കൃപയും സത്യവുമായാണ് ഈശോ ലോകത്തിന് വെളിപ്പെട്ടത്. ” നിയമം മോശവഴി നൽകപ്പെട്ടു ;
കൃപയും സത്യവും ആകട്ടെ ഈശോമിശിഹാ വഴി ഉണ്ടായി (യോഹ.1: 17).
പഴയ നിയമ പശ്ചാത്തലത്തിൽ ഈ വചനം വിരൽ ചൂണ്ടുന്നത് ദൈവം ഇസ്രായേലുമായി ചെയ്ത ഉടമ്പടി ബന്ധത്തിലേക്കാണ്. കൃപ എന്നതിന്റെ ഗ്രീക്ക് പദം ‘കാരിസ് ‘ സത്യം എന്ന വാക്കിന്റെത് ‘അലേണിയ’ എന്നുമാണ്. ഹിബ്രുവിൽ ‘ഹെസദ്’ ‘എമെത്’ എന്ന പദങ്ങളാണ് പകരമായി ഉപയോഗിക്കുന്നത്.
‘ഹെസദ്’ ദൈവത്തിന്റെ കരുണാർദ്ര സ്നേഹത്തെ സൂചിപ്പിക്കുന്നു., ‘എമെത്’ അവിടുത്തെ വിശ്വസ്തതയെയും. ഇസ്രായേലുമായി താൻ ചെയ്ത ഉടമ്പടി ബന്ധത്തിൽ ദൈവം മോശയ്ക്ക് സ്വയം വെളിപ്പെടുത്തുന്നത് ഇങ്ങനെയാണ്.
” കർത്താവു കാരുണ്യവാനും കൃപനിധിയുമായ ദൈവം, കോപിക്കുന്നതിൽ വിമുഖൻ, സ്നേഹത്തിലും,വിശ്വസ്തയിലും അത്യുദാരൻ, തെറ്റുകളും കുറ്റങ്ങളും പാപങ്ങളും ക്ഷമിച്ചുകൊണ്ട് ആയിരങ്ങളോട് കരുണ കാണിക്കുന്നവൻ’ (പുറ. 34: 6 ).
ദൈവത്തിന്റെ കരുണാപൂർവ്വമായ സ്നേഹവും മാറ്റം വരാത്ത വിശ്വസ്തതയും ഇസ്രായേൽ ജനം ആവോളം അനുഭവിച്ചിട്ടുള്ളതാണ്. ദൈവത്തിന്റെ കരുണാസ്നേഹങ്ങൾ (കരുണയുടെ സ്നേഹവും) മാംസമുടുത്തതാണ് ‘ഈശോ’. ദൈവത്തിന്റെ ഈ സ്നേഹവും വിശ്വസ്തതയും കൃപയും സത്യവുമായി ഈശോയിൽ നാം അനുഭവിക്കുന്നു. ജനം അവിശ്വസ്തത കാണിച്ചപ്പോഴും (മുഖംമൂടി ധരിച്ചപ്പോഴും) ദൈവം, തന്റെ വാഗ്ദാനങ്ങളിൽ, വിശ്വസ്തനായിരുന്നു.
നഷ്ടപ്പെട്ട ആദ്യസ്നേഹത്തിന്റെ തീവ്രത വീണ്ടെടുക്കാൻ മനുഷ്യന് അണുപോലും സാധിക്കാത്ത സാഹചര്യത്തിൽ, സഹായത്തിനു തന്റെ സുതനെ തന്നെ സർവ്വശക്തൻ സമ്മാനിച്ചു. പിതാവിന്റെ അസ്തമിക്കാത്ത സ്നേഹവും, മാറ്റം വരാത്ത വിശ്വസ്തതയും തന്നെയാണ് ഈശോയിലൂടെ ലോകത്തിന് കൈവന്നത്. ” സ്നേഹിതർക്ക് വേണ്ടി ജീവൻ അർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല (യോഹ 15: 13 ) എന്ന് പ്രസ്താവിച്ചുകൊണ്ട് കാൽവരിയിൽ സ്വയം ബലിയായതു ദൈവത്തിന്റെ കരുണാർദ്ര സ്നേഹവും വിശ്വസ്തതയും ഈശോമിശിഹായിൽ അതിന്റെ അത്യുച്ചകോടിയിൽ വെളിവാക്കപ്പെട്ടു.
മോശ വഴി നൽകപ്പെട്ട നിയമം പഴയ നിയമത്തിൽ ദൈവിക വെളിപ്പാടിന്റെ മാർഗമായിരുന്നു, തീർച്ച. എന്നാൽ, ഈശോയിൽ വെളിപ്പെട്ട ദൈവത്തിന്റെ കൃപ – നിലയ്ക്കാത്ത സ്നേഹം – സത്യദൈവത്തിന്റെ സമ്പൂർണ്ണ വെളിപ്പെടുത്തലിന്റെ മാർഗ്ഗമായിരുന്നു.
പഴയ നിയമ സംഹിതകളും ആചാരങ്ങളും ഈശോമിശിഹായിൽ അവയുടെ അർത്ഥ സമ്പൂർണ്ണതകളിൽ എത്തിനിൽക്കുന്നു. പഴയ നിയമത്തിന്റെ അപൂർണ്ണതകളെ എല്ലാം മാറ്റി നവ്യമായവ സ്ഥാപിച്ചു. ഈ മാറ്റി സ്ഥാപിക്കലാണ് യോഹന്നാൻ വ്യക്തമായി ആമുഖത്തിൽ അവതരിപ്പിക്കുന്നത്.