നായ്ക്കമ്പറമ്പിലച്ചൻ ഇത്രയും തെരക്കാകുന്നതിനും പ്രസിദ്ധിയാർജ്ജിക്കുന്നതിനും മുമ്പുള്ള ഒരു കാലം. അന്ന് ചെറിയ ടീമുമായി ഇടവകകളിൽ ധ്യാനിപ്പിക്കുകയായിരുന്നു അച്ചന്റെ പ്രധാന ദൗത്യം. അക്കാലത്ത് അദ്ദേഹത്തിന്റെ ടീമിൽ വളരെ സജീവമായി പ്രവർത്തിച്ചിരുന്ന ഒരാളാണു ലോറൻസ്. ഏതോ ഒരു ഇടവകയിലെ ധ്യാനംകഴിഞ്ഞ് വളരെ വൈകിയാണു ലോറൻസും അച്ചനും അങ്കമാലിയിലെ വിൻസഷ്യൻ ഭവനത്തിലെത്തിയത്.
ഇരുവരും നല്ലവണ്ണം ക്ഷീണിച്ചിരുന്നു. കിട്ടിയ ഭക്ഷണംകഴിച്ച് ഇരുവരും വിശ്രമത്തിനു വെമ്പുകയായിരുന്നു. പിറ്റെ ദിവസംതന്നെ മറ്റൊരു ധ്യാനം അവർക്കു നടത്തേണ്ടതായും ഉണ്ടായിരുന്നു. ഗസ്റ്റ് റൂം തുറന്നുകിടക്കുന്നതെന്നു മനസ്സിലാക്കിയ നായ്ക്കമ്പറമ്പിലച്ചൻ ലോറൻസിനോട് അവിടെ വിശ്രമിക്കാൻ പറഞ്ഞിട്ട്, സ്വന്തം മുറിയിലേക്ക് പോയി. ക്ഷീണാധിക്യംമൂലം ലോറൻസ്, നെറ്റിയിൽ കുരിശുവരച്ചിട്ട്, പ്രാർത്ഥനാപൂർവ്വം കട്ടിലിൽ കിടന്നുറങ്ങി.
ദൂരെയെവിടെയോ ഒരു പള്ളിയിലായിരുന്നു അടുത്ത ദിവസം ധ്യാനം തുടങ്ങേണ്ടിയിരുന്നത്. അവിടെ സമയത്തെത്താൻ കാലേകൂട്ടി പുറപ്പെടേണ്ടിയിരുന്നു. അതുകൊണ്ട് കുറച്ചു വെളുപ്പിനെ നായിക്കമ്പറമ്പിലച്ചൻ ലോറൻസിനെ വിളിച്ചുണർത്തി. ഉണർന്നെഴുറ്റിരുന്നെങ്കിലും ക്ഷീണമുണ്ടായിരുന്നതുകൊണ്ട് ലോറൻസ് ഒരു കൈ കട്ടിലിന്റെ ഇഴുകയിലും മറ്റേ കൈ തലയണയിലും അമർത്തി അല്പസമയം കട്ടിലിൽ ഇരുന്നു. കയ്യുടെ സമ്മർദ്ദംമൂലം തലയണ അമരുന്തോറും അതിനടിയിൽ എന്തോ അനക്കമുണ്ടെന്നു ലോറൻസ് മനസ്സിലാക്കുന്നു. തലയണയിൽ വച്ചകൈ വേഗം മാറ്റി, ശ്രദ്ധപൂർവ്വം നോക്കിയപ്പോൾ കണ്ടകാഴ്ച മകനെ ഞെട്ടിത്തരിപ്പിക്കുകയും കോരിത്തരിപ്പിക്കുകയും അത്ഭുത സ്തബ്ധനാക്കുകയും ചെയ്തു.
തലയിണയുടെ അടിയിൽനിന്ന് ഒരു വിഷപ്പാമ്പ്(കടുത്ത വിഷം) സാവകാശം ഇഴഞ്ഞു താഴേക്കിറങ്ങുന്നതാണു ലോറൻസ് കണ്ടത്. സ്വാഭാവികമായും എന്തു ചെയ്യണമെന്നറിയാതെ അദ്ദേഹം അല്പസമയം പാമ്പിന്റെ ഗതിവിഗതികൾ ശ്രദ്ധിച്ച് അവിടെത്തന്നെ ഇരുന്നു. ആ പാമ്പ് സാവകാശം താഴേക്കിറങ്ങി നിലത്തൂടെ ഇഴഞ്ഞു വാതിൽ ലക്ഷ്യംവച്ചു നീങ്ങുകയാണ്. ക്ഷീണംകൊണ്ടും ഉറക്കംകൊണ്ടും ലോറൻസ് വാതിൽ അടയ്ക്കുകയോ കുറ്റിയിടുകയോ ചെയ്തിരുന്നില്ല. ആ വാതിലിലൂടെ പാമ്പ് ഇഴഞ്ഞു പുറത്തേക്കുപോയി.
ലോറൻസിന്റെ അത്ഭുതത്തിന്റെ കാരണവും ആരായണമല്ലോ? അവൻ ഓർത്തു നോക്കിയപ്പോൾ മനസ്സിലായത് താൻ കിടക്കുന്നതിനു മുമ്പുതന്നെ ആ തലയണക്കീഴെ ആ പാമ്പ് ചുരുണ്ടുകൂടി ഇരുന്നിരുന്നു. കടുത്ത ചൂടിന്റെ കാലമായിരുന്നു അത്. അതിന്റെ ആഘാതത്തിൽനിന്നു രക്ഷപ്പെടാൻ അത് ഇഴഞ്ഞു കയറി തലയണക്കീഴെ വളഞ്ഞുകൂടി ഇരുന്നതായിരിക്കണം. അങ്ങനയെങ്കിൽ ലോറൻസ് ഉറങ്ങിയ സമയമത്രയും പാമ്പ് യാതൊരു ശല്യവും ചെയ്യാതെ ലോറൻസിനു (എന്തും സംഭവിക്കാമായിരുന്നില്ലേ) രണ്ടാം തലയണയായി വർത്തിച്ചു. ഒരുവൻ മരണത്തിന്റെ താഴ്വരയിൽ കിടന്നു സുഖമായി കിടന്നുറങ്ങിയ മഹാ അത്ഭുതം! വർഷങ്ങൾക്കു മുമ്പ് സെന്റ് ബർക്കുമാൻസ് കോളജിൽ വിദ്യാർത്ഥിക്കുവേണ്ടി ധ്യാനം നടത്താൻ വന്നപ്പോൾ ലോറൻസ് അവരോടു വികാരാധീനനായി പറഞ്ഞതാണ് ദൈവപരിപാലനയുടെ ഈ വലിയ സംഭവം.