പത്തൊമ്പതാമദ്ധ്യായം
സിനോപ്റ്റിക്ക സുവിശേഷകന്മാരെല്ലാം വിശിഷ്യ സെന്റ് മാത്യു, ഊന്നിപ്പറയുന്നൊരു വസ്തുതയുണ്ട്-ക്രിസ്തു മെസയാ ആണ്. മാർക്കിന്റെ ആറുമുതൽ ഒൻപതുവരെയുള്ള അദ്ധ്യായങ്ങൾ ഈ തീസീസ് ആണ് തെളിയിക്കുക. വിവിധ അത്ഭുതങ്ങളെ അവതരിപ്പിച്ചു പ്രവാചകന്മാർ കണ്ട ക്രിസ്തുവാണു മിശിഹാ എന്നദ്ദേഹം വ്യക്തമാക്കുന്നു. മെസയായെ തന്റെ അത്ഭുതങ്ങളിലൂടെ തിരിച്ചറിയാമെന്നാണ് ഏശായുടെ മതം. ‘അവൻ വന്നു നിങ്ങളെ രക്ഷിക്കും. അന്നു കുരുടന്മാരുടെ കണ്ണുകൾ തുറന്നു വരും ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല. മുടന്തൻ മാൻപേടയെപ്പോലെ ചാടും. ഊമന്റെ നാവ് ഉല്ലസിച്ചു ഘോഷിക്കും'(35:46)
ക്രിസ്തു അപ്പം വർദ്ധിപ്പിക്കുന്ന രംഗം മുതൽക്കാണ് മാർക്കു തുടങ്ങുക. അവിടുന്നു കഫർണാമിലായിരുന്നു. ശിഷ്യന്മാർ തങ്ങളുടെ അപ്പസ്തോലികയാത്ര കഴിഞ്ഞു മടങ്ങിവന്നതേയുള്ളു. നേട്ടങ്ങളും കോട്ടങ്ങളുമെല്ലാം അവർ ഗുരുവിനെ അറിയിച്ചു. നന്നെ ക്ഷീണിച്ചിരുന്ന ആ മഹാനുഭാവന്മാർക്കു തെല്ലാശ്വാസം നല്കുമെന്ന് ദിവ്യരക്ഷകനു തോന്നി. ‘വരുവിൻ, നമുക്കു സ്വസ്ഥമായൊരു സ്ഥലത്തുപോയി അല്പം വിശ്രമിക്കാം’. ശിഷ്യന്മാർക്കു സന്തോഷമായി. ബദ്സൈദാ പ്രദേശത്തുള്ള ജൂലിയായിലേയ്ക്കായിരിക്കണം അവർ പോയത്. വളരെ ഒതുക്കമുള്ളൊരു പ്രദേശമാണത്. ശാന്തിക്കും വിശ്രമത്തിനും പറ്റിയ സ്ഥലം.
ഈശോയുടെ ശിഷ്യന്മാരും വഞ്ചിയിൽക്കയറി പോകുന്നതു ജനങ്ങൾ കണ്ടു. ആവേശമായവർക്ക്: വഞ്ചിയുടെ ഗതി നോക്കി ലക്ഷ്യസ്ഥാനം അവർ ഊഹിച്ചെടുത്തു. കരവഴിക്കവർ വേഗം നടന്നു. എന്തിന്, ഈശോകരക്കിറങ്ങിയപ്പോൾ അവിടം ജനനിബിഡമായിക്കഴിഞ്ഞിരുന്നു. ഒരു മഹാ പുരുഷാരം അവിടുത്തെ കാത്തു നില്ക്കുന്നു. ഈ കാഴ്ച ആ കരുണാകരന്റെ കരളലിയിച്ചു. കാരണമുണ്ട്. അവർ ഇടയനില്ലാത്ത ആടുകളെപ്പോലെ ആയിരുന്നു. സ്വന്തം ക്ഷീണമെല്ലാം അവിടുന്നു മറന്നു. അവരുടെ കാര്യത്തിലായി ശ്രദ്ധമുഴുവൻ. കൂട്ടത്തിലുണ്ടായിരുന്ന രോഗികളെയൊക്കെ സുഖപ്പെടുത്തി. തുടർന്ന് ഈശ്വരസാമ്രാജ്യത്തെസംബന്ധിച്ചു പ്രസംഗവും. സമയംപോയത് ആരുമറിഞ്ഞില്ല. അർക്കൻ കുന്നിൻചരുവിൽ ചാഞ്ഞു ചെങ്കതിർ വീശിത്തുടങ്ങി. ഇത്തരുണത്തിൽ ശിഷ്യന്മാരിൽ പരിസരബോധമുദിച്ചു. അവർ ഗുരുവിനെ സമീപിച്ച് ഉണർത്തിച്ചു: ‘ഇതൊരു വിജനപ്രദേശമാണ്. നേരം നന്നേ വൈകി. ഇവർക്കു ഭക്ഷിപ്പൊനൊന്നുമില്ല. സമീപഗ്രാമങ്ങളിലും കൃഷിസ്ഥലങ്ങളിലുംപോയി ഭക്ഷണസാധനങ്ങൾ വാങ്ങാൻ ഇവരെ പിരിച്ചുവിടണമേ,’ എന്ന്.
‘അവർ പോകേണ്ട ആവശ്യമില്ല. നിങ്ങൾതന്നെ അവർക്ക് ആഹാരം കൊടുക്കണം’. ആധികാരികമായ മറുപടി. പക്ഷെ, വിസ്മയഭരിതരായ ശിഷ്യന്മാർ പകച്ചു നിന്നുപോയി. അവരെ ഉണർത്തി ധൈര്യം പകർന്നുകൊണ്ട് തിരുവായ്മൊഴിഞ്ഞു:
‘എന്തിനീക്കദനമപ്പമുള്ളതെ-
ന്നന്തികത്തിലുടനാനയിക്കുവിൻ:
പന്തിയായ് ജനഗണത്തെയും മുറ-
യ്ക്കന്തിയാവതിനു മുമ്പിരുത്തുവിൻ’.
(കട്ടക്കയം)
ഒരു കുട്ടിയുടെ കൈവശം അഞ്ചപ്പവും രണ്ടു മീനുമുണ്ടായിരുന്നു. ശിഷ്യന്മാർ അവ വാങ്ങി ഗുരുവിന്റെ മുമ്പിൽ വച്ചു. അപ്പവും മീനും കരങ്ങളിലെടുത്തു കണ്ണുകളുയർത്തി ഈശോ പ്രാർത്ഥിച്ചു. ആശീർവാദകർമ്മവും നടത്തി. മുറിച്ചു വിളമ്പുന്നതിനു ശിഷ്യന്മാർക്കു നിർദ്ദേശവും.
ചുറുചുറുക്കോടെ അവർ അപ്പം നുറുക്കി വിതരണം നടത്തി. തരുണീബാലന്മാരൊഴികെ അയ്യായിരം ആളുകൾ മൃഷ്ടാനം ഭക്ഷിച്ചു. സുമധുരമായ ആ വിരുന്നുണ്ടവരെല്ലാം സംതൃപ്തമതികളായി.
ശിഷ്യന്മാർ നാഥനെ സമീപിച്ചു. എന്നാൽ ആ സന്തോഷത്തിളപ്പിൽ ഒന്നുംതന്നെ ഉരിയാടാൻ കഴിഞ്ഞില്ലവർക്ക്. ധാരാളം അപ്പക്കഷണങ്ങൾ ശേഷിച്ചിരുന്നു. ഇതു കണ്ട ഈശോ കാര്യമായിട്ടവരോടു പറയുകയാണ്: ‘കഷണങ്ങളൊക്കെ ശേഖരിക്കുക. ഒന്നുപോലും നഷ്ടപ്പെടുത്തരുത്’. എല്ലാം പെറുക്കിയെടുത്തപ്പോൾ പന്ത്രണ്ടുകൊട്ട നിറഞ്ഞു! സ്വർഗ്ഗീയാനുഗ്രഹങ്ങൾ സമൃദ്ധമാണ്. ശ്രദ്ധയില്ലാതെ തോന്ന്യാസം ജീവിച്ച് അവ നഷ്ടപ്പെടുത്താതിരിക്കാൻ സൂക്ഷിക്കുക.
നാലു സുവിശേഷകന്മാരും കുറിച്ചുവച്ചിരിക്കുന്ന ഏക അത്ഭുതമാണിത്. ഇതിനു രണ്ട് അർത്ഥമുണ്ട് (ടലിലെ)െ. ഒരുവശത്ത് ക്രിസ്തുവിന്റെ കരുണാകടാക്ഷം അതു വ്യക്തമാക്കുന്നു (മർക്കോ 6:44മ). ദൂതദയയാൽ മാത്രം പ്രേരിതനായി മിശിഹാ അനവധി അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത് അന്യത്ര നാം പരാമർശിച്ചു. എന്നാൽ ഈ അത്ഭുതത്തിനൊരു മെസിയാനിക് പ്രാധാന്യംകൂടെയുണ്ട്.. മെസയാ വരുമ്പോൾ അയാൾ മന്നാവർഷം ആവർത്തിക്കുമെന്നായിരുന്നു യഹൂദന്മാർ വിശ്വസിച്ചിരുന്നത്. ഈ അത്ഭുതം കണ്ട ജനതതീ പറയുകയാണ്, സത്യമായും ലോകത്തിലവതരിക്കാനുള്ള പ്രവാചകൻ ഇവനാണ് (യോഹ 6:14). താനാണു മെസയാ എന്നു ജനങ്ങൾ ഗ്രഹിക്കണമെന്നു മിശിഹാ ആഗ്രഹിച്ചു. പക്ഷേ, മെസയാ ഒരു മന്നാമാത്രദാതാവായിരിക്കുമെന്ന യഹൂദരുടെ അബദ്ധധാരണയെ അംഗീകരിക്കാനാവില്ല അവിടുത്തേയ്ക്ക്. തന്നെ രാജാവാക്കാൻ വട്ടംകൂട്ടിയ ജനനതതീയിൽ നിന്നൊഴിഞ്ഞുമാറി മറുകരയ്ക്കവിടുന്നു പോയതു മറ്റൊന്നുകൊണ്ടുമല്ല.
യഹൂദർ മിശിഹായെ രക്ഷകനായി തിരിച്ചറിയുന്നതിനു മുമ്പ് പുറജാതിക്കാർ അറിഞ്ഞു എന്നു പറഞ്ഞാൽ അതൊരു വസ്തുതയായിരിക്കും. ഈ വസ്തുത വ്യക്തമാക്കുന്നതാണു കാനായക്കാരി സ്ത്രീയുടെ കഥ.
ഫെനീഷ്യയുടെ തലസ്ഥാനമാണു തീരൂസ്. സീദോൻ തിരൂസിന്റെ സമീപദേശവും. ഇവയുടെ തീരത്തൂടെ ശിഷ്യരുമൊത്തു സഞ്ചരിക്കുകയായിരുന്നു ഈശോ. തദ്ദേശവാസികളെല്ലാംതന്നെ വിഗ്രഹാരാധകരാണ്. എങ്കിലും നസ്രസ്സുകാരനായ അത്ഭുതമനുഷ്യനോട് അവർക്കു അതിരറ്റ ബഹുമാനമുണ്ട്. പലരും കണ്ണിമയക്കാതെ ആ മഹൽപ്പിതാവിനെ നോക്കിനിന്നു. കുറെ അങ്ങു ചെന്നപ്പോൾ പെട്ടെന്നൊരു സ്ത്രീ ഓടി വഴിക്കിറങ്ങി ക്രിസ്തുവിനോടു പ്രാർത്ഥിക്കുന്നു. ‘നാഥാ, ദാവീദിന്റെ പുത്രാ, എന്നോടു കനിവുണ്ടാകണമേ’.
‘ദാവീദിന്റെ പുത്രൻ’ മെസയായുടെ സ്ഥാനപ്പേരാണത്. സെന്റ് മാത്യു സുവിശേഷം ആരംഭിക്കുന്നതുതന്നെ ‘…..ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി’ എന്നു പറഞ്ഞാണ്. ക്രിസ്തുവിനെ ദാവീദിന്റെ മകൻ എന്നു വിളിക്കുന്നതിന്റെ പൊരുളെന്തെന്ന് മിശിഹാതന്നെ യഹൂദരോടു ചോദിക്കുന്നുണ്ട് (മർക്കോ 12:25). ഈ സാഹചര്യങ്ങളിൽ കാനായക്കാരി സ്ത്രീയുടെ അഭിസംബോധന ക്രിസ്തു മെസയാ ആണെന്ന വസ്തുതയാണു വ്യക്തമാക്കുക. ഈ അവബോധമാണ് അവൾക്കുവേണ്ടി അത്ഭുതം പ്രവർത്തിക്കാൻ ആ കരുണാനിധിയെ പ്രേരിപ്പിച്ചതും. മെസയായുടെ രക്ഷണവേല സാർവ്വത്രികമാണ്. ഇസ്രായേൽ മക്കളിൽ മാത്രം ഒതുങ്ങിനില്ക്കേണ്ടതല്ലത്. രക്ഷകൻ ജനതകളുടെ പ്രകാശമാണെന്ന വസ്തുത മറ്റെവിടെയോ നാം വ്യക്തമാക്കിയിട്ടുണ്ട്.
കാനായക്കാരിക്കു കാരുണ്യം ചെയ്തശേഷം കർത്താവു തിരൂസിന്റെ അതിർത്തിവിട്ടു സിദോൺവഴി ദെക്കാപ്പോലീസിലൂടെ ഗലീലിയാക്കടലിന്റെ തീരത്തേയ്ക്കുവന്നു. വിവരമറിഞ്ഞ ജനതതി പതിവുപോലെ തടിച്ചുകൂടാൻ തുടങ്ങി. ഒരു സംഘം ആളുകൾ ഊമനും ബധിരനുമായ ഒരുവനെകൊണ്ടുവന്ന് മിശിഹായുടെ മുമ്പിൽ നിറുത്തി. അവന്റെ തലയിൽ കൈവയ്ക്കണമേ, അവർ പ്രാർത്ഥിച്ചു. മാർക്കു മാത്രമാണ് ഈ സംഭവം രേഖപ്പെടുത്തുക. അദ്ദേഹത്തിന് ഒരു പ്രത്യക ഉദ്ദേശ്യവുമുണ്ട്. ദൃക്സാക്ഷിയുടെ ജീവൻ തുളുമ്പുന്നൊരു വിവരണമാണദ്ദേഹം നല്കുന്നത്.
അവനെ പുരുഷാരത്തിൽനിന്നു വേറിട്ടു കൂട്ടിക്കൊണ്ടുപോയി ക്രിസ്തു അവന്റെ ചെവിയും നാവും തൃക്കൈകൾ കൊണ്ടു തൊട്ടു. അനന്തരം ആകാശത്തേയ്ക്കു നോക്കി നെടുവീർപ്പിട്ടു. അതിനുശേഷം ആ ചെറുപ്പക്കാരന്റെ നേരെ തിരിഞ്ഞു. കല്പനാസ്വരത്തിൽ ‘എസ്പത്തഫ്’ എന്നു പറഞ്ഞു തുറക്കപ്പെടട്ടെ എന്നാണ് ഈ അറമായ പദത്തിന്റെ അർത്ഥം. ആ വാക്കങ്ങു പറഞ്ഞതേ ഉള്ളു. ഉത്തരക്ഷണം അവന്റെ ചെവി തുറന്നു. നാവിന്റെ കെട്ടഴിഞ്ഞു. ശരിക്കു സംസാരിച്ചുതുടങ്ങി. ഇതു കണ്ട ജനക്കൂട്ടം അവരുടെ ആവേശത്തള്ളലിൽ മെസയായെപ്പറ്റിയുള്ള പ്രവചനം ആവർത്തിക്കുകയാണ്: ‘ഇദ്ദേഹം എത്ര സമർത്ഥമായി സർവതും സാധിക്കുന്നു. ബധിരൻ കേൾക്കുന്നു. ഊമർ സംസാരിക്കുന്നു’. ഇതു പറയിപ്പിക്കയാണു മർക്കോസിന്റെ ലക്ഷ്യവും. മിശിഹാ മെസയായാണെന്ന സത്യം ശ്ലീഹാപ്രമുഖനായ പീറ്റർ ഏറ്റു പറയുന്ന രംഗത്തിന്റെ സംവിധാനങ്ങൾ മാത്രമാണിവയൊക്കെ.
ഇത്രയുമൊക്കെ ആയിട്ടും ക്രിസ്തു മെസയായാണെന്നു ശിഷ്യർ മനസ്സിലാക്കുന്നില്ല. കണ്ണുണ്ടായിട്ടും അവർ കാണുന്നില്ല. ചെവിയുണ്ടായിട്ടും കേൾക്കുന്നില്ല. അപ്പം വർദ്ധിപ്പിച്ച് എല്ലാവരും തിന്നതും മിച്ചമുണ്ടായിരുന്നതു കൊട്ടകളിൽ സംഭരിച്ചതുമൊന്നും മെസയായുടെ സ്വഭാവത്തിലേക്ക് അവർക്കുൾക്കാഴ്ച നല്കിയില്ല. ഊമനെ സുഖമാക്കിയശേഷം വള്ളത്തിൽകയറി ബത്സയിദായിലേക്കു പോകും വഴി അപ്പം എടുക്കാൻ മറന്നതിനെചൊല്ലി ശിഷ്യൻമാർ ആകുലരായപ്പോൾ മുകളിൽ പറഞ്ഞ കാര്യങ്ങൾ അവരോടു ചോദ്യരൂപത്തിൽ പറഞ്ഞതു ദിവ്യഗുരുതന്നെയാണ്.
ബത്സയിദായിലെത്തിയപ്പോൾ ധാരാളം ജനങ്ങൾ ക്രിസ്തുവിനെക്കാണാൻ ഓടിക്കൂടി. അക്കൂട്ടത്തിലൊരു കുരുടനുണ്ടായിരുന്നു. അവനെ തൊട്ടനുഗ്രഹിക്കണമെന്ന് അവന്റെ ബന്ധുക്കൾ ഈശോയോടപേക്ഷിച്ചു. നേത്രരോഗികൾക്കു തുപ്പൽ സിദ്ധൗഷധമാണെന്നായിരുന്നു യഹൂദന്മാരുടെ വിശ്വാസം. അതുകൊണ്ടായിരിക്കാം തുപ്പലുപയോഗിച്ചാണ് ഇക്കുറി മിശിഹാ അവനെ സുഖപ്പെടുത്തിയത്. പരിപൂർണ്ണസുഖം പ്രാപിച്ച ആ പാവം ആനന്ദത്തികവിൽ മതിമറന്നുപോയി.
ഈ അത്ഭുതങ്ങളുടെയെല്ലാം പശ്ചാത്തലത്തിലാണ് തുടർന്നുള്ള യാത്രയിൽ ക്രിസ്തു ശിഷ്യന്മാരോടു ചോദിക്കുന്നത്, ജനങ്ങൾക്കു തന്നെപ്പറ്റിയുള്ള അഭിപ്രായം. ഈ ചോദ്യത്തിനുത്തരം പറയാൻ യാതൊരു പ്രയാസവുമുണ്ടായിരുന്നില്ലവർക്ക്. ‘സ്നാപകയോഹന്നാനെന്നു ചിലർ, ഏലിയായെന്നു മറ്റു ചിലർ, പ്രവാചകരിലൊരുവനെന്ന് ഇനിയും ചിലർ’. കുറിക്കു കൊള്ളുന്നതായിരുന്നു ക്രിസ്തുവിന്റെ അടുത്ത ചോദ്യം. അവരുമിവരും എന്തും പറയട്ടെ. ഞാനാരെന്നാണു നിങ്ങൾ മനസ്സിലാക്കുക?
പീറ്ററാണ് ഉത്തരം പറഞ്ഞത്. ‘അങ്ങു ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹാ ആണ്’. ശിഷ്യരെങ്കിലും താൻ രക്ഷകനാണെന്ന സത്യം മനസ്സിലാക്കിയതിൽ മിശിഹാ സന്തോഷിച്ചു. സൈമൺ പീറ്ററെ ഹൃദയംഗമമായി അഭിനന്ദിക്കയാണ് നാഥൻ. യോനായുടെ സുതനായ സൈമൺ. നീ ഭാഗ്യവാൻ. ജഡരക്തങ്ങളല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കിതു വെളിപ്പെടുത്തിയത്. ക്രിസ്തു മെസയാ ആണെന്നു ശിഷ്യൻമാർക്കു മനസ്സിലായി. അവിടുത്തെ സ്വഭാവം വ്യക്തമായില്ലെങ്കിലും. പീഡാസഹനത്തെപ്പറ്റി തുടർന്നു പറയുമ്പോൾ പീറ്റർ അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തിയത് ഇതുകൊണ്ടാണ്.
ക്രിസ്തു ദൈവമാണ്. ഈ സത്യം വിശ്വസിക്കുക. അത് ഏറ്റു പറയുക. ഇവ ഓരോ ക്രൈസ്തവന്റേയും ധർമ്മമാണ്. അവിടുത്തെ വചസ്സുകളെ വിശ്വസിക്കുന്നതിലേറെ നമ്മെ ക്രിസ്തുവിനു പൂർണ്ണമായി സമർപ്പിക്കുന്നതാണ് യഥാർത്ഥ വിശ്വാസം. സെന്റ് പോളിന്റെ ഭാഷയിൽ ഠീ ാല ീേ ഹശ്ല ശ െഇവൃശേെ എന്നു പറയാൻ നമുക്കു കഴിയണം. ക്രിസ്തുവിൽ വിശ്വസിക്കുകയെന്നാൽ ക്രൈസ്തവമായി പ്രവർത്തിക്കയെന്നതാണ്. ക്രിസ്തുവിന്റെ അസ്തിത്വവും അർത്ഥവും സ്പഷ്ടമാകേണ്ടതു യഥാർത്ഥ ക്രൈസ്തവരുടെ അസ്തിത്വത്തിലൂടെയാണ്.