മഹാനായ വി. ഗ്രിഗറി (540 – 604) പപ്പാ, വേദപാരംഗതൻ

Fr Joseph Vattakalam
2 Min Read
റോമാ നഗരത്തിൽ ഏകാന്തമായ ഒരു മുറിയിൽ ഒരു മനുഷ്യൻ പട്ടിണികൊണ്ടു മരിച്ചു. ഈ വാർത്ത മാർപാപ്പ കേട്ടപ്പോൾ അത് തന്റെ കുറ്റത്താലാണെന്നു കരുതി ഏതാനും ദിവസം അതിനു ശിക്ഷയായി വി. കുർബാന സമർപ്പിക്കുകയില്ലെന്നു നിശ്ചയിച്ച ആളാണ് 590 മുതൽ 604  വരെ തിരുസഭയെ ഭരിച്ച ഒന്നാം ഗ്രിഗറി മാർപാപ്പ. അയൽക്കാരന്റെ സംരക്ഷണവുംകൂടി തന്റെ ചുമതലയായി കരുതിയ മാർപാപ്പയുടെ ഹൃദയം ഏതു തരമായിരുന്നുവെന്നു വ്യക്തമാകുന്നുണ്ടല്ലോ. ഒരു സെനറ്റർ കുടുംബത്തിൽ ഒരു ഉയർന്ന ഉദ്യോഗസ്ഥനായ ഗോർഡിയാനോസിന്റെ മകനായിട്ടാണ് ഗ്രിഗറി ജനിച്ചത്. സിൽവിയ പുണ്യവതിയായിരുന്നു ‘അമ്മ. മുപ്പതാമത്തെ വയസ്സിൽ ഗ്രിഗറി തന്റെ വസ്തുവകകളെല്ലാം 7 ആശ്രമങ്ങൾ സ്ഥാപിക്കാനായി വിട്ടുകൊടുത്തു. സ്വഭവനം ഒരു ആശ്രമമായി മാറ്റി; അതാണ് റോമയിലുള്ള വി. ആൻഡ്രുവിന്റെ ആശ്രമം. അവിടത്തെ രണ്ടാമത്തെ ആബട്ട് വാലന്റയിന്റെ  കാലത്തു 575 ൽ ഗ്രിഗറി സന്യസ്തവസ്ത്രം സ്വീകരിച്ചു. ആശ്രമത്തിലെ ഹൃസ്വമായ ജീവിതമാണ് തന്റെ ജീവിതത്തിലെ എത്രയും സൗഭാഗ്യകരമായ ദിനങ്ങളെന്നു ഗ്രിഗറി അനന്തരകാലത്തു പ്രസ്താവിച്ചു.
ജസ്റ്സ് എന്ന ഒരു സന്യാസി മൂന്ന് സ്വർണക്കഷ്ണം സ്വന്തമായി സൂക്ഷിച്ചുവച്ചിരുന്നു. അത് വെളിയിൽവന്നപ്പോൾ ആ സന്യാസിയോട് ആരും സംസാരിച്ചുകൂടെന്നു ഗ്രിഗറി നിർദ്ദേശിച്ചു; സന്യാസികളെ സംസ്കരിക്കുന്ന സ്ഥലത്തു അദ്ദേഹത്തെ സംസ്കരിച്ചില്ല. എങ്കിലും അദ്ദേഹത്തിനുവേണ്ടി ദിനംപ്രതി വി. കുർബാന മുടക്കം കൂടാതെ സമർപ്പിക്കണമെന്ന് ഗ്രിഗറി ആജ്ഞാപിച്ചു. മുപ്പതാം ദിവസം ജസ്റ്റസിന്റെ ആത്മാവ് ബ്രദർ കോപ്പോയൊസൂസിനു പ്രത്യക്ഷപ്പെട്ടു തൻ ശുദ്ധീകരണ സ്ഥലത്തുനിന്നു മോചിതനായ വിവരം അറിയിച്ചു. ഈ സംഭവമാണ് ഗ്രിഗോറിയൻ കുർബാനയുടെ അടിസ്ഥാനം.
ഒരു ദിവസം ചന്തസ്ഥലത്തു ഗ്രിഗറി നടക്കുമ്പോൾ കുറെ ഇംഗ്ലീഷ് ബാലന്മാരെ വിൽപ്പനയ്ക്കായി നിർത്തിയിരിക്കുന്നത് അദ്ദേഹം കണ്ടു. ‘അവർ ഏതു വർഗക്കാരാണ്?’ അദ്ദേഹം ചോദിച്ചു. ‘ആങ്കിൾസ്’എന്ന് മറുപടി കിട്ടി. ‘എയ്ഞ്ചേൽസ്, അതെ മാലാഖമാർ ആകാൻ അവർ അർഹർ  തന്നെ. അവരുടെ രാജാവരാണ്?’ ‘എല്ലാ’ എന്ന് പ്രതിവചിച്ചു. ‘കൊള്ളാം എല്ലയുടെ രാജ്യത്തു ഹാലേലൂയ പാടണം’ ഗ്രിഗറി പറഞ്ഞു. അത് സാധിക്കാനായി ബെനഡിക്ട് മാർപാപ്പയുടെ അനുവാദത്തോടെ ഫാദർ ഗ്രിഗറി ഇംഗ്ലണ്ടിലേക്കു പോയി. ഇദ്ദേഹത്തിന്റെ അഭാവം റോമയിലെ സഭയ്ക്ക് നഷ്ടമാണെന്ന് പലരും പറയുകയാൽ ഗ്രിഗോറിയെ മടക്കിവിളിച്ചു.
പെലാജിയുസ് ദ്വിതീയൻ പപ്പയുടെ മരണാനന്തരം ഗ്രിഗോറിയെ മാര്പാപ്പയായി തിരഞ്ഞെടുത്തു. 14 കൊല്ലത്തെ അദ്ദേഹത്തിന്റെ ഭരണം വമ്പിച്ച വിജയമായിരുന്നു. ശീഷമകള് പരിഹരിച്ചു; ആര്യൻ പാഷണ്ഡികളെ  മനസാന്തരപ്പെടുത്തി. ജോബിന്റെ പുസ്തകത്തിലെ സന്മാർഗ്ഗതത്വങ്ങൾ, ആത്മപാലനം, ഡയലോഗ് മുതലായ പല ഗ്രന്ഥങ്ങളുടെയും കർത്താവാണ് ഗ്രിഗറി. 800 ഓളം എഴുത്തുകൾ 14 കൊല്ലത്തിനിടയ്ക്കു അദ്ദേഹം എഴുതുകയുണ്ടായി. ‘ദൈവദാസന്മാരുടെ ദാസൻ’ എന്ന പ്രയോഗം ഗ്രിഗറി ഒന്നാമനാണ് ആദ്യം സ്വീകരിച്ചത്. ഗ്രിഗോറിയന് ഗാനം എന്ന വക്കും അദ്ദേഹത്തിൽനിന്നുണ്ടായിട്ടുള്ളതാണ്. അധ്വാനവും തപസ്സുംകൊണ്ടു ക്ഷീണിതനായി അറുപതിനാലാമത്തെ വയസ്സിൽ ഗ്രിഗറി നിര്യാതനായി.
Share This Article
error: Content is protected !!