ആഡംബരത്തിന്റെയും സുഖലോലുപതയുടെയും സമ്പത്സമൃദ്ധിയുടെയും ധാരാളിത്തത്തിന്റെയും ഒരു ജീവിതമായിരുന്നു ഫ്രാൻസിസിന്റേത്. സമയത്തിന്റെ പൂർണതയിൽ സർവശക്തൻ അവനെ അടിമുടി അഴിച്ചു പണിതു. ദാരിദ്ര്യത്തെ അദ്ദേഹം പ്രാണപ്രേയസിയായി സ്വീകരിച്ചു. ക്രിസ്തുവിനെ അനുപാദം അനുകരിച്ച അവിടുത്തെ പ്രബോധനങ്ങൾ അക്ഷരശ: പാലിച്ച ‘എന്റെ ദൈവമേ, എന്റെ സർവ്വസ്വമെ’ എന്ന് കൂടെകൂടെ ഉദീരണം ചെയ്ത ‘രണ്ടാം ക്രിസ്തു’ എന്ന അപരനാമത്തിനു, ആ മഹാബഹുമതിക്കു അർഹനായ ആ അത്ഭുത മനുഷ്യന്റെ ജീവിതം കോടാനുകോടികൾക്കു പ്രചോദനമായിട്ടുണ്ട്. ഇന്നും പ്രചോദനമായിക്കൊണ്ടിരിക്കുന്നു. ഇനിയും അങ്ങനെ ആയിരിക്കുകയും ചെയ്യും.
കുഷ്ടരോഗിയെ ചുംബിച്ച ആ ‘വിപ്ലവകാരി’ വീട്ടിൽ വിവാദമായി. പീറ്റർ ബെർണാഡ് മകനെ ആവോളം ശകാരിച്ചു. ഉടുവസ്ത്രം പോലും തിരികെ വാങ്ങി.ക്രൂരമായി പ്രഹരിച്ചു. അനുജൻ ആഞ്ചലോ പറഞ്ഞു: “നമ്മുടെ കടയിൽ ഇനി ആരുവരും? ജ്യേഷ്ടൻ മേലാൽ കടയിൽ കയറരുതെ.” അപ്പൻ മകനെ വീട്ടിൽ നിന്ന് എന്നന്നേക്കുമായി പുറത്താക്കി. ഈ സഹനങ്ങളെ കുറിച്ചൊന്നും അദ്ദേഹത്തിന് ദുഖമോ പരിഭവമോ തെല്ലും ഉണ്ടായിരുന്നില്ല.
എന്നാൽ, തന്റെ മുൻകാലജീവിതത്തിലെ പാപങ്ങളോർത്തു അദ്ദേഹം അക്ഷരാർത്ഥത്തിൽ വിലപിച്ചിരുന്നു. വീട്ടിൽ നിന്നിറങ്ങിയ അദ്ദേഹം സാൻ ധാമിയാണോ ദൈവത്തിലേക്കാണ് പോയത്. ദേവാലയത്തിൽ മുട്ടുകൾ കുത്തി കൈകൾ വിരിച്ചു പിടിച്ചു അദ്ദേഹം ഇങ്ങനെ പ്രാർത്ഥിച്ചു. “എന്റെ വലിയ പാപങ്ങൾ നിമിത്തം ഒരു കുഷ്ടരോഗിയെപോലെ പ്രത്യക്ഷപ്പെടാൻ തക്കവിധം പീഡകൾ അനുഭവിച്ചു കർത്താവെ എന്റെ നിരവധിയായ പാപങ്ങൾ എന്നോട് പൊറുക്കേണമേ.”
പൗലോസ് ഏറ്റുപറയുന്നുണ്ടല്ലോ പാപികളിൽ ഒന്നാമനാണ് താനെന്ന്. വിശുദ്ധരുടെ വൈശിഷ്ട്ട്യമാർന്ന സവിശേഷതകളാണ് പാപബോധവും പശ്ചാത്താപവും അനുതാപത്തിലൂടെ പാപമോചനം പ്രാപിച്ചു പാപവും പാപമാർഗ്ഗങ്ങളും എന്നേക്കുമായി പരിത്യജിച്ചു പുണ്യപൂർണതപ്രാപിക്കാൻ പരിശ്രമിക്കാനാണ് വിശുദ്ധരെല്ലാം നമ്മെ ആഹ്വനം ചെയുന്നത്.