അദ്ധ്യായം 2
ദൈവവിളി സ്വീകരിക്കുന്നതിൽ ഒരു ബുദ്ധിമുട്ട് പിന്നെയും അവശേഷിച്ചു. തന്നെ ഏറ്റം അധികം സ്നേഹിക്കുന്ന തന്റെ അമ്മയെ വേർപിരിഞ്ഞ് ദൂരെ, എങ്ങനെ ഇന്ത്യയിലേയ്ക്കു പോകും? പക്ഷേ, അതു ചെയ്തേ പറ്റൂ. പ്രാർത്ഥനയിൽ നിന്നും ശക്തിയാർജ്ജിച്ചുകൊണ്ട് ആഗ്നസ് ഒരു ദിവസം തന്റെ ഹൃദയാഭിലാഷം സ്വമാതാവിനെ അറിയിച്ചു. ആ അമ്മ അപ്പോൾ ഒന്നും പറഞ്ഞില്ല. മുറിയിൽ കയറി വാതിലടച്ചു. ഒരു ദിവസം മുഴുവനും ആ മാതാവ് പ്രാർത്ഥനയിലും പരിചിന്തനത്തിലും കഴിച്ചുകൂട്ടി. തന്റെ ഉള്ളിലുള്ള ദുഃഖമെല്ലാം പരിശുദ്ധ അമ്മയോട് അവൾ പറഞ്ഞു തീർത്തു. തന്റെ മകളെ വിട്ടുപിരിയാൻ ശക്തിതരണമേ എന്നു പ്രാർത്ഥിച്ചു. തന്റെ വത്സല മകളെ വഴിനടത്തണമേ എന്ന് അപേക്ഷിച്ചു. ലക്ഷ്യമെത്തുവോളം അടിപതറാതെ അമ്മയുടെ വിമല ഹൃദയത്തിൽ കാത്തുസംരക്ഷിക്കണമെന്ന് ആ മാതാവു കേണപേക്ഷിച്ചു. ആഗ്നസും വാതിലിനു പുറത്തു പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഒരു ദിവസം മുഴുവൻ മുറിയിൽ പ്രാർത്ഥിച്ച് ഒരുങ്ങി ഡ്രാണാഫിൽ പുറത്തു വന്നു. ആഗ്നസിന്റെ നെറുകയിൽ ചുംബിച്ചുകൊണ്ട് അവൾ പറഞ്ഞു: ”പരിശുദ്ധ അമ്മയുടെ കരം പിടിച്ച് കർത്താവിന്റെ കൂടെ നടക്കുക. നിന്റെ ജീവിതം അവനു സമർപ്പിക്കുക. ഒരിക്കലും പിൻതിരിയാതെ അവനാകുന്ന വെളിച്ചത്തിലേയ്ക്കു നടന്നടുക്കുക”.
ആഗ്നസിന്റെ ഹൃദയത്തിൽ ആജീവനാന്തം ആത്മാവു നിറഞ്ഞ ആ വചനങ്ങൾ ഉണ്ടായിരുന്നു. വീഴുമെന്നു തോന്നിയപ്പോഴൊക്കെ തളരാതെ അവളെ താങ്ങിനിർത്തിയത് പ്രസ്തുത വചനങ്ങളിലെ ശക്തിയായിരുന്നു.
വിടവാങ്ങൽ
ആഗ്നസിന്റെ വിടവാങ്ങൽ തികച്ചും ശോകമൂകമായിരുന്നു. സ്കോപജെയിലെ ജന്മഗൃഹം ഉപേക്ഷിച്ച് പ്രിയപ്പെട്ട അമ്മയോടും ആഗാചേച്ചിയോടും ബന്ധുമിത്രാദികളോടും സുഹൃത്തുക്കളോടും യാത്ര പറഞ്ഞ് 1926 സെപ്റ്റംബർ 28ന് അവൾ സാരിബിലേയ്ക്കു യാത്രയായി. അവൾ തന്റെ സങ്കടമത്രയും കരഞ്ഞു തീർത്തു. ആ യാത്രയിൽ ഡ്രാണാഫിലും ആഗയും കൂടെ ഉണ്ടായിരുന്നു. ഒക്ടോബർ 13ന് അവൾ ഡബ്ലിനിലെ റാത്ത്ഫെർനായിലേക്കു യാത്രതിരിച്ചു. ട്രെയിനിൽ നിന്ന് അവൾ അമ്മയുടെ നേരെ കൈവീശി. പിന്നീടൊരിക്കലും ആ പ്രിയപ്പെട്ട അമ്മയെ കാണാനുള്ള ഭാഗ്യം അവൾക്കുണ്ടായില്ല. 1972-ൽ ഡ്രാണാഫിൽ തന്റെ ദൈവിക ഭവനത്തിലേയ്ക്കു യാത്രയായി.
സന്യാസത്തിന്റെ കളരിയിൽ (ലൊറേറ്റോ സന്യാസിനി)
ഡബ്ലിനിയിൽ ആഗ്നസ് കുറച്ചുകാലം ഇംഗ്ലീഷ് പഠിച്ചു. 1929 ജനുവരി 6ന് നീണ്ട ഒരു കപ്പൽ യാത്രയ്ക്കു ശേഷം അവൾ കൽക്കട്ടായിലെത്തി. ജനുവരി 10ന് ഡാർജിലിംഗിലുള്ള ലൊറേറ്റോ മഠത്തിലേക്ക് അവൾ യാത്രയായി. അവിടെയാണ് രണ്ടു വർഷം നീണ്ടു നിന്ന നവസന്യാസിനി പരിശീലനം അവൾക്കു സിദ്ധിച്ചത്. പരിശീലനഘട്ടം ഏറെ അനുഗ്രഹപ്രദമായിരുന്നു. ആഗ്നസിന്റെ മനസ്സിലെ മഞ്ഞെല്ലാം തമ്പുരാന്റെ സ്നേഹജ്വാലയിൽ ഉരുകി. അവളുടെ ഹൃദയം പരമപവിത്രമായി. 1931 മെയ് 22ന് ആഗ്നസ് സിസ്റ്റർ മേരി തെരേസ എന്ന നാമത്തിൽ ഒരു ലൊറേറ്റോ സന്യാസിനിയായി.
പ്രഥമ വ്രതവാഗ്ദാനം കഴിഞ്ഞ സി. മേരി തെരേസ കൽക്കട്ടായിലേയ്ക്കു തിരിച്ചുവന്നു. അദ്ധ്യാപികയായിട്ടാണ് സിസ്റ്റർ തെരേസ ആദ്യമായി നിയമിതയായത്. സെന്റ് മേരീസ് കോൺവെന്റ് സ്കൂളിൽ ചരിത്രവും, ഭൂമിശാസ്ത്രവും, സന്മാർഗ്ഗശാസ്ത്രവുമായിരുന്നു പഠിപ്പിക്കേണ്ട വിഷയങ്ങൾ. സാവധാനം സി. തെരേസ ബംഗാളി തെരേസയായി.
കുട്ടികളോടൊപ്പം ചെലവഴിക്കുന്ന സമയത്ത് അവർക്കു ദൈവീക വെളിച്ചം പകർന്നുകൊടുക്കണമെന്ന് സി. സെരേസയ്ക്കു നിർബന്ധമുണ്ടായിരുന്നു. അക്ഷരവെളിച്ചം പകരുന്നതോടൊപ്പം ഓരോ കുട്ടിയെയും ജീവകാരുണ്യപ്രവർത്തനങ്ങളുടെ ശക്തമായ കണ്ണികളാക്കി മാറ്റാൻ നല്ല ദൈവം ഇടയാക്കി.
സന്നദ്ധതയും സന്മനസുമുള്ള കുട്ടികളെ ഒരുമിപ്പിച്ച് കാത്തലിക്ക് ആക്ഷൻ ഗ്രൂപ്പിനു രൂപം നൽകി. അവർ ആഴ്ചയിലൊരിക്കൽ വിദ്യാലയത്തിനു പരറത്തുപോയി പാവങ്ങളെ സഹായിച്ചു പോന്നു. ഈ ദൗത്യനിർവഹണത്തിൽ സിസ്റ്റർ തെരേസയെ ഏറെ സഹായിച്ച ആളാണ് ഫാ. ഹെന്റി. കാത്തലിക് ആക്ഷൻ ഗ്രൂപ്പിലെ ചില കുട്ടികൾ ദൈവകൃപയാൽ സകലതും ഉപേക്ഷിച്ച് സിസ്റ്ററിനോടൊപ്പം ചേരികളിൽ പ്രവർത്തിക്കാനെത്തിയത് ഏറെ സന്തോഷത്തോടെയാണ് സി. തെരേസ അനുസേമരിച്ചിരുന്നത്.
1937 മെയ് 24നാണ് സി. തെരേസ തന്റെ നിത്യവ്രതം നടത്തിയത്. ദൈവകൃപയുടെ നിറവു കൂടുതൽ അനുഭവിക്കാൻ അതിലൂടെ ദൈവം വഴിയൊരുക്കി. 1944ൽ അധികാരികൾ അവളെ സെന്റ് മേരീസിലെ പ്രധാന അദ്ധ്യാപികയാക്കി. എന്തും പൂർണ്ണമനസ്സോടെ സ്വീകരിക്കാൻ ഓരോ നിമിഷവും കർത്താവ് കൃപ നൽകുന്നുണ്ടായിരുന്നു. ആ കൃപയുടെ വഴിയിലൂടെ എന്നെന്നും നടന്നു നീങ്ങുവാൻ കഴിയണമേ എന്ന് സിസ്റ്റർ സദാ പ്രാർത്ഥിച്ചിരുന്നു.
ഉൾവിളി
അഗതികൾക്കുവേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ചിന്ത സി. തെരേസയെ എന്നെന്നും അസ്വസ്ഥയാക്കുമായിരുന്നു. പക്ഷെ, തന്റെ മനസ്സിനെ പിടിച്ചു കുലുക്കുംവിധം പ്രസ്തുത ചിന്ത അവരെ ബാധിച്ചത് 1946 സെപ്റ്റംബർ 10 ചൊവ്വാഴ്ചയായിരുന്നു. സിസ്റ്ററിന് ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസം.
ദിവ്യകാരുണ്യത്തിന്റെ സാന്നിദ്ധ്യത്തിൽ ഒരാഴ്ച ആത്മീയാനുഭൂതിയോടെ കഴിയാൻ കൽക്കട്ടായിലെ ലൊറേറ്റോ കോൺവന്റിൽ നിന്ന് ഡാർജിലിംഗിലേയ്ക്ക് സഞ്ചരിക്കുകയായിരുന്നു സിസ്റ്റർ തെരേസ. സായാഹ്നത്തോടടുത്ത സമയം. ഡാർജിലിംഗ് മലനിരകൾ വിദൂരതയിൽ കാണാം. മഞ്ഞുമലകളുടെ സൗന്ദര്യം നുകർന്ന് ജപമാല ചൊല്ലാൻ കൊന്ത അവർ കൈയിലെടുത്തു. പരിശുദ്ധ അമ്മയെ മനസ്സിൽ ധ്യാനിച്ചു. അമ്മയോടൊപ്പം ജപമാല ചൊല്ലി. പ്രാർത്ഥന കഴിഞ്ഞ് ആദരവോടെ, അതിലുപരി സ്നേഹത്തോടെ, വി.ഗ്രന്ഥമെടുത്തു. തുറന്നപ്പോൾ കിട്ടിയത് മത്തായിയുടെ സുവിശേഷം 25-ാം അദ്ധ്യായം. സി. തെരേസ അവധാനതയോടെ, ധ്യാനപൂർവ്വം തിരുവചനം വായിക്കാൻ തുടങ്ങി. പെട്ടെന്ന്, ഇതുവരെ അനുഭവിക്കാത്ത ഒരു അനുഭൂതി വിശേഷം അവർക്കനുഭവപ്പെട്ടു. തിരുവചനം അവരുടെ അന്തരാത്മാവിലേയ്ക്കു അരിച്ചിറങ്ങുന്നതുപോലെ അവർക്കു തോന്നി. ആ വചനങ്ങളിലെ പൊരുൾ ആത്മാവിലേയ്ക്ക് ആഴ്ന്നിറങ്ങുന്നതുപോലെ, ആ വചനങ്ങൾ അവരെ ഗ്രസിച്ചു.
സി. തെരേസാ കണ്ണുകളടച്ചു പ്രാർത്ഥനയിൽ മുഴുകി. 25-ാം അദ്ധ്യായത്തിലെ 31 മുതലുളള തിരുവചനങ്ങൾ അവരുടെ മനസ്സിൽ അലയടിക്കാൻ തുടങ്ങി. വിശന്നു പൊരിയുന്ന സോദരനിലും ദാഹിച്ചുവലയുന്ന സഹജാതനിലും തകർന്ന മനസ്സോടെ നിൽക്കുന്ന ഭവനരഹിതനിലും നഗ്നത മറയ്ക്കാൻ വസ്ത്രമില്ലാത്തവനിലും രോഗത്താൽ വെന്തുരുകുന്ന രോഗിയിലും കാരാഗൃഹവാസിയിലും തന്റെ ദൈവത്തിന്റെ തർന്ന മുഖമുണ്ട് എന്ന ചിന്ത അവരെ തളർത്തി. വേദനിക്കുന്ന ദൈവത്തിന്റെ നൂറുനൂറു ചിത്രങ്ങൾ അവരുടെ മനസ്സിൽ മിന്നിമറഞ്ഞു.
കൽക്കട്ടയിലെ തെരുവീഥികളിൽ ഉറുമ്പരിച്ച്, അഴുകി ദ്രവിച്ച ശരീരവുമായി കുഷ്ഠരോഗത്താൽ പിടയുന്ന, ഏകാന്തതയുടെ മുൾമുനയേറ്റ് ആരാലും ശ്രദ്ധിക്കപ്പെടാത്ത, ഭക്ഷിക്കാൻ എച്ചിലുപോലും കുരച്ചു കഫവും ചോരയും ഛർദ്ദിക്കുന്ന, നഗ്നത മറയ്ക്കാതെ തണുത്തു വിറങ്ങലിക്കുന്ന, അമ്മിഞ്ഞ നുകരാതെ ഓടകളിൽ അഴുക്കു പുരണ്ട കിടക്കുന്ന തന്റെ ദൈവത്തെ ഓർത്തപ്പോൾ അവരുടെ മനസ്സു തേങ്ങി. ഹൃദയം ആർദ്രമായി. ഒരു സ്വരം തന്നോടു പറയുന്നതുപോലെ; പാതവക്കിൽ തളർന്നു വീഴുന്ന യേശുവിനു നിന്നെ ആവശ്യമുണ്ട്. സുരക്ഷിതത്വത്തിന്റെ കോട്ട തകർത്ത് ഇല്ലായ്മയുടെ നിറവിലേയ്ക്കു, സ്നേഹം ലഭിക്കാത്ത ദൈവമക്കളെ തേടി നീ ഇറങ്ങി വരില്ലേ?
ചുരുക്കിപ്പറഞ്ഞാൽ ലൊറേറ്റോ കോൺവന്റിലെ ലളിതമായ സുഖസൗകര്യങ്ങൾ പോലും ഉപേക്ഷിച്ച്, തെരുവുകളിലും ചേരികളിലും കഴിയുന്നവർക്ക് അലിവിന്റെ സുവിശേഷമായി മാറുക. വേദനിക്കുന്ന പാവങ്ങളിൽ ഈശോയെ കാണുക! ഈശോയ്ക്കുവേണ്ടി ജീവിക്കുക. ഇതായിരുന്നു സിസ്റ്റർ തെരേസയ്ക്കു കിട്ടിയ രണ്ടാമത്തെ ദൈവവിളി (A call within a call). അതു പരിശുദ്ധാത്മാവിന്റെ ഉൾവിലിയായിരുന്നു.
പ്രവൃത്തി പഥത്തിലേയ്ക്ക്
കർത്താവിന്റെ ഹിതം നിറവേറ്റാൻ അനുവാദങ്ങളുടെ വലിയ കടമ്പകൾ കടക്കേണ്ടതുണ്ടെന്ന് സി. തെരേസ മനസ്സിലാക്കി. ധ്യാനം കഴിഞ്ഞു തിരിച്ചു വന്നപ്പോൾ തന്റെ ഉൾവിളിയെപ്പറ്റി വള്ളിപുള്ളി തെറ്റാതെ മദറിനും മെത്രാപ്പോലീത്താ പെരിയർ തിരുമേനിക്കും വെളിപ്പെടുത്തി. പക്ഷേ അനുകൂലമായ മറുപടി കിട്ടിയില്ല. തന്റെ ആത്മഗുരു ഫാ. സെലസ്റ്റ് വാൻ എക്സെമിന് ഉൾവിളിയെക്കുറിച്ചുള്ള അനുഭവം എഴുതിക്കൊടുത്തു. തന്റെ സന്യാസിനി സുഹൃത്തുക്കളുമായി തന്റെ ഹൃദയാനുഭവം സന്തോഷത്തോടെ പങ്കുവച്ചു. അവരിൽ നിന്നു ലഭിച്ച പ്രതികരണവും ആശാവഹമായിരുന്നില്ല.
കൽക്കട്ടയിലെ ചേരികളിൽ പ്രവർത്തിക്കാൻ സന്യാസാധികാരികളുടെ അനുവാദത്തിനു പുറമേ ആർച്ചുബിഷപ്പിന്റെ അനുവാദവും വേണ്ടിയായിരുന്നു. ആർച്ചുബിഷപ്പിൽ നിന്നുള്ള അനുവാദം സംഘടിപ്പിക്കാൻ ദൈവം തെരുഞ്ഞെടുത്തത് ഫാ. വാൻ എക്സെമിനെയും, ഫാ. ഹെൻറിയെയും ആയിരുന്നു. ഫാ. ഹെൻറിക്കു ചേരികളെപ്പറ്റി വ്യക്തമായ അറിവുണ്ടായിരുന്നു. ഇവരുടെ പരിശ്രമത്താൽ ആർച്ചുബിഷപ്പിന് സി. തെരേസയുടെ ആത്മാർത്ഥത ബോധ്യമായി എങ്കിലും ഒരു വർഷം കൂടി കാത്തിരിക്കാനുള്ള നിർദ്ദേശമാണദ്ദേഹം നൽകിയത്.
ദൈവം തന്നെ പരീക്ഷിക്കുയാണെന്നു താമസംവിനാ സിസ്റ്റളിനു ബോധ്യമായി. മഠം വിട്ടു ചേരിയിൽ പ്രവർത്തിക്കുന്നതിന് അനുവാദം നൽകുന്നതിനു പകരം ഡോട്ടേഴ്സ് ഓഫ് സെന്റ് ആൻസ് മഠത്തിൽ ചേർന്നു പ്രവർത്തിക്കാൻ നിർദ്ദേശമായി.
പിതാവിന്റെ കല്പന സസ്നേഹം അനുസരിച്ച് സെന്റ് ആൻസിൽ ജോലി ചെയ്യുമ്പോഴും സിസ്റ്ററിന് ഉറപ്പുണ്ടായിരുന്നു ദൈവം അവിടേയ്ക്കല്ല വിളിച്ചതെന്ന്. ഫാ. വാൻ എക്സെം വീണ്ടും പിതാവിനെ കണ്ടു. അദ്ദേഹത്തിനു അരമനസ്സായി. ഒടുവിൽ പിതാവ് റോമിലേയ്ക്കെഴുതി മദർ ജനറൽ റോമിലേയ്ക്കു നേരിട്ടെഴുതാൻ സി. തെരേസയെ അനുവദിച്ചു. അന്നു തന്നെ അവർ പന്ത്രണ്ടാം പിയൂസ് പാപ്പായ്ക്കെഴുതി.
”പരിശുദ്ധ പിതാവേ, ഈ എളിയ ദാസിക്ക് ഒരു ദൈവവിളിയുണ്ട്. അതനുസരിച്ചു സർവതും ഉപേക്ഷച്ച് ചേരികളിലെ ദരിദ്രരിൽ ദരിദ്രനായ പാവങ്ങളുടെ സേവനാർത്ഥം ഞാൻ സ്വയം സമർപ്പിക്കുകയാണ്. അതിനുവേണ്ട അനുവാദവും ആശീർവാദവും നൽകണമേ”.
പരിശുദ്ധ പിതാവിന്റെ മറുപടി 1948 ആഗസ്റ്റ് 8ന് സി. തെരേസയ്ക്കു കിട്ടി. അവരുടെ ആനന്ദത്തിന് അതിരില്ലായിരുന്നു. എങ്കിലും സ്വന്തം ഭവനത്തിൽ നിന്നെന്നതുപോലെ തന്നെ തന്റെ എല്ലാമെല്ലാമായിരുന്ന ലൊറേറ്റോ കോൺവന്റിനോടു യാത്ര പറയുക ഹൃദയഭേദകമായിരുന്നു. അവർക്ക് മഠം സ്വന്തം വീടുപോലെ ആയിരുന്നു. ആ മഠം എന്നേക്കുമായി ഉപേക്ഷിച്ചു പോരുക അസഹനീയമായിത്തോന്നി. എങ്കിലും കൽക്കട്ടായിലെ തെരുവുകളിലും ചേരികളിലും തനിക്കായി കാത്തിരിക്കുന്ന തന്റെ ദൈവത്തിന്റെ വിളി സി. തെരേസയ്ക്ക് അപ്രതിഹതമായിരുന്നു. ഒരു നിമിഷംപോലും പാഴാക്കാനാവില്ലെന്ന് അവർക്കു ബോധ്യമായി.
ലൊറേറ്റോയുടെ പടി ഇറങ്ങുന്നു
സി. തെരേസ എന്നേയ്ക്കുമായി ലൊറേറ്റോ മഠത്തിന്റെ പടിയിറങ്ങി. 1949 ഓഗസ്റ്റ് 19നായിരുന്നു അത്. ഏകാകിയുടെ ദുഃഖം അവർ അനുഭവിച്ചറിഞ്ഞു. അവർ കരഞ്ഞു. അവരുടെ കണ്ണീരൊപ്പാൻ കരുണാവാരിധിയായ ദൈവമല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. അവർ അന്നു മുതൽ സ്വയം മറന്നുകൊണ്ട് ദൈവത്തെ പൂർണ്ണമായി വിശ്വസിച്ചു. അവിടുന്നു കൂടെയുണ്ടായിരുന്നതുകൊണ്ട് അണുവിട ഭയപ്പെടാതെ അവർ മുമ്പോട്ടുനീങ്ങി.