നമ്മുടെ പ്രിയപ്പെട്ട അമ്മച്ചിയുടെ സ്വർഗ്ഗപ്രവേശത്തോട് അനുബന്ധിച്ചു ഈ ലോകത്തിൽ വേറൊരമ്മയെ എനിക്ക് തരാൻ നല്ല തമ്പുരാൻ തിരുമനസ്സായി. ആ അമ്മയെ ഞാൻ തന്നെ സ്വതന്ത്രമായി തെരെഞ്ഞെടുക്കണമെന്നതായിരുന്നു അവിടുത്തെ തിരുഹിതം . നമ്മൾ അഞ്ചുപേരും ദുഖത്തോടെ പരസ്പരം നോക്കികൊണ്ടിരിക്കുകയായിരുന്നു. ളൂയിസായും അവിടെ ഉണ്ടായിരുന്നു. സെലിൻ ചേച്ചിയെയും എന്നെയും നോക്കികൊണ്ട് അവർ പറഞ്ഞു: “പാവം കുഞ്ഞുങ്ങൾ! നിങ്ങൾക്കിനി അമ്മയില്ലല്ലോ!” എന്ന്. ഉടനെ സെലിൻചേച്ചി, “കൊള്ളാം, ചേച്ചിയാണ് ഇനി അമ്മച്ചി ” എന്ന് പറഞ്ഞുകൊണ്ട് മരിയചേച്ചിയുടെ കരങ്ങളിലേക്ക് വീണു. ചേച്ചിയെ അനുകരിക്കാറുണ്ടായിരുന്ന ഞാൻ ഉടനെ, എന്റെ അമ്മേ, അങ്ങയുടെ നേർക്ക് തിരിഞ്ഞു. ഞാൻ വിളിച്ചു പറഞ്ഞു: “പൗളിൻ ചേച്ചിയായിരിക്കും എനിക്ക് അമ്മച്ചി”.
ഈ കാലഘട്ടത്തിന്റെ അവസാനത്തിലായിരുന്നു എന്റെ ജീവിതത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് ഞാൻ പ്രവേശിക്കേണ്ടിയിരുന്നത്. എനിക്ക് ഏറ്റം ക്ലേശകരമായ കാലമായിരുന്നു അത്. പൗളിൻചേച്ചി കർമ്മലയിൽ ചേർന്നതിനുശേഷം അത് ക്ലേശഭൂയിഷ്ഠമായിരുന്നു. നാലരമുതൽ പതിനാലു വയസ്സുവരെ ആയിരുന്നു അതിന്റെ ദൈർഘ്യം. അതിനുശേഷം എന്റെ ശൈശവഭാവം എനിക്ക് തിരിച്ചുകിട്ടുകയും ജീവിതത്തിലേക്ക് ഗൗരവമായി ഞാൻ പ്രവേശിക്കുകയും ചെയ്തു.
അമ്മയുടെ മരണശേഷം എന്റെ പ്രസന്നഭാവം പാടേ മാറിപ്പോയി. സദാ ഉന്മേഷവും പ്രസരിപ്പും നിറഞ്ഞിരുന്ന ഞാൻ ഭീരുവും ലജ്ജാലുവും തൊട്ടാവാടി സ്വാഭാവക്കാരിയും ആയിത്തിത്തീർന്നു . ആരെങ്കിലും ഒന്ന് നോക്കിയാൽ മതി, കണ്ണീർ പൊഴിഞ്ഞുതുടങ്ങും. ആരും തന്നെ ശ്രദ്ധിക്കാതിരുന്നാൽ അതായിരുന്നു എനിക്ക് തൃപ്തികരം. അപരിചിതരുടെ സാന്നിദ്ധ്യം എനിക്ക് ദുസ്സഹമായിത്തീർന്നു. കുടുംബത്തിലെ സൗഹൃദത്തിൽ മാത്രമേ ഞാൻ സുഖം കണ്ടെത്തിയിരുന്നുള്ളു. അതേസമയം എത്രയും. ആർദ്രമായ സ്നേഹത്താൽ ഞാൻ ആവൃതയായിരുന്നു.
അപ്പച്ചന്റെ അതീവാർദ്രമായ ഹൃദയത്തിലെ വാത്സല്യത്തോട് സാക്ഷാൽ മാതൃവാത്സല്യവും കൂടിക്കലർന്നു. എന്റെ അമ്മേ, അങ്ങും മരിയച്ചേച്ചിയും എന്തുമാത്രം ആർദ്രതയോടും നിസ്സ്വാർത്ഥതയോടും കൂടെയായിരുന്നു എനിക്ക് അമ്മമാരായിരുന്നത്. ഹാ! നല്ല ദൈവം അനുഗ്രഹസമ്പൂർണ്ണമായ കിരണങ്ങൾ തന്റെ ചെറുപുഷ്പത്തിന്മേൽ ചൊരിഞ്ഞുകൊണ്ടിരുന്നു. പക്ഷെ ഭൂമിയിലെ കാലാവസ്ഥ അതിനു പറ്റുകയില്ലായിരുന്നു. ഘോരമാരിയേയും കൊടുങ്കാറ്റിനെയും ചെറുത്തു നിൽക്കാൻ അവൾ തികച്ചും അശക്തയായിരുന്നു . ചൂടും കുളിർമയും ഉള്ള മഞ്ഞുതുള്ളികളും വസന്തകാലത്തെ ഇളങ്കാറ്റും അവൾക്കാവശ്യമായിരുന്നു. അപ്രകാരമുള്ള ആനുകൂല്യങ്ങൾ ഒരിക്കലും അവൾക്കു ലഭിക്കാതെ വന്നിട്ടില്ല. ശോധനകളാകുന്ന ഹിമപാതത്തിനിടയിൽത്തന്നെയും ഈശോ അവ അവൾക്കു അനുവദിച്ചിരുന്നു.
അലോൻസോൻ വിട്ടുപോകാൻ കൊച്ചുറാണിക്ക് യാതൊരു വൈമനസ്യവും ഉണ്ടായിരുന്നില്ല. അവൾ ലിസ്യുവിലേക്കു പോയത് തികഞ്ഞ ആഹ്ലാദത്തോടെയായിരുന്നു… ഇത്രയേറെ സ്നേഹധനരായ ബന്ധുക്കളെ കിട്ടിയതിൽ അവൾ അത്യധികം സന്തോഷിച്ചു. എല്ലാവരെയു അവൾ ഹൃദയപൂർവ്വം സ്നേഹിച്ചു. എങ്കിലും അവൾ ഏറ്റുപറയുന്നു: “ഞങ്ങളുടെ ഭവനത്തിലായിരുന്നു ജീവിതം സാക്ഷാൽ ആനന്ദകരമായിരുന്നത്.”
എല്ലാദിവസവും രാവിലെ ആഗ്നസമ്മ (മൂത്ത ചേച്ചി) കൊച്ചുറാണിയുടെ അടുത്ത് ചെന്ന് ചോദിച്ചിരുന്നു: “നീ നല്ല ദൈവത്തിനു നിന്റെ ഹൃദയത്തെ പൂർണ്ണമായി സമർപ്പിച്ചോ?”
എന്ന്. ഉടനെ ദൈവത്തെക്കുറിച്ചു സംസാരിച്ചുകൊണ്ടു അവൾ ചേച്ചിയുടെ അരികിലിരുന്നു പ്രാർത്ഥനകൾ ചൊല്ലുമായിരുന്നു. പിന്നീട് വായനക്ലാസ്സ്. കൊച്ചുറാണി ആനന്ദാഹ്ലാദത്തോടെ പറയുന്നു: “എനിക്ക് തനിച്ചു ആദ്യം വായിക്കാൻ സാധിച്ച വാക്കു ഇതായിരുന്നു ‘സ്വർഗ്ഗം’ “. അവൾ തുടരുന്നു: “എന്നെ വായിക്കാൻ പഠിപ്പിക്കുക എന്റെ ജ്ഞാനസ്നാന മാതാവ് ഏറ്റെടുത്തു. ബാക്കിയെല്ലാം അമ്മയും.
“പഠിത്തം എനിക്ക് അത്ര എളുപ്പമായിരുന്നില്ല. എങ്കിലും ഓർമ്മശക്തി വളരെയുണ്ടായിരുന്നു. വേദപാഠവും, വിശിഷ്യാ, വേദാഗമചരിത്രവുമായിരുന്നു എനിക്ക് ഏറ്റവും പ്രിയങ്കരം. അവ ഞാൻ താത്പര്യത്തോടെ പഠിച്ചിരുന്നു. എന്നാൽ, വ്യാകരണം പലപ്പോഴും എന്റെ കണ്ണീരൊഴുക്കിയിട്ടുണ്ട് പുല്ലിംഗത്തിന്റെയും സ്ത്രീലിംഗത്തിന്റെയും കഥ ‘അമ്മ ഓർമ്മിക്കുമല്ലോ!