്നു (മത്താ 10:931). അനുനിമിഷം ദൈവത്തിന്റെ നയനങ്ങൾ നമ്മിൽ പതിയുന്നു. അവിടുത്തെ അവിഭക്ത സ്നേഹം നമ്മെ വലയം ചെയ്തിരിക്കുന്നു. ഈ നിമിഷവും അവിടുന്ന് എന്നേയും നിങ്ങളേയുംപറ്റി ചിന്തിക്കുന്നുണ്ട്. നമ്മെ കൺമുന്നിൽ കണ്ടു നമ്മോടുള്ള വാത്സല്യം പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നു. അനശ്വരവും അവികലവുമായ ആനന്ദം നമുക്കുണ്ടാകണമെങ്കിൽ നമ്മുടെ ഹൃദയത്തിന്റെ അഗാധതലങ്ങളിൽ ആഴമായൊരവബോധം മേൽപ്രസ്താവിച്ച സത്യങ്ങളെ സംബന്ധിച്ചുണ്ടാവണം. അഖിലേശന്റെ അപരിമേയ സ്നേഹത്തിന്റെ ആലിംഗനത്തിലമർന്നിരിക്കുന്നതും പ്രതിസ്നേഹത്തിന്റെ പരമാവധി കഴിവുകൾ പ്രയോഗിച്ചുകൊണ്ട് ആ സ്നേഹപാരവശ്യത്തിലേക്കുള്ള അപ്രധിരോധ്യമായ ആകർഷണത്തിനു വിധേയമാവുന്നതുമാണു നമ്മുടെ ജീവിതസാഫല്യം.
ഈശ്വരപരിപാലനയിൽ വിശ്വസിക്കുന്നതിൽനിന്ന് ആധുനിക മനുഷ്യനെ അകറ്റിനിറുത്തുന്ന ഏറ്റം വലിയ പ്രശ്നം ലോകത്തു താണ്ഡവനൃത്തം നടത്തുന്ന തിന്മയെന്ന ഭദ്രകാളിയാണ്. സർവ്വ നന്മസ്വരൂപിയായ ഒരു ദൈവമുണ്ടെങ്കിൽ, അവിടുന്നു നമ്മെ നിരന്തരം കാത്തുപരിപാലിക്കുന്നെങ്കിൽ, എന്തുകൊണ്ട് സഹനത്തിന്റെ തീച്ചൂളയിൽ വെന്തുനീറി വെണ്ണീറാകണം നാം.
ഒന്നു വ്യക്തമാക്കിക്കൊള്ളട്ടെ; തന്റെ സാമ്യത്തിൽ സൃഷ്ടിച്ച മനുഷ്യനെ ആനന്ദത്തിന്റെ പറുദീസായിലായിരുന്നു ദൈവം താമസിപ്പിച്ചത്. സ്വാതന്ത്ര്യം എന്ന മഹാ ദാനവും അവിടുന്നവനു നല്കി. എന്നാൽ മനുഷ്യൻ ആ മഹാനുഗ്രഹം ദുരുപയോഗിച്ചു. വിലക്കപ്പെട്ട കനി അവൻ ഭക്ഷിച്ചു. പരാശക്തിയുടെ പരമാധിപത്യത്തിനെതിരെ അവൻ പോർവിളി മുഴക്കി. ‘സ്വന്തവാളാൽ സ്വയം വെട്ടി മരിപ്പു മർത്ത്യൻ’. തന്റെ കഷ്ടതകളുടെയെല്ലാം കാരണകർത്താവു മനുഷ്യൻ തന്നെ. സഹനം ഈശ്വര സൃഷ്ടിയല്ല. ജീവജാലങ്ങളെ ദുഃഖിപ്പിക്കുന്നതിൽ അവിടുത്തേയ്ക്കു യാതൊരാനന്ദവുമില്ല (ബോധ 4,3)
നരന്റെ പരിതാപകരമായ ഈ പരിതോവസ്ഥയിൽ പരാപരൻ അവനോട് അങ്ങേയറ്റം സഹതപിക്കുന്നുണ്ട്. അവനോടൊത്തു ദുഃഖിക്കുന്നുണ്ട്. പക്ഷേ, അവിടുത്തേയ്ക്കുപോലും ഈ ലോകത്തിൽ നിന്നു സഹനം സമൂലം സംഹരിക്കുക സാദ്ധ്യമല്ല. എങ്കിലും അവിടുന്നു ക്രിസ്തുവിലൂടെ സഹനത്തിന്റെ കൂരിരുളിലേക്കു പ്രകാശക്കതിരുകൾ വിതറുന്നുണ്ട്. വഴിതെറ്റി കുറെദൂരം സഞ്ചരിച്ചുകഴിഞ്ഞു കാര്യം മനസ്സിലാക്കുന്ന മനുഷ്യനു ശരിയായ വഴിയിലെത്താനുള്ള മാർഗ്ഗം വന്ന വഴിതന്നെ തിരിയെ നടക്കുകയാണ്. തെറ്റായ മാർഗ്ഗത്തിലൂടെ ഏറെ ദൂരം നടന്ന് സ്വയം തിരികെവരാനുള്ള ശക്തി നശിച്ചാൽ എന്തു ചെയ്യും? മറ്റാരുടെയെങ്കിലും സഹായം തേടും. മാനവരാശ്ശിയെ സംബന്ധിച്ചിടത്തോളം വഴിതെറ്റിയെന്നു മാത്രമല്ല നാശത്തിന്റെ പാതയിലൂടെ നടന്നു നടന്ന് ഗർത്തത്തിലേയ്ക്കു കുത്തനെ വീഴുകയും ചെയ്തു. കെല്പെല്ലാം കളഞ്ഞുകുളിച്ച മനുഷ്യന് അവിടെ നിന്നു സ്വയം ശക്തിയാൽ ഒരു കാലത്തും കയറിപറ്റാൻ കഴിവില്ലെന്നു നല്ലവനായ ദൈവം മനസ്സിലാക്കി. അവനെ പൊക്കിയെടുക്കാൻ കഴിയുന്നതു സത്തയിൽ തന്നോടു സമനായ തന്റെ സുതനുമാത്രമാണെന്നു കണ്ടറിഞ്ഞ മഹേശൻ സമയത്തിന്റെ പൂർണ്ണതയിൽ അവിടുത്തെ ലോകത്തിലേയ്ക്കയച്ചു. പരിത്രാണപ്രക്രിയയിൽ പരിത്രാതാവും പതിത്രാണം ചെയ്യപ്പെടുന്നവനും കുറെയൊക്കെ സഹിക്കണം. ഇതു വെറും പ്രകൃതിനിയമം മാത്രം.
പാളംതെറ്റിവീണ മാനവവംശത്തിനു മുക്തി നല്കാൻ സഹനത്തിന്റെ പാതയല്ലാതെ, കുരിശിന്റെ വഴിയല്ലാതെ, മറ്റൊന്നും കണ്ടുപിടിക്കക സാദ്ധ്യമായിരുന്നില്ല ക്രിസ്തുവിന്. തന്റെ അനുഗാമികൾക്കും ആ രാജപാതയല്ലേ ചൂണ്ടികാണിക്കാനൊക്കൂ അവിടുത്തേയ്ക്ക്. ‘എന്നെ അനുഗമിക്കാനാഗ്രഹിക്കുന്നവൻ സർവസംഗപരിത്യാഗിയായി തന്റെ കുരിശുംപേറി എന്റെ പിന്നാലെ വരട്ടെ’ (മത്താ. 17:24). പക്ഷേ ഒന്നുണ്ട്; ആജീവനാന്തം ക്ലേശങ്ങൾ സഹിച്ചുകൊണ്ട് മിശിഹാനാഥൻ നമ്മുടെ ക്ലേശങ്ങളെ ആവുന്നത്ര ആയാസരഹിതമാക്കിയിട്ടുണ്ട്. ഭൂമുഖത്തുനിന്നു കഷ്ടാരിഷ്ടതകൾ തുടച്ചു നീക്കിയിട്ടില്ലവിടുന്ന്. എന്നാൽ, അധഃപതിച്ച അവന്റെ പ്രവാസപരിതസ്ഥിതിയിൽ അവയുടെ മേന്മയെന്തെന്നു നമ്മെ ഗ്രഹിപ്പിച്ചു.
മേൽപറഞ്ഞതരം ആത്മജ്ഞാനം നമുക്ക് എവിടെനിന്നു ലഭിക്കും? ഒരുത്തരമേയുള്ളു: ഈശ്വരചിന്തയിൽനിന്ന്. ഒരു നാസ്തികനെസംബന്ധിച്ചിടത്തോളം ഈ ജീവിതം തീരായാതനകളുടെ സമാഹാരമാണ്. അതു കൊള്ളരുതാത്തവനെ പാടിപ്പുകഴ്ത്തുന്നു; വഞ്ചകനെ വാഴ്ത്തുന്നു; പരോപകാരിക്ക് അതിൽ സ്ഥാനമില്ല; കരുണാർദ്രനു പേരുമില്ല. അവൻ ചോദിക്കും: നീതിയെവിടെ ലോകത്തിൽ? സത്യമുണ്ടോ ഇഹത്തിൽ? ധർമ്മാനുഷ്ഠാനത്തിനെന്തു സ്ഥാനമാണിവിടെ? ഇപ്രകാരമുള്ള നൂറു നൂറു പ്രശ്നങ്ങൾക്കുത്തരം കിട്ടാതെ നാസ്തികനായ യുക്തിവാദിയുടെ പ്രതിഭ അലഞ്ഞുതിരിയും. നോക്കെത്തുന്ന ദൂരത്തെങ്ങും പ്രത്യാശയുടെ പ്രദീപം അയാൾ കാണില്ല. അവന്റെ ഉള്ളിന്റെ ഉള്ളിലും തടിച്ചുകൂടിയ ആത്മാന്ധകാരമാണ്. ശാന്തനിർഭരവും ഹൃദയഹാരിയുമായ സമാധാനം അവന്റെ ആത്മാവിനെ സ്പർശിക്കപോലുമില്ല. അയാൾക്ക്;
‘ലോകജീവിതം ഹാ!ഹാ! ശോകപൂരിതം വ്യർത്ഥ-
മാകുമൊരാശാ ബദ്ധമാന്ത്രികമായാ സ്വപ്നം’.
ഇക്കൂട്ടരെക്കണ്ടു കരളലിഞ്ഞ സാഹിത്യതിലകൻ സി.കെ.മറ്റം എഴുതി: ‘നാസ്തികവാദികളുടെ മുമ്പിൽ ജൃംഭിച്ചു നില്ക്കുന്ന കീറാമുട്ടികളുടെ എണ്ണം ഭീമമല്ലേ? സ്വതന്ത്രധീമാന്മാരും യുക്തിവാദകുശലന്മാരും ഭൗതികശാസ്ത്രജ്ഞന്മാരും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ കുറച്ചൊന്നുമല്ലല്ലോ! സമാധാനം കണ്ടെത്താതെ അവർ കർത്തവ്യവിമൂഢരായി, നിരാശാധീനരായി ലോകത്തോടു യാത്ര പറയുന്നു’. ഇവരുടെ അവശിഷ്ടങ്ങളാണിന്നത്തെ ഹിപ്പികളും നക്സലുകളും, അവർക്ക് ആശാന്റെ ശൈലിയിൽ,
‘ഒരു നിശ്ചയമില്ലയൊന്നിനും:
വരുമോരോ ദശം വന്നപോലെ പോം’.
ഇവർ നിരാശരായിക്കിടന്നു കരയുകയാണ്:
‘എന്തു ചെയ്യേണ്ടതെങ്ങോട്ടു പോകേണ്ടതി-
യന്ധകൂപത്തിലടിഞ്ഞഹോ ഞാൻ
അന്തമില്ലാതുള്ളൊരാഴത്തിലേയ്ക്കിതാ
ഹന്ത താഴുന്നു താഴുന്നു കഷ്ടം!’.
ചുറ്റും പത്തിവിരിച്ചു നൃത്തം ചെയ്യുന്ന അനീതിയും അക്രമവും അഴിമതിയും ആരുടെ മുമ്പിലും ഒരു ചോദ്യ ചിഹ്നമാണ്. സുഖദുഃഖങ്ങൾ നന്മതിന്മകൾക്കാനുപാതികമല്ല. നീതി പ്രവർത്തിക്കുന്നവർ ഞെരുക്കപ്പെടുന്നു. ഒരെത്തുംപിടിയും ഇല്ല. സത്യാന്വേഷിയുടെ പ്രതിഭയും നട്ടം തിരിയുന്നു. അന്തർമുഖനായി അല്പം ധ്യാനിക്കുമ്പോൾ അയാൾ ഗ്രഹിക്കും: ഞാനും സഹിക്കുന്നുണ്ട്; എന്റെ ചുറ്റും അനീതി വിജയാഘോഷം നടത്തുന്നുണ്ട്. ഇത്തരുണത്തിൽ അയാളുടെ പരിപാവനമായ ഈശ്വരവിശ്വാസം ഉള്ളിന്റെ ഉള്ളിലിരുന്നാമന്ത്രിക്കും, നീതിയുടെ ഇടം മറ്റെവിടെയോ ഉണ്ട്. അവിടെ നീതി അവിഘ്നം പാലിക്കപ്പെടും. കാരണം, സതാതനത്വത്തിൽ വേരുറപ്പിച്ച മന്ദാരമാണു മനുഷ്യൻ.
‘വ്യഥപോലറിവോതിടുന്ന സൽ
ഗുരുവും മർത്യനു വേറെയില്ല താൻ’.
നാം പേറുന്ന ജീവിതഭാണ്ഡം ഭാരമേറിയതാണ്. എന്നാൽ അതിനുള്ളിൽ നമ്മുടെ വിശ്വാസം മധുരഗാനം ആലപിക്കുന്നതു നാം ശ്രവിക്കണം. നിങ്ങൾ ദൈവത്തിനുവേണ്ടി പ്രവർത്തിക്കുകയും ദൈവത്തോടുകൂടെ സഹിക്കുകയും ചെയ്യുമ്പോൾ അവിടുന്നുതന്നെ നിങ്ങൾക്കു സ്വയം നല്കും. സഹനത്തിൽനിന്നു ക്രിസ്തു ഓടിയകലുന്നില്ല. അതിനെ അവിടുന്നു കീഴടക്കി. തന്റെ സുവിശേഷത്തിൽ മറ്റെന്തിനെയുംകാൾ വാഗ്മിത്വത്തോടെ കുരിശു പ്രസംഗിക്കുമെന്നറിഞ്ഞിരുന്നതിനാൽ അവിടുന്ന് അതിനെ അതീവം സ്നേഹിച്ചു. അവിടുത്തെ കാൽവരി വിജയത്തിന്റെ രാജപാതയാണ്; അവിടുത്തെ മരണം മരണത്തിന്മേലുള്ള വിജയവും. ഒരു പാരസിക കവിയുടെ വാക്കുകൾ ഇത്തരുണത്തിൽ ഉദ്ധാര്യമാണ്.
‘ജീവിതത്തിൽ കരയുന്നവരെ, കരയുന്ന ദൈവത്തിന്റെ പക്കൽ വരുവിൻ. പീഡകൾ സഹിക്കുന്നവരേ, നിങ്ങൾ അവിടുത്തോടടുക്കുവിൻ. എന്തെന്നാൽ, അവിടുന്നു വേദന സഹിച്ചിട്ടുണ്ട്. സഹിക്കുന്ന സകലരുമേ നിങ്ങൾ അദ്ദേഹത്തെ സമീപിക്കുവിൻ. നിങ്ങളെ നോക്കി അവിടുന്നു പുഞ്ചിരി തൂകുന്നതു നിങ്ങൾ കാണും. മർത്ത്യരായ നിങ്ങൾ നിത്യജീവനായ അവിടുത്തെ സമീപിക്കുവിൻ’.
അതേ, ഈശ്വരപരിപാലനയിൽ സഹനത്തിനൊരുദ്ദേശ്യമുണ്ട്. സഹനം സർവാധിനാഥന്റെ സ്വാഗതത്തിന്റെയും മുന്നറിയിപ്പിന്റെയും സഹാനുഭൂതിയുടേയും കാരുണ്യത്തിന്റെയും സമഗ്ര സന്ദേശം ഉൾക്കൊള്ളുന്നു. സ്വാഗതത്തിന്റെ സന്ദേശം. സുതനെ, നിന്റെ ജീവിതം കൂടുതൽ അർത്ഥവത്തും അമൂല്യവുമാക്കി തീർക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മുന്നറിയിപ്പിന്റെ സന്ദേശം; മനുഷ്യാ, നിന്റെ മാർഗ്ഗം അപകടങ്ങൾ നിറഞ്ഞതാണ്; അവയുടെയിടയിൽ വീണു ഞെരുങ്ങി മരിക്കാതിരിക്കണമെങ്കിൽ പശ്ചാത്തപിച്ച് എന്നിലേയ്ക്കു പിന്തിരിയുക. കാരുണ്യത്തിന്റെ വാക്കുകൾ: നീ ഇവിടെവച്ച് എന്റെ പുത്രനോടു സഹകരിച്ചു പരിത്യാഗപ്രവൃത്തികൾ അനുഷ്ടിക്കുക; എങ്കിൽ പരത്തിൽ നീ എന്നോടൊത്തു പറുദീസായിലായിരിക്കും.
സഹനം നിഖിലേശന്റെ നയനങ്ങളിലൂടെ നോക്കിക്കാണുന്നവൻ ദുസ്തരമായ പ്രതിബന്ധങ്ങളുടെ മുമ്പിൽ തന്നിലേയ്ക്കുതന്നെ തിരിയുകയില്ല. നിരാശതയുടെ കടലിൽ മുങ്ങിച്ചാവാൻ ഒരുമ്പെടുകയുമില്ല. കാരണം, തന്റെ സഹനങ്ങളിൽ തന്നോട് ആത്മാർത്ഥതയോടെ സഹതപിക്കുന്ന, കുരിശുമരണത്തോളം തന്നെ സ്നേഹിച്ചു സഹായിക്കുന്ന ഒരു പരാശക്തിയെ അവൻ കൺമുമ്പിൽ കാണുന്നു. ഇക്കാണുന്ന ലോകവും പരന്ന വാനിൽ പലമട്ടുപായും ബ്രഹ്മാണ്ഡകാണ്ഡങ്ങളും ശൂന്യതയിൽനിന്നു മെനെഞ്ഞെടുത്ത ആ പരാപരൻ, മനുഷ്യനെ ഉണ്മയിലേക്കു മാടിവിളിച്ച അവന്റെ സഹനത്തിന്റെ സുവിശേഷം. അപ്പോൾ എന്റെ സഹനത്തിന് എന്തോ ആവശ്യകതയുണ്ട്. പ്രതിഫലവും കാണാതിരിക്കയില്ല; അതാണല്ലോ നീതിയുക്തം. എന്റെ കഷ്ടതകളൊക്കെ കണ്ണീരിന്റെ പുഞ്ചിരിയാണ്. നിഴലിന്റെ പ്രകാശനമാണ്.