ലോകത്തിൽ സംഭവിച്ച അത്ഭുതങ്ങളുടെ അത്ഭുതമാണ് ക്രിസ്മസ് . ലോകരക്ഷകൻ ജനിച്ചപ്പോൾ സ്വർഗ്ഗം സന്തോഷിച്ച് ആർത്തുപാടി. അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം! ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്ക് സമാധാനം! (ലൂക്കാ. 2 :14 ). വിനീതരായ ആട്ടിടയർക്കാണ് ഈ സത്യങ്ങളുടെ സത്യം സ്വർഗ്ഗീയ സൈന്യവ്യൂഹത്തിലെ ഒരുവൻ വെളിപ്പെടുത്തിയത്. “ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ഇന്ന് ജനിച്ചിരിക്കുന്നു” (ലൂക്കാ.2 : 10 ,11 )
ശാശ്വതസമാധാനം, നിലനിൽക്കുന്ന സമാധാനമാണല്ലോ സകലരും സാകൂതം കാംഷിക്കുന്നത്. പാപവിമോചനത്തിലൂടെ മാത്രമേ ഈ സമാധാനം ലഭിക്കൂ. ഇത് സകലജനത്തിനും ഈശോ സമ്മാനിച്ചിരിക്കുന്നു.”വഴിയും സത്യവും ജീവനും ഞാനാണ് . എന്നനിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല.” (യോഹ. 14 :6 )
ആത്മശരീരവും സിദ്ധികളൊക്കെയും ആത്മനാഥന് അർപ്പണം ചെയ്തു അവനിൽ വസിക്കുന്നവർക്കു മാത്രമേ അവിടുന്നു നൽകുന്ന അഴിവില്ലാത്ത സമാധാനം ലഭിക്കുകയുള്ളൂ.”ഞാൻ സാക്ഷാൽ മുന്തിരിച്ചെടിയും എന്റെ പിതാവ് കൃഷിക്കാരനുമാണ്. എന്റെ ശാഖകളിൽ ഫലം തരാത്തതിനെ അവിടുന്ന് നീക്കിക്കളയുന്നു. എന്നാൽ, ഫലം തരുന്നതിനെ കൂടുതൽ കായ്ക്കാനായി അവിടുന്ന് വെട്ടിയൊരുക്കുകയും ചെയ്യുന്നു. ഞാൻ നിങ്ങളോടു പറഞ്ഞ വചനം നിമിത്തം നിങ്ങൾ ശുദ്ധിയുള്ളവരായിരിക്കുന്നു. നിങ്ങൾ എന്നിൽ വസിക്കുവിൻ; ഞാൻ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയിൽ നിലനിൽക്കാതെ ശാഖയ്ക്ക് സ്വയമേവ ഫലം പുറപ്പെടുവിക്കാൻ സാധിക്കാത്തതുപോലെ, എന്നിൽ വസിക്കുന്നില്ലെങ്കിൽ നിങ്ങൾക്കും സാധിക്കുകയില്ല. ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളുമാണ്.ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ
അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല. എന്നിൽ വസിക്കാത്തവൻ മുറിച്ച ശാഖപോലെ പുറത്തെറിയപ്പെടുകയും ഉണങ്ങിപ്പോവുകയും ചെയ്യുന്നു.
അത്തരം കമ്പുകൾ ശേഖരിച്ച് തീയിലിട്ടു കത്തിച്ചുകളയുന്നു.
നിങ്ങൾ എന്നിൽ വസിക്കുകയും എന്റെ വാക്കുകൾ നിങ്ങളിൽ നിലനിൽക്കുകയും ചെയ്യുന്നെങ്കിൽ ഇഷ്ടമുള്ളത് ചോദിച്ചുകൊള്ളുക;
നിങ്ങൾക്ക് ലഭിക്കും. നിങ്ങൾ ധാരാളം ഫലം പുറപ്പെടുവിക്കുകയും അങ്ങനെ എന്റെ ശിഷ്യന്മാരായിരിക്കുകയും ചെയ്യുന്നത് വഴി പിതാവ്
മഹത്വപ്പെടുന്നു. പിതാവ് എന്നെ സ്നേഹിച്ചതുപോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിലക്കുവിൻ. ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പാലിച്ച് അവിടുത്തെ സ്നേഹത്തിൽ നിലനിൽക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പാലിച്ചാൽ എന്റെ സ്നേഹത്തിൽ നിലനിൽക്കും”(യോഹ.15 : 1 – 10 )
“സമാധാനത്തിന്റെ മാർഗ്ഗങ്ങൾ ഈ ദിവസമെങ്കിലും നീ അറിഞ്ഞിരുന്നെങ്കിൽ!” (ലൂക്കാ. 19 :42 ). ‘അറിഞ്ഞിരുന്നില്ല‘, ‘വൈകിപ്പോയി‘, ‘ഇല്ല രക്ഷയില്ല‘, ‘എന്റെ ജീവിതം അമ്പേ തകർന്നു പോയി‘ എന്നൊക്കെ വിചാരിച്ചു ‘മാള‘ങ്ങളിൽ ഒതുങ്ങിക്കൂടുന്നവരോട് കർത്താവു വ്യക്തമായി പറയുന്നു: “മനുഷ്യർക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്” . അസാധ്യങ്ങളെ സാധ്യങ്ങളാക്കാൻ, അസമാധാനത്തെ സമാധാനമാക്കാൻ ലോകരക്ഷകനായ മർത്യപാപവിമോചകനായ, ക്രിസ്തുവിനു മാത്രമേ കഴിയൂ (ലൂക്കാ. 8 :27 ).
ഈശോമിശിഹായിൽ വിശ്വസിച്ച്, മാമ്മോദീസയിലൂടെ അവിടുത്തെ തിരുരക്തത്തിൽ പാപക്കറകളെല്ലാം കഴുകിക്കളഞ്ഞ്, പൂർണ്ണമനസ്സോടും പൂർണ്ണഹൃദയമോടും പൂർണ്ണാത്മാവോടും പൂർണ്ണ ശക്തിയോടും ദൈവത്തെ സ്നേഹിക്കുന്നവർക്ക്, ഈശോ നമ്മെ സ്നേഹിച്ചതുപോലെ നാം മറ്റുള്ളവരെ സ്നേഹിക്കുന്നവർക്ക് സമാധാനം കൈവരും; നാം സ്വർഗ്ഗത്തിന് അവകാശികളാകും.”കർത്തൃഭയത്തേക്കാൾ ശ്രേഷ്ഠമോ കർത്താവിന്റെ കല്പന അനുസരിക്കുന്നതിനേക്കാൾ മധുരമോ ആയി മറ്റൊന്നിലെന്നു അവളെ അതിജീവിക്കുന്നവർ അറിയും” (പ്രഭ.23 :27 )
കർത്താവായ ഈശോ ഓരോദിവസവും നമ്മുടെ ഹൃദയത്തിൽ നവമായി ‘ജനിച്ചാൽ‘ നാം സമാധാനം കൊണ്ട് നിറയും. കാരണം, അവിടുന്ന് നമ്മുടെ സമാധാനമാണ്. മനസ്സ് ശാന്തമാണെങ്കിലേ മനസ്സാക്ഷിയുടെ ആമന്ത്രണം അനുസരിച്ചു ജീവിക്കാൻ നമുക്ക് ആവൂ.. പരിശുദ്ധാത്മഫലങ്ങളായ സ്നേഹം , സന്തോഷം, ക്ഷമ, ദയ, നന്മ, വിനയം, വിശ്വസ്തത, വിശുദ്ധി, ആത്മസംയമനം, കാരുണ്യം, സത്യസന്ധത, നീതി (ഗലാ. 5 : 22 ,23 ). ഇവയിൽ നിലനിൽക്കുന്നവർക്കേ ശാശ്വതശാന്തി കിട്ടൂ. “ഈശോ മിശിഹായ്ക്കുള്ളവർ തങ്ങളുടെ ജഡത്തെ അതിന്റെ വികാരങ്ങളോടും മോഹങ്ങളോടുംകൂടെ ക്രൂശിച്ചിരിക്കുന്നു” (ഗലാ.5 : 24 ).